/indian-express-malayalam/media/media_files/uploads/2019/04/Opposition-parties.jpg)
ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാള്‍, സുധാകര്‍ റെഡ്ഡി, അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്ത്. നിലവിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയോ പുതിയ ഹര്‍ജി സമര്‍പ്പിക്കുകയോ ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.
Read More: ‘പണ്ഡിറ്റുകള്‍ കാശ്മീര്‍ വിടാന്‍ കാരണം കോണ്‍ഗ്രസിന്റെ നയങ്ങള്‍’: നരേന്ദ്ര മോദി
എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ്. ഇതിൽ തൃപ്തിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. വോട്ടിംഗ് യന്ത്രത്തിൽ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത‌് പലയിടത്തും മൂന്ന് സെക്കന്‍റിൽ താഴെയാണ് കാണിക്കുന്നത്. വിവി പാറ്റ് എണ്ണാൻ ആറ് ദിവസം എടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നുകൊണ്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഏകകണ്ഠമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണമെന്നാണ് ആവശ്യം. എന്നാല്‍, സമയ നഷ്ടം പരിഗണിച്ച് അമ്പത് ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
Read More: മോദിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയത്: മുഖ്യമന്ത്രി
വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയിൽ പറഞ്ഞിരുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.