/indian-express-malayalam/media/media_files/uploads/2019/05/election-keralam.jpg)
Most Controversial Incidents During Kerala Lok Sabha Election 2019: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ മുന്നണികള്‍ പരസ്പരം കൊണ്ടും കൊടുത്തും രംഗത്തെത്തിയ കാഴ്ചയായിരുന്നു കേരളത്തില്‍ കണ്ടത്. ആകെ 20 സീറ്റുകളാണ് കേരളത്തിലുള്ളതെങ്കിലും വാശിയും പോരാട്ടവും കൊടുമുടി കയറി. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി. അപ്രതീക്ഷിതമായി ചില സംഭവങ്ങളും അതിനിടയിലേക്ക് കടന്നുവന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്തെ ഏറെ സ്വാധീനിക്കാന്‍ കഴിവുള്ള വിഷയങ്ങളായിരുന്നു അതെല്ലാം.
Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
കേരളം വോട്ടെടുപ്പിന് മുൻപും ശേഷവും ചൂടേറിയ കുറേ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇത്തരം വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിച്ചിട്ടില്ലെന്ന് കൂടിയാണ്. വോട്ടെടുപ്പിന് മുൻപ് ഏറെ ചർച്ചയായ പല വിഷയങ്ങളും വോട്ടെടുപ്പ് സമയത്ത് ജനങ്ങളെ അത്രമേൽ സ്വാധീനിച്ചിട്ടില്ലെന്ന തരത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന ചിത്രം.
ഒളിക്യാമറ വിവാദം
/indian-express-malayalam/media/media_files/uploads/2019/02/MK-Raghavan.jpg)
കോഴിക്കോട് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.കെ.രാഘവനെതിരായ ഒളിക്യാമറ വിവാദമായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തെ ഏറെ ചൂടുപിടിപ്പിച്ചത്. എം.ക.രാഘവന്‍ കോഴ ആവശ്യപ്പെട്ടതായി പറയപ്പെടുന്ന വീഡിയോ പുറത്തുവന്നതോടെ യുഡിഎഫും കോണ്‍ഗ്രസും പ്രതിരോധത്തിലായി. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് എം.കെ.രാഘവനെതിരെ കേസെടുക്കുകയും ചെയ്തു. കേരളത്തില്‍ ഏപ്രില്‍ 23 നായിരുന്നു വോട്ടെടുപ്പ് നടന്നത്. ടിവി 9 നാണ് എം.കെ.രാഘവൻ കോഴ ആവശ്യപ്പെട്ടതായി ആരോപിച്ച് വീഡിയോ പുറത്തുവിട്ടത്.
Read More: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
തനിക്കെതിരായ ആരോപണങ്ങളെയെല്ലാം തുടക്കത്തിൽ തന്നെ രാഘവൻ തള്ളി കളഞ്ഞിരുന്നു. സിപിഎം തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഒളിക്യാമറ വിവാദമന്ന് രാഘവനും കോഴിക്കോട് ഡിസിസിയും തുറന്നടിച്ചു. എന്നാൽ, തങ്ങളാണ് ഇതിന് പിന്നില്ലെന്ന് തെളിയിക്കാൻ സിപിഎം കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു.
എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശം
കേരളത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശം. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ രമ്യയും യുഡിഎഫും രംഗത്തെത്തി. മുസ്ലീം ലീഗ് നേതാവും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചുള്ള പരാമര്‍ശമായിരുന്നെങ്കിലും ഫലത്തില്‍ അത് വിജയരാഘവന് വലിയ തിരിച്ചടിയായി.
/indian-express-malayalam/media/media_files/uploads/2019/04/vijayaraghavan-dd-horz-001.jpg)
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാമർശം വിവാദമായതോടെ സിപിഎം വിജയരാഘവന് താക്കീതും നൽകിയിരുന്നു. വിജയരാഘവൻ നടത്തിയ പരാമർശം ആലത്തൂരിലെ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. യുഡിഎഫ് പ്രധാന പ്രചാരണ വിഷയമാക്കിയതും ഇത് തന്നെയാണ്.
ശ്രീധരൻപിള്ളയുടെ മുസ്ലീം വിരുദ്ധ പരാമർശം
മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉടലെടുത്തിരുന്നു. ബിജെപി ന്യൂനപക്ഷത്തിന് എതിരാണെന്ന തരത്തിൽ എൽഡിഎഫും യുഡിഎഫും പ്രചാരണം നടത്തുകയും ചെയ്തു. ബിജെപിക്കുള്ളിൽ തന്നെ ശ്രീധരൻപിള്ളക്കെതിരെ വിമർശനമുയർന്നു.
