തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകണമെന്നാണ് ആര്‍എസ്എസിന്റേയും മോദിയുടേയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തില്‍ നടപടി നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് സല്‍പ്രവര്‍ത്തി ആയിരുന്നില്ല. ഭക്തരെ ആക്രമിക്കുകയാണ് ചെയ്തത്. കേരളത്തില്‍ തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടി എടുക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്രസേനയെ അയച്ച് തരാമെന്ന് പറഞ്ഞതും കേന്ദ്ര സര്‍ക്കാരാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അയ്യപ്പന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന കളളപ്രചരണമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയ്യപ്പന്‍ എന്ന പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നാണ് പറഞ്ഞത്. അവരുടെ സ്ഥാനാര്‍ത്ഥിയെ തടങ്കലില്‍ ഇട്ടെന്ന് പറഞ്ഞു. ഇങ്ങനെ പച്ചക്കളളം ഒരു പ്രധാനമന്ത്രി പറയാമോ. നിങ്ങള്‍ കാണിച്ച ഇരട്ടത്താപ്പാണ് കണ്ടത്. കേന്ദ്രസേനയെ വേണമെങ്കില്‍ അറിയിക്കണമെന്ന് മോദിയുടെ സര്‍ക്കാരാണ് പറഞ്ഞത്. മോദിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയത്. അത്തരക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കലില്‍ കഴിയാതെ വന്നേക്കാം. പക്ഷെ അത് കേരളത്തില്‍ നടക്കില്ല,’ പിണറായി വ്യക്തമാക്കി.

Pinarayi Vijayan, പിണറായി വിജയന്‍, MLA, Narendra Modi, kerala, കൊല്ലം, ബൈപ്പാസ്, പ്രാധനമന്ത്രി , നരേന്ദ്രമോദി, ഐഇ മലയാളം

കേരളത്തിൽ അയ്യപ്പന്റെ പേര് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി മംഗലൂരുവിലെ റാലിക്കിടെ പറഞ്ഞിരുന്നു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബി.ജെ.പിയുടെ ഒരു സ്ഥാനാർത്ഥിക്ക് ശബരിമലയുടെ പേരിൽ സമരം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചു.

മംഗലുരുവിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് മോദിയുടെ പരാമർശം. തമിഴ് നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതുവലതുമുന്നണികൾ ചേർന്ന് വിശ്വാസങ്ങളെ തകർക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