/indian-express-malayalam/media/media_files/uploads/2018/08/divya-bharathi.jpg)
" എൻ മകനേ നീയെവിടെ?
എല്ലാ തിരകളിലും ഞാൻ നിന്നെ തിരയുന്നു.
കടലിനു മുകളിൽ കഴുകൻ പറക്കുന്നു.
ഹെലികോപ്റ്ററുകളൊന്നും കാണാനില്ല.
നിലവിളികളെല്ലാം കടൽത്തിരകളുടെ ഭിത്തിയിൽ തട്ടി തിരിച്ചുവരികയാണ്,
പ്രതീക്ഷകളൊന്നും ശേഷിക്കുന്നില്ല..."
ഹൃദയം കൊരുത്തുവലിക്കുന്ന വേദന നിറഞ്ഞ ശബ്ദത്തിൽ രശ്മി സതീഷ് പാടുമ്പോൾ കടലാഴങ്ങളിൽ പ്രാണൻ പിടഞ്ഞ് ശ്വാസം നിലച്ചുപോകുന്ന ഒരുപാട് പേരുടെ പൊള്ളുന്ന ഓർമ്മകളിലേക്കാണ് കാലം നമ്മളെ തട്ടിയുണർത്തുന്നത്.
തമിഴ് ഡോക്യുമെന്ററി സംവിധായിക ദിവ്യാ ഭാരതി ഓഖി ദുരന്തത്തിനെ ആസ്പദമാക്കിയൊരുക്കിയ ‘ഒരുത്തരും വരലേ' എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് രശ്മി സതീഷ് പാടിയിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും രോദനവും കടലിന്റെ അലർച്ചയും നിറയുകയാണ് ഈ പാട്ടിൽ. അപ്രതീക്ഷിതമായി എത്തിയ ഓഖി തച്ചുടച്ച തമിഴ്നാട്ടിലെയും കേരളത്തിലെയും 'കടലിന്റെ മക്കളു'ടെ വ്യഥകളിലേക്കും നഷ്ടങ്ങളിലേക്കുമാണ് ദിവ്യഭാരതി ഈ പാട്ടിലൂടെ ക്യാമറ സൂം ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ തോട്ടിപ്പണിക്കാരുടെ യഥാര്‍ത്ഥ ചിത്രം തുറന്നുകാട്ടുന്ന ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി ഒരുക്കിയതിന് 'ദേശദ്രോഹി' എന്നു മുദ്രകുത്തി ഒരു വിഭാഗം ആളുകൾ മുൻപ് ദിവ്യ ഭാരതിയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയില്‍ പള്ളാര്‍ എന്ന ദലിത് വിഭാഗത്തെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചായിരുന്നു ഇവർ ദിവ്യയ്‌ക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുമായി രംഗത്തെത്തിയത്. തുടർന്ന് ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി തമിഴ്‌നാട്ടിൽ നിരോധിച്ചിരുന്നു.
https://malayalam.indianexpress.com/social/toilet-tamil-music-video-manhole-director-vidhu-vincent/
ഓഖി ചുഴലിക്കാറ്റിനെ ആസ്പദമാക്കിയുളള ദിവ്യയുടെ ഡോക്യുമെന്ററി ‘ഒരുത്തരും വരലേ’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴും ഏറെ വിവാദങ്ങളും പൊലീസ് വേട്ടയാടലും ദിവ്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഭരണകൂടത്തിന് എതിരായി നിരവധി ചോദ്യങ്ങൾ ഡോക്യുമെന്ററിയിലൂടെ ദിവ്യ ഉയർത്തിയതാണ് പൊലീസ് വേട്ടയാടലിനു കാരണമായത്. ആ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്, ഡോക്യുമെന്ററിയിലെ പാട്ട് യൂട്യൂബിലൂടെ ദിവ്യ റിലീസ് ചെയ്യുന്നത്.
"ഒരു പാട്ടുകാരിയെന്ന നിലയിൽ ഈ പ്രൊജക്റ്റിൽ പാടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒപ്പം, നമ്മുടെ സഹോദരങ്ങൾ നേരിട്ട അനീതിയ്ക്കെതിരെ ശബ്ദമുയർത്താനും ഈ പാട്ട് അവസരമൊരുക്കി തന്നു", എന്നാണ് ഗായിക രശ്മി സതീഷിന്റെ പ്രതികരണം. ‘ഒരുത്തരും വരലേ’ എന്ന പ്രൊജക്റ്റിലേക്കെത്തിയ വഴികളെ കുറിച്ചും വിശേഷങ്ങളെ കുറിച്ചും രശ്മി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുന്നു.
എങ്ങനെയാണ് ഈ പാട്ടിലേക്കെത്തിയത് ?
