scorecardresearch

ഇതിനൊരു അവസാനമില്ലേ? മഞ്ഞുമ്മൽ ബോയ്സ് കൊണ്ട 'വിവാദ'മഴകൾ

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. വിജയങ്ങളുടെ മധുരത്തിനൊപ്പം തന്നെ വിവാദങ്ങളുടെ കയ്പ്പും അറിഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. വിജയങ്ങളുടെ മധുരത്തിനൊപ്പം തന്നെ വിവാദങ്ങളുടെ കയ്പ്പും അറിഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്

author-image
Entertainment Desk
New Update
Manjummel Boys |  Controversy

മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിലെ ഒരു ചിത്രവും ഇതുവരെ ബോക്സ് ഓഫീസിൽ നിന്നും നേടാത്ത അത്രയും വലിയ തുകയാണ് മഞ്ഞുമ്മൽ കളക്റ്റ് ചെയ്തത്, 226 കോടിയോളം രൂപ. ബോക്സ് ഓഫീസിൽ ഹിറ്റായതിനൊപ്പം തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടാനും ചിത്രത്തിനു സാധിച്ചു. തമിഴ്നാട്ടിലും ചിത്രം തരംഗമായി. ഒടിടി റിലീസിനു പിന്നാലെ, ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയാവുന്ന കാഴ്ചയാണ് കണ്ടത്.

Advertisment

എന്നാൽ, ആ വിജയങ്ങളുടെ മധുരത്തിനൊപ്പം തന്നെ വിവാദങ്ങളുടെ കയ്പ്പും മഞ്ഞുമ്മൽ ബോയ്സ് അറിഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുമെത്തി. ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ചിത്രത്തിനു നേരെ ആദ്യമുയർന്ന കേസ്.

സാമ്പത്തിക തട്ടിപ്പ് കേസ്

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ ആദ്യം പരാതി നൽകിയത്, ആലപ്പുഴ അരൂർ സ്വദേശി സിറാജ്  വലിയത്തറ ഹമീദ് ആയിരുന്നു.  പണം വാങ്ങി വ‌ഞ്ചിച്ചെന്നായിരുന്നു സിറാജിന്റെ പരാതി.  7 കോടി രുപ മുടക്കിയിട്ടും മുടക്കുമുതലോ ലാഭവിഹിതമോ നൽകിയിട്ടില്ലെന്നും ഹർജിയിൽ സിറാജ് ചൂണ്ടിക്കാട്ടി. ഒടിടി പ്ലാറ്റ്‌ഫോം റെെറ് നൽകിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സിറാജ് പറയുന്നു. സിനിമ സാമ്പത്തികനേട്ടം കൈവരിച്ചിട്ടും കരാറിൽ പറയുന്ന പ്രകാരം മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നും സിറാജ് വ്യക്തമാക്കി.   40ശതമാനം ലാഭ വിഹിതമാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നതെന്നും സിറാജ് പരാതിയിൽ വ്യക്തമാക്കി.  പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. 

ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു എന്ന സിറാജിന്റെ പരാതിയുടെ പുറത്ത്  ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.  അതോടെ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്‍റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. 

Advertisment

നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പിന്നീട്, കേസിലെ ആരോപണ വിധേയരായ നടനും നിർമ്മാതാവുമായ സൗബിന്‍ ഷാഹിറിന്‍റെയും നിർമ്മാതാവ് ഷോൺ ആന്‍റണിയുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അതുമൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നുമായിരുന്നു നിർമ്മാതാക്കളുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാതെ പോയതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിങ് നീണ്ടുപോകുകയും ചെയ്‌തുവെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. സിനിമയുടെ കളക്‌ഷൻ തുക മുഴുവൻ കിട്ടിയിട്ടില്ലെന്നും കണക്കെടുപ്പ് നടന്നിട്ടില്ലെന്നും നിർമ്മാതാക്കൾ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞു.

തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ് റിപ്പോർട്ട് 

നിർമ്മാതാക്കളുടെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ ഇപ്പോൾ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. നിർമാതാക്കൾ  നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നുമാണ്  ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. 

 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും 18.65 കോടി മാത്രമാണ് നിര്‍മാണച്ചെലവെന്നും  പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല.  
 
ഇളയരാജയുടെ വക്കീൽ നോട്ടീസ് 
 
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജയും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്നു ചൂണ്ടിക്കാണിച്ചാണ് ഇളയരാജ  നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയിച്ചിരിക്കുന്നത്. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു.  ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നും നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു. 

Read More Entertainment Stories Here

Manjummel Boys

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: