scorecardresearch

ഇടിമിന്നല്‍ പോലൊരു പയ്യന്‍

'അങ്കമാലി ഡയറീസി'ല്‍ തുടങ്ങി മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' വരെയെത്തിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അപ്പാനി ശരത്

'അങ്കമാലി ഡയറീസി'ല്‍ തുടങ്ങി മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' വരെയെത്തിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അപ്പാനി ശരത്

author-image
Dhanya K Vilayil
New Update
Maniratnam Chekka Chivantha Vaanam Appani Sharath interview amp

Maniratnam Chekka Chivantha Vaanam Appani Sharath interview amp

ഇടിമിന്നൽ പോലെയാണ് സ്ക്രീനിലേക്ക് ആ ചെറുപ്പക്കാരൻ നടന്നു കയറിയത്. പ്രേക്ഷകരുടെ നെഞ്ചിലേക്ക് തോട്ട വലിച്ചെറിഞ്ഞ്, നടപ്പിലും എടുപ്പിലും ആരെയും കൂസാത്ത മാനറിസങ്ങളുമായി അപ്പാനി എന്ന ഗുണ്ട തിരശ്ശീലയിലേക്ക് കയറി വന്നപ്പോൾ, പരമ്പരാഗത വില്ലൻ കഥാപാത്രങ്ങളുടെ സമവാക്യങ്ങൾ കൂടിയാണ് തിരുത്തപ്പെട്ടത്.

Advertisment

'അങ്കമാലി ഡയറീസി'ൽ തുടങ്ങിയ ആ യാത്ര മണിരത്നത്തിന്റെ പുതിയ ചിത്രം 'ചെക്ക ചിവന്ത വാന'ത്തില്‍ എത്തി നില്‍ക്കുന്നു. ഏതു അഭിനേതാവിന്റെയും സ്വപ്നമായ മണിരത്നചിത്രം എന്നത് കയ്യെത്തി തൊട്ട സന്തോഷത്തിലാണ് ശരത്.   'ചെക്ക ചിവന്ത വാന'ത്തെ കുറിച്ചും തന്റെ പുതിയ സിനിമകളെ കുറിച്ചുമൊക്കെ അപ്പാനി ശരത് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് മനസ്സ് തുറക്കുന്നു.

Maniratnam Chekka Chivantha Vaanam Appani Sharath interview മണിരത്നത്തിനൊപ്പം അപ്പാനി ശരത്

'ചെക്ക ചിവന്ത വാന'ത്തെക്കുറിച്ച്?

സ്വപ്നം പോലെയൊരു അനുഭവം തന്നെയാണ്​​ എനിക്കിത്. ലെജന്റ് എന്നു വിശേഷിപ്പിക്കാവുന്ന മണിരത്നം സാറിനെ പോലൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി തന്നെ കരുതുന്നു.

Advertisment

'സണ്ടക്കോഴി2' വിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നപ്പോൾ ആണ് 'ചെക്ക ചിവന്ത വാന'ത്തിന്റെ അസോസിയേറ്റ് ഡയറക്ടർ വിളിക്കുന്നത്. 'അങ്കമാലി ഡയറീസി'ലെ അപ്പാനി എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് എന്നെ വിളിക്കുന്നത്, 'പടത്തിൽ ചെറിയൊരു റോളുണ്ട്, ഒന്ന് ഓഡിഷന് വരണം' എന്നു പറഞ്ഞു. ഞാൻ ചെന്നൈയിലേക്ക് ചെന്നു, ഓഡിഷനിൽ പങ്കെടുത്തു. അവരു തന്ന സീൻ അഭിനയിച്ചു കാണിച്ചു. ചിത്രത്തിലേക്ക് സെലക്റ്റായെന്നറിഞ്ഞപ്പോൾ എക്‌സൈറ്റഡ് ​ആയി.

Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' ട്രെയിലര്‍

ചെറിയൊരു കഥാപാത്രമാണ് സിനിമയിലെനിക്ക്, വളരെ കുറച്ചു സീനുകളെയുള്ളൂ. പക്ഷേ പെർഫോം ചെയ്യാനുണ്ട്. സീൻ വലുതോ ചെറുതോ എന്നല്ല മണിരത്നം ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ച് മഹാഭാഗ്യം. അരവിന്ദ് സ്വാമിയ്ക്കൊപ്പം ഒരു സീനുണ്ടായിരുന്നു, അതിൽ അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നി. പക്ഷേ, സന്തോഷ് ശിവൻ ചേട്ടൻ ഒക്കെ നല്ല സപ്പോർട്ട് തന്നു, ശരത് നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു.

അടുത്തതായി തമിഴില്‍ റിലീസ് ചെയ്യുന്ന 'സണ്ടക്കോഴി'യുടെ വിശേഷങ്ങൾ?

