പാട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി മുന്നേറ്റം ശ്രദ്ധേയം. ജെഡിയുവിനെ ഒപ്പം ചേർത്ത് ബിഹാറിൽ നിർണായക ശക്തിയാകുക എന്ന ബിജെപിയുടെ തന്ത്രം ഫലം കാണുന്നതായാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.

ബിഹാറിൽ എൻഡിഎ മുന്നണിയിൽ ജെഡിയുവിനായിരുന്നു ഇതുവരെ മുൻതൂക്കം. അതിനുശേഷമായിരുന്നു ബിജെപിയുടെ സ്ഥാനം. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം ജെഡിയു ക്യാംപുകളെ അസ്വസ്ഥമാക്കുന്നു.

Read Also: ബിജെപിയേക്കാള്‍ പിന്നില്‍ ജെഡിയു; ചതിച്ചത് കോവിഡെന്ന് പാർട്ടി വക്താവ്

എൻഡിഎ മുന്നണി കേവല ഭൂരിപക്ഷം നേടിയാൽ ജെഡിയു അധ്യക്ഷനും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജെഡിയുവിനേക്കാൾ നേട്ടം ബിജെപിക്കാണ്.

നിലവിൽ 71 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു ലീഡ് ചെയ്യുന്നത് 46 സീറ്റിൽ മാത്രം. ഇതോടെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാകുമോ എന്ന ആശങ്കയിലാണ് ജെഡിയു. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെന്ന് ജെഡിയു സമ്മതിക്കുന്നു. ആർജെഡിയോ തേജസ്വി യാദവോ അല്ല തങ്ങളെ തോൽപ്പിച്ചതെന്നും കോവിഡാണ് ഇതിനെല്ലാം കാരണമെന്നുമാണ് മുതിർന്ന ജെഡിയു നേതാവ് എൻഡിടിവിയോട് പ്രതികരിച്ചത്. മുന്നണി അധികാരത്തിലെത്തുമ്പോഴും തങ്ങളുടെ പാർട്ടിക്ക് തിരിച്ചടി നേരിട്ടെന്ന് ജെഡിയു ഇപ്പോൾ തന്നെ തുറന്നുസമ്മതിക്കുന്നു.

Read Also: Bihar Assembly Election Result 2020: ഇടതു പാര്‍ട്ടികള്‍ക്കു മികച്ച നേട്ടം; 18 സീറ്റില്‍ ലീഡ്

തുടക്കം മുതലേ ബിഹാറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കളത്തിലിറങ്ങി. മുന്നണിയിൽ കൂടുതൽ സീറ്റുകൾ നേടി ഒന്നാം സ്ഥാനത്ത് ബിജെപി എത്തിയാൽ ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി വിലപേശുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

ജെഡിയുവിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, ജെഡിയു ബിജെപിക്ക് പിന്നിൽ പോകുന്ന ഒരു സാഹചര്യം വന്നതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. ബിജെപിക്ക് കൂടുതൽ സീറ്റുകളുള്ള മുന്നണിയിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ സന്നദ്ധത അറിയിക്കുമോ എന്നതും ഏറെ ശ്രദ്ധേയമായ ചോദ്യമാണ്.

ഇരു മുന്നണികളും വാശിയേറിയ പോരാട്ടമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കാഴ്‌ചവയ്‌ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം ലീഡ് ചെയ്തെങ്കിലും പിന്നീട് ബിജെപി–ജെഡിയു സഖ്യത്തിന്റെ എൻഡിഎ മുന്നേറ്റം നടത്തുകയായിരുന്നു. ഉച്ചകഴിയുന്നതോടെ തിരഞ്ഞെടുപ്പ് ഫലം പൂർണമായി അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിഹാർ ജെഡിയു അധ്യക്ഷൻ ബഷിസ്ത നാരായൺ സിങ് പറഞ്ഞു. “നിതീഷ് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. അധികാരം പങ്കുവയ്‌ക്കില്ല. സീറ്റ് കുറഞ്ഞാലും നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ജനവിധി നിതീഷിന്റെ വിജയമാണ്. നിതീഷ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് മോദി നൽകിയ ഉറപ്പ് പാലിക്കുമെന്ന് വിശ്വാസമുണ്ട്. എൽജെപിയെ മുന്നണിയിൽ എടുക്കില്ല,” ബിഹാർ ജെഡിയു അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook