ഒരു പാട്ട്, മ്യൂസിക് വിഡിയോ എന്നോ മ്യൂസിക് ആൽബമെന്നോ പറയാവുന്നതാണ് കക്കൂസ് എന്നത്. ഇത് തമിഴ്‌നാട്ടിലെ തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതം പകർത്തിയ ഡോക്യുമെന്ററിയുടെ ഒഫിഷ്യൽ വിഡിയോ ഗാനമാണ്. അഞ്ച് മിനിട്ട് ദൈർഘ്യമുളള ഈ പാട്ട് മാത്രം മതി നമ്മൾ കാണാൻ മടിക്കുന്ന യാഥാർത്ഥ്യങ്ങളുടെ ഉളളറിയാൻ.
അഞ്ച് മിനിട്ട് ദൈർഘ്യമുളള ഈ പാട്ട് കാണാൻ പോലും പല സുഹൃത്തുക്കൾക്കു സാധിക്കുന്നില്ല. കാരണം അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ “അത് “കാണാൻ പറ്റുന്നില്ല എന്നാണ് അവർ പറയുന്നത്. “അയ്യോ ‘അത്’ കാണാൻ പറ്റുന്നില്ല” എന്ന് പറയുമ്പോൾ നമ്മുടെ സൗന്ദര്യ സങ്കൽപ്പത്തിന് നേരെയുളള കാർക്കിച്ച് തുപ്പലാണ് ഈ പാട്ട് എന്ന വസ്തുത നമ്മൾ അംഗീകരിക്കുകയാണ്. ഞാനും നിങ്ങളും ഉൾപ്പടെ നമ്മൾ കഴിക്കുന്ന വിഭവ സമൃദ്ധമായ, മനോഹരമായി അലങ്കരിക്കപ്പെട്ട ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് ആ “അത്” എന്ന് ആലോചിച്ചു നോക്കൂ. ആ “അത്” അപ്പോൾ നിങ്ങളിൽ, എന്നിൽ ഉളവാക്കുന്ന അറപ്പ് എത്രത്തോളമുണ്ട്. ആ അറപ്പിനെ മാറ്റി നിങ്ങളെ, എന്നെ, സുരക്ഷിതരാക്കി, നമ്മുടെ ആരോഗ്യം സംരക്ഷിച്ച് മരണത്തിലേയ്ക്കു നീങ്ങുന്നവരെ കുറിച്ചാണ് ഈ പാട്ട്. ഈ പാട്ട് മുഴുവൻ കേൾക്കാനും കാണാനും പറ്റുന്നില്ലായെങ്കിൽ നമ്മൾ നമ്മിലേയ്ക്ക് കുറച്ചുകൂടെ സത്യസന്ധതയോടെ നോക്കാൻ ശ്രമിക്കണം, അപ്പോൾ നമുക്ക് കാണാൻ സാധിക്കും, നമ്മളാൽ കൊല്ലപ്പെടുന്നവരുടെ, ജീവിതം നഷ്ടമാകുന്നവരുടെ അതിജീവനത്തിന്റെ നേരുകൾ.
ഇങ്ങനെ പറയാൻ കാരണമുണ്ട്, കഠിനയാഥാർത്ഥ്യമാണ് ദിവ്യ സംവിധാനം ചെയ്ത ഈ മ്യൂസിക് വിഡിയോ. അത് കണ്ടില്ല, മുഴുവൻ കാണാൻ കഴിയുന്നില്ല. എന്ന് പറയുമ്പോൾ പിന്നെ നമുക്ക് കാണാൻ കഴിയുന്നത് എന്താണ് ? നമ്മളുടെ മേശപ്പുറത്ത് വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയെ കാണുന്പോൾ നമുക്ക് ഉണ്ടാകുന്ന സന്തോഷം നമ്മൾ പുറന്തള്ളുന്നതിനോട് കാണാൻ കഴിയാത്ത അറപ്പ്. ആ അറപ്പാണ് കാണാൻ കഴിയാതെ വരുന്നത്. അതുകൊണ്ടാണ് അതിന് കാരണക്കാരായ നമ്മൾ അത് വൃത്തിയാക്കി നമ്മളെ സംരക്ഷിക്കുന്നവരെ അറപ്പോടെ കാണുന്നത്. ആ ജീവിതത്തെ നമ്മൾ കാണാതെ നിഷേധിക്കുന്നത്. നമ്മൾ ആ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഈ പാട്ട് കാണുമ്പോൾ നമ്മളുടെ ഉളളിലുളള എല്ലാ തരം സൗന്ദര്യ സങ്കൽപ്പങ്ങളെയും തകർത്തുകൊണ്ടാണ് അത് നമ്മൾ കാണുന്നത്. മലയാളിയുടെ അല്ലെങ്കിൽ നമ്മൾ പറയുന്ന എല്ലാതരം നാഗരിക ആധുനികതയുടെയും ഭാഗമായ മനുഷ്യരുടെ സൗന്ദര്യ സങ്കൽപ്പത്തിന് മേലുളള കാർക്കിച്ചു തുപ്പൽ കൂടിയുണ്ട് ഈ പാട്ടിൽ. ഈ പാട്ട് നമ്മുടെ വികസന വായ്‌ത്താരികൾക്കു മേലുളള തിരുത്തുന്ന നീലപെൻസിലാണ്. അതുകൊണ്ട് തന്നെ ഇത് കാണുകയെന്നത് നമ്മുടെ ഉളളിലുറച്ച സൗന്ദര്യബോധ്യങ്ങളെ അലോസരപ്പെടുത്തും. നമ്മൾ കാണാൻ മടിക്കുന്ന, സമ്മതിക്കാൻ തയാറാകാത്ത യാഥാർത്ഥ്യമാണിത്. ഒരു ചെറിയ പാട്ടിലൂടെ കാണിക്കുന്നത്. ആ ചെറിയ പാട്ട് കാണാൻ കഴിയുന്നില്ല എങ്കിൽ നമ്മൾക്ക് ആ യാഥാർത്ഥ്യത്തെയാണ് കാണാൻ കഴിയാതെയാകുന്നത്. അത് നമ്മൾ കാണാതിരുന്നത് കൊണ്ട് നമ്മൾ സുരക്ഷിതരാകുന്നില്ല എന്ന് മാത്രം.
കേരളത്തിലല്ല, കേരളത്തിന് പുറത്താണ് ഈ തൊഴിലിൽ കൂടുതൽ ആളുകളുളളത്. കൂടുതൽ പേർ തൊഴിലിടങ്ങളിൽ കൊല്ലപ്പെടുന്നതും, തൊഴിൽ സാചര്യങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലം മരിക്കുന്നതും കേരളത്തിന് പുറത്താണ് എന്നതും വസ്തുതയാണ്. തമിഴ്നാട്ടിലും, ബെംഗളുരൂവിലും ഉത്തരേന്ത്യയിലും ആണ് കൂടുതൽ. മാൻഹോളിൽ ഇറങ്ങി പണി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യർ മറ്റൊരു ജോലിയെക്കുറിച്ചു പോലും ആലോചിക്കാൻ പറ്റാതെവരുന്ന സാഹചര്യം. ഇന്ത്യയിലെവിടെയും ഇന്നും നിലനിൽക്കുന്നു. അതിന് സാമൂഹിക, സാമ്പത്തിക അസമത്വങ്ങളുടെ അടിസ്ഥാനവുമുണ്ട്. അതൊന്നും പരിഹരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനും സാധ്യമാകുമെന്ന് കരുതുന്നുമില്ല.
അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണ് ഈ ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യത്തിൽ സംഭവിക്കുന്നത്. ഭരണകൂടം സ്പോൺസർ ചെയ്യുന്ന മനുഷ്യാവകാശ ലംഘനമാണ് ഈ മേഖലയിൽ അരങ്ങേറുന്നത്. ഇവിടെ നടക്കുന്നത് ഇൻസ്റ്റിറ്റൂഷണൽ മർഡറാണ്. ഈ മേഖലയിലെ തൊഴിൽപരമായ വെല്ലുവിളികൾ ആരും പരിഗണിക്കുന്നില്ല. മനുഷ്യരായി പോലും പരിഗണിക്കപ്പെടാതെ പോകുന്ന ജീവിതം. ഇന്ത്യയിൽ എത്രയോ സ്ഥലത്ത് തോട്ടിപ്പണി യന്ത്രവത്കൃതമാക്കണമെന്ന് കോടതികൾ വരെ ആവശ്യപ്പെട്ടു. എന്നിട്ടും നടപ്പായിട്ടില്ല. അപ്പോഴൊന്നും മനുഷ്യരാണെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്തിട്ടില്ല ഈ ജീവിതങ്ങൾ. പലയിടുത്തും തൊഴിൽ കുടിയേറ്റത്തിന്റെ ഭാഗമായാണ് ഈ തൊഴിൽ സമൂഹം രൂപപ്പെടുന്നത്. ഒരിക്കലും വോട്ട് ബാങ്ക് ആയി മാറില്ല. അതുകൊണ്ടുതന്നെ ഈ തൊഴിലാളികൾ ഉന്നയിക്കുന്ന അവകാശങ്ങൾ പരിഗണിക്കപ്പെടാതെ പോകുന്നത്. അതുകൊണ്ടാണ് ഈ ജനത ഇന്നും ഈ തൊഴിലിൽ തുടരുന്നതും “നാഗരികർ”ക്ക് ഒരു ജനത അസ്‌പൃശ്യരാകുന്നതും.
ഒരുപക്ഷേ, അടുത്തകാലത്തായി ഈ വിഷയം പ്രതിപാദിപ്പിക്കുന്ന, വാർത്തകൾ, ന്യൂസ് പ്രോഗ്രാമുകൾ, ഡോക്യുമെന്ററി, സിനിമ, മ്യൂസിക് ആൽബം എന്നിവ പുറത്തുവരുമ്പോൾ ഈ മനുഷ്യരുടെ കരച്ചിലാണ് ഉയരുന്നത്. അതിലേറെ ഇവരുടെ അതിജീവന സമരത്തിന്റെ കഥനമാണ് കേൾക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നടത്തുന്ന സമരങ്ങളും പഠനങ്ങളും പ്രവർത്തനങ്ങളും ഇന്ന് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഒരു സ്വച്ഛഭാരത പ്രവർത്തനം കൊണ്ടും പരിഹരിക്കകാൻഴിയുന്നതല്ല, ഈ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾ. ആഘോഷിക്കപ്പെടുന്ന ഭരണകൂട മുദ്രാവാക്യങ്ങളിൽ ഇടം കിട്ടാതെ പോവുകയാണ് ഈ യാഥാർത്ഥ്യങ്ങൾ. വാർത്തയായും പാട്ടായും ഡോക്യുമെന്ററിയായും സിനിമയായും ഒക്കെ ഈ ജീവിതസത്യങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിലേയ്ക്ക് വരുന്നുണ്ട്. ഇത് ഒരുപക്ഷേ മാറ്റത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാം. ഈ പാട്ടാകാട്ടെ, ഒരു തൊഴിൽസമൂഹത്തിന്റെ ചരിത്രവുംവർത്തമാനവുമാണ് അവതരിപ്പിക്കുന്നത് ഇതിന്റെ സംവിധായിക ദിവ്യയ്ക്കൊപ്പം പാട്ടെഴുതിയ ആർ. തനിക്കൊടി, ഗായകൻ ശരവണൻ, സംഗീത സംവിധായകനായ ആർ. പ്രഭാകർ, പളനികുമാറിന്റെയും ഗോപാലകൃഷ്ണന്റെയും ക്യാമറ,എഡിറ്റിങ് നിർവഹിച്ച എം കെ പകലവൻ എന്നിവർ ഒരു ചരിത്രമാണെഴുതിയത്. ഒരു ജനതയുടെ ജീവിത യാഥാർത്ഥ്യത്തെ വെറും അഞ്ച് മിനിറ്റിലെ പാട്ടിലൂടെ ലോകത്തിന് മുന്നിൽ കാണിച്ച അതിന്റെ പ്രവർത്തകരോട് ചരിത്രം നന്ദി പറയും.