/indian-express-malayalam/media/media_files/uploads/2023/07/shahrukh-khan.jpg)
ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാരൂഖ് സ്വപ്രയത്‌നത്തിലൂടെ ഉയർന്ന് ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ ബ്രാൻഡ് അംബാസിഡറായി നിൽക്കുകയാണ്
ബോളിവുഡിൽ ഒരേയൊരു രാജാവേ ഉള്ളൂ, അത് സാക്ഷാൽ ഷാരൂഖ് ഖാൻ ആണ്. ആരാധകരുടെ പ്രിയപ്പെട്ട കിംഗ് ഖാൻ. ടെലിവിഷനിൽ സീരിയലിൽ നിന്നുമെത്തി ബോളിവുഡിലെ ഏറ്റവും വലിയ താരമായി ഉയർന്ന ഷാരൂഖ് ഖാന്റെ ജീവിതം ആർക്കും പ്രചോദനമാവുന്ന ഒന്നാണ്. ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാരൂഖ് സ്വപ്രയത്‌നത്തിലൂടെ ഉയർന്ന് ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ ബ്രാൻഡ് അംബാസിഡറായി നിൽക്കുന്നു.
എസ്ആർകെ എന്ന മൂന്നക്ഷരത്തിനു പിന്നിൽ വലിയൊരു താരസാമ്രാജ്യം തന്നെ ഷാരൂഖ് പടുത്തുയർത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരം, ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം അങ്ങനെ ഷാരൂഖ് നിൽക്കുന്ന ഔന്നിത്യം സ്വപ്നസമാനമാണ്. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും ജാക്കിചാനെക്കാളും ആരാധകർ ഷാരൂഖിനുണ്ട് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.
/indian-express-malayalam/media/media_files/uploads/2023/07/image-9.png)
ഷാരൂഖ് തന്റെ ആദ്യ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടും മുൻപു തന്നെ, വരാൻ പോകുന്നത് വലിയൊരു താരോദയമാണെന്ന് പ്രവചിച്ച ഒരാളുണ്ട്. ഹേമമാലിനിയുടെ ആത്മീയ ഗുരുവായ 'ഗുരു മാ' ആയിരുന്നു അത്. അതുവരെ സീരിയൽ പ്രേക്ഷകർക്കിടയിൽ മാത്രം പരിചിതമായ മുഖമായിരുന്നു ഷാരൂഖ് ഖാൻ എന്നത്.
1991ൽ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭമായ 'ദിൽ ആഷ്‌ന ഹേ' എന്ന ചിത്രത്തിൽ ഷാരൂഖ് കരാർ ഒപ്പ് വച്ചു. എന്നാൽ ആദ്യം പുറത്തിറങ്ങിയത് 'ദീവാന' (1992 ജൂണിൽ) ആണ്. ദീവാനയുടെ രണ്ടാം പകുതിയിൽ 'കോയിനാ കോയി ചാഹിയെ' എന്ന ഗാനം പാടി ബൈക്ക് ഓടിച്ചുകൊണ്ട് ഷാരൂഖ് ഓടികയറിയത് ലക്ഷകണക്കിന് ആരാധകരുടെ ഹൃദയത്തിലേക്കാണ്. ആ വർഷം തന്നെ ഷാരൂഖിന് നാലു റിലീസുകൾ ഉണ്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/07/image-7.png)
'ദിൽ ആഷ്‌ന ഹേ'യ്ക്കായി ഷാരൂഖ് കരാർ ഒപ്പിട്ട കാലം അനുസ്മരിച്ചു കൊണ്ട് ഹേമമാലിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അത് ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് തന്റെ 'ഗുരു മാ' ആയിരുന്നെന്നും ഹേമ മാലിനി വെളിപ്പെടുത്തി. “ഫൗജി എന്ന ടിവി സീരിയൽ ഞാൻ കാണാറുണ്ടായിരുന്നു. അതിലെ സുന്ദരനും സ്വീറ്റുമായൊരു ചെറുപ്പക്കാരനായിരുന്നു ഷാരൂഖ്. ആ സമയം ഞാനെന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയായിരുന്നു. എനിക്കെന്റെ കഥാപാത്രത്തിന് പുതിയൊരാളെ വേണം.‘ഈ കുട്ടി വളരെ സുന്ദരനാണ്, എനിക്ക് അവനെ മാത്രം മതിയെന്ന് ഞാൻ പറഞ്ഞു," ലെഹ്‌റൻ റെട്രോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഹേമ മാലിനി പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/07/image-8.png)
ഷാരൂഖുമായി പരിചയമുള്ള തന്റെ സഹോദരിയാണ് കാര്യങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോയതെന്നും സഹോദരി ഷാരൂഖിനെ തനിക്കും ധർമേന്ദ്രയ്ക്കും പരിചയപ്പെടുത്തിയെന്നും ഹേമമാലിനി പറഞ്ഞു. താനൊരു വലിയ താരത്തെ നേരിടാൻ പോകുകയാണെന്ന് തന്നോട് ആദ്യം പറഞ്ഞത് തന്റെ ‘ഗുരുമാ’ആയിരുന്നുവെന്നും ഹേമ കൂട്ടിച്ചേർത്തു. "ഞാൻ ഗുരുമായോട് പറഞ്ഞു, 'അമ്മേ, ഞാനൊരു സിനിമ ചെയ്യുന്നു'. ദിൽ ആഷ്‌ന ഹേ എന്നാണ് പേര്. അതുകേട്ടപ്പോൾ ഗുരുമാ പറഞ്ഞു, 'നിങ്ങൾ വളരെ വലിയൊരു നായകനെ നേടുകയാണ്'. എനിക്ക് ഗുരു മാ പറഞ്ഞത് മനസ്സിലായില്ല, ഞങ്ങൾ ഒരു പുതുമുഖ നായകനെ കണ്ടെത്തിയെന്ന് ഞാൻ വീണ്ടും ആവർത്തിച്ചു. 'ഇല്ല, ഇല്ല, നിങ്ങൾ വളരെ വലിയ നായകനെ നേടുകയാണ്' ഗുരുമാ ആവർത്തിച്ചു. ഗുരുമായുടെ വാക്കുകൾ പോലെ തന്നെ അവൻ വലുതായി, അല്ലേ? വർഷങ്ങൾക്കപ്പുറം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഗുരുമായ്ക്ക് കാണാൻ കഴിയും."
ബഗ്ബാൻ എന്ന സിനിമ ചെയ്യാനും ധർമ്മേന്ദ്രയുമായുള്ള വിവാഹവുമായി മുന്നോട്ട് പോകാനും ഉപദേശിച്ച ‘ഗുരു മാ’യാണ് തന്റെ വിജയത്തിന്റെ പ്രധാന കാരണമെന്നും ഹേമമാലിനി പറയുന്നു. ആ സമയത്ത് ധർമ്മേന്ദ്ര മുൻപു തന്നെ വിവാഹിതനായിരുന്നുവെങ്കിലും ഗുരുമാ തന്നോട് വിവാഹവുമായി മുന്നോട്ടു പോവാൻ ഉപദേശിക്കുകയായിരുന്നുവെന്നും ഹേമ വെളിപ്പെടുത്തി.
തന്റെ ആത്മകഥയായ ഡ്രീം ഗേളിൽ, ഷാരൂഖ് ഖാൻ 'ദിൽ ആഷ്‌ന ഹേ'യിൽ ഒപ്പിട്ട അതേ ആഴ്‌ചയിൽ തന്നെ മറ്റ് നാല് ചിത്രങ്ങളിൽ കരാർ ഒപ്പിട്ടതായും ഹേമ മാലിനി പറയുന്നുണ്ട്. ദിവ്യ ഭാരതി, അമൃത സിംഗ്, ഡിംപിൾ കപാഡിയ, ജീതേന്ദ്ര, സോനു വാലിയ എന്നിവരും 'ദിൽ ആഷ്‌ന ഹേ'യിൽ ഉണ്ടായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ഷാരൂഖിന്റെ മറ്റ് സിനിമകൾ ഒരു താരോദയത്തിന്റെ വരവ് അറിയിക്കുന്നവയായിരുന്നു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രത്തിലെ ഏറ്റവും സ്ഥായിയായ താരങ്ങളിൽ ഒരാളായി ഷാരൂഖ് ഉയർന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us