തമിഴിലെ എന്റെ അരങ്ങേറ്റ ചിത്രമാണ് സത്യത്തില്‍ 'സണ്ടകോഴി 2'. ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ്. ട്രെയിലറിലൊന്നും എന്റെ കഥാപാത്രത്തെ ഇതു വരെ കാണിച്ചിട്ടില്ല. അൽപ്പം സസ്പെൻസ് സ്വഭാവമുള്ള കഥാപാത്രമാണ്. ഞാനിതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് 'സണ്ടക്കോഴി'യിലെ ക്യാരക്ടർ.

Appani Sharath

ഏതൊക്കെയാണ് ശരത്തിന്റെ മറ്റു ചിത്രങ്ങൾ?

തമിഴിൽ 'നെല്ല്' എന്നൊരു പടത്തിൽ നായകനായി അഭിനയിച്ചു. കൊമേഴ്സ്യൽ എലമെന്റുകൾ ഉണ്ടെങ്കിലും 'നെല്ല്' ഒരു ഓഫ്ബീറ്റ് മൂവിയാണ്. ഷിബു ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ പി. സുകുമാർ ചേട്ടനാണ്. അദ്ദേഹത്തെക്കൂടാതെ വേറെയും മലയാളികള്‍ ചിത്രത്തിനു പിന്നിലുണ്ട്. മധുരത്തിൽ ഒരു കാലത്ത് നിലവിലുണ്ടായിരുന്ന ആചാരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു പിരീഡ് മൂവിയാണ് ഇത്.

നെഗറ്റീവ് വേഷങ്ങളിൽ നിന്നും നായക വേഷങ്ങളിലേക്ക് മാറുകയാണല്ലോ?

ഞാന്‍ നെഗറ്റീവ് മാത്രമല്ല, മറ്റു സ്വഭാവവേഷങ്ങളും ചെയ്യും എന്ന് കാണിക്കണമെന്നുണ്ടായിരുന്നു. കാരണം, നെഗറ്റീവ് മാത്രം ചെയ്തു കൊണ്ടിരുന്നാൽ, ചിലപ്പോൾ ടൈപ്പ് കാസ്റ്റ്​ ആയി പോവും. അങ്ങനെ വയ്യ. തിയേറ്ററിൽ നിന്നും സിനിമയിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സ്വഭാവമുള്ള, വൈവിധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യണം എന്ന ആഗ്രഹമാണ് അന്നൊക്കെ മുന്നോട്ട് നടത്തിയത്. നായക റോളുകൾ അല്ല, നല്ല കഥാപാത്രങ്ങളെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

മലയാളത്തിലും നായകനായി എത്തുകയാണല്ലോ?

അതെ, ഞാൻ നായകനാവുന്ന ആദ്യമലയാള പടമാണ് 'കോണ്ടസ'. സുദീപ് ഇ എസ് ആണ് ചിത്രത്തിന്റെ സംവിധാനം. ശ്രീജിത്ത് രവി, സിനിൽ സൈനുദീൻ, ഹരീഷ് പേരടി, സുനിൽ സുഗത, രാജേഷ് വർമ്മ എന്നിവരൊക്കെ ചിത്രത്തിലുണ്ട്.

Read More: അപ്പാനി ശരത് നായകനാകുന്ന 'കോണ്ടസ'

'അങ്കമാലി ഡയറീസി'ൽ പോർക്ക് വർക്കിയായി അഭിനയിച്ച കിച്ചു തെല്ലൂസും 'കോണ്ടസ'യിലുണ്ട്. ആ ചിത്രത്തിലെ നായകന്റെ പെങ്ങളായ ആതിര പട്ടേൽ 'കോണ്ടസ'യിൽ എന്റെ നായികയായും 'അങ്കമാലി'യിലെ നായകന്റെ അമ്മ, കോണ്ടസ'യിൽ എന്റെ അമ്മയായും വരുന്നുണ്ട്. അങ്ങനെ യാദൃശ്ചികമായി വന്നു ചേർന്ന ചില 'അങ്കമാലി' കണക്ഷനുകൾ കൂടിയുണ്ട് 'കോണ്ടസ'യ്ക്ക്.

നായകനായി അഭിനയിച്ച എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?

ചന്തു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചന്തുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ ജനിപ്പിക്കുന്ന ഒരു സസ്‌പെൻസ് ത്രില്ലറാവും 'കോണ്ടസ'.

45 ദിവസോളമുണ്ടായിരുന്നു ഷൂട്ടിംഗ്. തൃശൂർ കുന്നകുളത്തായിരുന്നു ലൊക്കേഷൻ. അത്രയും ദിവസമൊക്കെ ഒരു കഥാപാത്രമായി ഞാനഭിനയിക്കുന്നത് ആദ്യമാണ്. ചിത്രത്തിനു വേണ്ടി ഒരുപാട് ഹോം വർക്ക് ചെയ്തു. മാസിന് മാസ്സ്, ഇമോഷൻസിന് ഇമോഷൻ, ​റൊമാൻസ്, സസ്പെൻസ് അങ്ങനെ എല്ലാം ഉള്ള ഒരു ചിത്രമാണ് 'കോണ്ടസ'. എന്റെ മാക്സിമം ഞാൻ കൊടുത്തിട്ടുണ്ട്. ചിത്രം ഉടനെ തിയേറ്ററുകളിലെത്തും.

