ബോളിവുഡിന്റെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാനെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല, ആതിഥേയത്വത്തിന്റെ കാര്യത്തിലും കിങ് ഖാൻ തന്നെയാണ് ഷാരൂഖ് എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. തന്നെ കാണാനെത്തിയ ആരാധകർക്ക് രാജകീയമായ സ്വീകരണമൊരുക്കിയാണ് ഷാരൂഖ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ആറ്റ്‌ലിയുടെ പുതിയ ചിത്രമായ ജവാന്റെ ചിത്രീകരണത്തിനിടയിൽ, ചെന്നൈയിൽ തന്നെ കാണാനെത്തിയ ഇരുപതോളം വരുന്ന ആരാധകർക്കായി സ്വപ്നസമാനമായ സ്വീകരണമാണ് ഷാരൂഖ് ഒരുക്കിയത്.
ട്വിറ്ററിൽ ഷാരൂഖ് ഖാന്റെ ചെന്നൈ ഫാൻ ക്ലബ് കൈകാര്യം ചെയ്യുന്ന സുധീർ കോത്താരിയാണ് ഷാരൂഖിനെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചത്. “ഷാരൂഖ് സാറിനെ നേരിൽ കാണാനായി ഞങ്ങൾ അദ്ദേഹത്തിന്റെ മാനേജർമാരായ പൂജ ദദ്‌ലാനി മാം, കരുണ മാം എന്നിവരെ സമീപിച്ചു. അവർ സാറിനോട് ഞങ്ങളുടെ കാര്യം സംസാരിച്ചു, ഷൂട്ട് കഴിഞ്ഞിട്ട് സാറിനെ കാണാമെന്നവർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജവാന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കിയ ഒക്ടോബർ 8ന് സാർ ഞങ്ങളെ കാണുമെന്ന് എനിക്ക് ഒരു കോൾ ലഭിച്ചു.”
“ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ അതിഥികളായ ഞങ്ങൾക്കായി അദ്ദേഹം രണ്ടു മുറികൾ ബുക്ക് ചെയ്തിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ മാനേജ് ചെയ്യാൻ രണ്ട് ഹോട്ടൽ ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഞങ്ങൾക്ക് മെനുവിൽ നിന്ന് എന്തും ഓർഡർ ചെയ്യാം,”സുധീർ കോത്താരി പറയുന്നു.
“തന്റെ സ്യൂട്ടിൽ ഞങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവനക്കാർ ഞങ്ങളോട് പറഞ്ഞു. സാറിനൊപ്പം സമയം ചെലവഴിക്കാനും ഒന്നിച്ച് ചിത്രങ്ങൾ എടുക്കാനും അദ്ദേഹത്തിനു സമ്മാനങ്ങൾ നൽകാനും ഞങ്ങൾക്ക് മതിയായ സമയം നൽകി. അദ്ദേഹം യാതൊരു തിരക്കും കാണിച്ചില്ല, വളരെ സൗമ്യമായി ഞങ്ങളോട് സംസാരിക്കുകയും മധുരമായി ഇടപഴകുകയും ചെയ്തു. പോകുമ്പോൾ ഞങ്ങളോട് അത്താഴം കഴിച്ചിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു,” ഷാരൂഖിനൊപ്പമുള്ള അനുഭവം ഷെയർ ചെയ്തുകൊണ്ട് സുധീർ പറഞ്ഞതിങ്ങനെ. ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു സുധീർ.
നയൻതാര, വിജയ് സേതുപതി എന്നിവരും പ്രധാന താരങ്ങളാവുന്ന അറ്റ്‌ലി ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒരു മാസത്തോളം ഷാരൂഖ് ചെന്നൈയിൽ ചെലവഴിച്ചു. അതിനിടെ രജനികാന്ത്, വിജയ് എന്നിവരുമായും ഷാരൂഖ് കൂടിക്കാഴ്ച നടത്തിയിരുന്നു.