/indian-express-malayalam/media/media_files/uploads/2019/04/Candidates.jpg)
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍. പരസ്പരം കുറ്റപ്പെടുത്തി മുന്നണികള്‍ രംഗത്തെത്തിയതോടെ വോട്ടെടുപ്പിന് ശേഷവും കേരളത്തില്‍ തിരഞ്ഞെടുപ്പ് തന്നെയാണ് ചര്‍ച്ചാ വിഷയം.
കൊല്ലം മണ്ഡലത്തില്‍ ഇടത് - വലത് മുന്നണികള്‍ പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി. ന്യൂനപക്ഷ വോട്ടുകള്‍ വിഘടിക്കാന്‍ മന്ത്രി തോമസ് ഐസക് കുപ്രചാരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. മണ്ഡലത്തിൽ ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരെ ഐസക് അപവാദപ്രചാരണം അഴിച്ചു വിട്ടെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. കൊല്ലത്ത് ഇടത് സ്ഥാനാർഥി ജയിച്ചാൽ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാലും ആരോപിച്ചു. കൊല്ലത്ത് താൻ ജയിക്കുമെന്നാണ് എൻഡിഎ സ്ഥാനാർഥി പ്രതികരിച്ചത്.
Read More: സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍
പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും തനിക്ക് അനുകൂലമായി ലഭിച്ചെന്ന് കെ.സുരേന്ദ്രൻ അവകാശപ്പെട്ടു. എന്നാൽ, ബിജെപിയുടെയും ആർഎസ്എസിന്റെയും കുപ്രചാരണങ്ങളൊന്നും വില പോയില്ലെന്നും അതൊന്നും പത്തനംതിട്ടയിൽ നടക്കില്ലെന്നും ഇടത് സ്ഥാനാർഥി വീണാ ജോർജ് അവകാശപ്പെട്ടു.
കണ്ണൂരിലാണ് ഏറ്റവും ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ പല ബൂത്തുകളിലും എൽഡിഎഫ് കള്ള വോട്ട് നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. വോട്ട് ചെയ്യാൻ ബൂത്തിലെത്താത്തവരുടെ വോട്ടുകൾ ഇടത് നേതാക്കൾ ബൂത്തിലിരുന്ന് കുത്തി ചെയ്തെന്ന് വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബൂത്തിൽ പോലും സത്യസന്ധമായി അല്ല വോട്ടെടുപ്പ് നടന്നിരിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. പലയിടത്തും കള്ളവോട്ട് നടന്നെന്നാണ് സുധാകരൻ പറയുന്നത്.
Read More: പിണറായി വിജയനെ ‘ചൗക്കിദാർ ചോർ ഹെ’യെന്നു വിളിച്ച് കെ.സുധാകരൻ
വടകരയിൽ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ആരോപിച്ചു. എന്നാൽ, തോൽക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ തിരിച്ചടിച്ചു. ആര്‍എംപി വോട്ടുകളും തങ്ങള്‍ക്ക് ലഭിച്ചെന്ന് ജയരാജന്‍ അവകാശപ്പെട്ടു. എന്നാല്‍, പരാജയഭീതി മൂലമാണ് ആര്‍എംപി വോട്ടുകളും തനിക്ക് ലഭിച്ചതെന്ന് ജയരാജന്‍ പറയുന്നതെന്ന് കെ.കെ.രമ മറുപടി നൽകി.
രാഷ്ട്രീയം പറയാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ജനങ്ങൾ തള്ളിക്കളയുമെന്ന് ഇടത് സ്ഥാനാർഥി പി.കെ.ബിജു അവകാശപ്പെട്ടു. ആലത്തൂരിൽ താൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോഴിക്കോട് ബിജെപി വോട്ടുകൾ കോണഗ്രസിലേക്ക് പോയിട്ടുണ്ടെന്നും എന്നാൽ, താൻ തന്നെ വിജയിക്കുമെന്നും ഇടത് സ്ഥാനാർഥി എ.പ്രദീപ് കുമാർ അവകാശപ്പെട്ടു.
പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറിയത് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികൾ വോട്ട് മറിക്കലും ബൂത്ത് പിടിത്തവും നടന്നിട്ടുണ്ടെന്ന ആരോപണം പരസ്പരം ഉന്നയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.