scorecardresearch

താരങ്ങളെ കൊതിപ്പിച്ച 'ഹർഷൻ ദുലാരി'യ്ക്ക് വീണ്ടും ജീവൻ വയ്ക്കുമ്പോൾ

പതിറ്റാണ്ടുകൾക്ക് ശേഷം, 'ഹർഷൻ ദുലാരി'യെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ മധു മുട്ടം

പതിറ്റാണ്ടുകൾക്ക് ശേഷം, 'ഹർഷൻ ദുലാരി'യെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ മധു മുട്ടം

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Harshan Dulari, Harshan Dulari movie, Fazil, Madhu Muttam, Madhu Muttam latest news, Madhu Muttam Interview

തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു അത്. ‘മണിച്ചിത്രത്താഴ്’എന്ന സിനിമയുടെ വിജയാഘോഷത്തിലായിരുന്നു സംവിധായകൻ ഫാസിൽ. മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന തിരക്കിൽ. അപ്പോഴാണ് അവർ അത് കേട്ടത്, ‘ഹർഷൻ ദുലാരി,’ മുമ്പെങ്ങും കേൾക്കാത്തൊരു പ്രണയകഥ.

Advertisment

മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടം ഹർഷൻ ദുലാരിയിലൂടെ രചിച്ചത് ഒരു ഗസൽ ഗായകന്റെ പ്രണയ ജീവിതമാണ്. കഥ കേട്ട് ഫാസിലും മോഹൻലാലും കൈകൊടുത്തു, ശ്രീദേവിയും എ ആർ റഹ്മാനും സമ്മതം മൂളി, എന്തിന് കഥ കേട്ടവരെല്ലാം ആ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങി.

"എന്നെവച്ച് ചെയ്യണമെന്ന് ഞാൻ നിർബന്ധിക്കുന്നില്ല, പക്ഷേ ഇത് എങ്ങനെയെങ്കിലും ചെയ്യൂ പാച്ചിക്കാ (ഫാസിൽ)," ഫാസിലിനോട് മോഹൻലാൽ പലവട്ടം പറഞ്ഞു.

കഥ കേട്ട് എ ആർ റഹ്മാൻ ആ പ്രൊജക്റ്റിനെ നെഞ്ചിലേറ്റി. ഫാസിലിന്റെ കൈകൾ കൂട്ടിപ്പിടിച്ച് താനും ഈ പ്രൊജക്റ്റിലുണ്ടാവുമെന്ന് റഹ്മാൻ വാക്കുകൊടുത്തു. പക്ഷേ, എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചിട്ടും കൂടെയുണ്ടാവുമെന്ന് വാക്ക് നൽകിയിട്ടും ‘ഹർഷൻ ദുലാരി' എന്ന സ്വപ്നം പുലർന്നില്ല.

Advertisment

എന്തുകൊണ്ടാണ് ഫാസിൽ ‘ പ്രിയപ്പെട്ട ആ സ്വപ്ന'ത്തിൽ നിന്നും അകന്നുപോയത്? ഐഇ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ഫാസിൽ ഹർഷൻ ദുലാരിയെ കുറിച്ച് സംസാരിച്ചതിങ്ങനെ. “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായിരുന്നു അത്. മോഹൻലാലിനെയും ആകർഷിച്ച ഒന്ന്. 'ഹർഷൻ ദുലാരി' ഞാൻ ഏറ്റെടുത്തതും ശ്രമിച്ചതും തോറ്റതും പിന്മാറിയതുമായ ഒരു വെല്ലുവിളിയാണ്,” പറയുന്നത് മലയാള സിനിമയിലെ വിജയിച്ച സംവിധായകരിൽ ഒരാളായ ഫാസിലാണ് എന്നോർക്കണം. സിനിമാപ്രേമികളെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച, മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന, എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തു കളഞ്ഞ, വർഷങ്ങളായി ഒരു ഐകോണിക് ചിത്രമായി ചർച്ച ചെയ്യപ്പെടുന്ന 'മണിച്ചിത്രത്താഴി'ന്റെ സംവിധായകൻ.

“ഹർഷൻ ദുലാരി' മികച്ച ആശയമായിരുന്നു. ആ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങളുണ്ടായിരുന്നു. പക്ഷേ സിനിമയുടെ ക്ലൈമാക്‌സ് ബോധ്യപ്പെടുംവണ്ണം അവതരിപ്പിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി."

നിഗൂഢത, മിത്ത്, മന്ത്രവാദം എന്നിവയുടെ ഘടകങ്ങളുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു ‘മണിച്ചിത്രത്താഴ്’. ദൃശ്യവൽക്കരിക്കാൻ എളുപ്പമുള്ള തിരക്കഥയായിരുന്നില്ല അത്. അതീവജാഗ്രതയോടെ ചെയ്തില്ലായിരുന്നെങ്കിൽ, അത് താളം തെറ്റിയേനെ. പക്ഷേ ഫാസിലും സംഘവും അതിനെ കയ്യടക്കത്തോടെ ചെയ്തുവച്ചു. എന്നാൽ‘ഹർഷൻ ദുലാരി’ ആസൂത്രണം ചെയ്യുമ്പോൾ ആ ആത്മവിശ്വാസം തനിക്കില്ലാതെ പോയെന്ന് ഫാസിൽ തന്നെ നിരാശയോടെ പറയുന്നു.

