കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കളളവോട്ടു നടന്നുവെന്ന ആരോപണവുമായി കെ.സുധാകരൻ. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവിടങ്ങളിൽ കളളവോട്ട് നടന്നു. കൃത്യമായ കണക്ക് പുറത്തുവിടുമെന്നും വീഡിയോ തെളിവുവച്ച് നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയോജക മണ്ഡലത്തിലെ സ്വന്തം ബൂത്തിൽ കളളവോട്ട് നടന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ചൗക്കിദാർ ചോർ ഹെ (രാജ്യത്തിന്റെ കാവൽക്കാരൻ കളളനാണ്) എന്നു പറഞ്ഞുവെങ്കിൽ ഇവിടുത്തെ ചൗക്കിദാറും ചോർ ഹെ എന്നു പറയേണ്ട അവസ്ഥയിലാണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പദവിയിൽനിന്നും പിണറായി വിജയൻ താണുപോയെന്ന് സുധാകരൻ പറഞ്ഞു.

Read: സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍

തിരഞ്ഞെടുപ്പിനിടെ കണ്ണൂരിൽ വ്യാപകമായ അക്രമങ്ങളുണ്ടായെന്നും സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് യുഡിഎഫിന് ഭയമില്ലെന്നും പൂർണ ആത്മവിശ്വാസത്തിലാണെന്നും സുധാകരൻ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പോളിങ് രാത്രി ഏറെ വൈകിയും നീണ്ടു നിന്നു. രാഹുൽ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.