മുംബൈയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് ബംഗ്ലാവിലാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരിയും കുട്ടികളും താമസിക്കുന്നത്. മന്നത്തിന്റെ പുറത്തു നിന്ന് ചിത്രങ്ങൾ പകർത്തി അനവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ വീഡിയോകളും ഫോട്ടോസും പങ്കുവയ്ക്കാറുണ്ട്. ഗൗരിയുടെ പുതിയ പുസ്തകമായ ‘മൈ ലൈഫ് ഇൻ ഡിസൈൻ’ ന്റെ പ്രകാശനത്തിനെത്തിയതാണ് ഷാരൂഖ്. അതിനിടയിലാണ് തങ്ങൾ മന്നത്ത് എപ്പോഴാണ് വാങ്ങിയതെന്നും എത്രത്തോളം ബുദ്ധിമുട്ടിയാണ് വീട് ഒരുക്കിയെടുത്തതെന്നും താരം പറഞ്ഞത്.
മന്നത്ത് സ്വന്തമാക്കുന്ന സമയത്ത് തങ്ങളുടെ പക്കൽ സാമ്പത്തികം വളരെ കുറവായിരുന്നെന്ന് ഷാരൂഖ് പറയുന്നു. “ഡൽഹിയിൽ മിക്ക ആളുകൾക്കും ബംഗ്ലാവുണ്ട്. മുംബൈയിൽ പക്ഷെ അങ്ങനെയല്ല,ഇവിടെ ഫ്ലാറ്റുകൾക്കാണ് കൂടുതൽ വില. പക്ഷെ ഞങ്ങൾക്കത് പറ്റില്ലായിരുന്നില്ല, വലിയ ആളുകളായതു കൊണ്ടല്ല മറിച്ച് ഡൽഹിയിലെ എല്ലാവർക്കും ബംഗ്ലാവുണ്ട്.” തങ്ങളുടെ ആദ്യ വീട് മന്നത്തിൽ നിന്ന് അധികം ദൂരമില്ലായിരുന്നെന്നും ഒരു സംവിധായകനാണ് സമ്മാനിച്ചതെന്നും ഷാരൂഖ് പറഞ്ഞു.
“ബംഗ്ലാവ് വാങ്ങണമെന്ന ആഗ്രഹം തോന്നിയ സമയത്ത് ഞങ്ങളുടെ കയ്യിൽ അതിനുള്ള പണമില്ലായിരുന്നു. എങ്ങനെയൊക്കെയോ കാശുണ്ടാക്കി ബംഗ്ലാവ് വാങ്ങിച്ചു, പക്ഷെ അതു പുനർനിർമ്മിക്കേണ്ട അവശ്യമുണ്ടായിരുന്നു. ഫർണിഷ് ചെയ്യാൻ പോലും കാശില്ലാത്ത അസ്ഥയിലൂടെ കടന്നു പോയി. അങ്ങനെയാണ് ഞങ്ങളൊരു ഡിസൈനറെ സമീപിക്കുന്നത്. ഞാൻ ഒരു മാസം സമ്പാദിക്കുന്ന പണത്തെക്കാൾ വലിയ തുക വേണമായിരുന്നു ഡിസൈനിങ്ങ് ജോലികൾ ചെയ്യാനായി” ഷാരൂഖ് കൂട്ടിച്ചേർത്തു.
“ഒരു ഡിസൈനറെ കൊണ്ട് വീട് നിർമിക്കുക എന്നത് ഞങ്ങളുടെ കയ്യിലൊതുങ്ങുന്ന കാര്യമായിരുന്നില്ല. അങ്ങനെയാണ് ഗൗരിയുടെ ആദ്യ വർക്കായി മന്നത്ത് മാറുന്നത്. എനിക്ക് ഏറെ പ്രിയപ്പെട്ട മുറി ലൈബ്രറിയാണ്. ബാത്ത്റൂമിനു വേണ്ടിയാണ് ഞാൻ കൂടുതൽ പണവും ചെലവഴിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത് എന്നാൽ ഞാൻ സമയം ചെലവഴിക്കുന്നത് ലൈബ്രറിയിലാണ്. ഒരു ഓഫീസ് രൂപത്തിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്, അവിടെ ഇലക്ട്രോണിക്ക് ഉപകരണങ്ങളൊന്നും തന്നെയില്ല” ഷാരൂഖിന്റെ വാക്കുകളിങ്ങനെ.
മന്നത്തിന്റെ ഇതുവരേയ്ക്കും കാണാത്ത ചിത്രങ്ങൾ ഗൗരിയുടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ വീടിനെക്കുറിച്ചുള്ള ഒരു ചെറിയ വർണനയും ഷാരൂഖ് വേദിയിൽ പറഞ്ഞു. “ഡിന്നർ കഴിക്കുന്ന സമയത്ത് ഞങ്ങൾ ഒന്നിച്ചിരിക്കും. ഓരോരുത്തരും തങ്ങളുടെ ദിവസം എങ്ങനെയുണ്ടായിരുന്നെന്ന് പറയും. ഈ ദിവസം നന്നായിരുന്നു എന്ന് അംഗങ്ങൾക്കു തോന്നുന്ന സമയത്തായിരിക്കും സംഭാഷണം അവസാനിക്കുക” ഷാരൂഖ് പറഞ്ഞു.