“എല്ലാവർക്കും മനസ്സിലാക്കാവുന്ന മാനസിക പ്രശ്‌നങ്ങളും ഭീതിയുമൊക്കെയാണ് 'മണിച്ചിത്രത്താഴ്' പറഞ്ഞത്. ആ വിഷയം പല തലങ്ങളിൽ നമ്മൾ കണ്ടതാണ്. എന്നാൽ 'ഹർഷൻ ദുലാരി', പ്രത്യേകിച്ചും ക്ലൈമാക്‌സ്, ഒരാൾ 'ആത്മ സാക്ഷാത്കാരം' നേടുന്നതിനെക്കുറിച്ചായിരുന്നു. അത് നേടിയവർക്കേ അറിയൂ, അവർ എന്താണ് അനുഭവിക്കുന്നതെന്ന്. എനിക്ക് പരിചിതമല്ലാത്ത ഒരു അവസ്ഥ എന്റെ പ്രേക്ഷകർക്ക് എങ്ങനെ കാണിച്ചുകൊടുക്കും? സത്യസായി ബാബയോ, രമണ മഹർഷിയോ, രജനീഷോ, മാതാ അമൃതാനന്ദമയിയോ ഒക്കെ എന്തിലൂടെയാണ് കടന്നുപോയത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയില്ല. അത് ആർക്കെങ്കിലും പകർന്നുനൽകാനും പറഞ്ഞുനൽകാനും കഴിയില്ല."

"വെല്ലുവിളികൾ മനസ്സിലാക്കിയ എനിക്ക് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. അഗാധമായ സങ്കടത്തോടെ ഞാനതു ചെയ്തു. ചില സമയങ്ങളിൽ, സംഗീതത്തിനു പ്രാധാന്യം നൽകികൊണ്ട് അത് പുനർനിർമ്മിക്കാൻ ചിന്തിച്ചിരുന്നു, പക്ഷേ വേണ്ടത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, ” ഫാസിൽ ഓർക്കുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം, ഹർഷൻ ദുലാരിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എഴുത്തുകാരൻ മധു മുട്ടം പറയുന്നു. താനും സഹ എഴുത്തുകാരി ലത ലക്ഷ്മിയും ചേർന്ന് കഥയെ കൂടുതൽ സമകാലികമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് മധു മുട്ടം ഐഇ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'തിരുമുഗൾ ബീഗം' എന്ന നോവലിന്റെ സ്രഷ്ടാവാണ് ലത ലക്ഷ്മി. സംഗീതജ്ഞയായ അന്നപൂർണാദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് 'തിരുമുഗൾ ബീഗം'.

“ആ പ്രൊജക്റ്റിന് ഇപ്പോൾ പുതുജീവൻ വച്ചിട്ടുണ്ട്. സഹ-എഴുത്തുകാരിയും അവരുടെ നിർദ്ദേശങ്ങളും ഉള്ളതിനാൽ, അതിൽ വീണ്ടും പ്രവർത്തിക്കാൻ എനിക്ക് ഊർജ്ജവും ആവേശവും തോന്നുന്നു. ഞങ്ങൾ സ്റ്റോറി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രൊജക്റ്റിനെ കുറിച്ച് കേട്ടറിഞ്ഞ് ചില സംവിധായകർ എന്നെ സമീപിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാൻ ഒരിക്കൽ നടൻ വിക്രം വിളിച്ചു. എന്നും ആ പ്രൊജക്റ്റ് സജീവമാണ് എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്. മാസത്തിൽ ചുരുങ്ങിയത് മൂന്നോ നാലോ പേരെങ്കിലും ‘ഹർഷൻ ദുലാരി’യെ കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്, ” മധു മുട്ടം പറഞ്ഞു.

ഹർഷൻ ദുലാരി പ്ലാൻ ചെയ്ത സമയത്ത് ആ പ്രൊജക്റ്റിന്റെ ഭാഗമായി കരുതിയിരുന്ന അഭിനേതാക്കൾ പലരും ഇന്നില്ലെന്നും സങ്കടത്തോടെ മധു മുട്ടം ഓർക്കുന്നു. "അന്ന് പ്ലാൻ ചെയ്ത സമയത്തുണ്ടായിരുന്ന നടീനടന്മാരിൽ പലരും ഇന്നില്ല, ശങ്കരാടി, ശ്രീദേവി, നെടുമുടി വേണു, കെപിഎസ്‌സി ലളിത… അവരൊക്കെ പോയില്ലേ?"

‘ഹർഷൻ ദുലാരി’ എന്ന പ്രൊജക്റ്റിനായി കാലം കാത്തുവച്ചതെന്താണെന്ന് അറിയില്ല, എങ്കിലും ഇതിനകം തന്നെ മലയാള ചലച്ചിത്ര ലോകത്ത് ഒരു ആരാധനാ പദവി നേടിയിട്ടുണ്ട് ഈ ചിത്രം. എക്കാലത്തെയും മോഹിപ്പിക്കുന്ന സ്വപ്നമായി, താരങ്ങളെയും സിനിമാക്കാരെയും വശീകരിച്ച ഒരു മരീചികയുടെ പേരാണ് 'ഹർഷൻ ദുലാരി'.

Fazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: