/indian-express-malayalam/media/media_files/2025/07/13/unni-mukundan-2025-07-13-13-17-15.jpg)
ചിത്രം: ഫേസ്ബുക്ക്
രണ്ട് ആഡംബര വാഹനങ്ങളാണ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ലോകമെമ്പാടും ധാരാളം ആരാധകരുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും, മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രികും ആയിരുന്നു ഉണ്ണി സ്വന്തമാക്കിയത്. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് ഉണ്ണി വാഹനങ്ങൾ സ്വന്തമാക്കിയത്. വാഹനം ഡെലിവറി എടുക്കുന്ന വീഡിയോ ഉണ്ണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പക്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഉണ്ണി മുകുന്ദനെ പ്രശംസിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. പ്രതിസന്ധികൾ തരണം ചെയ്ത് സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തയാളാണ് ഉണ്ണി മുകുന്ദനെന്നും, കഠിനാധ്വാനിയായ ഉണ്ണി മുകുന്ദന്റെ വളർച്ച സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും വിനോദ് കുറിച്ചു.
Read More: 'ബോക്സ് ഓഫീസിന്റ അടക്കം കണ്ടേ അച്ഛനും മോനും കളംവിടൂ...' പ്രണവിന്റെ പോസ്റ്ററിൽ കമന്റുമായി ആരാധകർ
കുറിപ്പിന്റെ പൂർണരൂപം
"അച്ഛനും അമ്മയ്ക്കും ഓരോ വാഹനങ്ങൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ എന്ന മകൻ. ഉണ്ണിയെ അറിയുന്നവർക്ക് ഇത് ഒരു അത്ഭുതമല്ല. 19 വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ നിന്നും കേരളത്തിൽ എത്തി, ലോഹിതദാസ് സാറിനെ കാണുമ്പോൾ ഞാനുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. അന്ന് മീശ മുളക്കാത്ത ഒരു കൊച്ചു പയ്യൻ. നടൻ ആകണമെന്ന് ആഗ്രഹവുമായി വന്നപ്പോൾ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് സിനിമ പഠിക്കാൻ പറഞ്ഞു സാർ. അന്ന് ഞങ്ങളോടൊപ്പം കൂടിയതാ ഉണ്ണിമുകുന്ദൻ.
പിന്നീട് അവന്റെ ഗുജറാത്തിലേക്കുള്ള യാത്രകൾ ട്രെയിനിൽ ആയിരുന്നു. റിസർവേഷൻ പോലുമില്ലാതെ നിന്നും ഇരുന്നും ഉള്ള അവന്റെ യാത്രകൾ. ഒരു ദിവസം അവൻ വന്നത് വളരെ ടെൻഷനോടെ ആയിരുന്നു. രാത്രിയിൽ ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റ് കിട്ടാതെ ആയപ്പോൾ ബാത്റൂമിന് അടുത്ത് അടുക്കി വച്ചിരുന്ന മിനറൽ വാട്ടർ കുപ്പികളുടെ പാക്കറ്റിന്മേൽ അറിയാതെ ഇരുന്നു പോയി. പാതിരാത്രി ആയപ്പോൾ പാൻട്രിയിലെ ജീവനക്കാർ വന്ന് തട്ടി വിളിച്ചു, 'ആ പാക്കറ്റുകളിലെ മിനറൽ വാട്ടറിന്റെ ചില കുപ്പികൾക്ക് കേടു സംഭവിച്ചു' എന്നതായിരുന്നു അവരുടെ പരാതി.
സാമ്പത്തികാവസ്ഥ മോശമായത് കാരണം ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ഉണ്ണിക്ക് അന്ന് അത് വലിയ വിഷമമായി. തമാശരൂപേണയാണ് അവൻ നമ്മളോട് ഇത് പറഞ്ഞിരുന്നതെങ്കിലും,അവന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു.. ആ സമയങ്ങളിൽ ഉണ്ണി ഒരു നടൻ ആകണം എന്ന പ്രാർത്ഥന ഞങ്ങൾക്കുണ്ടായിരുന്നു. അത് മനസ്സിലാക്കിയ ലോഹി സാർ അടുത്ത തന്റെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ണിയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ലോഹി സാറിന്റെ വിയോഗം.
