/indian-express-malayalam/media/media_files/uploads/2020/02/srinda-2.jpg)
സച്ചിൻ ടെൻഡുൽക്കറെ അറിയാത്ത മലയാളിയുണ്ടോ? ഇല്ല എന്നാണ് നമ്മളൊക്കെ കരുതിയിരുന്നത്. എന്നാൽ, സുശീലയ്‌ക്ക് സച്ചിനെ അറിയില്ലായിരുന്നു. ഏത് സുശീലയെന്നല്ലേ? ക്രിക്കറ്റിനെ ജീവവായുവായി കണ്ട രമേശന്റെ ഭാര്യ സുശീല തന്നെ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത് 2014 ൽ പുറത്തിറങ്ങിയ '1983' ആ വർഷത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. നിവിൻ പോളിക്ക് സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രം. നിവിൻ പോളി കഴിഞ്ഞാൽ ആ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു താരമായിരുന്നു സ്രിന്റ. സച്ചിനെ അറിയാത്ത സുശീല എന്ന നാട്ടിൻപ്പുറത്തുകാരി പെണ്ണിനെ വളരെ രസകരമായി അഭിനയിച്ചു ഫലിപ്പിച്ചത് സ്രിന്റയാണ്.
അതിനുശേഷം നിരവധി സിനിമകളിൽ സ്രിന്റ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും മറ്റ് മലയാള സിനിമയിലെ പ്രധാന താരങ്ങൾക്കൊപ്പവും സ്രിന്റ അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്‌ക്കു ശേഷം സ്രിന്റ അഭിനയിച്ച രണ്ട് സിനിമകളാണ് ഇപ്പോൾ തിയറ്ററിലേക്ക് എത്തുന്നത്. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്‌ത 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', അൻവർ റഷീദ് സംവിധാനം ചെയ്‌ത 'ട്രാൻസ്'. പുതിയ സിനിമകളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സ്രിന്റ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു
എനിക്കൊരു ബ്രേക്ക് ആവശ്യമായിരുന്നു, കൂടുതൽ പഠിക്കാൻ പറ്റി
അഭിനയത്തില്‍ നിന്നു ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. അത് മനപ്പൂര്‍വ്വം എടുത്തതാണ്. എനിക്കൊരു ബ്രേക്കിന്റെ ആവശ്യമുണ്ടെന്ന് തോന്നി. ഏകദേശം രണ്ട് വര്‍ഷത്തിനടുത്ത് ഗ്യാപ്പ് വന്നിട്ടുണ്ട്. ആ സമയത്ത് എന്റേതായി റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആ ബ്രേക്കിന്റെ സമയത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ', 'ട്രാന്‍സ്' എന്നിവ. പല സിനിമകളും ആ സമയത്ത് വന്നിരുന്നു. പക്ഷേ, അതൊക്കെ വേണ്ടന്നുവച്ചു. എനിക്കതിലൊന്നും ഒരു പുതുമ തോന്നിയില്ല. എനിക്ക് തൃപ്തി തോന്നുന്ന കഥാപാത്രങ്ങള്‍ വന്നില്ലായിരുന്നു. പല കഥാപാത്രങ്ങളും ആവര്‍ത്തനമായി എനിക്കു തോന്നി. അതുകൊണ്ടാണ് അത്തരം സിനിമകൾ വേണ്ടന്നുവച്ചത്.
