Mohanlal ‘Drishyam 2’ Movie Review: ക്രൈം ത്രില്ലറുകൾ കണ്ടിറങ്ങുമ്പോൾ പലപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാവുക പഴുതുകൾ അടഞ്ഞിടത്തു നിന്നും, ഒരു പസിൽ ഗെയിം ജയിക്കുന്നതു പോലെ സത്യം കണ്ടെത്തുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മുഖമാവാം. അല്ലെങ്കിൽ, നീതീകരിക്കാവുന്ന എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഇഷ്ടം കവരുന്ന അതിസമർത്ഥനായ ഒരു കുറ്റവാളിയുടേതാവാം. ഓരോ പ്രേക്ഷകനും അവന്റെ അഭിരുചികളുടെ അടിസ്ഥാനത്തിൽ, കഥാപാത്രങ്ങളെ നായകനോ വില്ലനോ ആക്കി മനസ്സിലേറ്റും. എന്നാൽ, മോഹൻലാലിന്റെ ‘ദൃശ്യം 2’ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ തെളിയുക ഒരൊറ്റ മുഖം മാത്രമാണ്, ഒരേ സമയം നായകനും വില്ലനുമാകുന്ന ജോർജുകുട്ടിയുടെ മുഖം.
ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. അയാളിന്ന് പഴയ കേബിൾ ടിവി ഓപ്പറേറ്റർ അല്ല, തിയേറ്റർ ഉടമയും നിർമാതാവുമൊക്കെയാണ്. അയൽക്കാരെ പോലും അസൂയപ്പെടുത്തുന്ന വളർച്ച കൈവരിച്ച മനുഷ്യൻ. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും, വെളിച്ചത്തിനു നിഴൽ എന്ന പോലെ ഇപ്പോഴും ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മനസ്സിൽ മാറാത്തതായി ഒന്നുണ്ട്, അത് ഭയമാണ്.
ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്ന മകൾ അഞ്ജു, ജീവിതം വലിയ പ്രശ്നങ്ങളും അല്ലലുകളുമില്ലാതെ മുന്നോട്ടു പോവുമ്പോഴും പേരറിയാത്ത അസ്വസ്ഥതകളും ഭീതികളും നെഞ്ചിൽ പേറുന്ന ഭാര്യ ആനി… സത്യം എക്കാലവും ഒളിപ്പിക്കാനാവില്ല എന്ന ബോധ്യം ഉള്ളിൽ ഉറഞ്ഞു പോയതു കൊണ്ടാവാം എപ്പോൾ വേണമെങ്കിലും പിടിക്കപ്പെട്ടേക്കാം എന്ന ആശങ്ക ആനിയിലും അഞ്ജുവിലുമുണ്ട്. അവരുടെ ജീവിതങ്ങൾക്കു കാവലായി, രക്ഷനായി നിൽക്കുമ്പോഴും മകനെന്തു സംഭവിച്ചു എന്നറിയാതെ നീറുന്ന പ്രഭാകർ എന്ന അച്ഛന്റെ നൊമ്പരങ്ങൾക്കു മുന്നിൽ പതറുന്നുണ്ട് ജോർജുകുട്ടി.
Read more: Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: ‘ദൃശ്യം 2’ റിവ്യൂ
പൊലീസ് ചരിത്രത്തിലെ തന്നെ തീർത്താൽ തീരാത്ത നാണക്കേടായി പൊലീസുകാർ നോക്കി കാണുന്ന, വഴിമുട്ടിപോയ ഒരു കേസാണ് വരുണിന്റെ തിരോധാനം. ജോർജുകുട്ടി ഹീറോ ആവുന്ന നാട്ടിൽ, അപമാനത്തോടെ തലകുനിക്കേണ്ടി വരുന്നത് പൊലീസുകാർക്കാണ്. ഇതിനെല്ലാം ഇടയിലേക്ക്, ജോർജുകുട്ടി മറ്റാരുമറിയാതെ ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്ന ആ വലിയ രഹസ്യത്തിലേക്കുള്ള വഴി കാണിച്ചു കൊണ്ട് ഒരു ദൃക്‌സാക്ഷി എത്തിയാലോ? ഉദ്വേഗജനകമായ ആ വൺലെനിൽ നിന്നുമാണ് ‘ദൃശ്യം 2’ ആരംഭിക്കുന്നത്. ക്രൈം ത്രില്ലർ എന്നതിനപ്പുറം ക്രൈം ഇരയിലും വേട്ടക്കാരനിലും ബാക്കി വയ്ക്കുന്ന ‘ട്രോമ’കളെ അഡ്രസ്സ് ചെയ്യുകയാണ് ചിത്രം.
ട്വിസ്റ്റുകളും കഥയുടെ വേറിട്ട സഞ്ചാരവുമൊക്കെയായിരുന്നു ‘ദൃശ്യ’ത്തിന്റെ ആദ്യഭാഗത്തിന്റെ പ്ലസ് എങ്കിൽ ഇവിടെ രണ്ടാം ഭാഗത്തിൽ കഥാപാത്രങ്ങളുടെ പെർഫോമൻസ് കൂടി എടുത്തു പറയേണ്ടതുണ്ട്. അപ്രതീക്ഷിതമായ സംഭവങ്ങൾ ആ കുടുംബത്തിൽ അവശേഷിപ്പിച്ച ട്രോമയെ റിയലിസ്റ്റിക്കായി തന്നെ കാണിച്ചു തരുന്നുണ്ട് സംവിധായകൻ ജീത്തു ജോസഫ്. പതിഞ്ഞ താളത്തിൽ, ജോർജുകുട്ടിയുടെ കുടുംബവിശേഷങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം ഇന്റർവെല്ലോടെയാണ് ഉദ്വേഗജനകമായി തീരുന്നത്. ഒരിക്കൽ നിർത്തിയിടത്ത് നിന്നും ജോർജു കുട്ടിയും കേരള പൊലീസും വീണ്ടും പോരാട്ടം തുടരുമ്പോൾ ചിത്രവും ത്രില്ലർ സ്വഭാവം വീണ്ടെടുക്കയാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ശപഥമെടുത്ത ജോർജുകുട്ടിയ്ക്ക് മുന്നിൽ അയാളുടെ ‘ശരികൾ’ മാത്രമേയുള്ളൂ.

നിഗൂഢതകളുള്ള, അശാന്തിയുടെ ഒരു കടൽത്തന്നെ ഉള്ളിൽ പേറുന്ന ജോർജുകുട്ടി എന്ന കഥാപാത്രമായി വീണ്ടും വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. വൈകാരികമായ സംഘർഷങ്ങളെയും ഭീതിയേയുമെല്ലാം കണ്ണിൽ ഒളിപ്പിച്ചുകൊണ്ടുള്ള മീനയുടെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. അൻസിബ, എസ്തർ, മുരളി ഗോപി, സിദ്ദിഖ്, ആശ ശരത്ത്, അഞ്ജലി നായർ, ഗണേഷ് കുമാർ, സായ് കുമാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിരിക്കുന്നു.
തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. വെറും കാഴ്ചകളെന്ന രീതിയിൽ സ്ക്രീനിൽ മിന്നിമറയുന്ന പല രംഗങ്ങൾക്കും കഥയുടെ ചുരുൾ അഴിക്കുന്നതിൽ പ്രാധാന്യമുണ്ട്. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളും മികച്ചു നിൽക്കുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. അനില്‍ ജോണ്‍സണ്‍ ആണ് പശ്ചാത്തല സംഗീതം.
മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല.
ജീവിതസാഹചര്യങ്ങൾ കൊണ്ട് ഒരേസമയം നായകനും വില്ലനുമാകേണ്ടി വന്ന ജോർജുകുട്ടി എന്ന കഥാപാത്രവും അയാളുടെ കുടുംബവും ചിത്രം കണ്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മായില്ല. ‘ദൃശ്യം’ ആദ്യ ഭാഗത്തിൽ ഗീത പ്രഭാകർ പറഞ്ഞതുപോലെ, ‘വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അയാൾക്ക്,’ എന്ന് പ്രേക്ഷകനും ജോർജുകുട്ടിയ്ക്ക് മാർക്കിടും.
Read more: ‘Drishyam 2’ release: where to watch: ‘ദൃശ്യം 2’ എങ്ങനെ കാണാം?