സമകാലിക ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ പുതിയ സിനിമ ‘ചെക്ക ചിവന്ത വാന’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും തെലുങ്ക് പതിപ്പായ ‘നവാബി’ന്റെ ട്രെയിലര്‍ നാഗര്‍ജ്ജുന അക്കിനേനിയും റിലീസ് ചെയ്തു.
പ്രകാശ് രാജ്, ജയസുധ, സിമ്പു, അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യാ രാജേഷ്, അതിഥി റാവു ഹൈദാരി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 2 മിനുറ്റും 46 സെക്കന്റുമുള്ള ട്രെയിലര്‍ ഒരു മുഴനീള ആക്ഷന്‍ ചിത്രത്തിലേക്കുള്ള സൂചനകളാണ് നല്കുന്നത്. മുതിര്‍ന്ന കുടുംബനാഥന്‍, മക്കള്‍, മരുമക്കള്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രംഗങ്ങള്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന ചിത്രത്തെയും മഹാഭാരത കഥയേയും ഓര്‍മ്മിക്കുന്നു എന്ന വഴിയ്ക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പോകുന്നത്. മണിരത്നത്തിന്റെ പൂര്‍വ്വകാല ചിത്രങ്ങളില്‍ ഇവയുടെ രണ്ടിന്റെയും സ്വാധീനങ്ങള്‍ വ്യക്തമായി കാണാം. നായകന്‍ (ദി ഗോഡ്ഫാദര്‍), ദളപതി (മഹാഭാരതം) എന്നിവ ഉദാഹരണങ്ങള്‍.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നവും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ക്യാമറ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നത്.
Read More: സന്തോഷ് ശിവന്‍-മണിരത്നം മാജിക് വീണ്ടും
തിരക്കഥ. മണിരത്നം, ശിവ അനന്ത്. വരികള്‍. വൈരമുത്തു, പ്രൊഡക്ഷന്‍ ഡിസൈന്‍. ഷര്‍മിശ്താ റോയ്, ആക്ഷന്‍. ദിലീപ് സുബ്ബരായന്‍, വസ്ത്രാലങ്കാരം. ഏകാ ലഖാനി.
മലയാള നടന്‍ അപ്പാനി ശരത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വില്ലന്‍ കഥാപാത്രമായാണ് ശരത് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫഹദ് ഫാസിലിനെയും പുതിയ സിനിമയിൽ ഒരു പ്രധാന വേഷത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഫഹദ് സിനിമയിൽനിന്നും പിന്മാറി. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം വൈകുന്നതാണ് സിനിമയിൽനിന്നും ഫഹദ് പിന്മാറാൻ കാരണമെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. ഫഹദ് പിന്മാറിയതോടെയാണ് ആ അവസരം അരുൺ വിജയ്‌യെ തേടിയെത്തിയത്.
Read More: ഡേറ്റിലെ അനിശ്ചിതത്വം: മണിരത്നം ചിത്രം ഉപേക്ഷിച്ച് ഫഹദ്