മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ പുനര്‍വായന ചെയ്യുമ്പോള്‍ ആദ്യം മനസ്സിലേയ്ക്ക് വരുന്നത് ‘മണിച്ചിത്രത്താഴി’ലെ ഗംഗയാണ്. കണ്ടാലും കണ്ടാലും മതിയാവാത്ത ചിത്രങ്ങളിലൊന്നാണ്, മധു മുട്ടത്തിന്റെ രചനയില്‍ ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്.’ 1993-ൽ ഇറങ്ങിയ ചിത്രത്തിന് ഇന്നും എന്തൊരു തിളക്കമാണ്. ഓരോ തവണ കാണുമ്പോഴും നമ്മൾ കാണാതെ പോയ എന്തെങ്കിലും ആ സീനുകളിലുണ്ടോ എന്നറിയാൻ അല്പം പോലും ശ്രദ്ധ തെറ്റാതെ നോക്കി ഇരിക്കാറുണ്ട്. ഓരോ തവണ കാണുമ്പോഴും ആ സിനിമയിൽ ഗൂഢമായി പറഞ്ഞ് പോയിരിക്കുന്ന ചിലത് അനാവൃതമാകാറുമുണ്ട്.
പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന മാടമ്പള്ളി തറവാട്ടിലേക്ക് ഭർത്താവ് നകുലനുമായി താമസിക്കാനെത്തുകയാണ് ഗംഗ എന്ന യുവതി. കല്‍ക്കട്ടയില്‍ താമസിക്കുന്ന ഗംഗ ഇതാദ്യമായാണ് ഭര്‍ത്താവിന്റെ തറവാട്ടിലേക്ക് വരുന്നത്. വിശാലവും മനോഹരവുമായ ആ വീട്ടിലേക്കെത്തി അവള്‍ ആദ്യം അന്വേഷിക്കുന്നത് പുസ്തകങ്ങളൊക്കെ അടുക്കിപ്പെറുക്കി വയ്ക്കാനൊരിടമാണ്. നകുലന്റെ ബന്ധുവായ അല്ലിയോടാണവളത് ചോദിക്കുന്നത്. മാന്തോപ്പിലേക്ക് തുറക്കുന്ന ജനാലകളുള്ള ഒരു മുറി തേടിയാണവർ മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുന്ന തെക്കിനിയില്‍ എത്തുന്നത്.
ഗംഗയുടെ കൈവശമുള്ള പുസ്തകങ്ങളിൽ ഭൂരിഭാഗവും മഹാദേവന്‍റെ കവിതാ സമാഹാരങ്ങളാണ്. നായികയുടെ കാല്പനികമായ മനസ്സ് ഇവിടെ ചലച്ചിത്രകാരൻ വ്യക്തമാക്കുന്നുണ്ട്. സദാ കംപ്യൂട്ടറിന്‍റെ മുന്നിലിരിക്കുന്ന, എപ്പോഴും തിരക്കുള്ള ആളാണ് നകുലൻ. ഗംഗയാകട്ടെ മഹാദേവന്‍റെ കവിതകളിലാണ് തന്‍റെ സന്തോഷം കണ്ടെത്തുന്നത്. ഭർത്താവും ഭാര്യയും തമ്മിൽ തീവ്രമായ ഒരു പ്രണയമുണ്ട് എന്ന് തോന്നിപ്പിക്കാൻ കഥയില്‍ ബോധപൂർവ്വം യാതൊന്നും ഉൾപ്പെടുത്തിയിട്ടുമില്ല. ദ്യശ്യങ്ങളിലൊന്നും അവര്‍ തമ്മില്‍ ഒരു ഇഷ്ടമോ കെമിസ്ട്രിയോ കാണാൻ സാധിക്കുകയുമില്ല. കിടപ്പറയില്‍ പോലും കംപ്യൂട്ടറിന്‍റെ മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളായിട്ടാണ് നകുലനെ സിനിമയിൽ കാണിക്കുന്നത്. ‘കിടക്കാറാകുമ്പോൾ എന്നെ ഒന്ന് വിളിച്ചേക്കണേ നകുലേട്ടാ’ എന്ന് ഗംഗ പറയുന്നുമുണ്ട്.
‘വരുവാനില്ലാരുമിന്നൊരു നാളുമീ വഴി’ എന്ന പാട്ട് ആരംഭിക്കുന്നത് മഹാദേവൻ വീട് പൂട്ടി ഇറങ്ങി പോകുന്നിടത്താണ്. തന്‍റെ മാത്രം ഇടമായ തെക്കിനിയുടെ ജനാലയിലൂടെ ഇഷ്ട കവിയെ ഗംഗ നോക്കി നിൽക്കുന്നിടത്താണ് പാട്ടിന്റെ BGM തുടങ്ങുന്നത്. പിന്നീടവൾ, ‘കാവൂട്ട്’ എന്ന കവിതാ സമാഹാരത്തിൽ, രചയിതാവായ പി. മഹാദേവന്‍റെ പേരിന് മുകളിൽ ‘അല്ലിയുടെ സ്വന്തം ‘എന്നെഴുതി ചേർക്കുകയാണ്. അതിന് ശേഷമാണ് കവിതയുടെ വരികള്‍ ആരംഭിക്കുന്നത്. ഏകാന്തതയും വിഷാദവും ഒറ്റപ്പെടലും അതില്‍ വ്യക്തമാണ്. ഭർത്താവിനോടൊപ്പം നടക്കുമ്പോഴും നായികയുടെ കൈയ്യിൽ മഹാദേവന്‍റെ പുസ്തകമുണ്ട്. ‘വരുമെന്ന് ചൊല്ലി പിരിഞ്ഞ് പോയില്ലാരും, അറിയാമതെന്നാലുമെന്നും’ എന്ന് നായിക പാടുന്നത്, ആ ജനാല തുറന്നു കൊണ്ടാണ്. ‘കൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിയിലേക്ക്, ഇരു കണ്ണും നീട്ടുന്ന നേരം, വഴി തെറ്റി വന്നാരോ, പകുതിയ്ക്ക് വെച്ചെന്‍റെ വഴിയെ തിരിച്ച് പോകുന്നു,’ എന്നാണ് കവിത അവസാനിക്കുന്നത്. ദൃശ്യങ്ങളിൽ, ഗംഗയുടെ ഓർമ്മകളും വർത്തമാനകാലവും കാണിച്ചിരിക്കുന്നു. ആ കവിത അവളുടെ ജീവിതം തന്നെയായി മാറുകയാണ്.
മഹാദേവന്‍റെ വീട്ടിലേക്ക് തുറക്കുന്ന ജനാല ഒരു മെറ്റഫര്‍ ആയി വായിക്കാവുന്നതാണ്. പല ഇടങ്ങളിലും ഈ ഷോട്ട് ആവർത്തിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയിലേക്കും, കലയിലേക്കും, തന്‍റെ ആത്മാവറിയുന്ന ഒരു കൂട്ടിനും വേണ്ടിയുള്ള അന്വേഷണം ഗംഗയിലുണ്ട് എന്ന് സംവിധായകൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. കാല്പനികമായ അവളുടെ മനസ്സും അതിന്‍റെ വേദനകളും അവളുടെ സ്വകാര്യതകളായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. അവളെപ്പോഴും കൈയ്യിൽ കരുതുന്ന കവിതകളിൽ അവളുടെ മനസ്സുണ്ടായിരിന്നിരിക്കാം. അവളെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന വ്യക്തി മഹാദേവനായിരിക്കും എന്നവൾ എന്നോ നിശ്ചയിച്ചുറപ്പിച്ചിട്ടുമുണ്ടാവാം. അതാണല്ലോ… കല്‍ക്കട്ടയില്‍ നിന്ന് വരുമ്പോഴും നിധി പോലെ ആ പുസ്തകങ്ങൾ അവൾ കൂടെ കൊണ്ട് വരുന്നത്.
ആത്മാന്വേഷണങ്ങൾക്ക് സഹായിച്ചിരുന്ന വരികൾ കുറിച്ചിരുന്ന കവിയെ ഗംഗ ഒരുപാട് സ്നേഹിച്ചിരിന്നിരിക്കാം. അത് ഒരുപക്ഷേ അവൾ അവളോട് തന്നെ സമ്മതിച്ചിട്ടില്ലാത്ത ഒരു സ്വകാര്യവും ആയിരിന്നിരിക്കാം. എന്നാൽ ഒരു നിമിഷം കൊണ്ട്, അവൾക്ക്, അവളുടേതായിരുന്ന മഹാദേവനെ നഷ്ടപ്പെടുന്നു. അവളുടെ മകളുടെയോ അനുജത്തിയുടെയോ സ്ഥാനത്ത് നിൽക്കുന്ന അല്ലിയെ കല്യാണം കഴിക്കാൻ പോകുന്നവനായി മഹാദേവൻ മാറുന്നു. അങ്ങനെയുള്ള ഒരാളെ അതിര് കവിഞ്ഞ് സ്നേഹിക്കുന്നത് പാപമാണ് എന്ന ബോധ്യവും ഗംഗയില്‍ നിറയുന്നു. അത് അടിവരയിടാനും സ്വന്തം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാനുമാവാം, അവള്‍ ‘അല്ലിയുടെ സ്വന്തം’ പി മഹാദേവൻ, എന്ന് പുസ്തകത്തിൽ എഴുതുന്നത്. ഏതാണ്ട് അതേ സമയത്താണ് ഗംഗ നാഗവല്ലിയെ കുറിച്ച് കേൾക്കുന്നതും.
മഹാദേവനോടുള്ള പ്രണയം സാക്ഷാത്കരിക്കാൻ ഗംഗയുടെ ഉപബോധ മനസ്സ് കണ്ടെത്തുന്ന ഒരു വഴിയാണ് നാഗവല്ലി എന്ന നർത്തകിയുമായുള്ള താദാത്മ്യം പ്രാപിക്കൽ. സിനിമയിൽ ഈ വിഷയം അത്ര വ്യക്തമാക്കിയിട്ടില്ല. അവളുടെ മാനസികാസ്വാസ്ഥ്യത്തിന്റെ വേര് സിനിമ കണ്ടെത്തുന്നത് ഗംഗയുടെ കുട്ടിക്കാലത്തെ ഒരു സംഭവത്തില്‍ നിന്നുമാണ്. മുഖ്യധാരാ സിനിമയുടെ സദാചാര അതിര്‍വരമ്പുകള്‍ക്കകത്ത് നില്‍ക്കുക എന്നത് കച്ചവട സാധ്യതകൾ നിലനിർത്താന്‍ പ്രധാനമായത് കൊണ്ടാവാം കഥ ഇത്തരത്തില്‍ പറഞ്ഞു പോയത്. എന്നാൽ ഗംഗയ്ക്ക് മഹാദേവനോടുള്ള താല്പര്യത്തെ സിനിമ പൂര്‍ണ്ണമായും നിരാകരിക്കുന്നുമില്ല. ഈ വിഷയത്തെ, ഗോപ്യമായി കഥയിൽ നെയ്ത് വെച്ചിട്ടുമുണ്ട്.
അടുക്കളക്കാരി ശാന്ത കാണുന്ന മുടിയഴിച്ചിട്ട രൂപം പോകുന്നത് മഹാദേവന്‍റെ വീട്ടിലേക്കാണ്. ഗംഗ, ഡോ. സണ്ണിയെ നാഗവല്ലിയുടെ മുറി കാണിക്കുമ്പോഴും രാമനാഥൻ താമസിച്ചിരുന്ന, ഇപ്പോൾ മഹാദേവൻ താമസിക്കുന്ന വീട് ജനാലയിലൂടെ കാട്ടി കൊടുക്കുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സവം കാണാനിരുന്ന ഗംഗ, കഥകളിയിലെ പ്രണയ രംഗം കണ്ടിരുന്നിട്ട് എഴുന്നേറ്റ് പോകുന്നത് മഹാദേവന്‍റെയടുത്തേക്കാണ്. മഹാദേവനില്‍ അനുരക്തയായ അവള്‍ അയാളുമായി ഒരു ഒരടുപ്പത്തിന് ശ്രമിക്കുമ്പോഴാണ് നകുലനും സണ്ണിയും അവിടെയെത്തുന്നത്. മഹാദേവനെ അടിക്കാന്‍ നകുലന്‍ തുടങ്ങുമ്പോള്‍ ‘ഞാനല്ല, ഇവരാണെന്നെ…’ എന്ന് മഹാദേവന്‍ പറയുന്നുമുണ്ട്. അതിനു സണ്ണി മറുപടി നല്‍കുന്നത് ‘I Know’ എന്നാണ്. സിനിമയിലെ വഴിത്തിരിവാണ് ഈ രംഗം. നകുലനുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന ശ്രീദേവിയുടെ സാന്നിദ്ധ്യമാണോ ഗംഗയെ ആലോസരപ്പെടുത്തുന്നത് എന്ന ഡോ. സണ്ണിയുടെ സംശയം ഈ സന്ദര്‍ഭത്തോടെ അവസാനിക്കുകയാണ്. മറ്റൊരവസരത്തില്‍ നാഗവല്ലിയാകുന്ന ഗംഗ അല്ലിയെ കൊല്ലാൻ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. മഹാദേവനെ സ്നേഹിക്കാൻ സാധിക്കാതെ പോകുന്നത് അല്ലി കാരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അത്.
ശരി-തെറ്റുകളുടെ അതിർവരമ്പുകൾ കടക്കാതിരിക്കാന്‍ ബോധമനസ്സ് നിഷ്കർഷിക്കുന്നിടത്താണ് ഗംഗയ്ക്ക് താളം പിഴയ്ക്കുന്നത്. സ്ത്രീയുടെ കാമത്തെയും, കാമനകളെയും ഏറ്റവും കൂടുതൽ ഭയക്കുന്നത് അവൾ തന്നെയാണ്. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അരുതാത്തത് എന്ന് സമൂഹവും സ്വന്തം ബോധവും വിലക്കുന്നതിനെ ഉപേക്ഷിക്കാൻ നിർബന്ധിതരായി, ആ ചിന്തയെ തന്നെ ഉപബോധമനസ്സിലേക്ക് താഴ്ത്തികളയേണ്ടതായി വരുന്നു. പക്ഷേ പ്രണയം, ഇഷ്ടം, കാമം തുടങ്ങിയ തീവ്രമായ വികാരങ്ങൾ പെട്ടെന്ന് മാഞ്ഞു പോകില്ല. അവയില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ശക്തിയുണ്ട്. അത് കൊണ്ട് തന്നെ മറ്റൊരു രൂപത്തിൽ അവ പുറത്തേക്ക് പ്രസരിക്കും. ബോധമനസ്സിന് ഒരു തരത്തിലും കുറ്റബോധം ഉണ്ടാകാത്ത വിധത്തിൽ, പുതിയ രൂപത്തിൽ, ഭാവത്തിലാവും അത് വീണ്ടും പ്രത്യക്ഷപ്പെടുക. നാഗവല്ലിയായി മാറുമ്പോൾ ഒരു കുറ്റബോധവും ഗംഗയെ ബാധിക്കുന്നില്ല. കാലാകാലങ്ങളായി നിലനിന്നിരുന്ന, നാഗവല്ലിയുടെ പ്രേതമുണ്ട് എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ടാണ്, ഗംഗയുടെ ഉപബോധ മനസ്സ് നാഗവല്ലിയായി മാറുന്നത്.
പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ്, സ്വന്തം കാര്യം നേടാൻ മനസ്സ് മെനയുന്ന തന്ത്രങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്, ഉദാഹരണങ്ങൾ സഹിതം. എന്നാലതൊന്നും ബോധപൂർവ്വമല്ല വ്യക്തികളിൽ സംഭവിക്കുന്നത് എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു. ആ പ്രവൃത്തികളൊന്നും കള്ളമോ നുണയോ അഹങ്കാരമോ അല്ല. ബോധമനസ്സിന് പോലും തിരിച്ചറിവില്ലാതെയാണ് പലപ്പോഴും ഉപബോധ മനസ്സ് പ്രവർത്തിക്കുന്നത്. സമൂഹത്തിന്റെ ശരിതെറ്റുകളുടെ അളവുകോലുകൾ തെറ്റാതിരിക്കാൻ ബോധ മനസ്സ് വിലക്കുന്നവയെയാണ് ഉപബോധ മനസ്സ് തോല്പ്പിക്കുന്നത്. സമൂഹം അതിനെ രോഗമെന്ന് വിളിക്കും. കാരണം സദാചാരപരമല്ലാത്തതെല്ലാം സമൂഹത്തിന് രോഗമാണ്. നാഗവല്ലിയായാൽ പിന്നെ ഗംഗയ്ക്ക് രാമനാഥന്‍റെയടുത്തേക്ക് പോകാം. വിലക്കില്ല. അത് രോഗത്തിന്‍റെ ഭാഗമാകുന്നതോട് കൂടി, ഗംഗയിലെ കുറ്റബോധം ഒഴിഞ്ഞു പോകും. എന്നാൽ നകുലന്‍റെ ഭാര്യയായ ഗംഗയ്ക്ക് ഒരിക്കലും മഹാദേവനെ ഒന്ന് നോക്കാൻ പോലും അനുവാദം ഉണ്ടാകില്ല. അങ്ങനെ നോക്കിയാൽ അവൾ പാപിയാണെന്ന് സ്വന്തം മനസ്സ് തന്നെ വിധിയെഴുതും. അത് കൊണ്ട് തന്നെ അങ്ങനെ സംഭവിക്കാതിരിക്കാൻ മനസ്സ് പ്രയത്നിക്കും.
സമൂഹത്തിൽ നിലനിൽക്കുന്ന ശരി-തെറ്റുകളുടെ അളവുകോലുകൾക്കുളളിൽ മനസ്സിനെ നിലനിർത്താനാണ് മനുഷ്യൻ പ്രയാസപ്പെടുന്നത്. സമൂഹത്തിന്‍റെ മുന്നിൽ മുഖം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തിലാണ് പല മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നത്. സമൂഹത്തിന്റെ ശരികളും മനസ്സിന്റെ ആഗ്രഹങ്ങളും സമതുലിതമാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടാണ് പലരും മാനസിക അസ്വാസ്ഥ്യങ്ങൾക്ക് കീഴ്പ്പെടുന്നത്.
ഇങ്ങനെ നോക്കുമ്പോൾ ‘മണിച്ചിത്രത്താഴ്,’ ഗംഗയുടെ പ്രണയത്തിന്‍റെ കഥയാണ്. നാഗവല്ലി അനുഭവിച്ചിരുന്ന തീക്ഷ്ണ പ്രണയം മറ്റൊരു തലമുറയിലെ ഗംഗ ഏറ്റെടുക്കുന്നതിന്‍റെയും കഥയാണ്. എന്ന് മാത്രമല്ല, മിക്ക സ്ത്രീകളിലും നിലനിൽക്കുന്ന തീക്ഷ്ണമായ ദ്വന്ദ്വവ്യക്തിത്വത്തിന്‍റെയും കഥയാണ്. കഥാപാത്രങ്ങൾക്ക് നൽകിയ പേരുകളും ശ്രദ്ധേയമാണ്. മഹാദേവൻ ശിവനാണ്. അല്ലിയോ, പാർവ്വതി ദേവിയുടെ പര്യായവും. ഗംഗയാകട്ടെ, മഹാദേവനെ ധ്യാനിച്ച്, ഭഗവാന്‍റെ ജടയിൽ കഴിയുന്നവൾ. ഇതിലൊന്നും പെടാത്ത മറ്റൊരു പേരാണ് ഗംഗയുടെ ഭർത്താവിന് നൽകിയിരിക്കുന്നത്. നകുലൻ!
