കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങള്‍ ഇന്നലെ വിധിയെഴുതി. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പോളിങ് രാത്രി ഏറെ വൈകിയും നീണ്ടു നിന്നു. രാഹുൽ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.
Read More: മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; ബിജെപി ചിത്രത്തിലില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന ജില്ലകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 73.35 ശതമാനവും തൃശൂരില്‍ 77.86 ശതമാനവും പത്തനംതിട്ടയില്‍ 74.09 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് 80 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം തിരുവനന്തപുരമാണ്.
പതിനാല് സംസ്ഥാനങ്ങളിലായി 115 ലോക്സഭാ മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച പോളിങ് നടന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടന്നത്. മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കുക.