ഗോപീസുന്ദർ ആണ് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. 'ജിമിക്കി കമ്മലൊ'ക്കെ പോലെ ആളുകൾക്ക് ആസ്വദിച്ച് പാടി ഡാൻസ് കളിക്കാവുന്ന ഒരു അടിച്ചുപൊളി പാട്ടുണ്ട് ചിത്രത്തിൽ. എന്റെ പാട്ടും ഡാൻസുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ആ പാട്ടും ഇഷ്ടമാവുമെന്നാണ് പ്രതീക്ഷ.

എന്റെ കുട്ടിക്കാലത്ത്, അച്ഛനും അമ്മയും കുടുംബക്കാരും അയൽപ്പക്കക്കാരും ഒക്കെ ചേർന്ന് രണ്ടും മൂന്നും ഓട്ടോകളിലൊക്കെയായാണ് ഞങ്ങൾ സിനിമയ്ക്കു പോയിരുന്നത്. വളരെ സാധാരണക്കാരനായ​ അച്ഛനെയൊക്കെ സംബന്ധിച്ച് രണ്ടര മണിക്കൂർ അവരുടെ വിഷമവും സങ്കടവും കഷ്ടപ്പാടും ഒക്കെ മറക്കാനും ആസ്വദിക്കാനും ഉള്ള മീഡിയമായിരുന്നു സിനിമ. അതു പോലെയുള്ള സാധാരണക്കാരാണ് എന്റെ ഓഡിയൻസും. അവരെ നിരാശരാക്കരുത്, അവരു സന്തോഷത്തോടെ തിയേറ്ററിൽ നിന്നു മടങ്ങണം എന്നാണ് ആഗ്രഹം.

Appani Sharath Condessa

ഇതുവരെ ചെയ്തതിൽ ഏറെ ചലഞ്ചിംഗ് ആയ കഥാപാത്രമായി തോന്നുന്നത് ഏതാണ്?

നെറ്റ് ഫ്ലിക്സിന് വേണ്ടി 'ഓട്ടോ ശങ്കർ' എന്നൊരു വെബ് സീരിസ് ചെയ്യുന്നുണ്ട്. 'വിണ്ണൈത്താണ്ടി വരുവായ'യുടെ ക്യാമറ ചെയ്ത മനോജ് പരമഹംസ ആണ് ക്യാമറ. 80-85 കാലഘട്ടത്തിൽ ജീവിച്ച ഓട്ടോ ശങ്കർ എന്നറിയപ്പെട്ടിരുന്ന ഗൗരി ശങ്കർ എന്ന സൈക്കോ സീരിയൽ കില്ലറുടെ ജീവചരിത്ര ചിത്രമാണ് അത്.

മൃഗീയ സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു ഗൗരി ശങ്കർ. ചെന്നൈ, ബോംബെ, കർണാടക തുടങ്ങിയ സ്ഥലങ്ങളൊക്കെ അടക്കി ഭരിച്ച ഗുണ്ട. 40 പേരെ അയാൾ കൊന്നിട്ടുണ്ട്. യാതൊരു ലൈസൻസും കയ്യിൽ ഇല്ലാതിരുന്നിട്ടും ഒരു വേശ്യാലയം നടത്തി കൊണ്ടു പോയ വ്യക്തി. ഒരുപാട് സ്ത്രീകൾ അയാളുടെ ജീവിതത്തിലൂടെ കടന്നു പോയി. ആദ്യമായി എഫ് ഐ​ആറിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഗുണ്ട, ഗൗരി ശങ്കർ ആണെന്നു തോന്നുന്നു.

Appani Sharath Auto Shankar

ആ കഥാപാത്രമാകാൻ ഞാൻ ഏറെ ഹോം വർക്ക് ചെയ്യേണ്ടി വന്നു. അൽപ്പം പ്രാദേശിക സ്വഭാവമുള്ള തമിഴാണ് ചിത്രത്തിനു വേണ്ടത്. അതിനായി ഭാഷ പഠിച്ചു. ഓട്ടോ ശങ്കറിന്റെ സംസാര ശൈലി, ശരീര ഭാഷ, അയാൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, അത് ഉപയോഗിച്ചിരുന്ന രീതി എന്നിവയെല്ലാം സൂക്ഷമായി നിരീക്ഷിച്ച് പഠിക്കുകയായിരുന്നു. നാല് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയിൽ എനിക്ക് നാല് ഗെറ്റപ്പുകൾ ഉണ്ട്.

ചിത്രത്തിന്റെ ഷൂട്ട് 60 ശതമാനത്തോളം കഴിഞ്ഞു. പലതരും തിയേറ്ററുകളിൽ നിന്നു വന്ന നിരവധി ആർട്ടിസ്റ്റുകൾ ഈ സിനിമയിൽ​ അഭിനയിക്കുന്നുണ്ട്. അതും എനിക്ക് പുത്തൻ അനുഭവമായിരുന്നു.

Aravind Swamy Angamaly Diaries Jyothika Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: