scorecardresearch

അയ്യപ്പനും കോശിയും ഏറ്റവും പ്രിയപ്പെട്ട കണ്ണമ്മയും; മനസ്സുതുറന്ന് ഗൗരി നന്ദ

"പത്ത് വർഷമായില്ലേ അഭിനയരംഗത്ത്, എന്നിട്ടും സിനിമകളുടെ എണ്ണം കുറവാണല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. അതിനു എനിക്ക് വ്യക്തമായ ഉത്തരമുണ്ട്"

"പത്ത് വർഷമായില്ലേ അഭിനയരംഗത്ത്, എന്നിട്ടും സിനിമകളുടെ എണ്ണം കുറവാണല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. അതിനു എനിക്ക് വ്യക്തമായ ഉത്തരമുണ്ട്"

author-image
Nelvin Wilson
New Update
അയ്യപ്പനും കോശിയും ഏറ്റവും പ്രിയപ്പെട്ട കണ്ണമ്മയും; മനസ്സുതുറന്ന് ഗൗരി നന്ദ

തീയിൽ കുരുത്ത പെണ്ണ്. തല കുനിക്കാതെ പൊലീസ് ജീപ്പിലേക്ക് കൈക്കുഞ്ഞിനെയും കൊണ്ട് കയറുമ്പോൾ കണ്ണമ്മയുടെ കണ്ണിൽ ആ തീയുണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന കണ്ണമ്മ, അയ്യപ്പൻ നായരേക്കാൾ കരുത്തുള്ളവളാണ്. സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. കുടുംബ സമേതം കാണാവുന്ന മികച്ച സിനിമയെന്നാണ് എങ്ങുനിന്നും കേൾക്കുന്ന അഭിപ്രായം. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.

Advertisment

publive-image 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ കണ്ണമ്മ, ഗൗരി നന്ദയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌

സിനിമ കണ്ടിറങ്ങിയ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് കണ്ണമ്മയെയാണ്. റിട്ടയേർഡ് ഹവിൽദാർ കോശി കുര്യനെ (പൃഥ്വിരാജിന്റെ കഥാപാത്രം) ഒരൊറ്റ ഡയലോഗ് കൊണ്ട് അടിച്ചിരുത്തിയ കണ്ണമ്മയെ...ആരാണ് ആ കണ്ണമ്മ? നിങ്ങൾ അന്വേഷിക്കുന്ന കണ്ണമ്മ കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയിലുണ്ട്. എറണാകുളം സ്വദേശിനി ഗൗരി നന്ദയാണ് കണ്ണമ്മയ്‌ക്ക് ജീവൻ നൽകിയത്.

Read Also: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ

Advertisment

കണ്ണമ്മ എന്ന കഥാപാത്രത്തെ അനായാസം അഭിനയിച്ചു ഫലിപ്പിച്ച ഗൗരി നന്ദയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. നേരത്തെ പറഞ്ഞ പോലെ കണ്ണമ്മ എന്ന ആദിവാസി സ്ത്രീയെ നോക്കിലും നടപ്പിലും ശരീരഭാഷയിലും ഗൗരി നന്ദ അതിഗംഭീരമാക്കി. സാഹചര്യങ്ങളോട് കലഹിക്കുന്ന, എതിരു നിൽക്കുന്നത് ആരായാലും അവരെയൊന്നും കൂസാത്ത കണ്ണിൽ കാട്ടുതീ ജ്വലിക്കുന്ന പെണ്ണാണ് കണ്ണമ്മ. തന്റെ സിനിമാ ജീവിതത്തെ കുറിച്ച്, താൻ ഏറെ ഇഷ്‌ടപ്പെടുന്ന കണ്ണമ്മ എന്ന കഥാപാത്രത്തെ കുറിച്ച്, തിയറ്ററിൽ നിറഞ്ഞോടുന്ന അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ച് വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ഗൗരി നന്ദ, അല്ല കണ്ണമ്മ തന്നെ... ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖം...

publive-image ഗൗരി നന്ദ

ഞാനിപ്പോൾ കണ്ണമ്മയാണ്!

കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ പേരിലാണ് എല്ലാവരും എന്നെ ഇപ്പോൾ എടുത്തുപറയുന്നത്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാവർക്കും ഞാനിപ്പോൾ കണ്ണമ്മയാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ആ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതാണ് അതിനു കാരണം.

ബിജു മേനോനും ഗൗരി നന്ദയുമല്ല, അയ്യപ്പൻ നായരും കണ്ണമ്മയും

ബിജു ചേട്ടനൊപ്പം (ബിജു മേനോൻ) അഭിനയിച്ചത് വളരെ നല്ല എക്‌സ്‌പീരിയൻസ് ആയിരുന്നു. സിനിമയിൽ കണ്ണമ്മയും അയ്യപ്പൻ നായരും തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. സിനിമ തുടങ്ങുമ്പോൾ തന്നെ സംവിധായകനായ സച്ചി സാർ കഥാപാത്രങ്ങളെ കുറിച്ച് ആഴത്തിൽ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. എന്താണ് കണ്ണമ്മ, ആ കഥാപാത്രം എങ്ങനെയാണ്, കണ്ണമ്മയും അയ്യപ്പൻ നായരും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം സച്ചി സാർ വ്യക്‌തമായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ട് തന്നെ ബിജു ചേട്ടനൊപ്പമുള്ള സീനിൽ യാതൊരു ടെൻഷനോ സംശയമോ ഇല്ലായിരുന്നു. ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നവരല്ല അയ്യപ്പൻ നായരും കണ്ണമ്മയും. പക്ഷേ, അവർക്കിടയിൽ അഭേദ്യമായ അടുപ്പമുണ്ട്. രണ്ട് പേരും വളരെ കരുത്തുള്ള, നിലപാടുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്യും എന്നതിനെ കുറിച്ച് അവർക്ക് വ്യക്‌തമായ ധാരണയുണ്ട്. അയ്യപ്പൻ നായരും കണ്ണമ്മയും തമ്മിലുള്ള കോംബിനേഷൻ വളരെ രസമുള്ളതാണെന്ന് സിനിമ കണ്ടിറങ്ങിയ പലരും പറയുന്നുണ്ട്.

publive-image അയ്യപ്പന്‍ നായരും കണ്ണമ്മയും, ബിജു മേനോനൊപ്പം ഗൗരി നന്ദ

അയ്യപ്പൻ നായരും കണ്ണമ്മയും തമ്മിൽ പരസ്‌പരം സ്‌നേഹിക്കുന്നതിന്റെ പ്രതീകമായി യാതൊന്നും കാണിക്കുന്നില്ലല്ലോ എന്ന സംശയം ഷൂട്ടിങ് സമയത്ത് എനിക്കുണ്ടായിരുന്നു. ഞാൻ അത് സച്ചി സാറിനോട് ചോദിക്കുകയും ചെയ്‌തു. അപ്പോൾ അദ്ദേഹം പറഞ്ഞത് സിനിമ തിയറ്ററിൽ കാണുമ്പോൾ അതെല്ലാം മനസ്സിലാകുമെന്നാണ്. തിയറ്ററിൽ അതിനുള്ള ഉത്തരമുണ്ടെന്ന് പിന്നീട് ബോധ്യപ്പെട്ടു. അയ്യപ്പൻ നായർ എന്താണെന്ന് ബിജു ചേട്ടനു നന്നായി അറിയാമായിരുന്നു. കണ്ണമ്മ എന്താണെന്ന് എനിക്കും. അതുകൊണ്ട് തന്നെ മ്യൂചൽ അണ്ടർസ്റ്റാൻഡിങ് ഉണ്ടായിരുന്നു.

