/indian-express-malayalam/media/media_files/u8NIl7yiWvmqFUx0ii41.jpg)
ഒരുകാലത്തു തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരായിരുന്നു താരസഹോദരിമാരായ അംബികയും രാധയും. അംബിക ഇപ്പോഴും സിനിമയിലുണ്ട്, എന്നാൽ രാധ തന്റെ ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ്. ഉദയ് സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്ന ആഡംബര ഹോട്ടൽ ശൃഖലയുടെ ഉടമയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഉദയ ചന്ദ്രിക എന്ന രാധ.
കുട്ടിക്കാലം മുതൽ തന്നെ കാശ് സമ്പാദിക്കാൻ തനിക്ക് ഇഷ്ടമായിരുന്നുവെന്നും വളരെ ചെറുപ്പത്തിലേ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് ആരംഭിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് രാധ. കെബിസി തമിഴിൽ അതിഥിയായി എത്തിയപ്പോൾ അവതാരകയും കൂട്ടുകാരിയും നടിയുമായ രാധികയോടാണ് രാധ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
"കാശ് എല്ലാവർക്കും മുഖ്യമാണ്. എനിക്കും ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലം മുതൽ അതങ്ങനെയാണ്. എനിക്ക് സമ്പാദിക്കണമെന്ന് വലിയ ആശയായിരുന്നു. ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ തന്നെ പോസ്റ്റ് ഓഫീസിൽ പണം ഡെപ്പോസിറ്റ് ചെയ്തു തുടങ്ങി. 5 രൂപ, 10 രൂപ തുടങ്ങി കിട്ടുന്നതെല്ലാം സേവ് ചെയ്യും. വിഷുകണിയായി കിട്ടുന്ന പൈസയെല്ലാം ഞാൻ സേവ് ചെയ്യും, പോസ്റ്റ് ഓഫീസിൽ കൊണ്ടിടും. അങ്ങനെ അന്നു തന്നെ 3000 രൂപയോളം ഞാൻ സേവ് ചെയ്തു, അതും 25 വർഷങ്ങൾക്കു മുൻപ്," രാധയുടെ വാക്കുകളിങ്ങനെ.
നടിമാരുടെ ജീവിതവും അന്ത്യവും പലപ്പോഴും പരിതാപകരമാണെന്നും പണമില്ലാത്ത അവസ്ഥ വരരുതെന്ന് എല്ലാകാലത്തും ആഗ്രഹിച്ചിരുന്നുവെന്നും രാധ പറയുന്നു.
കോവളത്തും മുംബൈയിലുമൊക്കെയായി നടത്തുന്ന റെസ്റ്റോറന്റ് ശൃംഖലയ്ക്ക് ഒപ്പം തന്നെ ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോയും രാധയ്ക്ക് സ്വന്തമായിട്ടുണ്ട്. യുഡിഎസ് ഗ്രൂപ്പിലെ പ്രധാന പങ്കാളിത്തത്തിനുപുറമെ മുംബൈയിലെ ആർആർ ട്രാവൽസിലും രാധ സജീവമാണ്.
സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകൾ അവതരിപ്പിച്ച രാധയുടെ ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധിക്കപ്പെട്ടവയാണ്.
രാജശേഖരനായർ ആണ് രാധയുടെ ഭർത്താവ്. മക്കളായ കാർത്തിക, തുളസി എന്നിവരും അമ്മയുടെ പാതയിൽ അഭിനയരംഗത്ത് എത്തിയവരാണ്. വിഘ്നേഷ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ജോഷ് എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച കാർത്തിക തമിഴിൽ കോ എന്ന ചിത്രത്തിലും മലയാളത്തിൽ 'മകരമഞ്ഞി'ലും അഭിനയിച്ചിരുന്നു. മണിരത്നം ചിത്രം 'കടൽ' ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴിൽ യാൻ എന്ന ചിത്രത്തിലും തുളസി അഭിനയിക്കുകയുണ്ടായി.
Read More Entertainment Stories Here
- Kaathal: The Core OTT; കാതൽ ഒടിടിയിൽ
 - മലയാളത്തിന്റെ തിടമ്പേറ്റി മമ്മൂട്ടി ന്യൂയോർക്ക് ടൈംസില്
 - മുൻഭാര്യമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ; ചിത്രങ്ങൾ
 - ജോലി വീട്ടിലേക്ക് കൊണ്ടുവന്നാൽ ടിവി തകർക്കും, സ്ക്രിപ്റ്റ് ജനാലയിലൂടെ പുറത്തേക്ക് എറിയും: ഷാരൂഖിന് മുന്നിൽ ഗൗരി വച്ച ഉടമ്പടികൾ
 - ഇനി ഞങ്ങൾ മൂന്നു പേർ, അമ്മയാകാനൊരുങ്ങി അമലാ പോൾ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us