Read Also: കുതിരയെ ഓടിക്കാൻ മടിയായതുകൊണ്ട് മലയാളത്തിലെ വലിയ ചിത്രം ബിജു ചേട്ടൻ ഉപേക്ഷിച്ചു: പൃഥ്വിരാജ്
ഒരു അഭിനേത്രി എന്ന നിലയില്‍ ചെറിയൊരു ഇടവേള വേണമെന്ന് തോന്നി. അതു നല്ലതാണെന്നാണ് എനിക്കു പറയാനുള്ളത്. നമ്മളെ തന്നെ വിലയിരുത്താനും കൂടുതല്‍ പുതുമയോടെ മുന്നോട്ടു പോകാനും അതു സഹായിക്കും. എനിക്ക് എന്റേതായ ചില ആവശ്യങ്ങളുണ്ടായിരുന്നു. ഫാമിലിക്കൊപ്പം ചെലവഴിക്കാന്‍ സമയം ആവശ്യമായിരുന്നു. ബ്രേക്കിന്റെ സമയത്ത് ഞാന്‍ കൂടുതലും അതിനൊക്കെയാണ് സമയം ചെലവഴിച്ചത്.
എന്നെ തൃപ്‌തിപ്പെടുത്തിയ കഥാപാത്രമാണ് 'ട്രാൻസി'ലേത്
'ട്രാന്‍സ്' എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന പ്രൊജക്ടാണ്. അതിനു പ്രധാന കാരണം സംവിധായകന്‍ അനവര്‍ റഷീദ് ആണ്. അനവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം, അമല്‍ നീരദ് ക്യാമറ, റസൂല്‍ പൂക്കുട്ടി ശബ്‌ദം, ഫഹദ് ഫാസില്‍ ലീഡ് റോളില്‍...ആരെയാണ് ഇതൊക്കെ എക്‌സൈറ്റ് ചെയ്യിക്കാത്തത്. ഇങ്ങനെയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്നതു എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. എല്ലാവരും ആഗ്രഹിക്കുന്ന ഒരു ക്രൂ ആണ് ഈ സിനിമയിലേത്.
'ട്രാന്‍സി'ല്‍ ഞാന്‍ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറിയൊരു ഭാഗത്തേ ഞാന്‍ ഉള്ളൂ. പക്ഷേ, വ്യക്തിപരമായി എനിക്ക് വളരെ സന്തോഷവും തൃപ്തിയും നല്‍കിയ കഥാപാത്രമാണ് അത്. എനിക്ക് ഏറ്റവും തൃപ്തി നല്‍കിയ കഥാപാത്രമാണ് 'ട്രാന്‍സി'ലേത് എന്നു പറയാം. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല.
ട്രാൻസും നസ്രിയയും
നസ്രിയക്കൊപ്പം എനിക്ക് വലിയ കോംബിനേഷൻ സീൻ ഒന്നും ഇല്ലായിരുന്നു. ഫഹദിന്റെ കൂടെ എനിക്ക് കോംബിനേഷൻ സീൻ ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ നസ്രിയക്കൊപ്പം സെറ്റിലുണ്ടായിരുന്നു. നസ്രിയയെ ആളുകൾക്ക് ഇത്ര ഇഷ്‌ടം തോന്നാൽ കാരണം ആ ഒരു എനർജിയും എല്ലാവരോടുമുള്ള ഇടപഴകലുമാണ്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌ൻമെന്റ്
രണ്ട് വര്‍ഷം മുന്‍പ് കേട്ട കഥയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടേത്. അതൊരു സോഷ്യല്‍ സറ്റയറാണ്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ചെയ്യുന്നത്. സംവിധായകന്‍ ശംഭു പുരുഷോത്തമൻ കഥ നരേറ്റ് ചെയ്തപ്പോള്‍ തന്നെ എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റ് തോന്നിയ കഥാപാത്രമാണ്. സിനിമയുടെ സബ്ജക്ടില്‍ ആകര്‍ഷണം തോന്നി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ പൂര്‍ണ്ണമായും ഒരു എന്റർടെയ്‌ൻമെന്റ് ആണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍ എന്റർടെയ്‌ൻമെന്റ്. എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്.
Read Also: ഗ്ലാമറസായി ബോളിവുഡ് താരങ്ങൾ; വൈറലായി ചിത്രങ്ങൾ
സൂസന്‍ മദ്യപിക്കും സിഗരറ്റ് വലിക്കും, സിനിമ കാണുമ്പോൾ കഥാപാത്രത്തെ കുറിച്ച് വ്യക്‌തമാകും
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ എന്റെ ക്യാരക്ടറിന്റെ പേര് സൂസന്‍ എന്നാണ്. ക്യാരക്ടര്‍ പോസ്റ്ററില്‍ ഞാന്‍ മാതാവിനെ പോലെ കൈകൂപ്പി നില്‍ക്കുന്നതാണ് കാണിക്കുന്നത്. പക്ഷേ, ട്രെയ്‌ലറിൽ സൂസന്‍ മദ്യപിക്കുന്നു, സിഗരറ്റ് വലിക്കുന്നു. പലര്‍ക്കും കഥാപാത്രത്തെ കുറിച്ച് പല സംശയങ്ങളും കാണും.അതിനൊക്കെയുള്ള ഉത്തരം സിനിമയിലുണ്ട്. സിനിമ കണ്ടു കഴിഞ്ഞാല്‍ ക്യാരക്ടര്‍ പോസ്റ്ററിലെ സൂസനും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന സൂസനും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാകും.
അന്നയും റസൂലും
1983 ആണ് എനിക്കൊരു കൊമേഴ്‌സ്യൽ ബ്രേക്ക് നൽകിയ സിനിമ. എന്നാൽ, അതിനു മുൻപേ ഇറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനേത്രി എന്ന നിലയിൽ എന്നെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് അന്നയും റസൂലിലെയും കഥാപാത്രത്തിലൂടെയാണ്. അതിനുശേഷം 1983 വന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു.
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ
ഏതെങ്കിലും തരത്തിലുള്ള വേഷങ്ങളോട് എനിക്ക് താൽപര്യം തോന്നിയിട്ടില്ല. വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യുക മാത്രമാണ് ആഗ്രഹം. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ചോദിച്ചാൽ ആദ്യം പറയുക 1983 യിലെ സുശീല തന്നെയാണ്. അതിനു കാരണം ജനങ്ങൾ ആ കഥാപാത്രത്തെ കൂടുതൽ ഇഷ്‌ടപ്പെട്ടു എന്നതുകൊണ്ടാണ്. അന്നയും റസൂലിലെയും ഫാസില ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഒപ്പം ട്രാൻസിലെ കഥാപാത്രം എന്റെ പേഴ്‌സണൽ ഫേവറിറ്റുകളിൽ ഒന്നായിരിക്കും.
മോഡലിങ് എനിക്കിഷ്‌ടമാണ്
മോഡലിങ്, ഫൊട്ടോഷൂട്ട് മേഖലകൾ എനിക്ക് സിനിമ പോലെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇടയ്‌ക്കിടെ ഫൊട്ടോഷൂട്ടുകൾ ചെയ്യുന്നത്. സിനിമ ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം തന്നെ ഫൊട്ടോഷൂട്ട് ചെയ്യുമ്പോൾ ലഭിക്കുന്നുണ്ട്. ഫൊട്ടോഷൂട്ടുകളെ കുറിച്ച് സോഷ്യൽ മീഡിയ എന്തു പറയുന്നു എന്നൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിൽ ട്രോളുന്നതും നോക്കി നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ? ആവശ്യമുള്ള കാര്യങ്ങൾ മാത്രം എടുക്കും. നമുക്കിഷ്‌ടപ്പെടുന്നതു പോലെ ജീവിക്കും. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ശ അല്ല സ !
മലയാളത്തിൽ പേര് എഴുതുമ്പോൾ പലരും 'സ്രിന്റ' എന്നും 'ശ്രിന്റ' എന്നും എഴുതുന്നുണ്ട്. ശരിക്കും 'സ്രിന്റ' എന്നാണ് മലയാളത്തിൽ. 'ശ' അല്ല 'സ' (സ്രിന്റ ചിരിക്കുന്നു)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.