/indian-express-malayalam/media/media_files/2025/07/08/malayalam-movies-2025-boxoffice-record-2025-07-08-13-03-56.jpg)
കഴിഞ്ഞ വർഷം മലയാള സിനിമ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഏവരുടെയും പ്രശംസ നേടുകയായിരുന്നു. പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിയെഴുതപ്പെട്ട വർഷമായിരുന്നു 2024. മറ്റ് പല ഇൻഡസ്ട്രികളും പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴായിരുന്നു മലയാള സിനിമയുടെ ഈ വിജയയാത്ര. 2025ന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ, രാജ്യത്തെ മിക്ക ഇൻഡസ്ട്രികളും കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. അതേസമയം, പോയ ആറുമാസങ്ങൾ പരിശോധിച്ചാൽ മലയാള സിനിമയുടെ വിജയപരാജയ കണക്കുകൾ സമ്മിശ്രമാണ്.
2025 ലെ ആദ്യ ആറ് മാസങ്ങൾ എടുത്താൽ കുറച്ച് അസാധാരണ സിനിമകൾ സംഭവിച്ചു, ചില ചിത്രങ്ങൾ നിരാശപ്പെടുത്തി, നല്ലൊരു ശതമാനം ചിത്രങ്ങൾ ശരാശരി നിലവാരം പുലർത്തിയപ്പോൾ ബോക്സ് ഓഫീസ് കണക്കുകളിലും പ്രേക്ഷകപ്രീതി നേടുന്നതിലും അമ്പേ പരാജയപ്പെട്ട ചിത്രങ്ങളും കൂട്ടത്തിലുണ്ടായി.
നിരാശാജനകമായ തുടക്കം
ടോവിനോ തോമസും തൃഷ കൃഷ്ണനും അഭിനയിച്ച ഐഡന്റിറ്റിയിലൂടെയാണ് 2025 ആരംഭിച്ചത്. ഫോറൻസിക് (2020) എന്ന ചിത്രത്തിന് ശേഷം അഖിൽ പോളും അനസ് ഖാനും സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. തിയേറ്ററിലും വലിയ വിജയം നേടാൻ ചിത്രത്തിനു സാധിച്ചില്ല.
കമ്മ്യൂണിസ്റ്റ് പച്ച അഥവ അപ്പ, ഐഡി: ദി ഫേക്ക് തുടങ്ങിയ സിനിമകളും ആ ആഴ്ച തിയേറ്ററുകളിൽ എത്തിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്തിയില്ല. ആസിഫ് അലിയും അനശ്വര രാജനും അഭിനയിച്ച ജോഫിൻ ടി ചാക്കോയുടെ ആൾട്ടർനേറ്റ്-ഹിസ്റ്ററി ത്രില്ലറായ രേഖാചിത്രമാണ് മലയാള സിനിമയുടെ ഈ വർഷത്തെ ആദ്യത്തെ ഹിറ്റ്. പരിമിതമായ ബജറ്റിൽ പോലും സാങ്കേതിക മികവ് സാധ്യമാണെന്ന് തെളിയിച്ച ചിത്രം തിയേറ്ററിൽ ആഘോഷിക്കപ്പെട്ടു. വലിയ രീതിയിൽ നിരൂപക പ്രശംസ നേടാനും ചിത്രത്തിനു സാധിച്ചു.
അതേസമയം, എന്ന് സ്വന്തം പുണ്യാളൻ, പ്രാവിൻകൂട് ഷാപ്പ് തുടങ്ങിയ റിലീസുകൾ പ്രേക്ഷകരിൽ ഒരു വിഭാഗം ആളുകളെ ആകർഷിച്ചെങ്കിലും, അവയ്ക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.
മമ്മൂട്ടിയുടെ വീഴ്ച
പോയവർഷങ്ങളിൽ, നിരൂപക പ്രശംസയും വാണിജ്യ പ്രശംസയും നേടിയ തുടർച്ചയായ ഹിറ്റുകളിലൂടെ ബോക്സ് ഓഫീസിൽ വിജയപതാക പറത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് ഈ വർഷം വലിയ സ്വാധീനം ചെലുത്താൻ സാധിച്ചില്ല. ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് പരാജയം ഏറ്റുവാങ്ങി. പിന്നീട് എത്തിയ ബസൂക്കയ്ക്കും ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല.
ജനുവരിയിലെ അവസാന ആഴ്ച എത്തിയ പൊൻമാൻ അതിന്റെ കലാമൂല്യം കൊണ്ട് വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടി. സാങ്കേതിക മികവ്, ബേസിൽ ജോസഫിന്റെ മികച്ച പ്രകടനം, കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രസക്തി എന്നിവയാണ് പൊൻമാനെ ശ്രദ്ധേയമാക്കിയത്.
Also Read: Moonwalk OTT: മൂൺവാക്ക് ഒടിടിയിൽ എവിടെ കാണാം?
അതേസമയം, വിനീത് ശ്രീനിവാസൻ അഭിനയിച്ച ഒരു ജാതി ജാതകം എന്ന സിനിമ അതിന്റെ ആഖ്യാനത്തിൽ അടങ്ങിയ ജാതീയത, വർണ്ണ വിവേചനം, സ്ത്രീവിരുദ്ധത, ലൈംഗികത, ബോഡി ഷെയ്മിംഗ്, ഹോമോഫോബിയ എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (കെഎഫ്‌പിഎ) ഡാറ്റ പ്രകാരം, ജനുവരിയിൽ ലാഭമുണ്ടാക്കിയ ഏക ചിത്രം രേഖാചിത്രമാണ്.
