അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് നായകനാകുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ.എസ്.സുധീപിന്റെ ആദ്യ സംവിധാന സംരംഭം കോണ്ടസയിലൂടെയാണ് ശരത് നായകനായി എത്തുന്നത്. ഡിസംബര്‍ 20ന് വളാഞ്ചേരിയില്‍ ചിത്രീകരണമാരംഭിക്കുന്ന കോണ്ടസയുടെ മറ്റൊരു ലൊക്കേഷന്‍ കുന്നങ്കുളമാണ്. കുറ്റിപ്പുറത്തും ചിത്രീകരണമുണ്ട്.

ഫോട്ടോഗ്രാഫറായ സുധീപ് നിരവധി പരസ്യചിത്രങ്ങളും പൊലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മംഗ്ലീഷിന് രചന നിര്‍വഹിച്ച റിയാസാണ് കോണ്ടസയുടെ തിരക്കഥയൊരുക്കുന്നത്. മനു, സുനില്‍ സുഖദ, മേഘനാഥന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നായികയെ തീരുമാനിച്ചിട്ടില്ല.

പിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ സുബാഷ് പിപ്പി നിര്‍മ്മിക്കുന്ന കോണ്ടസയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സര്‍ ത്വയ്ബ് ആണ്. ജാവേദ് ചെഞ്ചാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അടുത്തവര്‍ഷം ചിത്രീകരണമാരംഭിക്കുന്ന ടോര്‍ച്ച് എന്ന ചിത്രത്തിലും അപ്പാനി ശരത്താണ് നായകന്‍. കോട്ടയം നസീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സംവിധായകന്‍ രഞ്ജിത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