/indian-express-malayalam/media/media_files/uploads/2021/02/drishyam.jpg)
Drishyam 2 Full Movie leaked on Tamilrockers and Telegram: കേരളം കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ട് കെട്ടിൽ പിറന്ന 'ദൃശ്യം 2' ആമസോൺ പ്രൈം റിലീസിന് പിന്നാലെ ചോർന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്ത് രണ്ട് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ടെലഗ്രാമിലെത്തി.
റിലീസിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയത് നിർഭാഗ്യകരമായ സംഭവമാണെന്നും ആമസോൺ പ്രൈം ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവർത്തകരെയും നിരാശരാക്കുകയാണ്.
'ദൃശ്യം 2' റിവ്യൂ വായിക്കാം
- Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: 'ദൃശ്യം 2' റിവ്യൂ
- Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും 'ദൃശ്യം 2' റിവ്യൂ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പുതുവര്‍ഷ ദിനത്തിലാണ് 'ദൃശ്യം 2'വിന്‍റെ ആമസോണ്‍ റിലീസ് പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അതിന് മുമ്പേ ചോര്‍ന്നിരുന്നു. സൂപ്പർ ഹിറ്റ് സിനിമ 'ദൃശ്യ'ത്തിന്‍റെ രണ്ടാം ഭാഗമാണ് 'ദൃശ്യം 2'. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് 'ദൃശ്യം 2' ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.
ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.