ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ, ദ ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മുൻകാല നടി ലക്ഷ്മിയുടെ മകൾ. സിനിമയും സീരിയലുകളുമൊക്കെയായി മൂന്നു പതിറ്റാണ്ടിലേറെയായി ഐശ്വര്യ നമുക്കു മുന്നിലുണ്ട്. എന്നാൽ, ആരെയും ഒന്നു അമ്പരപ്പിക്കുന്ന ഒരു കഥയാണ് ഐശ്വര്യയ്ക്ക് പറയാനുള്ളത്. സിനിമാതാരങ്ങളുടെയെല്ലാം ജീവിതം നിറപ്പകിട്ടാർന്നതാണെന്ന പൊതുബോധത്തെ തിരുത്തുന്നതാണ് ലക്ഷ്മിയുടെ ഇന്നത്തെ ജീവിതം.
മകളെ വളർത്താനും കുടുംബത്തെ നോക്കാനുമൊക്കെയായി സോപ്പ് വിൽപ്പന വരുമാനമാർഗമായി സ്വീകരിച്ചിരിക്കുകയാണ് ഐശ്വര്യ. സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള തന്റെ ജീവിതയാഥാർത്ഥ്യങ്ങൾ തുറന്നു പറയുകയാണ് ഐശ്വര്യ.
“സോപ്പ് വിൽപ്പനയ്ക്ക് ഇറങ്ങുമ്പോൾ പലരും ചോദിച്ചത് പ്രാങ്ക് ആണോ എന്നാണ്. ഞാൻ സോപ്പ് വിറ്റാൽ അതിനെന്താ കുഴപ്പം? കഴിയുമെങ്കിൽ സോപ്പ് വാങ്ങി സഹായിക്കൂ എന്നാണ് ഞാൻ പറഞ്ഞത്,” ഐശ്വര്യ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും ആരുടെയും സഹായം തേടാൻ താനിഷ്ടപ്പെടുന്നില്ലെന്നും ഐശ്വര്യ പറയുന്നു. “എനിക്ക് കടക്കാരിയാവാൻ ഇഷ്ടമല്ല. പണം വാങ്ങിയാൽ തിരികെ കൊടുക്കാൻ കഴിയണമെന്നില്ല. ഇതാവുമ്പോൾ, എന്റെ ഒരു ക്രിയേഷൻ നിങ്ങൾ വാങ്ങുമ്പോൾ അതെന്റെ വിയർപ്പിനു നൽകുന്ന അംഗീകാരമല്ലേ?,” ഐശ്വര്യ ചോദിക്കുന്നു. ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
ഇത്ര സിനിമകൾ ചെയ്ത പ്രതിഫലവും സമ്പാദ്യവുമൊക്കെ എന്തു ചെയ്തു? എന്ന അവതാരകയുടെ ചോദ്യത്തിന്, “അതെല്ലാം ആ സമയത്ത് തന്നെ ചെലവായി പോയി. അതല്ലെങ്കിൽ വലിയ വിജയം വരണം, എനിക്കൊന്നും അതുപോലെ വിജയം വന്നിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ മാത്രം സിനിമ കിട്ടിയാൽ പിന്നെ എന്തു സേവിംഗ് ഉണ്ടാകും?” എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
“മദ്യപാനത്തിലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നുവർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ.”
“എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയുമുണ്ടല്ലോ,” മകൾക്ക് താൻ വളരെ ഇൻഡിപെൻഡന്റായി ജീവിക്കുന്നതിൽ തന്നെയോർത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.

അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്നമെന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി നൽകി. “ഞങ്ങൾക്കിടയിൽ അത്ര വലിയ പ്രശ്നമൊന്നുമില്ല. ഞാൻ ചെറുപ്പത്തിൽ തന്നെ വളരെ ഇൻഡിപെൻഡന്റ് ആണ്. പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലം. ഒന്നും പൂർവികമായി കിട്ടിയ സ്വത്തല്ല, ജീവിതത്തിൽ നേടിയതൊക്കെ അവർ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിൾ ഇൻഡിപെൻഡന്റ് മദറാണ്. അവരെന്നെ പഠിപ്പിച്ചു, ഒരു കരിയർ ഉണ്ടാക്കി തന്നു, അതിൽ കൂടുതൽ എന്താണ് ഒരു അമ്മയിൽ നിന്നും ഞാൻ ചോദിക്കേണ്ടത്. അതിനപ്പുറം അതെന്റെ ജീവിതമാണ്.”
ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.