Interview with Director Fazil: മലയാള സിനിമയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ് ഫാസിൽ എന്ന സംവിധായകൻ. നിരവധി ലാൻഡ്മാർക്ക് ചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു ഇടവേളയിലാണ്. ആ പേര് പിന്നീട് മുഴങ്ങിക്കേട്ടത് മകൻ ഫഹദ് ഫാസിലിലൂടെയാണ്.
‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയ ഫാസിൽ, പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം‘ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കടന്നു വന്ന വഴികളെക്കുറിച്ച്, സമകാലിക മലയാള സിനിമയെക്കുറിച്ച്, ഫഹദ് എന്ന നടനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി (ieMalayalam.com) സംസാരിക്കുകയാണ് ഫാസിൽ.

ഇന്നത്തെ മലയാള സിനിമയെ എങ്ങനെ നോക്കിക്കാണുന്നു?
ഇന്ന് മലയാള സിനിമയിൽ വർഷത്തിൽ കുറഞ്ഞത് 140 ഓളം ചിത്രങ്ങൾ റിലീസ് ആവുന്നുണ്ട്. അതിൽ കഷ്ടിച്ച് 10 സിനിമകളാണു ശ്രദ്ധിക്കപ്പെടുന്നത്. അതിൽത്തന്നെ മൂന്നോ നാലോ പടങ്ങളെ ഹിറ്റ്/സൂപ്പർഹിറ്റ് എന്നൊക്കെ പറയുന്ന ലെവലിലേക്ക് എത്തുന്നുള്ളൂ. അതെന്തു കൊണ്ടായിരിക്കുമെന്ന് ഒരു സിനിമാക്കാരനെന്ന നിലയിൽ ഞാൻ അനലൈസ് ചെയ്യാറുണ്ട്. സിനിമയുടെ പെരുപ്പം എന്നു പറയുന്നതിനെ നമുക്ക് തടയാൻ പറ്റില്ല. കാരണം സാറ്റലൈറ്റ് വിപണി, ഏറെ തിയേറ്ററുകൾ ഒക്കെ ഇന്നുണ്ട്. മൾട്ടിപ്ലക്സ് യുഗമല്ലേ? അവർക്കൊക്കെ സിനിമ ആവശ്യമുണ്ട്. സിനിമയ്ക്ക് ആവശ്യക്കാർ ഉള്ളതു കൊണ്ട് എങ്ങനെയെങ്കിലും തട്ടിക്കൂട്ടി എടുക്കുക എന്നതാണ് പ്രവണത.
നെറ്റ് യുഗം വന്നതിനു ശേഷം, ചെറുപ്പക്കാരിൽ നിന്നും വായന പൂർണമായും ഇല്ലാതായിട്ടുണ്ട്. വായനയിൽ നിന്നാണ് ഞങ്ങളെ പോലുള്ളവർക്ക് ഭാവന ഉണർന്നിരുന്നത്. എന്റെ കാലഘട്ടത്തിൽ എന്നോടൊപ്പം തന്നെ പത്തോ പന്ത്രണ്ടോ വിജയിച്ച സംവിധായകർ, പല ആംഗിളിൽ പടം എടുക്കാവുന്ന സംവിധായകർ സജീവമായി ഉണ്ടായിരുന്നു. അങ്ങനെ ഒരു ടീം ഇപ്പോൾ വരുന്നില്ല. വരാത്തതിനു കാരണം, എഴുത്തിൽ അല്ലെങ്കിൽ സബ്ജെക്ടിൽ ഉള്ള കുഴപ്പമാണ്. വായന പൂർണമായി ഇല്ലാതായി, നെറ്റിൽ നിന്ന് വായനയും ഭാവനയും ഉണരുന്ന സമയത്ത് ചിലപ്പോൾ ക്രിയേഷൻ ഉണ്ടാകുമായിരിക്കും. തൽക്കാലം അതില്ല. അതിന്റെ ഒരു പോരായ്മ നമ്മുടെ സിനിമയിൽ കാണാനുണ്ട്.
ഇത്രയും സംഗതികൾ നടക്കുമ്പോഴും എസ്റ്റാബ്ലിഷ്ഡ് ആയ ആർട്ടിസ്റ്റുകൾക്ക് അവരുടെ ഫോർമുല നോക്കണം. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ എങ്ങനെയാണ് പടങ്ങൾ വരേണ്ടതെന്ന് അവർക്കു പറയാനാവും. ഒരു സബ്ജെക്ട് വന്നു കഴിയുമ്പോൾ, ഇതെന്നെ കൊണ്ടു പറ്റില്ല എന്നു അവർക്ക് പറയാൻ പറ്റും. അതു കൊണ്ടു തന്നെ, ഒരു വർഷം അവരുടെ മൂന്നോ നാലോ പടങ്ങൾ ഇറങ്ങുമ്പോൾ അത് ഈ 140 ന്റെ ഗണത്തിൽ പെടുന്നില്ല. അതിനകത്ത് ഒരു ഔട്ട്പുട്ടുണ്ട്, അവർക്കു വേണ്ടി ഉണ്ടാക്കിയ കഥകൾക്ക് കുറച്ചു കൂടി ഗൗരവകരമായ ഒരു ഇടപെടൽ വരുന്നതു കൊണ്ട് ‘സൂപ്പർസ്റ്റാർഡം’ നിന്നു പോവുന്നു. അത് മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ സൂപ്പർസ്റ്റാറുകൾ മാത്രമല്ല, അതിനും താഴെ വരുന്ന ഫഹദ്, ദുൽഖർ പോലെയുള്ളവരും ആ ആംഗിളിലേക്ക് കടക്കുകയാണ്. അവരിപ്പോൾ അവരുടെ സബ്ജെക്ടിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.
ന്യൂജെൻ തരംഗം എന്നു പറയുന്ന സിനിമകളിൽ ചിലത് ഓടും. വിജയിക്കുമ്പോൾ അതാണ് ട്രെൻഡ് എന്നു പറഞ്ഞ് എല്ലാവരും കൂടെ അതിനു പിറകെ പോവും. എന്നാൽ വരുന്നതെല്ലാം പൊളിഞ്ഞു പോവുകയും ചെയ്യും. ഇനി മലയാളത്തിൽ ഒരു ബ്രേക്ക് വരണമെങ്കിൽ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണത്തിനും സംഗീതത്തിനുമൊക്കെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സബ്ജെക്ട് ഉണ്ടാവണം. ആ സബ്ജെക്ട് വിജയിക്കുമ്പോൾ ആളുകൾ ആ ട്രെൻഡ് പിൻതുടർന്നു കൊള്ളും. അത്തരം സബ്ജെക്ടുകൾ ഇപ്പോൾ ഉണ്ടാവുന്നില്ല.
ഒരു സംവിധായകന് വിരമിക്കൽ എന്ന ഒന്നുണ്ടോ?
ഭാവന എന്നു പറയുന്ന കാര്യം ചോർന്നു പോവില്ല, അത് എഴുപതു വയസ്സായാലും എൺപത് വയസ്സായാലും നിലനിൽക്കും. പക്ഷേ പ്രായവും സിനിമയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരു പ്രായം വരെ നമ്മുടെ ശ്രദ്ധ സിനിമയിൽ മാത്രം നിൽക്കും. ആ പ്രായം കഴിഞ്ഞ് കുടുംബം, കുട്ടികൾ, ബിസിനസ് എന്നിങ്ങനെ വേറെ കാര്യങ്ങള്‍ ഒരുപാട് വരുമ്പോൾ പഴയ ശ്രദ്ധ കിട്ടണമെന്നില്ല. മക്കളുടെ വിദ്യാഭ്യാസം, കല്യാണം അത്തരം ചിന്തകളൊക്കെ നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിക്കും.
സിനിമയിൽ ഇല്ലാതിരിക്കുന്ന സമയത്തും ഞാൻ സിനിമ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അത് വർക്ക് ഔട്ട് ആവുന്നില്ല എന്നത് മറ്റൊരു സത്യം. തിരിച്ചു വരുമ്പോൾ അതു പോലൊരു വരവ് വരണമല്ലോ എന്നൊരു ചിന്ത നമ്മളെ കയറിപ്പിടിക്കും. ആ ചിന്ത കുറച്ചൊക്കെ നമ്മളെ പിൻതിരിപ്പിക്കുകയും ചെയ്യും. ഇപ്പോഴും ആ റിസർച്ച് ഇങ്ങനെ നടന്നു പോയി കൊണ്ടിരിക്കുകയാണ്.
Read Here: മലയാള സിനിമയിൽ ഒരു ട്രെൻഡോ ട്രെൻഡ് മേക്കറോ വരണം: ഫാസില്‍
മിമിക്രിയും സിനിമയും
Fazil: ഞാനും നെടുമുടി വേണുവുമൊക്കെയുള്ള ഒരു ഗ്രൂപ്പിനെ കേരളത്തിലെ ‘മിമിക്രിയുടെ പയനിഴേസ്’ എന്നു വേണമെങ്കില്‍ പറയാം. മിമിക്രിയുമായി ഒരുപാട് വേദികളിൽ വന്നിട്ടുണ്ടെങ്കിലും ഒരു സിനിമാസംവിധായകനായതിനു ശേഷം മിമിക്രി വേറെ, സിനിമ വേറെ. എന്റെ സിനിമയിലേക്ക് മിമിക്രിയെ തള്ളികയറ്റാൻ ഞാൻ ശ്രമിച്ചിട്ടേയില്ല. മിമിക്രി എന്നു പറയുന്നത് ഒരു കൗതുകമാണ്, കണ്ടു കഴിയുമ്പോൾ അതങ്ങ് തീരും. സിനിമ പക്ഷേ പത്തോ ഇരുപതോ തവണ ആവർത്തിച്ചു കണ്ടെന്നിരിക്കും. മിമിക്രിയ്ക്ക് പക്ഷേ അത്രയ്ക്ക് ലൈഫ് ഇല്ല.
പുതിയ ചിത്രങ്ങളിൽ ഞാൻ അനലൈസ് ചെയ്ത രണ്ടുചിത്രങ്ങൾ, ‘അതിരനും‘ ‘ഉയരെ‘യുമാണ്. രണ്ടും വളരെ സീരിയസ് ചിത്രങ്ങളാണ്. എന്താണ് ഈ സിനിമകൾക്ക് ഇത്രയും ജനപ്രീതി കിട്ടിയത് എന്നാലോചിച്ചപ്പോൾ എനിക്കു തോന്നിയത്, ഈ മിമിക്രി ഫിലിമിനോടുള്ള വൈരാഗ്യമാണെന്നാണ്. അതിനൊരു ആയുസ്സുണ്ട്. ഞാൻ സിനിമയിലേക്ക് വന്നത് എന്റെ വായനയിലൂടെ, നിരീക്ഷണത്തിലൂടെ, പരിചയങ്ങളിലൂടെ, കലയുമായുള്ള ബന്ധങ്ങളിലൂടെയൊക്കെയാണ് വരുന്നത്. മിമിക്രിയുമായും നല്ല ബന്ധമുണ്ട്. ഞാനും വേണുവുമൊക്കെ ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനെ വേറിട്ടു കാണുക എന്നതാണ് എന്റെ ഉദ്ദേശം. അല്ലാതെ മിമിക്രികാരൻ ആയതു കൊണ്ട് ഒരു മിമിക്രി സ്റ്റൈൽ പടം എന്നത് ഞാൻ ചിന്തിക്കുക കൂടിയില്ല.
ഡിജിറ്റല്‍ സിനിമാക്കാലത്തെ മോഹങ്ങള്‍
ഞാൻ സിനിമയിൽ നിന്നിട്ടെ സിനിമയ്ക്കുള്ളിലെ കാര്യങ്ങൾ ആലോചിക്കൂ. സിനിമാ സംവിധായകൻ ആയി നിന്ന കാലത്ത് സിനിമാ സീരിയൽ ഞാൻ ചെയ്യാൻ പോവാത്തതിനു കാരണം അതിനോടുള്ള ഒരു ഇൻഫീരിയോരിറ്റി ഫീലിംഗ് കൊണ്ടല്ല. എന്റെ മേഖല സിനിമയാണ്. ഇപ്പോൾ ഞാൻ സിനിമയിൽ ആണ് നിൽക്കുന്നത്. എനിക്ക് വെബ്സീരിസ് തുടങ്ങണം എന്ന ചിന്ത വന്നാൽ അതിനെന്തെങ്കിലും ഒരു ഹിഡൻ അജണ്ട കാണും. ചിലപ്പോൾ പണമാവാം ഉദ്ദേശം. അല്ലാതെ അതെന്നെ ഇൻവൈറ്റ് ചെയ്യുന്നില്ല, പക്ഷേ സിനിമ ചെയ്യുന്നുണ്ട്. എന്നെ ഇൻവൈറ്റ് ചെയ്യാത്തിടത്ത് ഞാൻ കയറി ചെല്ലുകയുമില്ല. നെറ്റ് സീരീസ് സിനിമയ്ക്ക് വളരെ പൊട്ടൻഷ്യൽ കൊടുത്തിട്ടുണ്ട്, സിനിമയിങ്ങനെ വികസിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാൽ, ബേസിക്കൽ സിനിമ സിനിമയായി തന്നെ നിലനിൽക്കുകയും ചെയ്യും.
Read Here: ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു: ഫാസില്‍

‘മണിച്ചിത്രത്താഴി’ന്റെ ഉപകഥകള്‍ക്ക് വെബ് സീരീസ് സാധ്യതയില്ലേ?
ഫാസില്‍: ‘മണിചിത്രത്താഴ്’ എടുത്ത സമയത്ത് ഗ്രാഫിക്സ് ഇല്ല, ആനിമേഷൻ ഇല്ല. ‘ബാഹുബലി‘ ചെയ്യുമ്പോൾ അവർ ആനിമേഷൻ എന്ന ടെക്നോളജിയുടെ സാധ്യതയും പൊട്ടൻഷ്യലും മുന്നിൽ കണ്ടു കൊണ്ടാണ് അവരുടെ തോട്ട് പ്രോസസ് മുന്നോട്ടു കൊണ്ട് പോവുന്നത്. അന്ന് ഗ്രാഫിക്സ് ഒന്നുമില്ലാത്തതു കൊണ്ട് ‘മണിച്ചിത്രത്താഴ്’ എടുക്കുന്ന സമയത്ത് ഞങ്ങളുടെ ചിന്ത അങ്ങനെ പോയില്ല. പക്ഷേ ഇന്ന്, 25 വർഷങ്ങൾക്ക് ശേഷം ‘മണിച്ചിത്രത്താഴ്’ എടുത്തിട്ട് ഇനിയതിനെ എടുത്ത് മോഡേൺ സിനിമ ആക്കി കളയാം എന്നു കരുതി ആനിമേഷനും ഗ്രാഫിക്സുമൊക്കെ കുത്തി നിറച്ചാൽ ചിലപ്പോൾ നഷ്ടപ്പെടാൻ പോവുന്നത് അതിന്റെ ക്ലാസ്സിക്ക് സ്വഭാവമായിരിക്കും.
ഇപ്പോൾ പ്രിയദർശൻ ‘കുഞ്ഞാലി മരക്കാർ’ എടുക്കുന്നു, ടെക്നോളജിയെ മുന്നിൽ കണ്ടിട്ടാണ് അതിനായി ശ്രമിക്കുന്നത്. ടെക്നോളജി ഇല്ലെങ്കിൽ ആ സിനിമ ഇല്ല. ‘വിസ്മയത്തുമ്പത്ത്’ എന്നൊരു പടത്തിൽ ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു. സബ്ജെക്ട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ ചെയ്യുമായിരിക്കും.
സൗഹൃദങ്ങളും സിനിമയും
അടുത്തിടെ ഞാനൊരു പുസ്തകമെഴുതി. അതിന്റെ പ്രകാശനത്തിന് എല്ലാവരെയും വിളിച്ചു. സ്റ്റേജിൽ ഉണ്ടായിരുന്നത് ജോഷി, തമ്പി കണ്ണന്താനം, സിദ്ദിഖ്, പ്രിയദർശൻ, ലാൽജോസ്, സിബി മലയിൽ, സത്യൻ അന്തിക്കാട് ആ കാലഘട്ടത്തിലെ സംവിധായകർ മുഴുവൻ ഉണ്ടായിരുന്നു. അത്രയും സംവിധായകർ വരുമ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദമെന്താണെന്ന് അറിയാമല്ലോ.
അന്ന് പ്രസംഗിച്ചപ്പോൾ സത്യൻ അന്തിക്കാട് ആ വേദിയിൽ വെച്ചു പറഞ്ഞു, എന്റെ ‘സന്മനസുള്ളവർക്ക് സമാധാനം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ശരിപ്പെടുത്തി തന്നത് ഫാസിലാണെന്ന്. സമാനമായി പ്രിയദർശനും പറഞ്ഞു, ‘കിലുക്ക’ത്തിന്റെ ക്ലൈമാക്സ് ഫാസിലുമായി ചർച്ച ചെയ്തപ്പോഴാണ് കിട്ടിയത് എന്ന്. കാവാലം നാരായണ പണിക്കർ സാറിന്റെ സമയത്ത് ഞങ്ങൾക്ക് ഒരു സൗഹൃദക്കൂട്ടായ്മ ഉണ്ടായിരുന്നു. ആ കൂട്ടായ്മയിൽ കൊണ്ടും കൊടുത്തും അറിഞ്ഞുമാണ് ഞങ്ങൾ വളർന്നത്. സിനിമയിൽ വന്നപ്പോഴും ആ സൗഹൃദം ഞങ്ങൾക്കുണ്ടായിരുന്നു, ഇന്ന് സിനിമയിൽ അതുണ്ടോ എന്നെനിക്കറിയില്ല.
ഒരിക്കൽ ചെന്നൈയില്‍ സത്യൻ അന്തിക്കാട് ഒരു സിനിമയുടെ വർക്കിനു വരുന്നു, ഞാനും. അവിടെ വെച്ച് കണ്ടപ്പോൾ എന്താണ് ഫാസിലേ, സബ്ജെക്ട് എന്നു ചോദിച്ചപ്പോൾ ഞാനത് പറഞ്ഞു കേൾപ്പിച്ചു. സബ്ജെക്ട് കേട്ടപ്പോൾ ഇത് നിങ്ങള്‍ തമിഴിലാണോ എടുക്കാൻ പോവുന്നത്, ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ എടുക്കേണ്ടതാണ് ഇപ്പോൾ എന്നു പറഞ്ഞു. സത്യന്റെ ആ ശാസനയും ആഗ്രഹവുമൊക്കെ കണ്ടപ്പോൾ തമിഴ് എന്ന പ്ലാൻ മാറ്റി ഞാൻ മലയാളത്തിൽ എടുത്ത ചിത്രമാണ് ‘അനിയത്തിപ്രാവ്.’ പക്ഷേ വലിയൊരു തമാശ എന്താണെന്നു പറഞ്ഞാൽ, സത്യൻ അന്നു ചെയ്തു കൊണ്ടിരുന്ന ‘ഇരട്ടക്കുട്ടികളുടെ അച്ഛനും’ ‘അനിയത്തിപ്രാവും’ ഒന്നിച്ചാണ് റിലീസിനെത്തിയത്. ഞങ്ങളുടെ ഇടയിൽ അങ്ങനെയൊരു സൗഹൃദമുണ്ടായിരുന്നു.
അത്തരം സൗഹൃദങ്ങൾ വേണം. ഇപ്പോഴത്തെ കാലത്ത് സംവിധായകനോട് ഒരു കഥ ചോദിച്ചാൽ അതൊന്നു ഷെയർ ചെയ്യാൻ പോലുമുള്ള മനസ്സിലെന്ന് തോന്നിയിട്ടുണ്ട്. അതിൽ നിന്നൊഴിഞ്ഞു മാറാനുള്ള ഒരു ടെൻഡൻസി കണ്ടിട്ടുണ്ട്. ചിലപ്പോൾ സീനിയറായ ഞാൻ ആ കഥ കൊള്ളില്ല, മാറ്റാൻ പറയുമെന്നു പേടിച്ചിട്ടാവും. പക്ഷേ ഞങ്ങളൊന്നും അങ്ങനെ പേടിച്ചിട്ടില്ല. എടുക്കാൻ പോവുന്ന കാര്യങ്ങൾ പറയുന്നു, മറ്റുള്ളവരിൽ നിന്നും കിട്ടുന്ന നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. കൂട്ടായ്മ, സൗഹൃദം എന്നു പറയുന്നതൊക്കെ ഞങ്ങളുടെ കാലഘട്ടത്തിൽ ശക്തമായി ഉണ്ടായിരുന്നു, അത് ഞങ്ങൾ ആസ്വദിച്ചിട്ടുണ്ട്, അതിൽ നിന്ന് ഞങ്ങൾക്ക് പലതും കിട്ടിയിട്ടുണ്ട്. അത് പുതിയ ആളുകൾക്കും കിട്ടട്ടെ എന്നാണ് പ്രാർത്ഥന.

‘മണിച്ചിത്രത്താഴി’ന്റെ വിജയരഹസ്യം
Fazil: ‘മണിചിത്രത്താഴ്’ എന്ന സബ്ജെക്ടിനെ കുറിച്ചു പറഞ്ഞപ്പോഴൊക്കെ അതു വേണോ എന്നാണ് പലരും എന്നോട് ചോദിച്ചത്. പക്ഷേ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താൽപ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാൽ ‘മണിച്ചിത്രത്താഴ്’ എടുക്കും മുൻപ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാൻ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു. അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോൾ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള്‍ പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വർഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. അത് വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയുമാണ് മുന്നോട്ടുപോയത്, പക്ഷേ ഇതെടുത്താൽ വിജയിക്കുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘മണിചിത്രത്താഴിൽ’ ലാൻഡ് ചെയ്യുന്നത്, സിനിമ തുടങ്ങുമ്പോൾ തിരക്കഥ പക്ക ആയിരുന്നു.
ഒരു സിനിമ വിജയിക്കുമ്പോൾ അതിൽ നമ്മൾ അറിയാത്ത ഒരുപാട് ഘടകങ്ങൾ കൂടി ഒത്തുവരണം. അത് ആ സിനിമയുടെ യോഗമോ നിയോഗമോ വിധിയോ ഒക്കെയാണ്. ‘മണിചിത്രത്താഴിനെ’ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ, എംജി രാധാകൃഷ്ണൻ എന്ന സംഗീതസംവിധായകൻ ഇല്ലെങ്കിൽ എന്ത് ‘മണിചിത്രത്താഴ്?’ ശോഭന എന്ന നടിയില്ലെങ്കിൽ? ഇന്നസെന്റ് ഇല്ലെങ്കിൽ ‘മണിചിത്രത്താഴിലെ’ കോമഡി എന്താവും? സ്ക്രിപ്റ്റും സംവിധാനവും മാത്രം നന്നായതു കൊണ്ടല്ല ‘മണിചിത്രത്താഴ്’ വിജയമായത്. സിനിമയ്ക്ക് ചേർന്ന ലൊക്കേഷൻ, പെർഫെക്റ്റ് കാസ്റ്റിംഗ്, ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം നന്നായി വന്നതു കൊണ്ടു കൂടിയാണത്.
പല സംവിധായകരുടെ ശൈലികള്‍ ചേരുമ്പോള്‍
ആർട്ടിസ്റ്റുകളെല്ലാം ആ സിനിമയ്ക്ക് വാരിവലിച്ചാണ് ഡേറ്റ് തന്നത്. ഒരൊറ്റ ലൊക്കേഷനിൽ ആണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി ബാക്കി ആർട്ടിസ്റ്റുകളെല്ലാം വെറുതെയിരിക്കണം, അതു കണ്ട് എന്റെ കുറ്റബോധം ഉണരാൻ തുടങ്ങി. അവരെ വെച്ച് എടുക്കുമ്പോൾ മോഹൻലാൽ വെറുതെ ഇരിക്കണം. അതു കണ്ടാണ് സിബി മലയിൽ, സിദ്ദിഖ് ലാൽ, പ്രിയദർശൻ എന്നിവരെയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തുന്നത്. അത് ആ സിനിമയുടെ ഒരു ഭാഗ്യമാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ ആ ഷൂട്ട് തീർത്തത്. ആർട്ടിസ്റ്റുകൾ വെറുതെയിരുന്ന് ബോറടിക്കേണ്ട എന്ന ചിന്തയിൽ നിന്നാണ് അങ്ങനെയൊരു ആശയം വരുന്നത്.
പ്രിയൻ, സിബി മലയിൽ, സിദ്ദിഖ്, ലാൽ, അവരെല്ലാം അവരുടെ ശൈലിയിലാണ് എടുത്തത്. എന്റെ ശൈലിയിലേക്ക് വരണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. എന്നിട്ടും അതെല്ലാം ഒരു പോലെ വന്നത്, ആ സ്ക്രിപ്റ്റിന്റെ ഒരു ഗുണം കൊണ്ടാണ്, മധു മുട്ടത്തിന്റെ സ്ക്രിപ്റ്റ് അത്രയും ശക്തമായ ഒന്നായിരുന്നു.
സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആവുമ്പോള്‍
‘മണിചിത്രത്താഴ്’ എടുത്തിട്ട്, ‘എന്റെ സൂര്യപുത്രിയ്ക്ക്’ എടുത്തിട്ടുണ്ട്. ‘സൂര്യപുത്രി’ ഇത്തിരി കളർ കൂട്ടിയെടുത്ത ചിത്രമാണ്. ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രം അതു പോലെ ‘ഡൗൺ റ്റു എർത്ത് റിയലിസ്റ്റിക്’ ആയിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്‘ റിയലിസ്റ്റിക് ആയിരുന്നെങ്കിലും അവശ്യം വേണ്ട നാടകീയത അതിലുണ്ടായിരുന്നു. റിയലിസ്റ്റിക് മൂവി എന്നു പറയുന്നത് പൂർണമായും റിയലിസ്റ്റിക് ആയി എടുക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. റിയലിസ്റ്റിക് ആയിരിക്കുമ്പോാഴും അതിൽ സിനിമ ഉണ്ടായിരിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.
സിനിമയോട് ഒരു നീതി പുലർത്തേണ്ടതുണ്ട്. അതിൽ കാൽപ്പനികത വരും, സിനിമയുടെ ആഘോഷങ്ങൾ വരും. കാൽപ്പനികതയെ ചിലപ്പോൾ നാടകീയതയായി തെറ്റിദ്ധരിക്കും. റിയലിസ്റ്റിക് മൂവിയെ റിയലിസ്റ്റിക് ആയി എടുത്തു കഴിഞ്ഞാൽ അത് വെറും ജീവിതഗന്ധി മാത്രമായി മാറും. അത് അവാർഡുകളിലും ഫെസ്റ്റിവലുകളിലുമൊക്കെ പോവുമായിരിക്കും, അതിനോട് എനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല. ബെസ്റ്റ് ഫിലിം അവാർഡ് കിട്ടുന്നതിനേക്കാൾ എനിക്കു താൽപ്പര്യം കലാമൂല്യവും ജനപ്രീതിയുമുള്ള അവാർഡ് കിട്ടുന്നതാണ്. അത് നാലഞ്ച് ചിത്രങ്ങൾക്ക് കിട്ടിയിട്ടുമുണ്ട്, അതിൽ ഞാൻ സന്തോഷവാനാണ്.
Read Here: കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം: ഫാസിലിന്റെ മക്കൾ-ചിത്രങ്ങൾ

‘ഹരികൃഷ്ണന്സിന്’ മൂന്നു ക്ലൈമാക്സ്
ഫാസില്‍: മോഹൻലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി നിൽക്കുന്ന സമയത്ത്, അവർ അവരുടേതായ സിനിമകളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന സമയത്ത്, ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് ‘ഹരികൃഷ്ണൻസ്.’ ഒരു കൗതുകത്തിന്റെ പുറത്തു ചെയ്ത സിനിമയാണെങ്കിലും അതൊരു തട്ടിക്കൂട്ട് പടമൊന്നുമല്ല. മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവരെ മുന്നിൽ നിർത്തി കോമാളിത്തരങ്ങൾ ഒക്കെ കാണിക്കുമെങ്കിലും ‘ഹരികൃഷ്ണൻസിൽ’ ആഴത്തിൽ പറഞ്ഞു പോവുന്ന ഒരു ക്രൈം സ്റ്റോറി പോവുന്നുണ്ട്, അതിന്റെ അന്വേഷണവുമുണ്ട്.
അത്തരമൊരു സിനിമയെടുക്കുമ്പോൾ മോഹൻലാലിനെ ഞാൻ കൂടുതലായി പരിഗണിച്ചെന്നോ, മമ്മൂട്ടിയെ കൂടുതൽ പരിഗണിച്ചെന്നോ ഉള്ളൊരു പേരുദോഷം ഉണ്ടാവാതിരിക്കണമെന്നുണ്ടായിരുന്നു. ഒപ്പം ഇരുവരുടെയും ആരാധകരെയും കണക്കിലെടുക്കണം. മെയിൻ പ്രശ്നം, ജൂഹി ചൗളയെ ആർക്കു കിട്ടും എന്നതാണ്. മമ്മൂട്ടിയ്ക്ക് കിട്ടിയാൽ മോഹൻലാലിന്റെ ഫാൻസ് നിരാശരാകും. മോഹൻലാലിന് കിട്ടിയാൽ മമ്മൂട്ടി ഫാൻസിനും.
അപ്പോൾ തോന്നിയ ഒരു കൗതുകമാണ് ക്ലൈമാക്സ്. കൗതുകത്തെ വേണമെങ്കിൽ കുസൃതി എന്നും പറയാം. മോഹൻലാലിനു കിട്ടുന്നതായി എടുത്തു വെച്ചു, മമ്മൂട്ടിയ്ക്ക് കിട്ടുന്നതായും എടുത്തു വെച്ചു. ആർക്കും കിട്ടുന്നത് കാണിക്കാത്ത ഒരു ക്ലൈമാക്സും. പക്ഷേ കുഴപ്പങ്ങളുടെ തുടക്കം മദ്രാസിലെ പ്രിവ്യൂവിന് ശേഷമാണ്. ആ പ്രിവൂവിൽ കാണിച്ച ചിത്രത്തിൽ ആർക്കാണ് കിട്ടിയതെന്ന് കാണിക്കുന്നില്ല. മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് പ്രേക്ഷകരോട് ചോദിക്കും, ആർക്ക് കിട്ടിയെന്ന് അറിയേണ്ടേ? ദേ ഇയാൾക്ക് എന്നു പറഞ്ഞ് പരസ്പരം കൈചൂണ്ടുന്നതാണ്. അവിടെയാണ് ഞാനാ പടം ഫിനിഷ് ചെയ്തത്. പക്ഷേ പ്രിവ്യൂ കണ്ട കുറേ സ്ത്രീകൾ വന്ന് കഷ്ടമായി പോയി, ഞങ്ങളെ പറ്റിച്ചതു പോലെയായി, ആർക്കു കിട്ടിയാലും എന്താ, ആർക്കാ കിട്ടിയതെന്ന് കാണിച്ചു കൂടെ എന്നൊക്കെ പരാതിയുമായി വന്നത്. അപ്പോൾ വീണ്ടും ഒരു കുസൃതി തോന്നി.