കണ്ണമ്മയാകാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല

കണ്ണമ്മയെന്ന കഥാപാത്രത്തെ ചെയ്യാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ബുദ്ധിമുട്ട് തോന്നിയ സീനുകളുമില്ല. എല്ലാ സീനുകളും പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഗൗരിയിൽ നിന്ന് കണ്ണമ്മയിലേക്ക് മാറാൻ ആദ്യ ദിവസത്തിൽ തോന്നിയൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു. കാരണം, കണ്ണമ്മ വളരെ കരുത്തുള്ള സ്ത്രീയാണ്, ആദിവാസി സ്ത്രീയാണ്, അയ്യപ്പൻ നായരുടെ ഭാര്യയാണ്, അവൾക്ക് മുലകുടി മാറാത്ത ഒരു കുഞ്ഞുണ്ട്...ഗൗരി ഇങ്ങനെയൊന്നും അല്ല. അതുകൊണ്ട് തുടക്കത്തിലുള്ള ചെറിയ ടെൻഷൻ നേരിട്ടു. പിന്നീട് ആ ട്രാക്കിലേക്ക് എത്തിയപ്പോൾ ടെൻഷനൊന്നും ഇല്ലാതെ വളരെ നന്നായി അഭിനയിക്കാൻ പറ്റി. ശരീരഭാഷയാണെങ്കിലും സംസാര രീതിയാണെങ്കിലും കണ്ണമ്മ ഗൗരിയിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. അതുകൊണ്ട് ആദ്യ ദിവസത്തിൽ ഗൗരിയെ മാറ്റിനിർത്തി കണ്ണമ്മയെ പുറത്തേക്ക് കൊണ്ടുവരാനുള്ള ചെറിയ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് സമയം കഴിയുമ്പോഴേക്കും അതൊക്കെ മാറി. പിന്നെ ഞാൻ പൂർണമായി കണ്ണമ്മയാണ്.

publive-image അയ്യപ്പനും കോശിയും ഷൂട്ടിങ്ങിനിടെ ഗൗരി നന്ദ

ആ സീൻ മറക്കില്ല..തിയറ്ററിൽ കൂടുതൽ കയ്യടി കിട്ടിയ സീനാണ്

കണ്ണമ്മയായി അഭിനയിച്ചു തുടങ്ങിയതു മുതൽ ഞാൻ പിന്നെ കണ്ണമ്മയാണ്. അയ്യപ്പൻ നായരോട് സംസാരിക്കുന്നതായാലും കോശിയുമായുള്ള രംഗമായാലും അതെല്ലാം കണ്ണമ്മയായിട്ടാണ് ചെയ്യുന്നത്. രാജുവേട്ടനൊപ്പമുള്ള (പൃഥ്വിരാജ്) സീൻ, തിയറ്ററിൽ കൂടുതൽ കയ്യടി കിട്ടിയ സീനാണ് അത്. കണ്ണമ്മയായിട്ടാണ് ആ സീൻ ഞാൻ ചെയ്യുന്നത്. അതുകൊണ്ടാണ് അങ്ങനെയൊരു രംഗം വളരെ അനായാസം ചെയ്യാൻ സാധിച്ചത്.

Read Also: ഈ കുട്ടികളെ മനസ്സിലായോ? ബിഗ് ബി ചോദിക്കുന്നു

പൃഥ്വിരാജിന്റെ മുന്നിൽ ഗൗരി നിന്നു അഭിനയിച്ചു എന്ന തരത്തിലല്ല ആ സീൻ ചെയ്യുന്നത്. കോശിയുടെ മുന്നിൽ കണ്ണമ്മ എങ്ങനെ പ്രതികരിക്കും എന്നതുപോലെയാണ് ആ സീൻ ചെയ്യുന്നത്. അതുകൊണ്ട് ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് ആ രംഗം ചെയ്യാൻ സാധിച്ചത്. ആ സീൻ ചെയ്യുമ്പോൾ അവിടെ കൂടി നിന്ന എല്ലാ ആളുകളും എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് രാജുവേട്ടന്റെ മുഖത്തുനോക്കി ഇങ്ങനെ ചീത്തവിളിക്കാൻ തോന്നിയതെന്ന്. അവരോട് ഞാൻ പറഞ്ഞു ആ സീൻ ചെയ്യുന്ന സമയത്ത് ഞാൻ കണ്ണമ്മയായിരുന്നു. കോശിയോട് കണ്ണമ്മ പ്രതികരിക്കുന്നത് അങ്ങനെയാണ്. കണ്ണമ്മക്ക് അങ്ങനെ പ്രതികരിക്കാനേ സാധിക്കൂ.

