പഴകും തോറും വീര്യമേറുന്ന വീഞ്ഞ് പോലെ ഓരോ കാഴ്ചയിലും പുതിയ മാനങ്ങൾ കാട്ടിത്തരുന്ന ചിത്രങ്ങളുണ്ട്. ആ പട്ടികയിൽ എന്നും മുൻപന്തിയിലാണ് ‘മണിച്ചിത്രത്താഴ്.’ ആ തിരക്കാഥാകൃത്തിന്റെ തൂലികയിൽ പിറന്ന മറ്റു ചിത്രങ്ങൾ – ‘എന്നെന്നും കണ്ണേട്ടന്റെ,’ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ,’ ‘ഭരതൻ ഇഫക്ട്’ – സിനിമാ എഴുത്തിന്റെ വേറിട്ട വഴികൾ കാട്ടിത്തന്നു. പുതിയ ആഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളുമായി മലയാള സിനിമ പുതുഭാവുകത്വങ്ങളിലേക്ക് ചുവടു മാറുമ്പോൾ തിരക്കുകളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നുമൊക്കെ ഒഴിഞ്ഞ് ഏകാന്ത ജീവിതം നയിക്കുകയാണ് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയ മധു മുട്ടം.
ഇപ്പോഴും ഗ്രാമീണത കൈവിട്ടിട്ടില്ലാത്ത മുട്ടത്തെ, ആഡംബരങ്ങളൊന്നുമില്ലാത്ത വീട്ടിൽ തനിയെ താമസം. എല്ലാ ദിവസവും മുടങ്ങാതെ കാണാനെത്തുന്ന സുഹൃത്തുക്കൾ, ഇടയ്ക്ക് ‘ആലപ്പുഴ ബ്രദേഴ്സ്’ ഹോട്ടലിലേക്കുള്ള യാത്രകൾ, ഒപ്പം എഴുത്തും വായനയും… മലയാളം ആഘോഷമാക്കിയ ‘കൾട്ട് – ക്ലാസിക്’ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്നുള്ള ഭൂതകാലക്കുളിരൊന്നും മധു മുട്ടം കൂടെ കൊണ്ടു നടക്കുന്നില്ല. മരങ്ങളാൽ ചുറ്റപ്പെട്ട ആ കൊച്ചുവീടിന്റെ വരാന്തയിലിരുന്ന് മധു മുട്ടം തന്റെ ജീവിതം പറഞ്ഞു.

ഒരു പാരലൽ കോളേജിൽ മലയാളം അധ്യാപകനായിരിക്കെയാണ് മധു മുട്ടം ഫാസിലിനെ പരിചയപ്പെടുന്നത്. “എന്നെ കോളേജിൽ പഠിപ്പിച്ച ഒരു അധ്യാപികയുണ്ട്, ജയ ടീച്ചർ. അവരുടെ അയൽവാസിയാണ് ഫാസിൽ മാഷ്. ചെറുപ്പം മുതൽ പരിചയക്കാരാണ് ഇരുവരും. എന്റെ ചങ്ങാതിയൊരിക്കൽ ഞാനെഴുതിയൊരു സ്ക്രിപ്റ്റ് ടീച്ചറെ കാണിച്ചു, ടീച്ചർ അത് ഫാസിൽ മാഷെയും. ഇങ്ങനെയൊന്ന് എടുക്കാൻ ഇരിക്കുകയായിരുന്നു എന്നായിരുന്നു ഫാസിൽ മാഷിന്റെ ആദ്യ പ്രതികരണം. പിന്നീട് ഞങ്ങൾ പരസ്പരം കണ്ടു, സംസാരിച്ചു, ആ കഥ സിനിമയായി, അതാണ് ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രം. ആദ്യം ഞാനതൊരു കഥയായാണ് എഴുതിയത്, ഒരു മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വയം ഒന്നു രസിക്കുകയെന്ന സ്വകാര്യ കൗതുകത്തിന്റെ പേരിൽ പിന്നെയത് സ്ക്രിപ്റ്റാക്കി മാറ്റിയതായിരുന്നു. സിനിമയായപ്പോൾ ഫാസിൽ മാഷ് അതിന്റെ അവതരണത്തിലേക്ക് സിനിമയുടേതായ ചേരുവകൾ കൊണ്ടു വന്നു,” സിനിമയിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് മധു മുട്ടം പറഞ്ഞു തുടങ്ങി.
‘എന്നെന്നും കണ്ണേട്ടൻ’ ശ്രദ്ധ നേടിയപ്പോൾ ആത്മവിശ്വാസമായി. മനസ്സിലുണ്ടായ വിഷയങ്ങൾക്കൊക്കെ അതോടെ കനം വെച്ചു. പിന്നീട് 1987ലാണ് കമലുമായി ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന സബ്ജെക്റ്റ് സംസാരിക്കുന്നത്. അധ്യാപക ജോലിയുടെ തിരക്കുകളുമുണ്ട് അന്ന്, 20 വർഷത്തോളം ചെയ്ത ജോലിയാണ് അധ്യാപനം. സിനിമയിലേക്ക് വന്ന് തിരക്കായതോടെ രണ്ടും കൂടെ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടായി, അതോടെ അധ്യാപനം വിട്ടു.
പറയുമ്പോൾ വളരെ ചെറിയൊരു ത്രെഡ്, വലിയ സംഭവവികാസങ്ങളോ, കഥാമുഹൂർത്തങ്ങളോ ഒന്നുമില്ല. പക്ഷേ അന്നേറെ ശ്രദ്ധ നേടിയ ഒന്നാണ് ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രം. ആ ചിത്രത്തിന്റെ സ്വീകാര്യതയ്ക്കു പിന്നിലെ കാരണമെന്താണെന്നാണ് കരുതുന്നത്?
കൗമാര കാലത്ത് സ്വാഭാവികമായി ഉണ്ടാവുന്ന ഒരു അതിവർണ പൊലിമയുണ്ട്. അതിനെ സ്നേഹമെന്നൊക്കെ അഡ്രസ്സ് ചെയ്യാമോ എന്നറിയില്ല. പക്ഷേ അത് നമ്മുടെ റൊമാന്റിക് ജീവിതത്തിന് ഒക്കെ അടിസ്ഥാനപരമായ ഇമ്പ്രിൻറ്റ്സ് ഉണ്ടാക്കുന്നതാണ്. ദീർഘകാലം ചിലപ്പോൾ മരണപര്യന്തം നിൽക്കുന്ന രീതിയിൽ വ്യക്തികളിൽ സ്വാധീനം ഉണ്ടാക്കാനും അതിനാവും. അത്തരം ചിന്തകളാണ് ആ സിനിമയ്ക്കു പിന്നിൽ പ്രേരകമായി മാറിയത്.

ഒരു അവധിക്കാലത്ത് വലിയൊരു തറവാട്ടിൽ മറുനാടുകളിൽ നിന്ന് കുടുംബാംഗങ്ങളും അവരുടെ കുട്ടികളും പേരക്കുട്ടികളുമെല്ലാം ഒത്തുചേരുന്നു, കൂട്ടത്തിലെ പയ്യന് ഒരു പെൺകുട്ടിയോട് തോന്നുന്ന അതിവർണാഭമായ സ്നേഹം. ആ പെൺകുട്ടിയ്ക്കാണെങ്കിൽ അവനോട് താൽപ്പര്യമുണ്ട്, അത് വാചാലമായി പ്രഖ്യാപിക്കാനുള്ള പ്രായമായിട്ടില്ല. മുതിർന്നവരുടെ ലോകത്തിന് മനസ്സിലാകാത്ത ചില രഹസ്യബന്ധങ്ങളും അതിന്റെ തീവ്രതയുമൊക്കെയാണ് ആ ചിത്രം ആവിഷ്കരിച്ചത്. അതേ പ്രായത്തിൽ ഞാൻ കടന്നുപോയ ഏതോ ഒരു ചിന്തയെ പിൽക്കാലത്ത് ഓർത്തെടുക്കുകയായിരുന്നു എഴുത്തിലെന്നു പറയാം.
പറഞ്ഞത് ശരിയാണ്, അതൊട്ടും സംഭവബഹുലമായ കഥയൊന്നുമല്ല. ആദ്യം ഞാൻ ആ തിരക്കഥയെ കുറിച്ചു പറയുന്നത് സേതുമാധവൻ സാറിനോടാണ്. എന്റെയൊരു ചങ്ങാതി ഈ കഥയെ കുറിച്ച് പറഞ്ഞ് സേതുമാധവൻ സാറിന് കത്തെഴുതി. ‘ആലുവയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനു വരുന്നുണ്ട്, അപ്പോൾ നേരിൽ കാണാം’ എന്നദ്ദേഹം മറുപടി അയച്ചു. ഞാനാദ്യമായി ഒരു സിനിമാക്കാരനെ കാണുന്നത് അദ്ദേഹത്തെയാണ്, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വളരെ ആദരവ് തോന്നി. സി എൽ ജോസിന്റെ മണൽക്കാട് എന്ന നാടകം സിനിമയാക്കി കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മധു, കരമന ഒക്കെയുണ്ടായിരുന്നു ലൊക്കേഷനിൽ. ആലുവ പാലസിൽ ആയിരുന്നു സേതുമാധവൻ സാർ താമസിച്ചിരുന്നത്, ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എന്നെയും സുഹൃത്തിനെയും കാറിൽ കയറ്റി അങ്ങോട്ട് കൊണ്ടുപോയി.
ഞങ്ങൾക്കൊപ്പം രണ്ടു മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. കഥയെ കുറിച്ചൊക്കെ കാര്യമായി സംസാരിച്ചു. അന്നൊക്കെ വളരെ നിലവാരപ്പെട്ട സിനിമകൾ എടുക്കുന്ന ആളാണ് സേതുമാധവൻ സാർ. പറയാനൊരു കഥയൊന്നുമില്ല എന്നു പറഞ്ഞാണ് ഞാൻ തിരക്കഥയെ കുറിച്ചു സംസാരിച്ചു തുടങ്ങിയത്. ‘പറയാനൊരു കഥ വേണം’ എന്നായി അദ്ദേഹം. അന്ന് വിപിൻ മോഹനായിരുന്നു ആ ചിത്രത്തിന്റെ ക്യാമറ. വിപിനോട് സേതുമാധവൻ സാർ അഭിപ്രായം ചോദിച്ചു, ഇങ്ങനെയുള്ളതിനൊക്കെ ഇപ്പോൾ സ്കോപ്പ് ഉണ്ടോ? ഇങ്ങനെയുള്ളതിനാണ് ഇപ്പോൾ മാർക്കറ്റ് എന്നായിരുന്നു വിപിൻ മോഹന്റെ മറുപടി. അദ്ദേഹത്തിന്റെ രീതിയിലുള്ള കഥയാവാത്തതിനാലാം, ആ തിരക്കഥ അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല, മറ്റൊരു സ്ക്രിപ്റ്റുമായി നമുക്കു കാണാമെന്നു പറഞ്ഞ് അന്ന് പിരിഞ്ഞു.
പിന്നെയാണ് ഫാസിൽ മാഷിലേക്ക് ഈ ചിത്രമെത്തുന്നത്. ഫാസിലിന് മനസ്സിൽ ഒരു ടീനേജ് റൊമാൻസ് പടം ചെയ്യണം എന്നുണ്ടായിരുന്നു, അവിടേക്ക് കൃത്യമായി ഞാനെത്തിപ്പെടുകയായിരുന്നു. എന്നെന്നും കണ്ണേട്ടൻ ഇറങ്ങികഴിഞ്ഞപ്പോൾ അന്ന് ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു, ശ്രീവിദ്യയ്ക്കും അതിൽ അഭിനയിച്ച ബാലതാരത്തിനും അവാർഡ് ലഭിച്ചു. ‘എന്നെന്നും കണ്ണേട്ടന്റെ,’ ‘നഖക്ഷതങ്ങൾ’ – രണ്ടും ഒരേ സമയം ഇറങ്ങിയ ചിത്രങ്ങളാണ്. ‘നഖക്ഷതങ്ങൾ’ ബോക്സ് ഓഫീസിൽ കൂടുതൽ കളക്ഷൻ നേടിയപ്പോൾ, ‘എന്നെന്നും കണ്ണേട്ടന്’ അത്രത്തോളം കളക്റ്റ് ചെയ്യാനായില്ല. രണ്ടും ചിത്രങ്ങളും പ്രണയമാണ് പറഞ്ഞതെങ്കിലും അതിലെ പ്രണയത്തിന് കാതലായ വ്യത്യാസമുണ്ടായിരുന്നു, ‘നഖക്ഷതങ്ങൾ’ കുറച്ചു കൂടി പക്വമായ പ്രണയമാണ് പറഞ്ഞത്. ‘എന്നെന്നും കണ്ണേട്ടനിൽ’ ഇളംപ്രായത്തിലെ പക്വതയില്ലായ്മയായിരുന്നു വിഷയം, പ്രണയത്തിന്റെതായൊരു ഭാഷയൊന്നും കൈവന്ന പ്രായമല്ലല്ലോ അത്.
‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ പോലെയൊരു പടമൊക്കെ വളരെ വിരളമായി സംഭവിക്കുന്ന ഒന്നാണ്. കാക്കോത്തിയിലേക്ക് വന്ന വഴി?
ആദ്യം ഫാസിലിനോടാണ് ഞാൻ ആ വിഷയം പറയുന്നത്. നമുക്ക് അരവിന്ദനെ സമീപിക്കാം, കെജി ജോർജിനെ സമീപിക്കാം എന്നൊക്കെ ഫാസിൽ പറഞ്ഞു. സബ്ജെക്റ്റ് ഇഷ്ടമായിരുന്നെങ്കിലും സ്വന്തം നിലയിൽ അതിനെ സമീപിക്കാനുള്ള എന്തോ ധൈര്യക്കുറവ് അന്ന് ഫാസിൽ മാഷിനുണ്ടായിരുന്നു. ഞാനിത് നിർമ്മിക്കാം എന്നായി അദ്ദേഹം. ആ സമയത്ത് കമൽ ഒന്നുരണ്ടു പടം കഴിഞ്ഞിരിക്കുകയാണ്. കമൽ സംവിധാനം ഏറ്റെടുത്തു, ഫാസിലും സുഹൃത്തും ചേർന്ന് ചിത്രം നിർമ്മിച്ചു. കമലിനു ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായി പിന്നീടതു മാറി. പിൽക്കാലത്ത് പല വേദികളിലും തന്റെ പടങ്ങളിൽ ഏറെയിഷ്ടപ്പെട്ട പടമെന്ന് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളെ’ കുറിച്ച് കമൽ പറയുന്നത് കേട്ടിട്ടുണ്ട്.

‘എന്നെന്നും കണ്ണേട്ടന്റെ’യിൽ പൂക്കുളങ്ങര ഭഗവതി, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളിലെ’ കാക്കോത്തി സങ്കൽപ്പം, ‘മണിചിത്രത്താഴിലെ’ നാഗവല്ലി- ദൈവാംശമുള്ളതോ മനുഷ്യന് അതീതമായതോ ആയ ചില കാര്യങ്ങൾ കഥയിൽ വന്നു ചേരുന്നു. അത്തരമൊരു നൈരന്തര്യം എങ്ങനെയാണ് എഴുത്തിലേക്ക് കടന്നു വന്നത്?
കാക്കോത്തി ഒരു സങ്കൽപ്പം മാത്രമല്ല, ഏവൂരിൽ ഒരു കാക്കാത്തി നടയുണ്ട്. ‘കണ്ണമ്പിള്ളി’ എന്ന ക്ഷേത്രത്തിന്റെ ഭാഗമായി വരുന്ന ഒരു ആരാധനകുടീരമാണത്. അതുമായി ബന്ധപ്പെട്ട കഥകൾ വേറെയാണ്, ചിത്രത്തിലേക്ക് വരുമ്പോൾ ഞാനതിന് ഒരു കൽപ്പിത കഥ നൽകി. എന്റെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂൾ കാലമൊക്കെ ഏവൂരായിരുന്നു. സ്കൂൾ പരിസരത്താണ് ഈ പറയുന്ന കാക്കാത്തി നട. ഒരു വലിയ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി വരുന്ന കാവിലാണ് കാക്കാത്തി ഇരിക്കുന്നത്. ഞങ്ങൾ കുട്ടികൾക്കൊക്കെ വലിയ പേടിയായിരുന്നു വിജനമായ ആ കാവ്. കുട്ടിക്കാലത്ത് സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചകളിൽ ഊണുകഴിഞ്ഞ് അധ്യാപകരറിയാതെ ഇന്റർവെൽ സമയത്ത് ഞങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞു പേടികൂട്ടുന്ന ചില വില്ലൻ കൂട്ടുകാരുമായി പേടിച്ച് പേടിച്ചു കാവിലേക്ക് പോയൊരു കാലമുണ്ടായിരുന്നു. ഇടയ്ക്ക് വച്ച് പലരും പേടിച്ച് തിരിഞ്ഞോടിക്കളയും. ഞങ്ങൾ രണ്ടോ മൂന്നോ പേരെ കാവിലെത്തൂ. എത്തിയാലോ കാവിനു നടുവിലെ കാക്കാത്തി നിൽക്കുന്ന കുടീരത്തിൽ നിന്ന് വളരെ അകന്നുമാറി വെള്ള മണൽക്കൂനയിൽ പകച്ചു ചുറ്റും നോക്കി ഇലച്ചിലുകളുടെ ഏതനക്കത്തിലും തിരിഞ്ഞോടാൻ തയ്യാറായി നെഞ്ചിടിപ്പോടെയെ നിൽക്കൂ… അതിന്റെ ഒരു അനുസ്മരണമൊക്കെയാവാം കഥയിലേക്ക് കയറി വന്നത്. പിന്നെ ഒരു സാമൂഹ്യവ്യഥയും.
പൂക്കുളങ്ങര ഭഗവതി എന്നു പറയുന്നത് ഒരു സങ്കൽപ്പ കഥാപാത്രമാണ്. നമ്മുടെ സാമൂഹിക പരിസരങ്ങളിൽ ഭക്തിപ്രമാണിച്ച് മിത്തുകളിൽ നിന്ന് ഉയിർക്കൊള്ളുന്ന ഇത്തരത്തിലുള്ള ദേവീ ഭാവങ്ങൾ കാണാം. ഭഗവതി സങ്കൽപ്പങ്ങളൊക്കെ ഞങ്ങളുടെ ഓണാട്ടുക്കരയിലും ധാരാളമുണ്ട്. ചെട്ടികുളങ്ങര ഭഗവതിയൊക്കെ ഇവിടെ അടുത്തല്ലേ… അതു പോലെ ചിലപ്പോൾ എവിടെയെങ്കിലും ഒരു പൂക്കുളങ്ങര ഭഗവതിയൊക്കെ കാണും. ഏതുദേശത്തിനും മിത്തുകളുമായി ഒരു ചാർച്ചയുണ്ടല്ലോ. പ്രത്യേകിച്ചും ഗ്രാമീണ ജീവിതപരിസരങ്ങളിൽ നിന്നും വരുന്നവർ ഇത്തരം മിത്തുകളെയൊക്കെ മനസ്സിന്റെ സജീവമായ കോണുകളിൽ സൂക്ഷിക്കുന്നവരായിരിക്കും.
