/indian-express-malayalam/media/media_files/uploads/2020/06/manichithrathazhu-deleted-scene.jpg)
മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് സിനിമ ആസ്വാദകർക്ക് ഈ ചിത്രം. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. എന്നാൽ ഇപ്പോഴിതാ 'മണിച്ചിത്രത്താഴി'ലെ അധികമാരും കാണാത്ത ഒരു സീനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു നീക്കിയ രംഗമാണിത്.
1993ൽ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തപ്പോൾ മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ഈ സീൻ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ടിവി പ്രീമിയറിൽ നിന്നും വിസിഡിയിൽ നിന്നുമെല്ലാം ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അക്കാലത്തെ ഗൾഫ് കാസറ്റിൽ മാത്രമാണ് ഈ രംഗം അവശേഷിക്കുന്നത്. ഗോപാലകൃഷ്ണൻ നവജീവൻ എന്ന സിനിമാസ്നേഹിയാണ് ഈ ഡിലീറ്റഡ് സീൻ ഉൾപ്പെട്ട മണിച്ചിത്രത്താഴിന്റെ വീഡിയോ കാസറ്റ് ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും കോമ്പിനേഷനിലുള്ള ഈ രംഗം അരങ്ങേറുന്നത് മാടമ്പള്ളിയിൽ നകുലനും ഗംഗയും താമസിക്കാൻ എത്തുമ്പോഴാണ്.
ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോഴും സിനിമാസ്വാദകർക്കിടയിൽ 'മണിച്ചിത്രത്താഴിനെ' കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിത്രത്തിനു വേണ്ടി ആരാധകർ ഒരുക്കിയ മോഡേൺ രീതിയിലുള്ള ഒരു ട്രെയിലറും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മൂന്നു മിനിറ്റോളം ദൈർഘ്യമുണർത്തുന്ന ട്രെയിലർ ഏറെ ഉദ്വോഗജനകമാണ്.
Read more: മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്‍വായന
"മണിച്ചിത്രത്താഴ്' എന്ന സബ്ജെക്ടിനെ കുറിച്ചു പറഞ്ഞപ്പോഴൊക്കെ അതു വേണോ എന്നാണ് പലരും എന്നോട് ചോദിച്ചത്. പക്ഷേ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താൽപ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാൽ ‘മണിച്ചിത്രത്താഴ്’ എടുക്കും മുൻപ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാൻ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു. അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോൾ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള്‍ പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വർഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. അത് വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയുമാണ് മുന്നോട്ടുപോയത്, പക്ഷേ ഇതെടുത്താൽ വിജയിക്കുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘മണിചിത്രത്താഴിൽ’ ലാൻഡ് ചെയ്യുന്നത്, സിനിമ തുടങ്ങുമ്പോൾ തിരക്കഥ പക്ക ആയിരുന്നു," ചിത്രത്തെ കുറിച്ച് ഫാസിൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
"ഒരു സിനിമ വിജയിക്കുമ്പോൾ അതിൽ നമ്മൾ അറിയാത്ത ഒരുപാട് ഘടകങ്ങൾ കൂടി ഒത്തുവരണം. അത് ആ സിനിമയുടെ യോഗമോ നിയോഗമോ വിധിയോ ഒക്കെയാണ്. ‘മണിചിത്രത്താഴിനെ’ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ, എംജി രാധാകൃഷ്ണൻ എന്ന സംഗീതസംവിധായകൻ ഇല്ലെങ്കിൽ എന്ത് ‘മണിചിത്രത്താഴ്?’ ശോഭന എന്ന നടിയില്ലെങ്കിൽ? ഇന്നസെന്റ് ഇല്ലെങ്കിൽ ‘മണിചിത്രത്താഴിലെ’ കോമഡി എന്താവും? സ്ക്രിപ്റ്റും സംവിധാനവും മാത്രം നന്നായതു കൊണ്ടല്ല ‘മണിചിത്രത്താഴ്' വിജയമായത്. സിനിമയ്ക്ക് ചേർന്ന ലൊക്കേഷൻ, പെർഫെക്റ്റ് കാസ്റ്റിംഗ്, ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം നന്നായി വന്നതു കൊണ്ടു കൂടിയാണത്." ഫാസിൽ പറഞ്ഞു.
Read more: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us