ഞാൻ എത്ര പ്രിന്റുണ്ടെന്നു തിരക്കി, ആകെ 32 പ്രിന്റ്. 16 പ്രിന്റിൽ മോഹൻലാലിനു കിട്ടട്ടെ, 16 എണ്ണത്തിൽ മമ്മൂട്ടിയ്ക്ക് കിട്ടുന്നതായും വെച്ചേക്കൂ എന്നു പറഞ്ഞ് ഞാനെന്റെ പരിപാടി തീർത്തു. പിന്നെ അതു വിവാദമൊക്കെയായി. കൗതുകത്തിനു വേണ്ടി ഒരു പടം ചെയ്തു, ആ കൗതുകം ഞാൻ അവസാനം വരെ കാക്കുകയും ചെയ്തു.
‘ഹരികൃഷ്ണന്സി’ല്‍ ഷാരൂഖ് ഖാന്
ഊട്ടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷാരൂഖ് ഖാനും അവിടെ അടുത്തൊരു സിനിമയുടെ ഷൂട്ടിംഗിനായി വന്നിരുന്നു. ഷാരൂഖ് ജൂഹിയുടെ നല്ല സുഹൃത്താണ്. ഷൂട്ടിംഗ് കഴിഞ്ഞാൽ എല്ലാ ദിവസവും വൈകിട്ട് ജൂഹി ഷാരൂഖിനെ മീറ്റ് ചെയ്യുമ്പോൾ നമ്മുടെ ഹിന്ദി സെറ്റൊക്കെ എന്തു സെറ്റ്, ഈ സെറ്റാണ് സെറ്റ്. ആ ഡയറക്ടറിനെ കാണണം, ആർട്ടിസ്റ്റുകളെ കാണണം, എന്തൊരു ഹോംലി അന്തരീക്ഷം എന്നൊക്കെ പറഞ്ഞ് ഷാരൂഖിനെ കൊതിപ്പിക്കും. ഒടുവിൽ ഷാരൂഖ് എന്നോടു പറഞ്ഞു, ഒരു ഷോട്ടെങ്കിൽ ഒരു ഷോട്ട് എനിക്കീ ചിത്രത്തിൽ വേണം കെട്ടോ എന്ന്. അതെങ്ങനെ കൊണ്ടുവരും എന്നറിയില്ല, ഒടുവിൽ മമ്മൂട്ടിയ്ക്കോ മോഹൻലാലിനോ എന്നു കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് ജൂഹിയുടെ കൈപിടിച്ചു പോവുന്നതായി ആലോചിച്ചു. പിന്നെ ഒരു ആർട്ടിഫിഷ്യാലിറ്റി വേണ്ടെന്ന് ഓർത്ത് വിട്ടുകളഞ്ഞു.
Read Here: സൂപ്പര്‍ നായകന്മാര് ഒറ്റ ഫ്രെയിമില്‍, ചരിത്ര മുഹൂര്‍ത്തത്തിന് കാരണമായത് നായിക
ഫാസില്‍ നായികമാരുടെ വസ്ത്രങ്ങള്‍
Fazil: കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ ചില കഥാപാത്രങ്ങള്‍ക്ക് എനിക്ക് വളരെ നിര്‍ബന്ധമുണ്ട്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിനു വേണ്ടി പൂര്‍ണിമ ജയറാമിനെ ഞാന്‍ ഫിക്സ് ചെയ്യുമ്പോള്‍ പൂര്‍ണിമ എനിക്ക് അയച്ചു തന്ന ഫോട്ടോയില്‍ ഒരു പ്ലെയിന്‍ ബ്ലൗസ്, കയ്യിലൊരു ബോര്ഡറുമുണ്ടായിരുന്നു, സാരിയിലും ഒരു ബോര്ഡറുണ്ടായിരുന്നു. പൂര്‍ണിമ ജയറാമിനെ ഞാന്‍ ഫിക്സ് ചെയ്യുന്നത് പൂര്‍ണിമയുടെ മുഖവും ആ സാരിയും ബ്ലൗസും കണ്ടിട്ടാണ്. പൂര്‍ണിമ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ആ സാരിയും ബ്ലൗസും ഫോളോ ചെയ്യാന്‍.
അങ്ങനെ ഓരോ ആര്‍ട്ടിസ്റ്റുകളുമായും കമ്മ്യൂണിക്കേറ്റ് ചെയ്താണ് കോസ്റ്റ്യൂം തീരുമാനിക്കുന്നത്. ഞാനേറ്റവും വലിയ ചലഞ്ച് കൊടുത്തിട്ടുള്ളത് ശോഭനയ്ക്കാണ്. ‘മണിചിത്രത്താഴി’ലെ ഗംഗ എന്ന കഥാപാത്രം. മിക്കവാറും സാരിയും ബ്ലൗസും ധരിക്കുന്ന ആളാണ്. അതില്‍ എന്ത് ചേഞ്ച് കാണിക്കാനാണ്. പാട്ടിനിടെ ഒന്നു രണ്ടിടത്ത് ശോഭന ചുരിദാര്‍ ധരിക്കുന്നുണ്ട്. ബാക്കിയെല്ലാം സാരികളാണ്. പിന്നെ നാഗവല്ലിയായി മാറുമ്പോഴുള്ള ഡ്രസ്സാണ്.
ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാന്‍ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ‘ഞാന്‍ ബാംഗ്ലൂര്‍ പോവുകയാണ് സാര്‍’ എന്നു പറഞ്ഞു. ശോഭനയോട് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു, ചിത്രത്തിനു വേണ്ടി സാരി സെലക്റ്റ് ചെയ്യുമ്പോള്‍ ശോഭനയും കൂടെ പോവണം എന്ന്. അതിനു കാരണം ഗംഗയെന്ന കഥാപാത്രത്തെ കുറിച്ച് ശോഭനയ്ക്ക് അറിയാം. ശോഭന പോവുമ്പോള്‍ ആ കഥാപാത്രത്തിന് അനുയോജ്യമായതേ എടുക്കുകയുള്ളൂ.
ബാംഗ്ലൂരില്‍ സാരിയുടെ നല്ല സെലക്ഷന് കാണും, അവിടുന്ന് വല്ലതും എടുക്കണോ എന്നാണ് ശോഭന വിളിച്ചു ചോദിച്ചത്. തീര്‍ച്ചയായും എടുക്കണം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സാറിന്റെ മനസ്സില്‍ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നു ചോദിച്ചു. ‘ശോഭനാ, വളരെ സിമ്പിള്‍ ആണ്, തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത്’ എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു.
കസബ്ലാങ്കയുടെ കാര്യം പറഞ്ഞത് ശരിയാണ്, ഞാനൊരുപാട് ക്ലാസിക് ചിത്രങ്ങള്‍ കാണുന്ന ആളാണ്. ‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് സിനിമയാണ് ‘കസാബ്ലാങ്ക’. ‘കസാബ്ലാങ്ക’ ഒക്കെ ബ്ലാക്ക് ആന്‍ഡ് വെയിറ്റ് ആയിരുന്നു. അതില്‍ കോട്ട് പോലുള്ള ജാക്കറ്റുമിട്ട് ഹീറോയിന് നില്ക്കുന്ന ഒരു ഫോട്ടോയുണ്ട്. അതു ഞാന്‍ അമലയെ കാണിച്ചു, ആ വെറൈറ്റി ഒന്ന് ചെയ്യാന്‍ പറഞ്ഞു. അമല കൂടെ താല്‍പ്പര്യമെടുത്തു ചെയ്തതാണ് ‘സൂര്യപുത്രി’യിലെ കോസ്റ്റ്യൂം.
മരിച്ചു പോയൊരു നടിയുണ്ട് മധുബാല. അവരുടെ കോസ്റ്റ്യൂം സെന്‍സ് അപാരമായിരുന്നു. അവരുടെ പടങ്ങളൊക്കെ അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ. സ്ട്രയ്പ്പ് ഉള്ള ചുരിദാറുകള്‍, ക്രോസ് പാറ്റേണ്‍ ഡ്രസ്സുകളൊക്കെയാണ് ഉപയോഗിക്കുക. അതിന്റെ കളര്‍ കോമ്പിനേഷനൊന്നും നമുക്ക് പിടികിട്ടുകയില്ല. അതിന്റെ പാറ്റേണ്‍ എടുത്ത് ആര്‍ട്ടിസ്റ്റിനെയും കോസ്റ്റ്യൂം ഡിസൈനറെയും കാണിക്കും. ആര്‍ട്ടിസ്റ്റില്ലാതെ എനിക്ക് കോസ്റ്റ്യൂമിനെ കുറിച്ചൊരു ചിന്തയുമില്ല. ഫസ്റ്റ് പ്രിഫറന്‍സ് അവരാണല്ലോ, അവരാണല്ലോ അത് ധരിക്കേണ്ടത്. ആര്‍ട്ടിസ്റ്റുകളുമായിട്ടാണ് എന്റെ കമ്മ്യൂണിക്കേഷന്‍, ‘നോക്കെത്താദൂരത്തിലെ’ ഓരോ ഡ്രസ്സും ഞാന്‍ നദിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്താണ് തീരുമാനിച്ചത്. അതു പോലെ തന്നെ ‘സൂര്യപുത്രി’യിലേതും, അമലയുമായി സംസാരിച്ചാണ് ഓരോ ഡ്രസ്സിലേക്കും എത്തിയത്.
കോസ്റ്റ്യൂമിന്റെ കോമ്പിനേഷന്‍ എന്നു പറഞ്ഞ ഒന്നുണ്ട്. ഉദാഹരണത്തിന് ഒരു സീനില്‍ നായികയുടെ കോസ്റ്റ്യൂം ഡാര്‍ക്ക് ബ്ലൂ ആണെങ്കില്‍ നായകന് ഒന്നുകില്‍ ലൈറ്റ് ഡ്രസ്സ്, അല്ലെങ്കില്‍ കോണ്ട്രാസ്റ്റ് ഡ്രസ്സ് കൊടുക്കൂ എന്നു പറയും. അത്തരം കാര്യങ്ങളില്‍ ഞാന്‍ വളരെ ഇന്‍വോള്‍വ്ഡ് ആയിരുന്നു.
അപ് റ്റു ഡേറ്റ് ആയ ഫാഷനിലേക്ക് ഞാനങ്ങനെ പോവാറില്ല. എനിക്ക് ഇപ്പോഴും ഏറ്റവും ദെണ്ണമുള്ള കാര്യം, ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ല്‍ മോഹന്‍ലാലിനും ശങ്കറിനുമൊക്കെ ഞാന്‍ ബെല്‍ബോട്ടം പാന്റ് കൊടുത്തു എന്നുള്ളതാണ്. അങ്ങനെയൊന്ന് കൊടുക്കാന്‍ പാടില്ലായിരുന്നു. അത് തല്‍ക്കാലികമായ ഫാഷനാണ്, പിന്നീട് അത് ഫെയ്ഡ് ഔട്ടായി പോവും. പിന്നീട് കാണുമ്പോള്‍ അത് ബോറായി തോന്നും.
കുറേയൊക്കെ സംഭവിക്കുന്നതാണ്. ‘നോക്കെത്താദൂരത്തിലെ’ ഗേളിയായി ഞാന്‍ നദിയയെ ഫിക്സ് ചെയ്തു. സന്ദര്‍ഭവശാല്‍ നദിയ ബോംബെയില്‍ വളരുന്ന പെണ്‍കുട്ടിയായിരുന്നു. ബോംബെയില്‍ വളരുന്ന നദിയയെ ഞാന്‍ കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മില്‍ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷന്‍ സ്റ്റൈല്‍/ട്രെന്‍ഡ് എന്തെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ‘നോക്കെത്താദൂരത്തില്‍’ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിന്‍ മഞ്ഞ ചുരിദാര്‍ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ തുടങ്ങി. അത് കാലത്തിന്റെ കൂടി ഒരു കോമ്പിനേഷനാണ്. അതു കൊണ്ടാണ് നദിയയുടെയും അമലയുടെയുമെല്ലാം കോസ്റ്റ്യൂം കോളേജ് കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയത്. ‘അനിയത്തി പ്രാവിലെ’ കോസ്റ്റ്യൂമും ഫയല്‍ പിടിക്കുന്ന രീതിയൊക്കെ ട്രെന്‍ഡായി മാറിയതും.
Read Here: ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു: ഫാസില്‍

ഹര്ഷന് ദുലാരി
ഫാസില്‍: ‘മണിച്ചിത്രത്താഴിന്’ എടുത്ത സമയം തന്നെ ആ സബ്ജെക്ടിനും എടുത്തിരുന്നു. ‘എനിക്കേറെ ഇഷ്ടമുള്ള ഒരു സബ്ജെക്ട്. മോഹന്‍ലാലിനും ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത്, ‘എന്നെ വെച്ച് എടുത്തില്ലെങ്കിലും വേണ്ട, ആരെയെങ്കിലും വെച്ച് സിനിമ എടുക്കണം. ഈ സിനിമ വിട്ടു കളയരുത്,’ എന്നു ലാല്‍ പറഞ്ഞിരുന്നു. ഒരുപാട് ശ്രമിച്ചെങ്കിലും തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്ഷന് ദുലാരി’.
ഉഗ്രന്‍ സബ്ജെക്ട് ആയിരുന്നു. ആ സിനിമയെടുക്കണം എന്ന് എന്നെ കൊതിപ്പിച്ച ഒന്നാണത്. പക്ഷേ അവസാനമെത്തിയപ്പോള്‍ എന്റെ കയ്യില്‍ ഒതുങ്ങില്ല, എനിക്കത് ചെയ്യാന്‍ പറ്റില്ല, ജനങ്ങളില്‍ എത്തിക്കാന്‍ പറ്റില്ല എന്നു തോന്നി. എ ആര് റഹ്മാന്റെ അടുത്തു വരെ ഞാനാ സബ്ജെക്ട് ചര്‍ച്ച ചെയ്തതാണ്. എ ആര് റഹ്മാന് എന്റെ കയ്യില്‍ പിടിച്ചു പറഞ്ഞത്, ഐ ലൈക്ക് ദ സബ്ജെക്ട് വെരി മച്ച് എന്നാണ്.
എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു അസുഖത്തെ വെച്ചാണ് ‘മണിചിത്രത്താഴി’ല്‍ ഞാന്‍ കളിച്ചത്. ഭ്രാന്ത് എന്ന രോഗാവസ്ഥ എല്ലാവര്ക്കും മനസ്സിലാവും. പല ലെവലില്‍ നമ്മള് അത് കണ്ട് പരിചരിച്ചതാവും. പക്ഷേ ‘ഹര്ഷന് ദുലാരി’യുടെ ക്ലൈമാക്സ് എന്നു പറയുന്നത് ഒരാള്‍ക്ക് ആത്മസാക്ഷാത്കാരം കിട്ടുന്നതാണ്. ആത്മസാക്ഷാത്കാരം കിട്ടിയവര്‍ക്കല്ലേ അറിയൂ അവര്‍ അനുഭവിക്കുന്നത് എന്താണെന്ന്.
ആ ലോകം എന്താണെന്ന് എങ്ങനെയാണ് കാണിച്ചു കൊടുക്കുക ? സത്യസായി ബാബ അനുഭവിച്ചു കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. രമണ മഹര്‍ഷി, രജനീഷ്, എന്തിന് നമ്മടെ മാതാ അമൃതാനന്ദമയി വരെയുള്ള ആളുകള്‍, അവരൊക്കെ അനുഭവിക്കുന്ന ആ തലം അവര്‍ക്കേ അറിയൂ. അത് ഒരാള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പറ്റില്ല, പറഞ്ഞു കൊടുക്കാനും പറ്റില്ല. അങ്ങനെ ആത്മസാക്ഷാത്കാരം കിട്ടി പോകുന്ന ഒരു കഥാപാത്രത്തിനെ എങ്ങനെ ഞാന്‍ ജനങ്ങളില്‍ എത്തിക്കും എന്നറിയാതെ, സങ്കടത്തോടെ ആ സിനിമ ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ഇടയ്ക്ക് മ്യൂസിക് വെച്ചൊക്കെ കളിക്കാം എന്നു തീരുമാനിച്ചു, പക്ഷേ ആത്മവിശ്വാസം കുറവായി പോയി.
വ്യത്യസ്ത സ്വഭാവമുള്ള ചിത്രങ്ങള്‍
ഒരു സംവിധായകന് വളരെ ഫ്ലെക്സിബിള്‍ ആയിരിക്കണം. പലതരം സബ്ജെക്ട് എടുക്കാന്‍ പറ്റണം. ഒരു ലവ് സ്റ്റോറി എടുത്ത് അതിന്റെ പാറ്റേണില്‍ തന്നെ പോയി കൊണ്ടിരുന്നാല്‍ വഷളായി പോവും. ആദ്യമെടുത്ത ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കണം അടുത്ത ചിത്രം. ഞാന്‍ വരുന്നതു തന്നെ ഒരു ലവ് സ്റ്റോറിയുമായാണ്. മൂന്ന് ലവ് സ്റ്റോറികളെ ഞാന്‍ ചെയ്തിട്ടുള്ളൂ. ഒന്ന് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍,’ ‘എന്നെന്നും കണ്ണേട്ടന്റെ,’ ‘അനിയത്തിപ്രാവ്.’ മൂന്നും മൂന്നുതരം പ്രണയങ്ങളാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’മായി ഒരു സാമ്യവുമില്ലാത്തതായിരുന്നു ‘കണ്ണേട്ടനിലെ’ പ്രണയം. അത് പ്രണയമല്ല സത്യത്തില്‍, പ്രണയമാകുന്നതിനു മുന്‍പുള്ള മാനസിക വികാരങ്ങളാണ് അതില്‍ കാണിച്ചത്.
‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലെ പ്രണയം ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, നാണം എന്ന ഒരു വികാരം നമ്മുടെ പെണ്‍കുട്ടികളില്‍ നിന്നും പൂര്‍ണമായി മാറി പോവുന്നതിന് തൊട്ടുമുന്‍പെടുത്ത പടമാണ് ‘അനിയത്തിപ്രാവ്.’ അതൊരു വര്‍ഷം കഴിഞ്ഞ് എടുത്തിരുന്നെങ്കില്‍ വിജയിക്കില്ലായിരുന്നു. കാരണം ഭയങ്കര നാണംകുണുങ്ങിയാണ് അതിലെ നായിക. ‘അയ്യോ ഞാന്‍ പോട്ടെ, എനിക്കു വയ്യ’ എന്നൊക്കെയുള്ള സംസാരം പിന്നീട് പറഞ്ഞിരുന്നെങ്കില്‍ എന്താണിതെന്ന് ചോദിച്ചേനെ. പിന്നീട് എടാ എന്ന വിളിയായല്ലോ ആണും പെണ്ണും തമ്മില്‍.
പ്രതിഭകളെ കണ്ടെത്തുന്നത്
ഒരു വിഷയം നമ്മൾ തെരെഞ്ഞെടുത്തു, കഥാപാത്രമായി. കഥാപാത്രം എന്നു പറയുമ്പോൾ ആ ഫിഗറാണ് മനസ്സിൽ ഉണ്ടാവുക. നദിയാ മൊയ്തു എന്ന നടിയെ ‘നോക്കെത്താദൂരത്തിലെ’ ഗേളിയായി ഞാൻ കാണാനായി പോവുന്നു. ഫോട്ടോ കണ്ടപ്പോൾ അനുയോജ്യയാണെന്നു തോന്നിയാണ് ബോംബെയിലേക്ക് കാണാൻ പോവുന്നത്. നദിയയെ ഇന്റർവ്യൂ ചെയ്തപ്പോൾ എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്, വരേണ്ട കാര്യമില്ലായിരുന്നു, ഫോട്ടോ മാത്രം കണ്ടിട്ട് ഫിക്സ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നി.
അതു പോലെ, ‘മണിചിത്രത്താഴിലെ’ വിനയപ്രസാദിനെ ഞാൻ ഇന്റർവ്യൂ ചെയ്തിട്ടില്ല. അവരുടെ ഫോട്ടോ കാണിച്ച പ്രൊഡക്ഷൻ കൺട്രോളർ ലത്തീഫിനോട് ഞാൻ പറഞ്ഞത് ഈ നടിയെ കിട്ടിയില്ലെങ്കിലും സാരമില്ല, ആ രണ്ടു കണ്ണുകൾ മാത്രം കിട്ടിയാൽ മതി, ഇങ്ങ് തന്നേക്കൂ എന്നാണ്.
പൂർണിമ ജയറാമിനെയും ഫോട്ടോ കണ്ടിട്ടാണ് ഫിക്സ് ചെയ്തത്. വളരെ വിഷാദമുഖിയായ ഒരു ഫോട്ടോ പൂർണിമ അയച്ചു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ പ്രഭയുമായി വളരെ സാമ്യം. ഞാൻ ചോദിച്ചു, എന്തിനാണ് ഇവരെ ഇന്റർവ്യൂ ചെയ്യുന്നത്, ഇങ്ങ് വിളിപ്പിച്ചോളൂ എന്നു പറഞ്ഞു. മോഹൻലാലിനെ ഇന്റർവ്യൂ ചെയ്യുന്നതും ഫോട്ടോ കണ്ടിട്ടാണ്. ഫോട്ടോയിൽ കണ്ട ആൾ ഏറെക്കുറെ ഇങ്ങനെയായിരിക്കം ബിഹേവ് ചെയ്യുന്നത് എന്ന സാമാന്യബോധത്തിൽ നിന്നുമാണ് പലപ്പോഴും ഞാൻ പുതുമുഖങ്ങളെ കണ്ടെത്തുന്നത്.
പാട്ടെഴുതാന്‍ വന്ന തിരുമേനി
കൈതപ്രം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് നെടുമുടി, കൈതപ്രം, ഇസി തോമസ്- അവരൊക്കെ ഒരു ഗ്രൂപ്പാണ്. ഏതോ അമ്പലത്തിൽ തിരുമേനിയാണ് കൈതപ്രം അന്ന്, കവിത എഴുതും എന്നൊന്നും എനിക്കറിയില്ല. എന്റെ സുഹൃത്ത് ഇ സി തോമസ് ആണ് ഒരിക്കൽ പറയുന്നത്, നമ്മുടെ തിരുമേനി നന്നായി പാട്ടെഴുതും ഒരു അവസരം കൊടുക്കണം എന്ന്. ‘എന്നെന്നും കണ്ണേട്ടന്റെ’ കഥ റെഡിയായി, സംഗീതസംവിധായകനായി ജെറി അമൽദേവിനെ തീരുമാനിച്ച്, ഗാനരചയിതാവായി ആര് വേണം എന്നോർത്തിരിക്കുമ്പോഴാണ് ചെവിയിൽ ഒരാൾ വന്നു പറയുന്നത് തിരുമേനി എഴുതും ഒന്നു നോക്കിക്കൂടെ എന്ന്. തിരുമേനി വന്ന് എഴുതി, ആദ്യമെഴുതിയത് തന്നെ ‘പൂവട്ടക തട്ടിചിന്നി…’ എന്നു പറഞ്ഞിട്ടാണ്. പിന്നെ തിരുമേനി അങ്ങ് വളർന്നുപോയി.
താരങ്ങളും അഭിനേതാക്കളും
അങ്ങനെ ആലോചിച്ചിട്ട് കാര്യമില്ല. ആക്റ്ററിൽ നിൽക്കുക, അല്ലെങ്കിൽ സ്റ്റാറിൽ നിൽക്കുക. ഈ പ്രയാണത്തിൽ ചിലർ വന്നുപെടും. പെടുന്നത് തന്നെ ആക്ടർ കം സ്റ്റാർ എന്ന രീതിയിൽ ആയിരിക്കും. നമുക്ക് അറിയാവുന്ന പ്രശസ്തരായ മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ, രജനീകാന്ത്, അമിതാബ് ബച്ചൻ, രാജേഷ് ഖന്ന, ചിരഞ്ജീവി തുടങ്ങി ആരാണെങ്കിലും ആക്ടർ കം സ്റ്റാർ ആയിരുന്നു. സ്റ്റാർ എന്ന രീതിയിൽ മാത്രം പിടിച്ചു നിൽക്കാൻ പറ്റില്ല, ആ സ്റ്റാറിൽ ആക്ടറിന്റെ മിന്നലാട്ടങ്ങൾ അയാൾ കാണിച്ചുകൊണ്ടേയിരിക്കണം, എല്ലാ സിനിമകളിലും. മമ്മൂട്ടിയും മോഹൻലാലുമെല്ലാം സ്റ്റാർ കം ആക്ടേഴ്സ് ആണ്.
അവരെ ആക്ടേഴ്സ് ആയി മാത്രം ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. വിധേയൻ, ഭ്രമരം, തന്മാത്ര തുടങ്ങി നിരവധി പടങ്ങൾ. എന്നാൽ മമ്മൂട്ടിയോ മോഹൻലാലോ അത് attempt ചെയ്യുന്നതുപോലെ കമലഹാസനോ രജനീകാന്തോ അമിതാഭ് ബച്ചനോ ശ്രമിച്ചിട്ടുണ്ട്. നസറുദ്ദീൻ ഷാ, നാനാ പടേക്കർ എന്നിവരെയൊക്കെ ആക്ടർ ആയിട്ടാണ് നമ്മൾ കാണുന്നത്, സ്റ്റാർ ആയിട്ടല്ല. അങ്ങനെ ഒരുപാട് പേരുണ്ട്.
നമ്മൾ മുൻപു പറഞ്ഞ എല്ലാവരും ആക്ടർ കം സ്റ്റാർ ആണ്. അവരുടെ സ്റ്റാർഡത്തിനാണ് വാല്യൂ. ആ സ്റ്റാർഡം അവർ കീപ്പ് ചെയ്യുന്നത് അവരുടെ ആക്റ്റിംഗ് പൊട്ടൻഷ്യൽ കൊണ്ടാണ്. പ്രതിഭ കൊണ്ടാണ് അവർക്ക് സ്റ്റാറായി നിലനിൽക്കാൻ കഴിയുന്നത്.
മമ്മൂട്ടിയോ മോഹന്‍ലാലോ ?
മമ്മൂട്ടിയും മോഹൻലാലും രണ്ട് വ്യത്യസ്തരായ ആർട്ടിസ്റ്റുകളാണ്. മമ്മൂട്ടിയുടെ വടക്കൻ വീരഗാഥ എന്ന സിനിമ ലാൽ ചെയ്താൽ അത്ര സുഖമാവില്ല. മോഹൻലാലിന്റെ മണിചിത്രത്താഴ് എന്ന സിനിമ മമ്മൂട്ടി ചെയ്താലും അത്ര സുഖമാവില്ല. രണ്ടുപേർക്കും രണ്ടു വഴിയുണ്ട്, ആ രണ്ടുവഴികളിലും അവർ മാസ്റ്റർമാരാണ്. അവരിൽ ആരാണ് കൂടുതൽ ഡെഡിക്കേറ്റഡ്, ആരാണ് കൂടുതൽ സഹകരണം, ആരാണ് ഈസിയായി എന്നൊക്കെ ചോദിച്ചാൽ ഉത്തരം പറയാൻ ആവും. കലാകാരനെന്ന രീതിയിലും പ്രതിഭയെന്ന രീതിയിലും ചോദിച്ചാൽ അവർ മികച്ചുനിൽക്കുന്നത് എന്തിൽ എന്നേ പറയാൻ കഴിയൂ.
Read Here: Throwback Thursday:‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടില്‍’ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്തു

ഫഹദ് എന്ന നടന്
Fazil: ഒരുപാട് പേരെ ഇന്റര്‍വ്യൂ ചെയ്തതു പോലെ ഞാന്‍ ഫഹദിനെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇന്റര്‍വ്യൂ ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഫുള്‍മാര്‍ക്ക് കൊടുത്തതാണ്. ഫഹദിനെ വെച്ച് ചെയ്ത പടം പരാജയപ്പെട്ടുപോയി എന്നത് വേറെ കാര്യം. അവനില്‍ ഒരു ആക്റ്റര്‍ ഉണ്ട്, സ്റ്റാര്‍ ഉണ്ടെന്ന കാര്യം ഞാന്‍ മുന്‍പ് കണ്ടെത്തിയതാണ്. അതിന് എന്നെ സപ്പോര്‍ട്ട് ചെയ്തവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഞാനെടുത്ത പോര്‍ഷന്‍ ഞാന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കാണിച്ചു, ‘പയ്യന് ഒരു ചളിപ്പും ഇല്ലാതെ ചെയ്യുന്നുണ്ടല്ലോ’ എന്ന് മോഹന്‍ലാലും ‘നന്നായിട്ടുണ്ടെന്ന്’ മമ്മൂട്ടിയും പറഞ്ഞു.
ഇപ്പോഴത്തെ ഫഹദ് ഒരു നല്ല ആക്റ്റര്‍ കം സ്റ്റാര്‍ ആണെന്നാണ് എന്റെ വിലയിരുത്തല്‍. അവനൊരു ആക്റ്റര്‍ മാത്രമല്ല, സ്റ്റാര്‍ കൂടിയാണ്. ആ കോമ്പിനേഷന്‍ കിട്ടാന്‍ വല്യ ബുദ്ധിമുട്ടാണ്. ആക്റ്റര്‍ കം സ്റ്റാര്‍ എന്നതില്‍, ആക്റ്റിംഗ് എന്ന എലമെന്റ് കുറച്ചു മുകളില്‍ നില്‍ക്കുകയും സ്റ്റാര്‍ഡം കുറച്ച് താഴെയും നില്ക്കുന്ന രീതിയില്‍ അവന് കൊണ്ടു വരികയാണ്. ഇപ്പോള്‍ ദുല്‍ഖറിനെ സംബന്ധിച്ചാണെങ്കില്‍ സ്റ്റാര്‍ഡം കുറച്ച് മുകളിലും ആക്റ്റിങ് കുറച്ച് താഴെയുമായാവും വരുന്നത്. അതങ്ങനെ മാറിയും മറിഞ്ഞും നില്ക്കും ആര്‍ട്ടിസ്റ്റുകള്‍ക്ക്.
Read Here: Fahad Faasil: പത്തു വർഷത്തിനിടെ മലയാള സിനിമയിൽ സംഭവിച്ച വിസ്മയം