/indian-express-malayalam/media/media_files/uploads/2018/07/ps-sreedharan-pilla-bjp-state-president.jpg)
ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്."ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ" - ഇതായിരുന്നു ശ്രീധരൻ പിള്ള നടത്തിയ വിവാദ പരാമർശം.
ശബരിമലയും സുരേഷ് ഗോപിയും
ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് തൃശൂരിലെ ലോക്സഭാ സ്ഥാനാർഥി സുരേഷ് ഗോപിയായിരുന്നു. ഇതേ തുടർന്ന് ജില്ലാ വരണാധികാരി സുരേഷ് ഗോപിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ശബരിമല പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിലയിരുത്തി. ഒടുവിൽ സുരേഷ് ഗോപി വിശദീകരണം നൽകുകയും ചെയ്തു. ശബരിമല വിഷയത്തിലൂന്നി തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന മണ്ഡലമാണ് തൃശൂർ.
/indian-express-malayalam/media/media_files/uploads/2019/04/Mohanlal-and-Suresh-Gopi-1-election.jpg)
ശബരിമല അയ്യന്റെ പേരിൽ നിങ്ങളോട് ഞാൻ വോട്ട് ചോദിക്കുകയാണെന്നതായിരുന്നു സുരേഷ് ഗോപി നടത്തിയ പരാമർശം. ഇത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടർ ഉറച്ച നിലപാടെടുത്തു. എന്നാൽ, ഇതിനെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തി. ചട്ടലംഘനം ചെയ്തെന്ന് പറയുന്ന കലക്ടറുടെ വാദം തെറ്റാണ്. തിരഞ്ഞെടുപ്പ് ചട്ടം ഞാന്‍ ലംഘിച്ചിട്ടില്ല. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതാണോ ജനാധിപത്യം? ഇതിന് ജനങ്ങള്‍ മറുപടി പറയും. കലക്ടറുടെ നോട്ടീസിന് ആലോചിച്ച് നടപടിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read More: ‘എന്തൊരു വൃത്തികേടാണിത്!’; ബിജു മേനോന്‍ വിഷയത്തില്‍ ക്ഷുഭിതനായി സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി നടൻ ബിജു മേനോൻ എത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായ ഏറ്റുമുട്ടലും കേരളത്തിൽ വലിയ ചർച്ചയായി. സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയതിനെ തുടർന്ന് ബിജു മോനോനെതിരെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ആക്രമണമുണ്ടായി. എന്നാൽ, ഇതിനെതിരെയും സുരേഷ് ഗോപി ശക്തമായി എതിർപ്പ് അറിയിച്ചു.
സുധാകരന്റെ സ്ത്രീ വിരുദ്ധ പ്രചാരണം
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടം പിടിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിൽ ഇടത് സ്ഥാനാർഥിയും സിപിഎം വനിതാ നേതാവുമായ പി.കെ.ശ്രീമതിയെ മോശമായി ചിത്രീകരിച്ചു എന്നതായിരുന്നു സുധാകരനെ പ്രതിക്കൂട്ടിൽ നിർത്തിയത്. സോഷ്യൽ മീഡിയയിൽ സുധാകരനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഷോര്‍ട്ട് ഫിക്ഷന്‍ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങളാണ് വീഡിയോയെ ചര്‍ച്ചയാക്കിയത്. സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
/indian-express-malayalam/media/media_files/uploads/2019/04/k-sudhakaran.jpg)
‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന് തുടങ്ങുന്ന പ്രചാരണ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പി.കെ.ശ്രീമതിയെയാണ് വീഡിയോയിൽ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്. സ്ത്രീകൾ മുൻനിരയിലേക്ക് വന്നിട്ട് കാര്യമില്ലെന്ന തരത്തിലാണ് പ്രചാരണ വീഡിയോ. ഒടുക്കും സുധാകരനെ കുറിച്ച് ‘ഓൻ ഒരു ആൺകുട്ടിയാണ്’ എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഇതേ തുടർന്ന് സുധാകരനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു.
കേരള കോൺഗ്രസിലെ പൊട്ടിത്തെറിയും കെ.എം.മാണിയുടെ നിര്യാണവും
കേരളത്തിൽ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊട്ടിത്തെറികളും വിവാദങ്ങളും ഉണ്ടായത് കേരള കോൺഗ്രസ് എമ്മിലാണ്. കോട്ടയം സീറ്റിനായി ജോസഫ് വിഭാഗവും മാണി വിഭാഗവും തമ്മിൽ വടംവലിയുണ്ടായി. വിഷയത്തിൽ യുഡിഎഫും ഇടപെടേണ്ടി വന്നു. ജോസഫിന് സീറ്റ് നൽകണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ മാണി വിഭാഗം എതിർത്തു. സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന നിലപാടിലേക്ക് പി.ജെ.ജോസഫ് വിഭാഗം പോയതായും വാർത്തകൾ വന്നു. നിരന്തരം വാർത്താസമ്മേളനങ്ങൾ നടത്തി ജോസ്.കെ.മാണിക്കെതിരെയും മാണി ഗ്രൂപ്പിനെതിരെയും ജോസഫ് വിമർശനങ്ങളുന്നയിച്ചു. ഒടുവിൽ, മാണി വിഭാഗക്കാരനായ തോമസ് ചാഴിക്കാടനാണ് കോട്ടയം സ്ഥാനാർഥിത്വം നൽകിയത്. ഇതിൽ, പി.ജെ.ജോസഫ് എതിർപ്പ് അറിയിച്ചെങ്കിലും പാർട്ടിയിൽ പിളർപ്പുണ്ടായില്ല.
/indian-express-malayalam/media/media_files/uploads/2019/03/KM-Mani-PJ-Joseph.jpg)
അതിനുപിന്നാലെയാണ് കെ.എം.മാണിയുടെ നിര്യാണം. തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുന്നതിനിടയിൽ കേരള കോൺഗ്രസ് ക്യാമ്പുകൾ നിശബ്ദമായി. ഏപ്രിൽ ഒൻപതിനായിരുന്നു കെ.എം.മാണിയുടെ മരണം. പ്രിയപ്പെട്ട നേതാവിന്റെ മരണം കോട്ടയം മണ്ഡലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോട്ടയത്ത് കെ.എം.മാണിയുടെ മരണത്തെ തുടർന്ന് ഒരു സഹതാപ തരംഗമുണ്ടായെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രതിബന്ധങ്ങളെല്ലാം മറികടക്കാൻ അതുകൊണ്ട് സാധിച്ചെന്നുമുള്ള വിലയിരുത്തലും ഉണ്ട്.
പോസ്റ്റൽ ബാലറ്റ് ക്രമക്കേടും കള്ളവോട്ടും
വോട്ടെടുപ്പിന് ശേഷം കേരളത്തിൽ ഏറ്റവും ചർച്ചയായ രണ്ട് വിഷയങ്ങളാണ് കള്ളവോട്ടും പോസ്റ്റൽ ബാലറ്റ് ക്രമക്കേടും. കാസർകോടും കണ്ണൂരും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ കേരളത്തിൽ മുൻപൊന്നും കാണാത്ത വിധം വോട്ടെടുപ്പിന് ശേഷമുള്ള ചർച്ചകൾ ചൂടുപിടിച്ചു. കള്ളവോട്ട് ആരോപണത്തിൽ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായത് സിപിഎമ്മാണ്. ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തതായി പിന്നീട് എൽഡിഎഫ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഏറെ ദിവസം നീണ്ട വാദപ്രതിവാദങ്ങൾക്കും നിയമനടപടികൾക്കും ഒടുവിൽ കള്ളവോട്ട് കണ്ടെത്തിയ ഏഴ് ബൂത്തുകളിൽ റീപോളിങ് നടക്കുകയും ചെയ്തു. കാസർകോടും കണ്ണൂരുമായി ഏഴ് ബൂത്തുകളിലേക്ക് മേയ് 19 നാണ് റീപോളിങ് നടന്നത്.
/indian-express-malayalam/media/media_files/uploads/2019/05/bogus.jpg)
ഇതിനു പിന്നാലെയാണ് പൊലീസിന്റെ പോസ്റ്റൽ ബാലറ്റ് വോട്ടുകളിൽ ക്രമക്കേട് നടന്നതായി യുഡിഎഫ് ആരോപിച്ചത്. എൽഡിഎഫ് അനുകൂല പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിക്കുകയായിരുന്നു. ഡിജിപി ലോക്സനാഥ് ബെഹ്റ നൽകിയ റിപ്പോർട്ട് പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.