എഴുത്തിന്റെ ശൈലി വിശകലനം ചെയ്യുമ്പോൾ, ആന്തരിക ഘടനയൊക്കെ സൂക്ഷ്മമായി പരിശോധിക്കുന്നവർക്ക് മനസ്സിലാവും, ഞാനെഴുതിയിട്ടുള്ളതിലെല്ലാം ആത്മസ്ഥാനത്തു വരുന്ന ചില പ്രത്യേക കോഡുകളുണ്ടെന്ന്. വളരെ സൂക്ഷ്മമായി വായിക്കുമ്പോൾ ‘കാക്കോത്തി’യും ‘മണിചിത്രത്താഴു’മൊക്കെയായുള്ള ബന്ധം അതിന്റെ ഗോത്രപരമായ സ്മൃതിതലത്തിൽ നിന്നു കൊണ്ട് വായിച്ചെടുക്കാവുന്നതാണ്. എഴുതാൻ ഇരിക്കുന്നവരുടെയെല്ലാം ഉള്ളിൽ ഇങ്ങനെ ചില Archetype പാറ്റേണുകൾ ഉണ്ടാവും, നൂറു കൃതികൾ അവരിൽ നിന്നും വന്നെന്നിരിക്കും. പക്ഷേ ഇതിന്റെയെല്ലാം വേരുകൾ ചെന്നു നിൽക്കുന്നത് ഒന്നോ രണ്ടോ തലങ്ങളിലായിരിക്കും. പ്രമേയവും പ്രതിപാദനവുമെല്ലാം പുറമെ വ്യത്യസ്തമായിരിക്കും, പക്ഷേ ആത്മസ്ഥാനം ഇങ്ങനെ ബന്ധപ്പെട്ടു കിടക്കും. അതിന്റെയും ആധാരം സാമൂഹ്യബോധം തന്നെ.
എത്രയോ തവണ ശ്രമിച്ചിട്ടും നടക്കാതെ പോയൊരു ചിത്രമാണല്ലോ ‘ഹർഷൻ ദുലാരി?’ എന്താണ് സംഭവിച്ചത്?
‘മണിച്ചിത്രത്താഴിനു’ മുൻപു തന്നെ മനസ്സിലുള്ള ആശയമാണ് ‘ഹർഷൻ ദുലാരി.’ ‘മണിച്ചിത്രത്താഴ്’ കഴിഞ്ഞതോടെ അതിന് കുറേക്കൂടി ഉടലാർന്ന അവസ്ഥയുണ്ടായി. അന്ന് വളരെ ആവേശപൂർവ്വം മോഹൻലാലും ഫാസിലും ശ്രീദേവിയുമൊക്കെ കമ്പം കാണിച്ചു വന്നതാണ്. ഫാസിൽ മാഷ് അതിനെ കുറിച്ച് ഒരുപാട് പ്രത്യാശ വച്ചു പുലർത്തി. മോഹൻലാൽ പലപ്പോഴും ചോദിക്കുമായിരുന്നു, അതെന്തായി? എവിടെ വരെയായി എന്നൊക്കെ.
ഇപ്പോൾ ആ പ്രൊജക്റ്റിനൊന്നു കൂടി ജീവൻ വച്ചിട്ടുണ്ട്. എനിക്കൊരു കൂട്ടെഴുത്തുകാരിയെ കിട്ടി. ശ്രദ്ധേയയായ യുവ എഴുത്തുകാരി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ലതാലക്ഷ്മി, ഭവൻസ് സ്കൂളിലെ അധ്യാപികയായിരുന്നു അവർ. ‘തിരുമുഗൾ ബീഗം’ എന്ന സി.വി രാമൻപിള്ള പ്രഥമ പുരസ്കാരം നേടിയ നോവൽ എഴുതിയത് ലതാലക്ഷ്മിയാണ്. ലതാലക്ഷ്മി ‘ഹർഷൻ ദുലാരി’യ്ക്കായി കുറച്ചു നിർദ്ദേശങ്ങളൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾ ഒന്നിച്ച് അതിനെയൊന്നു നവീകരിച്ചു. എഴുത്തിൽ ഒരു കൂട്ട് കിട്ടിയത് ഒരുണർവ്വും ഉന്മേഷവുമൊക്കെ ഉണ്ടാകാൻ കാരണമായി. ട്രീറ്റ്മെന്റിലൊക്കെ ആനുകാലികമായ മാറ്റങ്ങൾ വരുത്തി. ചില സംവിധായകരൊക്കെ ഇതിനെ കുറിച്ച് കേട്ടറിഞ്ഞ് സമീപിച്ചിട്ടുണ്ട്. അന്ന് പ്ലാൻ ചെയ്ത സമയത്തുണ്ടായിരുന്ന നടീനടന്മാരിൽ പലരും ഇന്നില്ല, ശങ്കരാടി, ശ്രീദേവി, നെടുമുടി വേണു, കെപിഎസ്‌സി ലളിത… അവരൊക്കെ പോയില്ലേ?
എന്നെ ഒരിക്കൽ തമിഴിൽ നിന്നും വിക്രം വിളിച്ച് ഈ സബ്ജെക്റ്റിനെ കുറിച്ച് സംസാരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നും ആ പ്രൊജക്റ്റ് സജീവമാണ് എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്. മാസത്തിൽ ചുരുങ്ങിയത് മൂന്നോ നാലോ പേരെങ്കിലും ‘ഹർഷൻ ദുലാരി’യെ കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്.
എഴുതിയ തിരക്കഥകൾ പലതും ഇത്രയേറെ ശ്രദ്ധ നേടിയിട്ടും പിന്നീട് എന്താണ് സിനിമയിൽ നിന്നും മാറി നിന്നത്? സിനിമയോട് ഒരു പിണക്കമുണ്ടോ?
മാറി നിൽക്കുന്നു എന്ന് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഞാൻ പിന്നെയും തിരക്കഥകൾ എഴുതുന്നുണ്ടായിരുന്നു. അതിന്റെ ആവിഷ്കാരങ്ങൾക്കൊന്നും വേണ്ട രീതിയിലുള്ള ട്രീറ്റ്മെന്റുകൾ കിട്ടാത്തതു കൊണ്ടാവാം ശ്രദ്ധിക്കപ്പെടാതെ പോയി എന്നേയുള്ളൂ. ഫാസിലിന്റെ ‘ഹരികൃഷ്ണൻസിൽ’ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്, സംഭാഷണമൊരുക്കാനും മറ്റും. പിന്നെ ‘സുന്ദരക്കില്ലാഡി’ തുടങ്ങി മറ്റുചില പടങ്ങൾ. അങ്ങനെ എപ്പോഴാണ് ഞാൻ വിട്ടുനിന്നത് എന്നെനിക്കറിയില്ല. പിന്നെ എഴുത്തിന്റെ കാര്യത്തിൽ, എഴുതുന്നത് ആദ്യം എന്നെ രസിപ്പിക്കണം, അതിന് ഒരു നിശ്ചിതസമയം എന്നൊക്കെ പറഞ്ഞാൽ വിഷമമാണ്. അങ്ങനെ വന്നപ്പോൾ പല പ്രൊജക്റ്റുകളും മാറിപോയിട്ടുണ്ട്. വർഷങ്ങളായി ഒരു പ്രസിദ്ധ സംവിധായകൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നൊരു കഥയുടെ എഴുത്തിലായിരുന്നു കോവിഡ് കാലത്ത് ഞാൻ.
ഗ്രാവിറ്റി, ആന്റി ഗ്രാവിറ്റി പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണല്ലോ ഭരതൻ ഇഫക്ട്? അത്തരമൊരു പ്രമേയത്തിലേക്ക് എങ്ങനെയാണ് എത്തിയത്?
എല്ലാ കാലത്തും ആന്റി ഗ്രാവിറ്റി സങ്കൽപ്പങ്ങളെ ചുറ്റിപ്പറ്റി ധാരാളം ഗവേഷണ പഠനങ്ങൾ നടക്കാറുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ കാലം കഴിയുകയാണല്ലോ, അപ്പോൾ ബദലായുള്ള പ്രകൃതിദത്ത പ്രേരകങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ എന്നും പ്രമുഖ സ്ഥാനത്തു നിന്നിട്ടുള്ളതാണ് ആന്റി ഗ്രാവിറ്റി. അതുമായി ബന്ധപ്പെട്ടൊരു ശാസ്ത്രകൽപ്പിത കഥയെന്ന രീതിയിലാണ് ഭരതൻ ഇഫക്റ്റ് ഒരുക്കിയത്. ആ വിഷയത്തിൽ സിബി മലയിൽ, ഹരികുമാർ, ശ്രീക്കുട്ടൻ എന്നിവരും വലിയ താൽപ്പര്യം കാണിച്ചിരുന്നു, അപ്പോഴേക്കും മറ്റൊരു സംവിധായകനുമായി ആ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ അന്നതിന് വേണ്ടത്ര പ്രചാരം കിട്ടിയില്ല, അർഹിക്കുന്ന തലത്തിലുള്ള ഒരു ട്രീറ്റ്‌മെന്റും ലഭിച്ചില്ല, ഗ്രാഫിക്സ് ഒന്നും ഇന്നത്തെ പോലെ അത്ര പോപ്പുലറല്ലല്ലോ അന്ന്.
‘കാണാകൊമ്പത്ത്’ എന്നൊരു പടം കൂടി എഴുതിയിരുന്നു ഞാൻ. സിനിമയായെങ്കിലും ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയൊരു ചിത്രമാണത്. വേണ്ടത്ര പാകമാവാതെ പോയൊരു തിരക്കഥയായിരുന്നു അതിന്റേതെന്ന് പറയാം. എന്റെ ഒരു ചങ്ങാതി തന്നെയാണ് ആ ചിത്രം സംവിധാനം ചെയ്തത്. പാകമാവുന്നതിനു മുൻപ് അദ്ദേഹം അതെടുത്തുകൊണ്ടുപോയി സിനിമയാക്കി. മൈഥിലിയാണ് ചിത്രത്തിൽ നായികയായത്, മൈഥിലിയൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ സ്ക്രിപിറ്റിന്റെ തന്നെ അപക്വത കൊണ്ടാവാം അത് വിജയിച്ചില്ല.
സ്ക്രിപ്റ്റ് ഒരു 80 ശതമാനമെങ്കിലും ആയാൽ മാത്രമേ എനിക്കത് ഒരാളോട് പറയാനാവൂ. ഞാൻ കഥ പറഞ്ഞല്ല, എഴുതിയാണ് അതിനെ രൂപപ്പെടുത്തുന്നത്. രംഗങ്ങളും സംഭാഷണവുമൊക്കെ എഴുതി മുന്നോട്ട് പോവുമ്പോഴെ എന്റെ മനസ്സിലിരിക്കുന്നത് പൂർണമായി വരൂ. അതുകഴിഞ്ഞാലേ ഔദ്യോഗികമായി ആരോടെലും എനിക്ക് ഇങ്ങനെയൊരു സ്ക്രിപ്റ്റുണ്ടെന്ന് പറയാൻ കഴിയാറുള്ളൂ, അതിനൽപ്പം സമയമെടുക്കും.
എഴുത്തിലേക്ക് കൈപിടിച്ച് നയിച്ചത് വായനയുടെ പശ്ചാത്തലമാണോ?
അത്ര അസൂയാവഹമായ വായന ഒന്നുമില്ലായിരുന്നു. പതിനാറു വയസ്സൊക്കെ കഴിഞ്ഞപ്പോൾ ചില ഐച്ഛിക വിഷയങ്ങളിലേക്ക് പോയേ പറ്റൂ എന്ന രീതിയിലൊരു തോന്നലുണ്ടായി. അതിന്റെ മരുന്നെന്ന രീതിയിലാണ് വായനയിലേക്ക് തിരിഞ്ഞത്. എനിക്ക് ചെറുപ്പം മുതൽ ലഭിക്കുന്നത് മാതൃഭൂമി ആഴ്ചപതിപ്പായിരുന്നു, അന്ന് എനിക്ക് മനോരമ കിട്ടില്ല. മനോരമയിലേക്ക് പോവുന്നവർക്ക് മറ്റൊരു തരത്തിലുള്ള വായന കിട്ടും, മുട്ടത്തുവർക്കിയുടെ ലോകമൊക്കെ പരിചയപ്പെടാം. എനിക്ക് കിട്ടിയത് മാതൃഭൂമിയുടെ പാരമ്പര്യമാണ്, അന്ന് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന കൃതി ശ്രീ കെ വി രാമകൃഷ്ണൻ ‘രക്തരക്ഷസ്സ്’ എന്ന പേരിൽ തർജ്ജമ ചെയ്ത് മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നിരുന്നു. അന്ന് ഒരു ലക്കം കിട്ടി വായിച്ചു കഴിയുമ്പോൾത്തന്നെ ബാക്കിയറിയാനുള്ള ആകാംക്ഷയിൽ കടയിലേക്ക് ഓടും, അടുത്ത ലക്കം ചോദിച്ച്. അടുത്തയാഴ്ചയെ ബാക്കി വരൂ എന്നാവും കടക്കാരന്റെ ഉത്തരം. അതു കേൾക്കുമ്പോഴത്തെ ഒരു വിഷമം! പിന്നെ കാത്തിരിപ്പാണ്.
നന്തനാർ, തിക്കോടിയൻ, മലയാറ്റൂർ രാമകൃഷ്ണൻ, അരവിന്ദിന്റെ കാർട്ടൂണുകൾ അതൊക്കെയാണ് എന്റെ വായനയുടെ ലോകം നിർണയിച്ചത്. പിന്നീട് ഞാൻ ചെന്നു വീണത് ചില വൈജ്ഞാനികവും ആത്മീയവുമായ വിഷയങ്ങളിലാണ്, നമ്മളാരാണ്, ഈ ലോകം എന്താണ് എന്നൊക്കെ അറിയാനുള്ള ഒരു കൗതുകം തോന്നി അക്കാലത്ത്. പിന്നെ അത് അദമ്യമായ ജിജ്ഞാസയായി എന്നു പറയാം. അതോടെ നോവൽ, കഥാലോകം വിട്ടു, ആത്മീയമായൊരു തലത്തിലേക്ക് വായന പോയി. സത്യത്തിൽ അതൊരു അപ്രായത്തിലുള്ള വായനയായിരുന്നു. ജീവിതത്തിന്റെ വേറൊരു പകുതിയിൽ തുടങ്ങേണ്ടത് ഞാൻ നേരത്തെ തുടങ്ങി. അതൊരു നഷ്ടമെന്നു പറയാൻ പറ്റിയില്ല. എന്നിരുന്നാലും മാതൃകാപരമായ വായനക്കാരൻ എന്നു എന്നെ പറയാനാവില്ല.
എന്നെ പ്രീതിപ്പെടുത്തിയ കഥകൾ മാതൃഭൂമിയിലെ ചില മറാഠി നോവലുകളുടെ പരിഭാഷയാണ്. അതിൽ ഞാൻ ചെന്നു വീണു പോവുകയായിരുന്നു. അന്നുണ്ടായിരുന്നത് ഒന്നാന്തരം വിവർത്തകരാണ്. എംഎൻ സത്യാർത്ഥി, രാധാകൃഷ്ണൻ, മാധവൻ നായർ, ലീല സർക്കാർ…. ആത്മാവു കളയാതെ അവർ വിവർത്തനം ചെയ്യും, മൂലകൃതിയല്ലെന്നു നമുക്കു തോന്നുകയേ ഇല്ല. ഖണ്ഡേക്കറുടെ യയാതിയൊക്കെ ഏറെ ഇഷ്ടത്തോടെ വായിച്ചതാണ്.
ഞാൻ അവയിൽ എന്താണ് ആസ്വദിച്ചത് എന്ന് സ്വയം അതിന്റെ രഹസ്യം അന്വേഷിച്ചപ്പോൾ, കഥയല്ല അതിന്റെ അന്തരീക്ഷമാണ് എന്നെ സ്വാധീനിക്കുന്നത് എന്നു മനസ്സിലായി. പിന്നെ ആലോചിക്കുമ്പോൾ ഈ കഥയെന്നു പറയുന്നത് വളരെ അമൂർത്തമാണ്, അത് ഒരു അന്തരീക്ഷത്തിനു വീതിക്കാനേയുള്ളൂ. തകഴിയുടെ നോവലുകളെല്ലാം കുട്ടനാടൻ അന്തരീക്ഷത്തിലാണ്. തോമസ്‌മാന്റെ ജർമ്മൻ നോവലുകൾ വായിക്കുമ്പോഴും ആ അന്തരീക്ഷം നമുക്ക് പരിചിതമായി കിട്ടണം, എന്നാലെ ആസ്വദിക്കാനാവൂ. ഒരു അന്തരീക്ഷത്തിലേക്ക് കഥയെ നമ്മൾ പ്ലെയ്സ് ചെയ്യുമ്പോഴേ ആസ്വദിക്കാൻ സാധിക്കൂ. എന്റെ വായനയിൽ എനിക്കേറെ അത്ഭുതകരമായി തോന്നിയിട്ടുള്ളത് പശ്ചാത്തലത്തിലുള്ള ഈ അന്തരീക്ഷമാണ്. അതാണ് ഞാൻ കഥകളിലും നോവലിലും തപ്പുന്നത്. എസ് കെ പൊറ്റെക്കാടിന്റെ ‘ബാലിദ്വീപി’ലെ ഒരു ചാപ്റ്റർ പത്താം ക്ലാസിൽ പഠിക്കാനുണ്ടായിരുന്നു, ‘ഉൾനാട്ടിലൊരു ഉത്സവം’ എന്നായിരുന്നു അതിന്റെ പേര്. എഴുത്തുകാരൻ ബാലിയിലെ ഒരു ചങ്ങാതിയുടെ വീട്ടിൽ അതിഥിയായി താമസിക്കുമ്പോൾ ഉത്സവം കാണാൻ പോവുന്നതും അതിനിടയിൽ മഴ വന്നതുമൊക്കെയാണ് അതിൽ പറയുന്നത്. അതിന്റെ അന്തരീക്ഷമാണ് എന്നെ തൊടുന്നത്, ആ മഴ വരുമ്പോൾ നമ്മളത് നനയുന്നുണ്ട്. ഇത്തരം അന്തരീക്ഷം സൃഷ്ടിച്ചിട്ട് അതിൽ ഭാവന പെരുമാറുക എന്ന രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് ഉന്മേഷം കുറയുമ്പോൾ ഞാൻ ‘ഉൾനാട്ടിലൊരു ഉത്സവ’മെടുത്തു വായിക്കാറുണ്ട്, പക്ഷേ അത് മറ്റൊരാളോട് പറയാൻ പറ്റുമോ. ഒരിക്കലും ഞാനെന്റെ വായനാരഹസ്യങ്ങൾ മാതൃകയാക്കി ആരോടും പറയാറില്ല.
ഞാൻ കഥാപക്ഷമല്ല, നാടക പക്ഷമാണ്. കഥയെ പോലും ഞാൻ കേൾക്കുകയല്ല, നാടകമായി മനസ്സിൽ കാണുകയാണ്. എഴുത്തുകാരൻ കഥയുടെ സൂക്ഷ്മാംശങ്ങൾ വിവരിക്കുമ്പോൾ പോലും നമ്മുടേതായ രീതിയിൽ മനസ്സിലൊരു ദൃശ്യവത്കരണം നടക്കുന്നുണ്ട്. നൈസർഗ്ഗികമായൊരു പ്രക്രിയയാണ് അതെന്ന് തോന്നുന്നു. കഥകൾ ആസ്വദിക്കപ്പെടുമ്പോൾ അവ നാടകമായി മാറുന്നുണ്ട് പ്രേക്ഷകരുടെ മനസ്സിലെന്നാണ് എന്റെ തോന്നൽ. കഥ പറയാൻ വിരുതന്മാരായവരുണ്ട്, അവരും കഥ കൊണ്ടല്ല, അതിന്റെ അന്തരീക്ഷം കൊണ്ടാണ് നമ്മളെ പിടിച്ചിരുത്തുന്നത്. കഥയും തിരക്കഥയും തമ്മിൽ പോലും മൗലികമായ ആ വ്യത്യാസമില്ലേ, കഥ പറയാനുള്ളതാണ്, സിനിമ കാണാനുള്ളതും. വാസ്തവത്തിൽ തിരക്കഥ എന്നല്ല തിരനാടകം എന്നാണു പറയേണ്ടത്. സ്ക്രീൻപ്ലേ അല്ലേ, സ്ക്രീൻ സ്റ്റോറി അല്ലല്ലോ.
നാടകം എന്നത് തന്നെ ജീവിതത്തെ സംബന്ധിക്കുന്ന വളരെ മൗലികമായൊരു ആശയമാണ്. ‘ജീവിതം ഒരു നാടകം തന്നെ’ എന്നൊക്കെ പലരും പറഞ്ഞിട്ടില്ലേ. അതിൽ ആഴത്തിലുള്ള അർത്ഥമുണ്ട്. വായനശാലയും ആർട്സ് ക്ലബ് പ്രവർത്തനവുമൊക്കെ എന്റെ ചെറുപ്പത്തിൽ സജീവമായിരുന്നു. ഇന്നതിനൊക്കെ ഒരു മങ്ങൽ വന്നിട്ടുണ്ട്.
അത് കാർഷികത ഉണ്ടായിരുന്ന സമയമാണ്. കാർഷികതയുടെ പശ്ചാത്തലത്തിൽ, ആഘോഷങ്ങളുണ്ടാവും. അത്തരം ഉത്സവകാലത്ത് ഞങ്ങളൊക്കെ ആർട്സ് ക്ലബുകളുമായി സജീവമാകും, നാടകമെഴുതുക, അവതരിപ്പിക്കുക, അതിൽ വേഷമിടുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. അത്തരത്തിലുള്ള പല സംഘങ്ങൾ ഈ നാട്ടിലുണ്ടായിരുന്നു, ഞാനും അത്തരം സംഘങ്ങൾക്കൊപ്പം സഹകരിച്ചിട്ടുണ്ട്. അമ്വേചർ നാടകസമിതികൾ, അതൊരു നല്ല അനൗപചാരിക വിദ്യഭ്യാസമായിരുന്നു. അത് വളരെ ആവശ്യമാണ് താനും. അത്തരം പ്രവർത്തനങ്ങളുടെ വൈഭവമൊക്കെ പിന്നീടാണ് മനസ്സിലാവുക, അന്ന് നേരം പോക്കിനായിരിക്കും ചെയ്യുന്നത്. ഊണും ഉറക്കവുമൊന്നുമില്ലാതെ നാടകം അവതരിപ്പിക്കാനും മറ്റുമായി ഓടി നടക്കുമായിരുന്നു. ഞാൻ ഏകാങ്ക നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഒരിക്കൽ ഏതോ ഒരു ദൂരസ്ഥലത്ത് മറ്റെന്തോ കാര്യവശാൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അടുത്ത ഒരു സ്കൂളിലെ നാടകവേദിയിൽ നിന്ന് ഞാൻ എഴുതിയ ഏകാങ്കത്തിന്റെ ഭാഗങ്ങൾ ഉച്ചഭാഷിണിയിലൂടെ കേട്ട് തെല്ലോന്ന് ആശ്ചര്യപ്പെട്ട അനുഭവവുമുണ്ടായി. അന്ന് അതൊക്കെ ‘ഇമ്മിണി വല്യകാര്യ’മാണല്ലോ. അക്കാലത്തെ നാടകമെഴുതണം എന്ന എന്റെ മോഹമാണ് പിൽകാലത്ത് സിനിമയായി മാറിയത്. എന്റെ ആ മോഹം പിന്നെയും ശേഷിക്കുന്നു, എസ് എൽ പുരത്തിന്റെ മകൻ ജയസൂര്യ എന്റെയൊരു കഥ കേട്ടിട്ട് മൂന്നു രംഗങ്ങളുള്ള ഒരു നാടകമാക്കണം എന്നു പറയുമായിരുന്നു. എസ് എൽ പുരം സാർ, ഉദയയിലെ ശാരംഗപാണി സാർ ഒക്കെ എന്നോട് വളരെ വാത്സല്യത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്തവരാണ്.

അമ്മയോർമ്മകൾ?