ഹോളിവുഡ് സംവിധായകന്‍ വുഡി അലന്‍റെ ‘വിക്കി ക്രിസ്റ്റി ബാർസലോണ’ എന്ന ചിത്രത്തിൽ ഒരു ഡയലോഗുണ്ട്. ‘I love him but I am not in love with him.’ ദീർഘകാലം ഒരുമിച്ച് ജീവിക്കുകയും, സമൂഹത്തിന്റെ മുന്നിൽ മാതൃക ദമ്പതിമാർ എന്ന് അറിയപ്പെടുന്ന കൂട്ടത്തിലെ സ്ത്രീ പറയുന്ന വരികളാണിത്. ഇത്തരത്തിലുള്ളവരെ നമ്മുടെ ഇടയിലും കാണാൻ സാധിക്കും. ‘ഇഷ്ടമാണ്, പക്ഷേ എന്തോ ഒരു ചേർച്ച കുറവ്’ എന്ന് പറയുന്നവര്‍. ഇങ്ങനെയുള്ളവർ തമ്മിൽ വഴക്ക് പോലും ഉണ്ടാവാറില്ല. പക്ഷേ എവിടെയോ ഒരു വിഷാദം ഇവരെ പിടികൂടും. കാരണമറിയാത്ത ആ വിഷാദവുമായി ഈ ദമ്പതികൾ ജീവിതം തുടരും. ഒരു ചടങ്ങ് പോലെ ജീവിതം ജീവിച്ച് തീർക്കുന്നവരായി മാറുകയും ചെയ്യും.
വിരസതയുള്ള, ഏകതാനമായ ഒരു വിവാഹ ജീവിതം തന്നെയാണ് ഗംഗയുടേതും. എന്നാൽ നകുലൻ ഇത് അറിയുന്നില്ല എന്നതാണ് മറ്റൊരു കാര്യം. നകുലനെ സംബന്ധിച്ച് അയാള്‍ ഭാര്യയെ സ്നേഹിക്കുന്നുണ്ട്, എല്ലാ സ്വാതന്ത്ര്യവും നൽകുന്നുമുണ്ട്. അരുത് എന്ന് ഒരിക്കൽ പോലും പറയാത്ത ഭർത്താവാണ്. പക്ഷേ ആ ബന്ധത്തിൽ രണ്ട് പേരും വെവ്വേറെ ലോകത്താണ്. നേരം വെളുത്തിട്ടും സുഖമായി ഉറങ്ങുന്ന നകുലനെ ഉറക്കത്തിൽ നിന്ന് ഉണർത്തി ശ്രീദേവിയെയും കൊണ്ട് അമ്പലത്തിൽ പോകാൻ സണ്ണി പറയുന്നുണ്ട്.. അവര്‍ അമ്പലത്തിൽ പോകുമ്പോൾ അമ്പലത്തിൽ നിന്ന് മടങ്ങുന്ന ഗംഗയെയാണ് നമ്മൾ കാണുന്നത്. അത് പോലെ ‘കഥകളി കാണാൻ പോകുന്നില്ലേ’ എന്ന് സണ്ണി ചോദിക്കുമ്പോഴും നകുലൻ കമ്പ്യൂട്ടറിന്‍റെ മുന്നിൽ തന്നെ. പ്രതികരിക്കുന്നത് ‘ബോറടിക്കും’ എന്നും. പാട്ടും, കലയും, കവിതയും ഇഷ്ടപ്പെടുന്ന ഗംഗയാകട്ടെ എല്ലാം മറന്ന് കഥകളിയിലെ ശൃംഗാരപദം കെട്ടിയാടുന്നത് കണ്ട് മതിമറന്നിരിക്കുന്നതായാണ് ചലച്ചിത്രകാരൻ നമുക്ക് കാട്ടിതരുന്നത്.
Read Here: മണിച്ചിത്രത്താഴ്: ഇരുപത്തിയഞ്ച് വർഷങ്ങൾ, പല വായനകൾ
അസംതൃപ്തയായ ഭാര്യയായിരുന്നു ഗംഗ എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും അവളുടെ മുഖത്ത് ചിരി അധികം കാണാനാവില്ല. അവരുടെ ഭാവനയുടെ ലോകം മനസ്സിലാക്കുന്ന, അതിൽ വ്യാപരിക്കാൻ കഴിയുന്ന ഒരു കൂട്ട് അവളുടെ സ്വപ്നമാണ് എന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. രാമനാഥനും മഹാദേവനും കലാകാരന്മാരാണ്. ശങ്കരൻ തമ്പിയും നകുലനും കണക്കിന്‍റെ ലോകത്ത് വ്യാപരിക്കുന്നവരും. ഇപ്പോഴും പലരെയും കാണുമ്പോൾ മനസ്സില്‍ വിചാരിക്കാറുണ്ട്. ‘ദോ.. പോകുന്നു ഒരു ഗംഗയും നകുലനുമെന്ന്…’ ചേർച്ച ഇല്ലെന്നല്ല, എന്നാലും എന്തോ ഒരു വൃത്തഭംഗം!
ചിത്രം അവസാനിക്കുന്നത് ഗംഗയെ മെരുക്കിക്കൊണ്ടാണ്. ഗംഗയിലെ നാഗവല്ലിയെ വേരോടെ പിഴുതെടുത്ത് ‘ദാ പിടിച്ചോ’ എന്ന് പറഞ്ഞ് നകുലന് കൊടുക്കുകയാണ് ഡോക്ടര്‍ സണ്ണി. മഹാദേവനും രാമനാഥനും എന്നന്നേയ്ക്കുമായി ഒഴിഞ്ഞു പോയ, ശുദ്ധീകരിക്കപ്പെട്ട ഗംഗയെ. ഗംഗയാകട്ടെ തന്‍റെ തെറ്റുകളെ പൊറുത്ത നകുലേട്ടനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തി, ‘എനിയ്ക്ക് നകുലേട്ടന്‍റെ മാത്രമായി മാറണം’ എന്ന് പറഞ്ഞ് ഉത്തമയായ ഭാര്യയായി, സമൂഹത്തിന് ചേരുന്നവളായി മാറുകയാണ്.
മനുഷ്യന്റെ മനസ്സിലേക്ക് എത്തി നോക്കാനാണ് ‘മണിച്ചിത്രത്താഴ്’ ശ്രമിച്ചിരിക്കുന്നത്. ഇന്ന് വരെ ആർക്കും പിടികിട്ടിയിട്ടില്ലാത്ത മനസ്സ് എന്ന അത്ഭുതം തന്നെയാണ് ആ സിനിമയെ അനുവാചകനുമായി ഇത്രയേറെ ആഴത്തില്‍ ബന്ധിപ്പിക്കുന്നതും. മൂന്നു ദശാബ്ദത്തോളമായി മലയാളി മനസ്സില്‍, വ്യവഹാരങ്ങളില്‍, സിനിമാ ചരിത്രത്തില്‍ ‘മണിച്ചിത്രത്താഴ്’ തിളക്കമാര്‍ന്ന ഒരേടായി നില്‍ക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള നിലയ്ക്കാത്ത ചര്‍ച്ചകളില്‍ നിന്നും പുതിയ വ്യാഖ്യാനങ്ങള്‍ പിറന്നു കൊണ്ടിരിക്കുന്നു. ക്ലാസിക്കുകള്‍ അങ്ങനെയാണല്ലോ. അറിയുന്തോറും ആഴം കൂടുന്നവ. കാലാകാലങ്ങളോളം അവ നിലനിൽക്കുന്നതും ഇതേ കാരണത്താലാണ്.