/indian-express-malayalam/media/media_files/uploads/2018/11/Eeda-B-Ajith-Kumar-DVD-release-1.jpg)
Eeda B Ajith Kumar DVD release
എഡിറ്റർ ബി അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'ഈട'യുടെ ഡിവിഡി ഇന്നലെ റിലീസ് ചെയ്തു. വിഖ്യാതമായ ഒക്ടോബര്‍ വിപ്ലവം നൂറാണ്ട് കടക്കുന്ന ദിവസം തന്നെയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'ഈട'യുടെ ഡിജിറ്റല്‍ പകര്‍പ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇത് സംബന്ധിച്ച് സംവിധായകന്‍ അജിത് പറഞ്ഞതിങ്ങനെ.
"മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി വളരെ നിശബ്ദമായി അവസാനിച്ച നവംബര്‍ 7, 2018ന് 'ഈട'യുടെ ഡിവിഡി കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടു", അജിത് ഫേസ്ബുക്കില്‍ കുറിച്ചു.
റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന 'ഒക്ടോബര്‍ വിപ്ലവം' ലോക ചരിത്രത്തിലെ നിര്‍ണ്ണായകമായ അധ്യായമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. ലെനിന്റെ നേതൃത്വത്തില്‍ നടന്ന ഈ വിപ്ലവം ലോകത്തെ തന്നെ മാറ്റിമറിച്ചു. ഈ വിപ്ലവത്തോടെ ലോകമൊട്ടാകെ പടർന്ന് പിടിച്ച കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും കേരളത്തിനും ഒഴിഞ്ഞുമാറാനായില്ല. തിരഞ്ഞെടുപ്പിലൂടെ കേരളത്തിലാദ്യം അധികാരത്തിലെത്തിയ സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങള്‍ പ്രമേയമാക്കിയ 'ഈട'യുടെ ഡിവിഡി റിലീസ് ഈ ദിവസം തന്നെയായതിലുള്ള കാവ്യ നീതി ചൂണ്ടിക്കാണിച്ചാണ് അജിത്തിന്റെ കുറിപ്പ്.
കേരളത്തിന്റെ രാഷ്ട്രീയ ശരീരത്തില്‍ ഇന്നും രക്തം വാര്‍ന്നൊഴുകുന്ന ഒരു മുറിവാണ് കണ്ണൂര്‍ ജില്ല. അവിടം പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥയാണ് 'ഈട' പറഞ്ഞത്. ഷൈന്‍ നിഗം, നിമിഷാ സജയന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച് അജിത് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
"ഈട എന്നത് കണ്ണൂരില്‍ 'ഇവിടെ' എന്നര്‍ത്ഥമാകുന്ന പദമാണ്. ഇവിടെ എന്നു പറയുമ്പോള്‍ എവിടെയുമാകാം. അത് ഈ കാലഘട്ടത്തെക്കുറിച്ചാണ് പറയുന്നത്. യൂണിവേഴ്സലായ ഒരു തീം ആണ് അഡ്രസ്സ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. ഇവിടെ അത് വലത്-ഇടതുപക്ഷ രാഷ്ട്രീയമാണെങ്കില്‍ മറ്റൊരിടത്ത് അത് മറ്റൊരു തലത്തിലായിരിക്കാം. കണ്ടിറങ്ങുന്നവര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്റെ സിനിമ സംസാരിക്കുന്നത് അരാഷ്ട്രീയമായ അക്രമത്തിനെതിരെയാണ്. അക്രമങ്ങളുടെ ഈ ആവര്‍ത്തനം നിര്‍ത്തണമെന്നതിലാണ് എന്റെ ശ്രദ്ധ. ചില ചെറുത്തുനില്‍പ്പുകളുടെ ഭാഗമായി ഹിംസാത്മകമായ പാതകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുള്ള ചരിത്രമുണ്ട്. പക്ഷെ അതു ചൂണ്ടിക്കാട്ടി അധികാര രാഷ്ട്രീയത്തിനുവേണ്ടിയുള്ള കടിപിടിയെ ന്യായീകരിക്കാന്‍ കഴിയില്ല.
ഞാനൊരു കമ്മ്യൂണിസ്റ്റല്ല. മാര്‍ക്‌സിസത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോട് എനിക്ക് ആഭിമുഖ്യം ഉണ്ട്. അതു നിലനില്‍ക്കെ തന്നെ ഈ നടക്കുന്നത് ശരിയല്ലെന്ന് പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു".
Read More: വലതുപക്ഷത്തിന്‍റെ കെണിയിലകപ്പെട്ടവരുടെ കഥയാണ് ഈട; അജിത് കുമാർ സംസാരിക്കുന്നു
ഈ വര്‍ഷം ജനുവരിയിലാണ് 'ഈട' റിലീസ് ചെയ്തത്. കളക്റ്റിവ് ഫേസ് വണ്‍ ആണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന് ഇരുപതാമത് ജോണ്‍ അബ്രഹാം പുരസ്‌കാരം ലഭിച്ചിരുന്നു. നായിക നിമിഷ സജയന് ശബ്ദം നല്‍കിയ സ്നേഹയ്ക്ക് മികച്ച ഡബ്ബിംഗ് താരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.
"അക്രമരാഷ്ട്രീയത്തിൽ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത വ്യക്തമായി സ്‌ക്രീനിൽ അവതരിപ്പിക്കാൻ 'ഈട'യ്ക്ക് സാധിക്കുന്നുണ്ട്. ഒരു നാടിന്റെ രാഷ്ട്രീയ ശരീരത്തിനേറ്റ മുറിവുകളുടെ കണക്ക് ഒരു കേസ് ഡയറിയോളം സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട് 'ഈട'. അതുകൊണ്ടു തന്നെ അത് തീർച്ചയായും തിയേറ്ററിൽ ഇരുന്ന് പൊള്ളിനീറി അനുഭവിക്കുക തന്നെ വേണം, ഉയർന്ന വോട്ടിങ് ശതമാനത്തിലും രാഷ്ട്രീയ സാക്ഷരതയിലും സ്വയം അഭിമാനിക്കുന്ന ഓരോ മലയാളിയും", വിവേക് ചന്ദ്രന്‍ 'ഈട'യെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പില്‍ എഴുതി.
Read More: ഈട: ഓരോ മലയാളിയും തിയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കേണ്ട ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.