Read More:ഒന്നര വയസിൽ നീന്തിയെന്ന് പറഞ്ഞപ്പോൾ ട്രോളി; ദാ ഇപ്പോൾ വിഡിയോ വന്നിട്ടുണ്ട്!
അന്ന് ലക്കിടിയിലെ ആ വീട്ടു പറമ്പിൽ വച്ച് പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഞാൻ ഓർക്കുന്നു. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട ഉണ്ണി അന്ന് ഗുജറാത്തിലേക്ക് തിരിച്ചുപോയി. പക്ഷേ അവന് അവിടെ ഒതുങ്ങി ഇരിക്കുവാൻ കഴിയുമായിരുന്നില്ല. 40 വർഷം മുമ്പ് കേരളത്തിൽനിന്ന് ഗുജറാത്തിലേക്ക് കുടിയേറിയ ആ അച്ഛന്റെ യും, അമ്മയുടെയും മകൻ കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. ശ്രമങ്ങൾ തുടർന്നു. അതിനിടയിൽ തമിഴ് സിനിമയിൽ ഒരു വേഷവും ചെയ്തു. പക്ഷേ ഉണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമ തന്നെയായിരുന്നു. ചെറിയ ചെറിയ വേഷങ്ങൾ അവനെ തേടിയെത്തി. പതുക്കെപ്പതുക്കെ നായകനിലേക്ക് എത്തി.
ചില വിജയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരാജയങ്ങൾ ആയിരുന്നു കൂടുതൽ. പക്ഷേ ആ സമയത്തും തോറ്റു പിന്മാറാൻ അവൻ തയ്യാറല്ലായിരുന്നു. ഒരു ഗോഡ് ഫാദറും ഇല്ലാത്ത അവൻ സിനിമയിലെ പല അവഗണനകളും സഹിച്ച് ഇവിടെ തന്നെ നിന്നു. ഗുജറാത്തിൽ നിന്നും വന്ന ഒരു പയ്യനെ മലയാളി അംഗീകരിക്കില്ലെന്ന് പലരും പറഞ്ഞു. സിനിമകളിൽ അഭിനയിച്ച ഉണ്ണി മുകുന്ദനെ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. അന്നും ബസ്സിൽ തൂങ്ങിപ്പിടിച്ച് ഞങ്ങളെ കാണാൻ വന്നിരുന്ന ഉണ്ണിയോട് ഒരു കാർ വാങ്ങാൻ ഞാൻ പറഞ്ഞിരുന്നു. അന്ന് അവൻ പറഞ്ഞു 'സമയമായിട്ടില്ല ചേട്ടാ' എന്ന്.
അവന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം സിനിമകൾ അവനെ തേടിയെത്തിത്തുടങ്ങി. കുറെ നാളുകൾക്ക് ശേഷം ആദ്യമായി ഒരു കാർ വാങ്ങി. പിന്നീട് കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ഈ ഗുജറാത്തി പയ്യനെ മലയാളികൾ ഏറ്റെടുത്തു തുടങ്ങി. ഹിറ്റുകൾ ബ്ലോക്ക് ബസ്റ്ററുകൾ ആയി. കഠിനാധ്വാനിയായ ഉണ്ണി മുകുന്ദന്റെ വളർച്ച സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ. ഇന്ന് ഒരൊറ്റ ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങൾ കരസ്ഥമാക്കി ഉണ്ണി മുകുന്ദൻ,അത് അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകി. ഏത് പ്രതിസന്ധികളെയും അവൻ തരണം ചെയ്തു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സ്വീകരിക്കാൻ തയ്യാറായി മലയാളികളായ നമ്മൾ ഇവിടെ ഉള്ളപ്പോൾ ഉണ്ണി മുകുന്ദൻ ഇവിടെത്തന്നെ ഉണ്ടാകും.. നമ്മുടെപാൻ ഇന്ത്യൻ സ്റ്റാറായി," വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു.
Read More:ഇത് നിറത്തിലെ എബിയല്ലേ?; വേദിയിൽ തകർത്ത് കുഞ്ചാക്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.