അമ്മയ്ക്ക് ഞാൻ ഒറ്റ മകനായിരുന്നു. വൈകിയാണ് അമ്മ വിവാഹം കഴിച്ചത്, ഞാനുണ്ടായതും വൈകിയാണ്. ഞാൻ അമ്മയുടെ ജീവിതത്തിൽ പകുതിയ്ക്ക് വന്നു ചേർന്നയാളാണ്. അമ്മ തിരുവനന്തപുരത്ത് എസ് എൻവി സദനം എന്നൊരു വുമൺ ഹോസ്റ്റലിൽ മേട്രൻ ആയിരുന്നു. അമ്മ അവിടെ ജോലി ചെയ്തിരുന്ന സമയത്ത് കെ ആർ ഗൗരി, ഫാത്തിമ ബീവി, ചന്ദ്രിക ബാലകൃഷ്ണൻ, കവിയൂർ രേവമ്മ എന്നിവരൊക്കെ യുവതികളായ വിദ്യാർത്ഥിനികൾ എന്ന നിലയിൽ അവിടെ അന്തേവാസികളായിരുന്നു. പിൽക്കാലത്തും അവരൊക്കെ അമ്മയെ സ്നേഹപൂർവ്വം കരുതിയിരുന്നു.
സി പി രാമസ്വാമി അയ്യരെ കെ.സി.എസ്. മണി വെട്ടിയ സംഭവത്തെ കുറിച്ചൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, സിപിയെ വെട്ടുന്ന സമയത്ത് അമ്മയും മറ്റും ഏതോ കലാപരിപാടി കണ്ടു കൊണ്ട് ആ സദസ്സിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് ലൈറ്റെല്ലാം പോയി. തിരിച്ചെത്തിയപ്പോഴാണ് ഇത്ര വലിയ കോലാഹലമുണ്ടായി എന്ന് അറിഞ്ഞതത്രെ… എന്റെ കുട്ടിക്കാലത്ത് അമ്മ ധാരാളം കഥകൾ പറഞ്ഞു തരുമായിരുന്നു. എന്റെ വാസനകൾ മോൾഡ് ചെയ്തെടുത്തതിൽ അമ്മയ്ക്ക് വലിയ സ്വാധീനമുണ്ട്. 1996ലാണ് അമ്മ മരിച്ചത്.
തിരക്കുകളില്ലാത്ത, ശാന്തമായ ജീവിതം? എങ്ങനെയാണ് താങ്കളുടെ ഒരു ദിവസം?
എഴുത്ത്, വായന, എന്റെ പാചകം, എല്ലാ ദിവസവും അഞ്ചു മണിയ്ക്ക് എന്റെ രണ്ടു മൂന്നു സുഹൃത്തുക്കൾ വരും, ചെറുപ്പകാലം മുതലുള്ള ചങ്ങാതിമാരാണവർ. പിന്നെ, ഇടയ്ക്ക് നിങ്ങളെ പോലെ ആരെങ്കിലും വരും, ചെയ്തു വച്ചതിനെയൊക്കെ ചോദ്യം ചെയ്യാൻ (പൊട്ടി ചിരിക്കുന്നു).
ഇടയ്ക്ക് ആലപ്പുഴ ‘ബ്രദേഴ്സ് ഹോട്ടലി’ലേക്ക് ഇറങ്ങും. അതെന്റെയൊരു സങ്കേതമാണ്. സിനിമയുടെ ഏർപ്പാടുമായി ഞാനാദ്യം ബന്ധപ്പെടുന്നത് ‘ബ്രദേഴ്സ് ഹോട്ടലി’ൽ വച്ചാണ്. ഉദയ സ്റ്റുഡിയോയുടെ സാമിപ്യം കാരണം അന്നവിടെ ഒരുപാട് സിനിമാക്കാരൊക്കെ താമസിക്കാൻ വരുമായിരുന്നു. സത്യൻ മാഷൊക്കെ അവിടെ വന്നു താമസിച്ചിട്ടുണ്ട്. ഫാസിൽ മാഷൊക്കെ അവിടെ ഞാൻ ചെല്ലുന്നതിനും മുൻപെ പെരുമാറി തുടങ്ങിയവരാണ്. സിനിമയുടേതായൊരു പോസിറ്റിവിറ്റി അവിടെയുണ്ട്. സിനിമ കാര്യത്തിന് ‘ബ്രദേഴ്സിൽ’ പോവുകയെന്നൊരു പ്രവണത എത്രയോ വർഷങ്ങൾക്കു മുൻപേ രൂപപ്പെട്ടതാണ്. ‘മണിചിത്രത്താഴിന്റെ’ ആദ്യ രൂപം ഞാൻ വീട്ടിലിരുന്നാണ് പൂർത്തിയാക്കിയത്. ഫാസിൽ മാഷുമായി ചർച്ച ചെയ്തതിനു ശേഷമുള്ള ചർച്ചകളും പൂരണങ്ങളുമൊക്കെ ‘ബ്രദേഴ്സി’ലായിരുന്നു. ‘ബ്രദേഴ്സിന്റെ’ ഉടമ ബാലനും അദ്ദേഹത്തിന്റെ സുഹൃത്ത് സുനിലുമൊക്കെ എന്റെയും സുഹൃത്തുക്കളാണ്. അവിടെ എനിക്ക് അപരിചിതത്വമില്ല.
എഴുത്ത് സജീവമാണ് ഇപ്പോൾ. ലതാലക്ഷ്മിയുമായി ചേർന്ന് മൂന്ന് സബ്ജെക്റ്റുകൾ തീർത്തിട്ടുണ്ട്. ഇത്രയും കാലം തനിയെ ആണ് എഴുതിയത്, ഇപ്പോൾ മറ്റൊരാളുടെ സജഷൻസ് കൂടി വച്ചെഴുതുമ്പോൾ ഒരുണർവ്വുണ്ട്. ഉന്മേഷകരമായ ആശയങ്ങളൊക്കെ പറയുമ്പോൾ എഴുത്തിലും അത് പ്രതിഫലിക്കും. ഒറ്റയാൾ പട്ടാളമായി വീട്ടിലിരിക്കുന്നതുകൊണ്ട് ഇവിടെ തന്നെ കുടുങ്ങിപ്പോവും പലപ്പോഴും, ആലപ്പുഴ വിട്ടുള്ള യാത്രകൾ കുറവാണ്. എന്നാൽ ഈ ഓണക്കാലത്ത് എറണാകുളത്ത് ഫെഫ്കയുടെ ഒരു മീറ്റിംഗിനെത്തിയിരുന്നു.