Drishyam 2 Review and Rating: പൊലീസും കള്ളനും കളി പോലെയാണ് ജീവിതം. ജോര്‍ജ്ജ് കുട്ടി അങ്ങനെ വിശ്വസിക്കുന്നു. അയാള്‍ പറയുന്ന കഥയും അതാണ്.
സത്യമോ മിഥ്യയോ!!!!! പദാനുപദം വാക്കോട് വാക്ക് അന്വേഷിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു കൃത്യത്തിന് തുമ്പ് തേടി പോലീസും അതിനപ്പുറം തന്റെ സാധ്യതകളുടെ ഭൂപടം നിവര്‍ത്തി അയാളും ഓടിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ അതിനൊരവസാനമുണ്ടോ!!!
രാജാക്കാടിലെ ചെറിയൊരു കേബിള്‍ ഓപ്പറേറ്റര്‍ ഇടുക്കിയുടെ വന്യമായ ഭൂപ്രകൃതിക്കും അപ്പുറം വളര്‍ന്നത് അയാള്‍ അവസാനിപ്പിക്കുന്ന നിഗൂഡതയില്‍ നിന്നാണ്. സാധാരണ ചലച്ചിത്രങ്ങളുടെ തുടര്‍ച്ച പുതിയൊരു കഥയായി രൂപം മാറുകയാണ് പതിവ്; പ്രകടമായ ഒരു മെല്ലെപ്പോക്ക് സ്ക്രീനില്‍ സാധാരണവും. എന്നാല്‍ ഈ കാര്യത്തില്‍ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ത്തിയ ഭാഗത്തു നിന്നും ദൃശ്യത്തിന് രണ്ടാം ഭാഗത്തിലേക്ക് തുടര്‍ച്ചയുണ്ടായിരിക്കുന്നു.
Read Here: Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും;ദൃശ്യം 2′ റിവ്യൂ
Drishyam 2 Review and Rating: ജോര്‍ജ്ജു കുട്ടിയും ഭാര്യയും മക്കളും ഭൂപ്രദേശവും മാറിയിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ച ഇടുക്കിയുടെ വന്യതക്ക് ഒപ്പം ഓരോ നിമിഷവും തങ്ങളെ പിന്തുടരുന്ന എന്തോ ഒന്നിന്റെ സാമീപ്യം ആ കുടുംബം അനുഭവിക്കുന്നുണ്ട്. ഈ ഭയമാണ് കഥയെ ത്രസ്സിപ്പിക്കുനത്.
എന്നാല്‍ അതിശയോക്തി കലര്‍ന്ന പലതും കണ്ടെത്താമെന്നത് ഒരു ദൗര്‍ബല്യമാണ്. കഥയില്‍ സാഹചര്യത്തിന് ചേര്‍ന്നു പോകാത്ത വിധത്തില്‍ ചിലത് ആവര്‍ത്തിക്കുന്നുണ്ട്. അതായത് ആദ്യ കഥയില്‍ കാണുന്ന ചിലതിനെ നിലനിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന തോന്നല്‍. ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ. അതില്‍ നിന്നാണ് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വിദ്യ സംവിധായകന്‍ കണ്ടെത്തുന്നത്. ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജു കുട്ടിയും കുടുംബവും.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും മൃതദേഹം കണ്ടെടുക്കാന്‍ സാധിക്കാത്ത ഒരു കൊലപാതകത്തിന് ഏതൊക്കെ തരത്തില്‍ പിന്നീട് വളർച്ചയുണ്ടെന്നും അതിനെ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്നും സംവിധായകന് അറിയാം എന്നതിനാലാകണം പുതിയ കഥാപാത്രങ്ങളിലൂടെ കഥയുടെ വഴി മാറ്റി വിടുന്നത്. ജോര്‍ജ്ജ് കുട്ടി ആദ്യ ഭാഗത്ത് അവശേഷിപ്പിക്കുന്ന രഹസ്യം രണ്ടാം ഭാഗത്തില്‍ യഥാര്‍ത്ഥത്തില്‍ തീര്‍ത്തും അപ്രസക്തമാകുന്നതും സാഹചര്യത്തിന് അനുസരിച്ച് സൃഷ്ടിക്കുന്ന ഈ കഥാ പാത്രങ്ങളിലൂടെയാണ്.
ഒരു സാധാരണ കേബിള്‍ ടിവി ഓപ്പറേറ്ററില്‍ നിന്നും സിനിമാ മോഹത്തിലേക്ക് ഈ ഘട്ടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മാറുന്നുണ്ട്. അനായസേന അയാള്‍ക്ക് ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തിലേക്ക് വേഷപ്പകര്‍ച്ച സാദ്ധ്യമാക്കാന്‍ കഴിയുന്നുണ്ട്. ഒരിക്കല്‍ക്കൂടി മീന അവരുടെ റോള്‍ ഭംഗിയായി ചെയ്തു. രണ്ടു പേരുടെയും രസതന്ത്രം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങാന്‍ പോന്നതാണ്. മുരളി ഗോപി അവതരിപ്പിക്കുന്ന പോലീസ് വേഷമാണ് ‘ദൃശ്യം രണ്ടി’ലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. വരുണ്‍ പ്രഭാകര്‍ എന്ന യുവാവിന്റെ തിരോധാനം അന്വേഷിക്കാന്‍ എത്തുന്നതും പുതിയ വഴികള്‍ തേടുന്നതും അയാളാണ്.
2013ൽ ഇറങ്ങിയ ‘ദൃശ്യം’ ഒന്നാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളിൽ പ്രധാനപ്പെട്ടവർ ‘ദൃശ്യം 2’ലും വേഷമിടുന്നു. ജോർജ്ജ്കുട്ടിയുടെ മക്കളായി അഭിനയിച്ച അൻസിബ, എസ്തർ എന്നിവർ ഇക്കുറിയും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. ആശാ ശരത്തും സിദ്ധീക്കും തങ്ങളുടെ പ്രധാന റോളുകളിൽ തിളങ്ങി. തിരക്കഥയിലും സംവിധാനത്തിലും ഒരിക്കൽക്കൂടി ജിത്തു ജോസഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വാണിജ്യ സിനിമയുടെ ചേരുവകൾ ഒത്തു വരുന്നുണ്ടെങ്കിലും ഹാസ്യത്തിനും സംഗീതത്തിനും അതിരു കവിഞ്ഞ പ്രാധാന്യം ചിത്രത്തിലില്ല എന്നത് ശ്രദ്ധേയമാണ്.
നിയമത്തിനു മുന്നില്‍ തിരോധാനമെന്ന് കരുതപ്പെടുന്നതും എന്നാല്‍ ജോര്‍ജ്ജ് കുട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ലാത്തതുമായ ഒരു കൃത്യത്തിന്റെ ലോജിക്കിലൂടെയാണ് ‘ദൃശ്യം രണ്ടാം ഭാഗത്തി’ന്റെ പോക്ക്. പല ഘട്ടത്തിലും കഥ എന്ന രീതിയില്‍ ക്ഷമിച്ചു കളയാവുന്ന ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും ചിത്രം പ്രേക്ഷകനില്‍ ഉദ്യോഗജനകമായ നിമിഷങ്ങള്‍ സൃഷ്ടിക്കുമെന്നു തീര്‍ച്ചയാണ്. കഥയുടെ ഔദാര്യം എന്നതിനപ്പുറം കഥാപാത്രങ്ങളുടെ അഭിനയ മികവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കഥക്കപ്പുറം അതിന്റെ പരിമിതികളെ മറികടക്കുന്നത് അവരുടെ പ്രതിഭ തന്നെയാണ്.

Read Here: മലയാളത്തിലെ ആദ്യ സൂപ്പർതാര ഒ ടി ടി റിലീസ്; Mohanlal ‘Drishyam 2’ Release Highlights
സംഭാഷണത്തിലാണ് ‘ദൃശ്യം’ ആദ്യ ഭാഗത്തില്‍ എന്നപോലെ രണ്ടാം ഭാഗത്തിലെയും കേന്ദ്രബിന്ദു നിലനില്‍ക്കുന്നത്. കഥ വീണ്ടും പുതിയ അനിശ്ചിതത്വങ്ങളിലേക്ക് പടരുകയാണ്.
