scorecardresearch

ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി

ശ്രീനിയേട്ടൻ വണ്ടിയോടിക്കുമ്പോൾ പേടിക്കാതെ ഇരിക്കുക എന്നത് വല്യ സീനായിരുന്നു. ഇടയ്ക്ക് ക്ലച്ച് കരിയുന്നതും ടയറിൽ നിന്ന് ഒച്ച കേൾക്കുന്നതുമൊക്കെ ഞങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു

ശ്രീനിയേട്ടൻ വണ്ടിയോടിക്കുമ്പോൾ പേടിക്കാതെ ഇരിക്കുക എന്നത് വല്യ സീനായിരുന്നു. ഇടയ്ക്ക് ക്ലച്ച് കരിയുന്നതും ടയറിൽ നിന്ന് ഒച്ച കേൾക്കുന്നതുമൊക്കെ ഞങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asif Ali | Traffic Movie

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മലയാളത്തിലെ എക്കാലത്തെയും മികച്ച റോഡ് ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് രാജീവ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്'. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം,  ഹൃദയ ശസ്ത്രക്രിയയ്ക്കായി മറ്റൊരു സ്ഥലത്തേക്ക് റോഡുമാർഗം കൊണ്ടുപോവുന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. 

Advertisment

അപകടമേറിയ ആ ദൗത്യം ഏറ്റെടുത്ത് വാഹനം ഓടിക്കുന്ന ട്രാഫിക് പൊലീസായി അഭിനയിച്ചത് ശ്രീനിവാസനാണ്. ആ ദൗത്യത്തിൽ പങ്കാളിയായ ഡോക്ടറായി കുഞ്ചാക്കോ ബോബനും മരിച്ചയാളുടെ സുഹൃത്തായി ആസിഫ് അലിയും അതേ വാഹനത്തിൽ ശ്രീനിവാസനൊപ്പം യാത്ര ചെയ്യുന്ന സീനുകളാണ് ചിത്രത്തിലേറെയും. 

എന്നാൽ ശ്രീനിവാസന് ആ  സമയത്ത് ഡ്രൈവിംഗ് വശമുണ്ടായിരുന്നില്ല എന്ന കൗതുകകരമായ കാര്യം പിന്നീട് പല അഭിമുഖങ്ങളിലും ആസിഫും കുഞ്ചാക്കോ ബോബനും വെളിപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് അറിയാത്തയാൾ ഓടിക്കുന്ന വണ്ടിയിൽ ജീവൻ പണയം വച്ചിരുന്ന ആ ഷൂട്ടിംഗ് ദിവസങ്ങളെ കുറിച്ച് അടുത്തിടെ ഒരഭിമുഖത്തിലും ആസിഫ് വാചാലനായി. റെഡ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിലാണ് ട്രാഫിക്കിലെ ഡ്രൈവിംഗ് സീനുകൾ ചിത്രീകരിച്ച അനുഭവം ആസിഫ് പങ്കിട്ടത്. 

Advertisment

ഡ്രൈവിംഗ് അറിയാത്ത ശ്രീനിവാസൻ സാർ ഇത്ര സ്പീഡിൽ  സ്കോർപ്പിയോ ഓടിക്കുമ്പോൾ,  പേടി പുറത്തു കാണിക്കാതെ കൂടെ ഇരുന്നതെങ്ങനെയാണ്?  എന്നായിരുന്നു അവതാരകന്റെ ചോദ്യം. 

"ഞാനും ചാക്കോച്ചനും എപ്പോഴും പറയും, ആ വണ്ടിയോടിച്ചത് മൂന്നുപേരാണ്. ഞാനും ചാക്കോച്ചനും ദൈവവും എന്ന്. ശ്രീനിയേട്ടൻ വണ്ടിയോടിക്കുമ്പോൾ പേടിക്കാതെ ഇരിക്കുക എന്നത് വല്യ സീനായിരുന്നു. ഇടയ്ക്ക് ക്ലച്ച് കരിയുന്നതും ടയറിൽ നിന്ന് ഒച്ച കേൾക്കുന്നതുമൊക്കെ ഞങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു." 

"ചിത്രത്തിലൊരു സ്വീകൻസുണ്ട്. ചാക്കോച്ചൻ എന്റെ കഴുത്തിൽ കത്തി വയ്ക്കുമ്പോൾ ഞാൻ ശ്രീനിയേട്ടനോട് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നതും അതു കണ്ട് ശ്രീനിയേട്ടൻ വണ്ടി വെട്ടിച്ച് ഒരു ഗ്രിഡിന്റെ മുകളിലേക്ക് കയറണം, അപ്പോൾ  ചാക്കോച്ചൻ തെറിച്ചുപുറത്തേക്കു വീഴും. അതിന്റെ ആക്ച്വൽ ഷോട്ട് ഞങ്ങൾ പ്ലാൻ ചെയ്തത്, ഞാൻ കണ്ണു കാണിക്കുമ്പോൾ ശ്രീനിയേട്ടൻ സ്റ്റിയറിംഗ് തിരിക്കുന്നതുവരെയാണ്. എന്നാൽ ഷോട്ടിൽ ശ്രീനിയേട്ടൻ കൃത്യമായി വണ്ടി തിരിച്ച് ആ ഗ്രിഡിന്റെ മുകളിൽ കയറ്റിനിർത്തി. ചാക്കോച്ചൻ തെറിച്ചുപോയി, കത്തി എന്റെ കഴുത്തിൽ നിന്നുമാറി, ഞാൻ ഒന്നു ഷേക്കായതിനു ശേഷം നിവർന്നിരിക്കുന്നു, ശ്രീനിയേട്ടൻ  നെടുവീർപ്പിടുന്നു.  അതെല്ലാം  ഒറ്റഷോട്ടിൽ കിട്ടി. പിന്നെ ഫൈറ്റ് മാസ്റ്റർ എന്തിനാ, മാസ്റ്റർ പൊക്കോട്ടെ എന്നു പറഞ്ഞ് പുള്ളിയേയും തിരിച്ചു അയച്ചു,  ആ സീൻ കഴിഞ്ഞു."

"പിറ്റേദിവസം, ഞങ്ങൾ മേക്കപ്പ് ചെയ്തോണ്ടിരിക്കുമ്പോൾ  ശ്രീനിയേട്ടൻ ഇരുന്നു ചിരിക്കുകയാണ്. :ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ അല്ലേ...? ഞാൻ ഇന്നലെ ബ്രേക്ക് എന്നു പറഞ്ഞ് ചവിട്ടിയത് ക്ലച്ചിലാ..." എന്ന്.

"പുള്ളി ബ്രേക്ക് ആണെന്നു കരുതി ക്ലച്ച് ചവിട്ടിയപ്പോൾ അതു ഓഫായി വണ്ടിയിടിച്ച് നിന്നതാണ്. സത്യത്തിൽ ആൾക്ക് ക്ലച്ചും ബ്രേക്കും മാറിയതാണ്, അതു ഞങ്ങൾക്കാർക്കും മനസ്സിലായില്ല. അതിനു ശേഷം കട്ട് പറയുമ്പോൾ  ഞാൻ കയറി സ്റ്റിയറിംഗിൽ പിടിക്കും, ചാക്കോച്ചൻ ഹാൻഡ് ബ്രേക്കിലും. ഇങ്ങനെയാണ് വണ്ടി നിന്നുകൊണ്ടിരുന്നത്. വലിയൊരു അഡ്വെഞ്ചർ ട്രിപ്പായിരുന്നു അത്," ആസിഫ് ചിരിയോടെ പറഞ്ഞു. 

Read More Entertainment Stories Here

Asif Ali Sreenivasan Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: