/indian-express-malayalam/media/media_files/uploads/2020/11/Rahul-and-Thejswi.jpg)
പാട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ അനുസരിച്ച് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.
ആർജെഡിക്കൊപ്പം മഹാസഖ്യമായി മത്സരിച്ച് ബിഹാറിൽ അധികാരം പിടിക്കാനായിരുന്നു കോൺഗ്രസ് ഇത്തവണ ലക്ഷ്യമിട്ടത്. എന്നാൽ, ആർജെഡി മികച്ച മുന്നേറ്റമുണ്ടാക്കിയപ്പോൾ കോൺഗ്രസിന് അടിതെറ്റി.
ആകെയുള്ള 243 ൽ മഹാസഖ്യത്തിൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും നിലവിൽ ലീഡ് ചെയ്യുന്നത് 20 സീറ്റുകളിൽ മാത്രമാണ്. ഇപ്പോൾ ലീഡ് ചെയ്യുന്ന പലയിടത്തും കോൺഗ്രസ് പിന്നോട്ടുപോകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപി ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
Read Also: മോദിയുടെ പൂഴിക്കടകനോ ? ബിഹാറിൽ നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനു ബിജെപി വെല്ലുവിളിയാകും
കോൺഗ്രസിന് 70 സീറ്റുകൾ നൽകുന്നതിൽ മഹാസഖ്യത്തിൽ തന്നെ വിയോജിപ്പുകളുണ്ടായിരുന്നു. 2015 ൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റുകളിൽ ജയിച്ചിരുന്നു. എന്നാൽ, ഇത്തവണ സ്ഥിതി മാറി. 70 സീറ്റിൽ മത്സരിച്ചിട്ടും മുന്നേറ്റമുള്ളത് 20 സീറ്റുകളിൽ മാത്രം. അതേസമയം, മഹാസഖ്യത്തിൽ ആർജെഡി 144 സീറ്റുകളിലാണ് മത്സരിച്ചത്. നിലവിൽ 65 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിക്ക് മുൻ വർഷത്തേക്കാൾ കാര്യമായ പരുക്കുകളില്ല. കോൺഗ്രസിന് 60 ൽ താഴെ സീറ്റുകൾ മാത്രം നൽകി ബാക്കിയുള്ളിടത്ത് ആർജെഡി തന്നെ മത്സരിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു.
അതേസമയം, കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാസഖ്യത്തിലെ ഇടത് പാർട്ടികളുടെ മുന്നേറ്റം ശ്രദ്ധേയമാണ്. 29 സീറ്റുകളിലാണ് ഇടത് പാർട്ടികൾ മത്സരിച്ചത്. ഇതിൽ 19 സീറ്റുകളിൽ ഇവർ ലീഡ് ചെയ്യുന്നുണ്ട്. സിപിഐ (എംഎൽ) 13 സീറ്റിലും സിപിഎം നാല് സീറ്റിലും സിപിഐ രണ്ട് സീറ്റിലും ഇപ്പോൾ ലീഡ് ചെയ്യുന്നു. ഗ്രാമീണ മേഖലകളിലാണ് ഇടത് പാർട്ടികൾ വ്യക്തമായ ആധിപത്യം പുലർത്തിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
Read Also: ബിജെപിയേക്കാള്‍ പിന്നില്‍ ജെഡിയു; ചതിച്ചത് കോവിഡെന്ന് പാർട്ടി വക്താവ്
11.30 വരെയുള്ള വോട്ടെണ്ണൽ വിവരമനുസരിച്ചുള്ള കണക്കുകളാണ് ഇത്. ഇതുവരെ 11 ശതമാനം വോട്ടുകളാണ് എണ്ണിയത്. വോട്ടെണ്ണൽ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നതും വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ കൂടുതൽ സീറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നുമാണ് കോൺഗ്രസ് ക്യാംപുകൾ വിലയിരുത്തുന്നത്.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ബിഹാറിൽ എൻഡിഎ തന്നെ അധികാരത്തിലെത്തും. ജെഡിയു-ബിജെപി എൻഡിഎ സഖ്യം ഇതിനോടകം കേവല ഭൂരിപക്ഷത്തിലെത്തി കഴിഞ്ഞു. നിതീഷ് കുമാർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.