സിനിമയുടെ രാഷ്ട്രീയം പരിഗണനക്ക് എടുക്കാമെങ്കില്‍ ഭയം എന്ന വാക്കില്‍ നമുക്ക് അവസാനിപ്പിക്കേണ്ടി വരും. രണ്ടു കൊലപാതകങ്ങളിലെ പ്രതികള്‍ ചലച്ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അഥവാ ഇവര്‍ രണ്ടും രണ്ടു കുടുംബങ്ങളുടെ ജീവിതത്തെയും എങ്ങനെ വേട്ടയാടുന്നു എന്ന് സൂചനയുണ്ട്. ഒരു ഘട്ടത്തില്‍ ഈ രണ്ടു പ്രതികള്‍ ഒന്നിനൊന്നോട് ബാധിക്കുന്നുണ്ട്.
ഒരു വാണിജ്യ സിനിമയിലെ അതിലളിതമായ ഒരു രാഷ്ട്രീയം തന്നെ വേട്ടയാടുന്ന അധികാര രൂപങ്ങളോടുള്ള ഒരു സാധാരണക്കാരന്റെ പ്രതിരോധങ്ങള്‍ ആണെന്നു കാണാം. ഇന്ത്യന്‍ സാഹചര്യത്തിലെ പ്രിവിലേജ് സാധ്യതകളാണ് വരുണ്‍ പ്രഭാകര്‍ എന്ന കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം യഥാര്‍ത്ഥത്തില്‍ കാണിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദ്രുത ഗതിയില്‍ ഒരു അനേഷണം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ അത്ര എളുപ്പമല്ലല്ലോ. അതിനാല്‍ ഇവിടെ ഈ ക്ലാസ്സ് മാറ്റര്‍ നമുക്ക് ചേര്‍ത്തു വായിക്കാന്‍ കഴിയും. വാണിജ്യ സിനിമയിലെ ഈ രൂപകങ്ങളെ പ്രത്യേകം പറയുന്നത് അവ കൂടുതല്‍ ആളുകള്‍ കാണുന്നു എന്നതു കൊണ്ടാണ്.
സിനിമയുടെ സ്ക്രിപ്റ്റ് എന്ന രീതിയില്‍ ഒക്കെ ഈ കഥയെ ജിത്തു ജോസഫ് പുതിയൊരു തലത്തില്‍ എത്തിക്കുന്നുണ്ട് ആദ്യ ഘട്ടത്തില്‍. ജോണി ഡെപ്പിന്‍റെ ‘സീക്രട്ട് വിന്‍ഡോ’ എന്ന ഹോളിവുഡ് സിനിമയുമായി അതിനു സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ‘ദൃശ്യം 2’ അക്കാര്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. അല്പം വേഗത കൂടി എന്നതു മാത്രമാണ് ഒരു പോരായ്മയായി തോന്നുന്നത്.
സതീഷ് കുറുപ്പിന്റെ സിനിമാറ്റോഗ്രാഫിയും എടുത്തു പറയേണ്ടതാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ദൃശ്യം 2’ നിർമിച്ചിരിക്കുന്നത്.
എന്നിരുന്നാലും ഓ ടി ട്ടോ പ്ലാറ്റ് ഫോമില്‍ പുതിയ കാലത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടം നേടാനും ചിത്രത്തിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. മലയാളി പ്രേക്ഷകരുടെ പൊതു ബോധ്യത്തില്‍ നിന്നു കൊണ്ട് നിരീക്ഷിച്ചാല്‍ ബോക്സ് ഓഫീസില്‍ അതൊരു ഹിറ്റ് തന്നെയാകും എന്നതില്‍ സംശയമില്ല. ചലച്ചിത്രങ്ങളില്‍ നിന്നും അതിലെ കഥകളില്‍ നിന്നും ജീവിതം കണ്ടെത്തുകയും അതിലൂടെ ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് കുട്ടിയും അയാളുടെ പ്രിയപ്പെട്ട കുടുംബവും മലയാളിയുടെ മനസ്സില്‍ ഇനി സുരക്ഷിതരായിരിക്കും.
Read Here: ദൃശ്യം 2 എങ്ങനെ കാണാം?