/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-01-1.jpg)
കൽപറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നു. വയനാട്ടിൽനിന്നാണ് രാഹുൽ മത്സരിക്കുക. രാഹുൽ ഗാന്ധി കേരളത്തിൽനിന്നും മത്സരിക്കണമെന്ന് കെപിസിസിയും കോൺഗ്രസ് നേതൃത്വവും ഒന്നടങ്കം ആവശ്യപ്പെട്ടത് പരിഗണിച്ചാണ് തീരുമാനം. തെക്കേ ഇന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സ്വന്തമാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്ന വിശ്വാസത്തിലാണ് കെപിസിസി.
അതേസമയ, രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയാകുമ്പോൾ അമേഠിയിൽ രാഹുലിന്റെ എതിർ സ്ഥാനാർഥിയായി മത്സരിച്ച സ്മൃതി ഇറാനിയെയാണ് ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കമെന്നും സൂചനയുണ്ട്. നിലവിൽ ബിഡിജെഎസിനാണ് വയനാട് സീറ്റ് ബിജെപി നൽകിയിരിക്കുന്നത്. രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായാൽ സീറ്റ് വിട്ടുകൊടുക്കുമെന്ന് ബിഡിജെഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥാനാർഥിയാകുന്നതിനോട് വയനാട്ടുകാരുടെ പ്രതികരണം ഇത്തരത്തിലാണ്.
''ഞാനൊരു ലെഫ്റ്റിസ്റ്റാണ്. പക്ഷെ ദേശീയ സാഹചര്യം കണക്കെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു'' സാമൂഹ്യ നിരീക്ഷകനായ ഒ.കെ.ജോണി പറയുന്നു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും അതിനായി രാഹുലിനെ ജയിപ്പിക്കാന്‍ ഇടത് അനുകൂലികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More: ആവേശകരമായ തീരുമാനം; പിന്മാറാന്‍ തയ്യാറെന്ന് ടി. സിദ്ദിഖ്
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാർഥിയാകുന്നതിനോട് രാഷ്ട്രീയ നിരീക്ഷകനായ റഫീഖ് ഇബ്രാഹിം എതിര്‍ക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാട് വീണ്ടും വിസിറ്റിങ് എംപിയുടെ നാടായി മാറും. എം.ഐ.ഷാനവാസായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും നാടിന്റെ പ്രതിനിധിയെന്ന തോന്നലുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പ്രളയ സമയത്താണെങ്കില്‍ പോലും നാടിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. രാഹുല്‍ വരികയാണെങ്കില്‍ ആ സ്ഥിതി തന്നെ ആവര്‍ത്തിക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് പ്രഹസനമാണെന്നും റഫീഖ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. വയനാടിനെ പൂർണമായും യുഡിഎഫ് ആധിപത്യമുള്ള മണ്ഡലമായി വിലയിരുത്തരുതെന്നും രാഷ്ട്രീയമുള്ള ജനങ്ങളാണിവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയനാടിലെ ജനങ്ങളേയും വോട്ടർമാരേയും കണ്‍ഫ്യൂഷനാക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നും വയനാട് പരീക്ഷണ വസ്തു ആക്കാനുള്ള ജില്ലയല്ലെന്നും കവിയായ ജിത്തു തമ്പുരാന്‍ പറഞ്ഞു. വർഷങ്ങളായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്. എന്താണ് വയനാടിന്റെ രാഷ്ട്രീയമെന്ന് തിരിച്ചറിയാന്‍ പോലും ആർക്കും സാധിച്ചിട്ടില്ല. എവിടേയും ഇതുവരെ എത്താത്ത വയനാട്ടിലേക്ക് രാഹുലിന്റെ വരവ് കൂടുതല്‍ കണ്‍ഫ്യൂഷനുണ്ടാകുമെന്നും പ്രബുദ്ധരായ ആളുകളെ പോലും മാറ്റി ചിന്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി മത്സരിക്കുകയും ജയിക്കുകയും ചെയ്താല്‍ അത് വയനാടിനെ മുഖ്യധാരയിലേക്ക് എത്തിക്കുമെന്നും രാഹുലിനെ പോലൊരു നേതാവിന് വയനാടിന് വേണ്ടി ഒരുപാട് ചെയ്യാന്‍ സാധിക്കുമെന്നും സമൂഹ്യ പ്രവർത്തകനായ ജെസ്വിന്‍ ജോസഫ് പറയുന്നു.
Read More: 'തെക്ക് പിടിക്കാന്‍ രാഹുല്‍ ഗാന്ധി'; വയനാട്ടില്‍ നിന്ന് മത്സരിക്കും
രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാട്ടിലെ സിപിഎമ്മിന്റെ പ്രചാരണങ്ങള്‍ ഒന്നുകൂടെ ശക്തമാവുമെന്നും ടി.സിദ്ദിഖിനെതിരെ നടത്തിയതിനേക്കാള്‍ ശക്തമായ നിലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നുമാണ് സിപിഎം പ്രവര്‍ത്തകനായ എ.കെ.റൈഷാദ് പറയുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വരവ് സിപിഎമ്മിനെ സംബന്ധിച്ചും തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും വലിയ രാഷ്ട്രീയ ചർച്ചക്കുള്ള സ്പേസാക്കി വയനാട്ടിനെ മാറ്റും. അദ്ദേഹം കുറച്ച് കാലമായി കാണിക്കുന്ന സത്യസന്ധത പരിഗണിച്ചാല്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചക്കുള്ള വേദിയായി വയനാട് മാറും. രാഹുല്‍ തരംഗം എന്ന രീതിയിലല്ല ഇതിനെ കാണുന്നതെന്നും സംവിധായകന്‍ അനീസ് കെ.മാപ്പിള പറഞ്ഞു.
''ഞാനൊരു കന്നി വോട്ടറാണ്. എന്റെ മുന്നിലുള്ളത് വയനാടിന് എന്തു ഗുണം എന്ന ചോദ്യമാണ്. രാഹുല്‍ ഗാന്ധി ജയിച്ചാല്‍ പിന്നീട് രാജിവെക്കുമെന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കൊണ്ട് വയനാട്ടുകാർക്ക് എന്ത് നേട്ടം എന്നതാണ് ചോദ്യം'' തന്റെ ആദ്യ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്ന വിഷ്ണു കെആർ പറയുന്നു.
Also Read: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; പരാജയഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ
അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് രാഹുല്‍ ഗാന്ധിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. വയനാടിനുള്ള ആദരവായിട്ടാണ് ഇതിനെ കാണുന്നത്. ദേശീയ ശ്രദ്ധയിലേക്ക് വയനാടിനെ എത്തിക്കാനാകും. അടുത്ത പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ഇവിടുത്തെ കുട്ടികള്‍ക്ക് വരെ അറിയാമെന്നും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.