publive-image അയ്യപ്പന്‍ നായരും കണ്ണമ്മയും

കണ്ണമ്മ ജീവിതത്തിൽ കോശിയേക്കാളും വലിയ ആളുകളെ നേരിട്ടിട്ടുള്ള സ്ത്രീയാണ്. അതുകൊണ്ട് അത്ര കൂളായി കണ്ണമ്മ കോശിയോട് സംസാരിക്കുന്നത്. രാജുവേട്ടനാണ് മുന്നിൽ നിൽക്കുന്നത്, അദ്ദേഹം വലിയൊരു സൂപ്പർ സ്റ്റാറാണ് എന്നൊന്നും ആ സമയത്ത് എനിക്ക് മൈൻഡിൽ വന്നില്ല. ഞാൻ പ്രതികരിച്ചത് കണ്ണമ്മയായിട്ടാണ്. ഒട്ടും ഭയം തോന്നാതെ ആ സീൻ ചെയ്യാൻ സാധിച്ചു. പിന്നെ, ആ സമയത്ത് രാജുവേട്ടനും ഒരുപാട് സപ്പോർട്ട് ചെയ്‌തിരുന്നു. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തെ പോലൊരു താരം കൂടെനിൽക്കുക എന്നു പറയുന്നത് തന്നെ വലിയ കാര്യമല്ലേ?. ട്രൈബൽ ഓഫീസറുടെ മുഖത്ത് അടിക്കുന്ന സീനെല്ലാം ഒറ്റ ടേക്കിലാണ് എടുത്തത്. എല്ലാ സീനുകളെ കുറിച്ചും സച്ചി സാർ നന്നായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ട് സംശയങ്ങളുടെ ആവശ്യമില്ലായിരുന്നു. ഡബിങ് സമയത്തു തന്നെ ആ സീൻ കണ്ടപ്പോൾ (കണ്ണമ്മ കോശിയെ വഴക്കു പറയുന്ന രംഗം) അത് നന്നായിട്ടുണ്ട്, ആ സീനിൽ തിയറ്ററിൽ ഗൗരിക്ക് നല്ല കയ്യടി ലഭിക്കുമെന്ന് രാജുവേട്ടൻ പറഞ്ഞതായി സച്ചി സാർ പറഞ്ഞു.

സച്ചി സാർ വിളിച്ചു, കണ്ണമ്മയാകാൻ ഞാൻ യെസ് പറഞ്ഞു

റഹ്‌മാനൊപ്പം പഗാഡി ആട്ടം എന്ന തമിഴ് സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ആ സിനിമയിലെ പെർഫോമൻസ് കണ്ടാണ് സച്ചി സാർ എന്നെ കണ്ണമ്മയാകാൻ വിളിക്കുന്നത്. സിനിമയിൽ ആദ്യാവസാനം കഥാപാത്രത്തെ കുറിച്ചു സച്ചി സാർ നന്നായി പറഞ്ഞു തന്നു. സംശയമുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കി തന്നു.

പത്ത് വർഷമായി ഞാനിവിടെയുണ്ട്

2010 ൽ കന്യാകുമാരി എക്‌സ്‌പ്രസ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയരംഗത്തേക്ക് എത്തുന്നത്. സുരേഷട്ടനായിരുന്നു (സുരേഷ് ഗോപി) നായകൻ. പത്ത് വർഷത്തിനിടെ ഒൻപത് സിനിമകൾ ചെയ്‌തു. തമിഴിലും തെലുങ്കിലും അഭിനയിച്ചു. ലോഹം, കനൽ എന്നീ സിനിമകളിൽ ലാലേട്ടനൊപ്പം (മോഹൻലാൽ) അഭിനയിക്കാൻ സാധിച്ചു.

publive-image 'കനൽ' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം

സിനിമകൾ കുറയാൻ കാരണമുണ്ട്

പത്ത് വർഷമായില്ലേ അഭിനയരംഗത്ത്, എന്നിട്ടും സിനിമകളുടെ എണ്ണം കുറവാണല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. അതിനു എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് നല്ല സിനിമകൾക്കായി കാത്തിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിനു കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ആകണം സിനിമകളുടെ എണ്ണം കുറഞ്ഞത്. ഓരോ സിനിമകൾക്കു ശേഷവും പുതിയ അവസരങ്ങൾ തേടിയെത്താറുണ്ട്.

സിനിമ പാഷനാണ്

ആദ്യ സിനിമയ്‌ക്കു ശേഷമാണ് എനിക്ക് സിനിമ പാഷനായി മാറിയത്. സിനിമയാണ് എന്റേ മേഖലയെന്ന് ഞാൻ തീരുമാനിച്ചു. സിനിമയോടു അടങ്ങാത്ത അഭിനിവേശം തോന്നി തുടങ്ങിയതും ആദ്യ സിനിമയ്‌ക്കു ശേഷമാണ്. പിന്നീട് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്നു.

publive-image 'ലോഹം' എന്ന ചിത്രത്തിൽ ഗൗരി നന്ദ

കണ്ണമ്മ എനിക്ക് സ്‌പെഷ്യലാണ്

അയ്യപ്പനും കോശിയിലെയും ഏതെങ്കിലും ഒരു സീൻ ഇഷ്ടപ്പെട്ടതായി പറയാൻ എനിക്ക് സാധിക്കില്ല. കണ്ണമ്മ എന്ന കഥാപാത്രം മുഴുവൻ എനിക്ക് പ്രിയപ്പെട്ടതാണ്. കണ്ണമ്മ തന്നെ എനിക്ക് സ്‌പെഷ്യലാണ്. ഞാൻ നന്നായി എൻജോയ് ചെയ്‌തുകൊണ്ട്, ആത്മാർഥമായി ചെയ്‌ത കാര്യങ്ങളാണ് കണ്ണമ്മ ചെയ്‌ത കാര്യങ്ങളെല്ലാം. പ്രേക്ഷകർ കണ്ണമ്മക്ക് നൂറിൽ നൂറ് മാർക്ക് നൽകുമ്പോൾ അതിൽപരം വേറെ എന്തു സന്തോഷമാണുള്ളത്!

യഥാർഥ ജീവിതത്തിലും കണ്ണമ്മയെ പോലെയാണ്

കണ്ണമ്മയെ പോലെ ബോൾഡ് ആണ് യഥാർഥ ജീവിതത്തിലും. എല്ലാ കാര്യങ്ങളെയും വളരെ ബോൾഡായി നേരിടാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ട്. അതുകൊണ്ട് കണ്ണമ്മയെ ഈസിയായി ചെയ്യാൻ സാധിച്ചത്.

publive-image 'പഗാഡി ആട്ടം' എന്ന തമിഴ് ചിത്രത്തിൽ റഹ്‌മാനൊപ്പം

ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം

ഇനിയങ്ങോട്ടും സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. വ്യത്യസ്‌ത വേഷങ്ങൾ, ആളുകളുമായി സംവദിക്കുന്ന, പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കണം. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ഏത് ഭാഷയിലായാലും ചെയ്യും. മലയാളത്തിൽ അത്തരം കഥാപാത്രങ്ങൾ കൂടുതൽ ലഭിക്കുന്നതിനായി കാത്തിരിക്കുന്നു...

Biju Menon Interview Malayalam Film Industry Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: