scorecardresearch

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; പരാജയഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ

രാഹുൽ ഗാന്ധിയുടെ വരവ് ഇടത് മുന്നണി ഭയക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ

kodiyeri Balakrishnan,കോടിയേരി ബാലകൃഷ്ണന്‍, Kodiyeri,കോടിയേരി, Jammu Kashmir, ജമ്മു കശ്മീർ,Kashmir News, Article 370, ie malayalam,

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയഭീതിയുള്ളതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് രാഹുലിനെ കേരളത്തില്‍ മത്സരിപ്പിക്കുന്നത്. അമേഠിയില്‍ മത്സരിക്കുന്ന രാഹുല്‍ ജയിച്ചാല്‍ ഏത് മണ്ഡലമായിരിക്കും ഉപേക്ഷിക്കുക എന്ന് പറയണം. ഇടത് മുന്നണി രാഹുലിന്റെ വരവിനെ ഭയക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, രാഹുലിന്റെ വരവ് യുഡിഎഫ് നേതൃത്വം സ്വാഗതം ചെയ്തു. കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്തു. കേരളത്തില്‍ മികച്ച വിജയം നേടാന്‍ രാഹുലിന്റെ വരവ് കൊണ്ട് സാധിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. രാഹുലിനെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാണക്കാട് തങ്ങള്‍ എഐസിസിക്ക് നന്ദി രേഖപ്പെടുത്തി.

നിലവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ ടി. സിദ്ധിഖിനെയാണ് വയനാട് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യം സിദ്ധിഖിനോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് സിദ്ധിഖ് അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

രാഹുല്‍ കേരളത്തിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കെപിസിസിയുടെ ആഗ്രഹമാണ് രാഹുലിനെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധി വരണമെന്നാണ് ആഗ്രഹം. എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരള ഘടകത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Rahul gandhi wayanad candidature political reactions lok sabha election