"ദിവ്യഭാരതിയുടെ​ ആദ്യത്തെ ഡോക്യുമെന്ററി സമയത്ത് ടൈറ്റിൽ ട്രാക്ക് പാടാനായി എന്നെ വിളിച്ചിരുന്നു. അന്നെനിക്ക് ദിവ്യയെ നേരിട്ട് പരിചയമില്ല, മറ്റൊരാൾ വഴിയാണ് വിളിച്ചത്. അന്നെന്തൊക്കെയോ ചില അസൗകര്യങ്ങൾ കൊണ്ട് എനിക്കാ പാട്ട് ഏറ്റെടുക്കാൻ പറ്റിയില്ല. പിന്നീട് വാർത്തകളിലൂടെയും സുഹൃത്തുക്കൾ പറഞ്ഞുമൊക്കെ ദിവ്യയ്ക്ക് ആ ഡോക്യുമെന്ററിയുടെ പേരിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെയും വധഭീഷണികളെയും കുറിച്ച് അറിയുന്നുണ്ടായിരുന്നു. ആ അതിജീവനത്തോട് ആദരവും തോന്നി. അപ്പോഴാണ് ‘ഒരുത്തരും വരലേ’യെന്ന പ്രൊജക്റ്റുമായി ദിവ്യ വീണ്ടും സമീപിക്കുന്നത്. നമ്മൾ അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണതെന്ന് എനിക്കും തോന്നി, അങ്ങനെയാണ് ഞാൻ ഓകെ പറയുന്നത്.
https://malayalam.indianexpress.com/entertainment/kerala-floods-namonnalle-nammalonnalle-song/
കൊച്ചിയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. ദിവ്യയും ഗാനരചയിതാവ് തനിക്കൊടിയും സംഗീതം നിർവ്വഹിച്ച നടരാജൻ ശങ്കരനും ഒന്നു രണ്ടു അണിയറപ്രവർത്തകരും ഒന്നിച്ചാണ് വന്നത്. അൽപ്പം പ്രാദേശിക ചുവയുള്ള തമിഴിലാണ് വരികൾ. അതിന്റെ ഉച്ചാരണം എങ്ങനെ വേണമെന്നൊക്കെ ദിവ്യയും സംഘവും വിവരിച്ചുതന്നു. ഏഴു മിനിറ്റോളമുണ്ട് പാട്ട്. ഡോക്യുമെന്ററിയുടെ അവസാന ഭാഗത്തായി വരുന്ന പാട്ടാണ്. ഓഖി ദുരന്തത്തിന്റെ തീക്ഷണതയും നഷ്ടങ്ങളും വെളിവാക്കുന്ന ദൃശ്യങ്ങളാണ് ആ ഭാഗത്ത് വരുന്നത്.
പാട്ടിനും കൃത്യമായൊരു ആരോഹണ അവരോഹണ ക്രമമുണ്ട്. കടുത്ത വേദനയിൽ നിന്നും തുടങ്ങുന്ന പാട്ടിൽ ക്രമേണ അവഗണനയോടുള്ള ദേഷ്യവും അപമാനഭാരവുമൊക്കെ നിറയുകയാണ്. സർക്കാരിനോടുള്ള ചോദ്യങ്ങളും പാട്ടിൽ ഉയരുന്നുണ്ട്. മോഡുലേഷന് ഏറെ പ്രാധാന്യം നൽകിയാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്".
വല്ലാതെ മനസ്സിൽ സ്പർശിച്ച ചില വരികളുണ്ടതിൽ. നീ കഴിച്ചു കൊണ്ടിരുന്ന പാത്രത്തിലെ മീൻ മണം പോയി, പക്ഷേ നിന്റെ മണം അമ്മയെ വിട്ടു പോയിട്ടില്ലെന്നുള്ള അമ്മമാരുടെ കരച്ചിലും മണപ്പായ (ആദ്യരാത്രി വിരിക്കുന്ന പായ) യുടെ ചുളിവുകൾ പോലും മാറിയിട്ടില്ലെന്ന ഭാര്യമാരുടെ വിലാപവുമൊക്കെ നിറയുകയാണ് പാട്ടിൽ."
‘ഒരുത്തരും വരലേ'യുടെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത്, പൊലീസ് തന്നെ വേട്ടയാടുന്നു എന്ന് ദിവ്യഭാരതി തുറന്നു പറഞ്ഞിരുന്നല്ലോ. ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണോ ദിവ്യ?
മുൻപ് 'കക്കൂസ്' പ്രദർശിച്ചപ്പോൾ ആദ്യസ്ക്രീനിങ്ങിനു ശേഷം തന്നെ തമിഴ്‌നാട് പൊലീസ് ഡോക്യുമെന്ററി നിരോധിക്കാൻ ശ്രമിക്കുകയും പല തവണ സ്ക്രീനിങ് തടയുകയും ചെയ്തിരുന്നു. ഒടുവിൽ തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ചിത്രം നിരോധിച്ചു. ഈ അനുഭവമുള്ളതുകൊണ്ട്, അധികം പബ്ലിസിറ്റിയൊന്നുമില്ലാതെ മത്സ്യത്തൊഴിലാളി ഗ്രാമമായ തൂത്തൂരിൽ പോയാണ് ഇത്തവണ ദിവ്യ ആദ്യ സ്ക്രീനിങ് നടത്തിയത്. പിന്നാലെ യൂട്യൂബിലും വീഡിയോ സോങ് പബ്ലിഷ് ചെയ്തു.
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ദിവ്യ പറഞ്ഞത്, വീഡിയോ പ്രദർശിപ്പിച്ച തുത്തൂരിലും പൊലീസ് ചെന്ന് മത്സ്യത്തൊഴിലാളികളോട് സംസാരിച്ചിരുന്നു​ എന്നാണ്. ഈ ഡോക്യുമെന്ററിയും നിരോധിക്കുമോ​ എന്ന ആശങ്കയുണ്ട് ദിവ്യയ്ക്കും ടീമിനും. ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും ദേശദ്രോഹികളെന്ന നിലയിലാണ് പൊലീസ് പെരുമാറുന്നത് എന്നാണ് അറിയാൻ സാധിച്ചത്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
 Follow Us
 Follow Us