ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഏറെ കുറെ ഉറപ്പായി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കും.

വയനാട്ടിൽനിന്ന് മൽ‌സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി മുൻ മുഖ്യമന്ത്രിയും എഐസിസി അംഗവുമായ ഉമ്മൻ ചാണ്ടി. രാഹുൽ മൽസരിക്കുമെങ്കിൽ പിന്മാറാൻ തയാറാണെന്ന് ടി.സിദ്ദിഖ് അറിയിച്ചു. കേരള ഘടകത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കെ.പി.സി.സി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയായിരുന്നു.
തെക്കേ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് കെ.പി.സി.സി. ആവശ്യപ്പെട്ടത്. കേരളത്തില്‍ 20 സീറ്റുകളും നേടുന്നതിനൊപ്പം തെക്കേ ഇന്ത്യയും പിടിക്കാന്‍ രാഹുലിന്റെ വരവ് സഹായിക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

നിലവിൽ  യുപിയിലെ അമേഠിയിൽ നിന്നുള്ള എംപിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2014 ൽ ബിജെപിയുടെ സ്മൃതി ഇറാനിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. ഇത്തവണയും രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി തന്നെയാണ് എതിരാളി. വയനാട്ടിൽ നിന്ന് കൂടി രാഹുൽ മത്സരിക്കാൻ തയ്യാറായാൽ അത് രണ്ടാം സീറ്റാകും.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.