Rebuilding Kerala: “നാമൊന്നല്ലേ, നമ്മളൊന്നല്ലേ, നമുക്കുടയോനും ഈ മണ്ണിനുടയോനും നമ്മളല്ലേ…”. രശ്മി സതീഷ് പാടുകയാണ്, ദുരിതത്തില്‍ നിന്നും കര കയറുന്ന കേരളത്തിന് വേണ്ടി.
“കൂരിരുട്ടില്‍ നമ്മളൊന്ന്, കോടമഞ്ഞില്‍ നമ്മളൊന്ന്, കൊടുങ്കാറ്റില്‍, കൊടുംവെയിലില്‍, പേമാരിയില്‍ നമ്മളൊന്ന്” എന്ന് തുടരുന്ന വരികള്‍ ഇന്നത്തെ കേരളത്തില്‍ ഏറ്റവും പ്രസക്തിയുള്ളതായി തോന്നിയത് കൊണ്ടാണ് ഈ ഗാനം പാടി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് രശ്മി പറയുന്നു.
“തൃശൂരിൽ നടന്ന മനുഷ്യ സംഗമത്തില്‍ വച്ചാണ് ഈ ഗാനം കേട്ടത്. പിന്നീട് പല പല ക്യാമ്പുകളിലും കേട്ടിട്ടുണ്ട്. ‘പങ്കു വയ്ക്കുക തുല്യരായ് നാം, നാമൊന്നല്ലേ, ഈ കനക മണികള്‍, മുത്തുമണികള്‍ നമ്മുടേതല്ലേ’ എന്ന ഒരുമയുടെ ഈ സന്ദേശമാണ് കേരളത്തിന് നല്കാന് ആഗ്രഹിക്കുന്നത്”, വരികള്‍ കൃത്യമായി അറിയില്ല, ഓര്‍മ്മയില്‍ നിന്ന് തപ്പിയെടുത്തു പാടിയതാണ് എന്നും രശ്മി സതീഷ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.
Rebuilding Kerala: കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളിൽ സജീവമായി ആലപിക്കപ്പെടുന്ന പരിസ്ഥിതി ഗാനമായ ‘ഇനി വരുന്നൊരു തലമുറയ്ക്ക്’ എന്ന ഗാനവും സമകാലിക സംഗീതത്തിന്റെ സജീവ ധാരയിലേക്ക് കൊണ്ട് വന്നത് രശ്മി സതീഷ് ആണ്. 2014 ൽ സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ നടത്തുന്ന നിൽപ്പു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോർട്ട് കൊച്ചിയിൽ നടന്ന പരിപാടിയിൽ രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു
“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം
അതി മലിനമായൊരു ഭുമിയും” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചത് ഇഞ്ചക്കാട് ബാലചന്ദ്രനാണ്.
തന്റെ സംഗീത പരിപാടികളില്‍ നാടന്‍ പാട്ടുകള്‍ ധാരാളമായി ആലപിക്കുന്ന രശ്മി സതീഷ് ശബ്ദലേഖകയും അഭിനേത്രിയും കൂടിയാണ്.