/indian-express-malayalam/media/media_files/2025/01/17/D6XyY7ojep4XN66Ug8Fh.jpg)
മകൻ ജെഹിനൊപ്പം സെയ്ഫ്
വ്യാഴാഴ്ച പുലർച്ചെ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണം ഏവരെയും ഞെട്ടിക്കുന്നതാണ്. പോലീസ് അന്വേഷണത്തിന് ശേഷം ആക്രമണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ ആളെ ആദ്യം കണ്ടത് 56 കാരിയായ ഏലിയാമ്മ ഫിലിപ്പാണ്. സെയ്ഫ്- കരീന ദമ്പതികളുടെ മൂന്നുവയസ്സുകാരൻ മകൻ ജെഹിന്റെ നാനിയാണ് ഏലിയാമ്മ.
ആ ദിവസം വീട്ടിൽ നടന്ന കാര്യങ്ങൾ ഏലിയാമ്മ പൊലീസ് അന്വേഷണസംഘത്തോട് വിശദീകരിച്ചു. എഫ് ഐ ആറിൽ രേഖപ്പെടുത്തി വിശദാംശങ്ങൾ ഇങ്ങനെ- പുലർച്ചെ 2 മണിയ്ക്ക് സംഭവം നടക്കുമ്പോൾ കുടുംബത്തിലെ എല്ലാ അംഗങ്ങളും ( സെയ്ഫ് അലി ഖാൻ, കരീന കപൂർ, തൈമൂർ അലി ഖാൻ, ജെഹ് അലി ഖാൻ) വീട്ടിൽ ഉണ്ടായിരുന്നു. ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ 11, 12 നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഡ്യൂപ്ലക്സിലാണ് സെയ്ഫിന്റെ കുടുംബം താമസിക്കുന്നത്. 11-ാം നിലയിലെ ജെഹിന്റെ കിടപ്പുമുറിയിലേക്കാണ് അക്രമി ആദ്യം അതിക്രമിച്ചു കയറിയത്. അക്രമി അകത്തു കടന്നപ്പോൾ, ജെഹ് തൻ്റെ മുറിയിൽ ഉറങ്ങുകയായിരുന്നു, ഏലിയാമ്മയും തൈമൂറിന്റെ ആയ ഗീതയും ആ മുറിയിൽ ഉണ്ടായിരുന്നു.
അക്രമിയെ ആദ്യം കണ്ടത് ഏലിയാമ്മയാണ്. അക്രമി ജെഹിൻ്റെ കിടക്കയ്ക്ക് അരികിലേക്ക് നീങ്ങുന്നതാണ് താൻ കണ്ടതെന്ന് ഏലിയാമ്മ പറയുന്നു. "ശബ്ദം കേട്ട് നോക്കിയപ്പോൾ ഒരാൾ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങി ജെഹ് ബാബയുടെ (ജഹാംഗീറിൻ്റെ) കിടക്കയ്ക്ക് അരികിലേക്ക് നീങ്ങുന്നതാണ് ഞാൻ കണ്ടത്,” ഏലിയാമ്മ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ഏലിയാമ്മ ഓടിയെത്തിയപ്പോൾ, അക്രമി ഏലിയാമ്മയെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടു. അയാളുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു. ഏലിയാമ്മയുടെ ബഹളം കേട്ട് സെയ്ഫ് മുറിയിൽ കയറിയപ്പോൾ അക്രമി സെയ്ഫിനെ ആക്രമിക്കുകയായിരുന്നു. “സെയ്ഫ് സാർ വന്നപ്പോൾ, പ്രതികൾ ഹെക്‌സാ ബ്ലേഡ് ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച ഗീതയെ (തൈമൂറിൻ്റെ നാനി) ആക്രമിക്കുകയും ചെയ്തു."
അജ്ഞാതനായ അക്രമിയിൽ നന്നും സെയ്ഫിന് ആറ് തവണ കുത്തേറ്റിരുന്നു. പരുക്കേറ്റയുടനെ തന്നെ കുടുംബം, സെയ്ഫിന്റെ മൂത്തമകൻ ഇബ്രാഹിം അലി ഖാനെ വിവരം അറിയിക്കുകയും ഇബ്രാഹിം സെയ്ഫിനെ ഉടനെ തന്നെ അടുത്തുള്ള ലീലാവതി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സെയ്ഫ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.