ക്ലച്ച് പിടിക്കാതെ വാലന്റൈൻസ് ഡേ ചിത്രങ്ങൾ
മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം, ഫാമിലി, അന്വേഷിപ്പിൻ കണ്ടെത്തും എന്നിങ്ങനെ മികച്ച ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയ മാസമായിരുന്നു 2024 ഫെബ്രുവരി. എന്നാൽ 2025 ഫെബ്രുവരി മലയാള സിനിമയ്ക്കും ബോക്സ് ഓഫീസിനും നിരാശയാണ് സമ്മാനിച്ചത്. നാരായണന്റെ മൂന്ന് ആൺമക്കൾ വലിയ വിജയമായിരുന്നില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. വാലന്റൈൻസ് ഡേ വാരാന്ത്യത്തിൽ എത്തിയ മൂന്ന് ചിത്രങ്ങൾ - പൈങ്കിളി, ബ്രോമാൻസ്, ദാവീദ് - എന്നിവയൊന്നും മികച്ച പ്രകടനം കാഴ്ചവച്ചില്ല.
കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷത്തിലഭിനയിച്ച ഓഫീസർ ഓൺ ഡ്യൂട്ടി ആണ് ഫെബ്രുവരിയിൽ അൽപ്പമെങ്കിലും ശ്രദ്ധ നേടിയ ഏക ചിത്രം. അതേസമയം, ഉണ്ണിമുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി വലിയ പരാജയം ഏറ്റുവാങ്ങി.
മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവ്
സമീപവർഷങ്ങളിൽ വലിയ ഹിറ്റുകളൊന്നും ലഭിക്കാതെ പോയ മോഹൻലാലിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയായിരുന്നു മാർച്ച്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എൽ 2: എമ്പുരാൻ നിരവധി വിവാദങ്ങൾക്ക് വഴി വെച്ചെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം ഹിറ്റായി മാറി. മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് എമ്പുരാൻ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറി.
Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്
ഏപ്രിലിൽ എത്തിയ മമ്മൂട്ടിയുടെ ബസൂക്കയും ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങി. ബേസിൽ ജോസഫ് അഭിനയിച്ച മരണമാസ്, ഖാലിദ് റഹ്മാൻ- നസ്ലെൻ ടീമിന്റെ ആലപ്പുഴ ജിംഖാന എന്നിവയും സമ്മിശ്ര പ്രതികരണമാണ് നേടിയത്.
പ്രതിഭാസമായി തുടരും
എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരു വ്യവസായ വിജയം നേടിയതിന് തൊട്ടു പിന്നാലെ എത്തിയ മോഹൻലാൽ- തരുൺ മൂർത്തി ചിത്രം തുടരും ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങിയ ചിത്രം മോഹൻലാലിന്റെ യഥാർത്ഥ തിരിച്ചുവരവായി വ്യാപകമായി പ്രശംസിക്കപ്പെട്ടു. എമ്പുരാനും മഞ്ഞുമ്മൽ ബോയ്‌സിനും ശേഷം എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ മൂന്നാമത്തെ മലയാള ചിത്രമായി തുടരും മാറി.
മേയ് മാസത്തിൽ എത്തിയ സർക്കീട്ട്, പടക്കളം എന്നിവ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി അതിനു മുൻപെത്തിയ മറ്റു ദിലീപ് ചിത്രങ്ങളേക്കാൾ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ധ്യാനിന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ , ടൊവിനോ തോമസിന്റെ നരിവേട്ട എന്നിവയ്ക്ക് ഒന്നും കാര്യമായ വിജയം നേടാനായില്ല. ഇതിനെല്ലാം ഇടയിൽ, പുതുമുഖങ്ങൾ അണിനിരന്ന വിനോദ് എകെയുടെ മൂൺവാക്ക് വേറിട്ടു നിന്നു.
റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്, ആഭ്യന്തര കുറ്റവാളി തുടങ്ങി ജൂണിൽ എത്തിയ ചിത്രങ്ങളും നിരാശാജനകമായ തുടക്കമാണ് സമ്മാനിച്ചത്. ഷാഹി കബീറിന്റെ റോന്ത് എന്ന ചിത്രം ജൂണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വ്യസനസമേതം ബന്ധുമിത്രാദികൾ ശരാശരി നിലവാരം പുലർത്തിയപ്പോൾ നാൻസി റാണി, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കൂടൽ എന്നിവ പൂർണ്ണമായും പരാജയപ്പെട്ടു.
മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ചു നോക്കുമ്പോൾ മലയാള സിനിമ അത്രം മോശം പ്രകടനമല്ല കാഴ്ച വച്ചത് എങ്കിലും മുന്നോട്ടുള്ള പാത ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വരാനിരിക്കുന്ന ചിത്രങ്ങളെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും മലയാള സിനിമാ ഇൻഡസ്ട്രിയും ഉറ്റുനോക്കുന്നത്.
Also Read: ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ബാലതാരം; ഇനി രൺവീറിന്റെ നായിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.