പട്ന: വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ, ലീഡ് നിലകൾ മാറിമറിയുമ്പോൾ കോവിഡിനെ പഴിചാരി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു. ലീഡ് ചെയ്യുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനെക്കാള്‍ മുന്നിലാണ്. ഇത് നിതീഷ് കുമാറിന് തിരിച്ചടിയാകുന്ന ഘടകമാണ്. ഒന്നരപ്പതിറ്റാണ്ടായി ബിഹാറിനെ നയിക്കുകയാണ് നിതീഷ് നേതൃത്വത്തിലുള്ള ജെഡിയു. തിരിച്ചടിയുടെ കാരണം കോവിഡാണെന്നാണ് ജെഡിയു വക്താവ് കെ സി ത്യാഗിയുടെ പ്രസ്താവന. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി ത്യാഗി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
“ജനങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആര്‍ജെഡിക്കോ തേജസ്വിക്കോ ഞങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് നാടിന്റെ ശാപമാണ്(കോവിഡ്),” കെ സി ത്യാഗി പറഞ്ഞു. കോവിഡ് മൂലം മാത്രമാണ് തങ്ങള്‍ ഇപ്പോള്‍ പിന്നോട്ട് പോയതെന്നും 70 വര്‍ഷത്തിലെ തകര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് 50 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 66 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. 1985 ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ വിജയിച്ച ഹർനൗട്ടിൽ എൽജെപി സ്ഥാനാർത്ഥി മമതാദേവി നിലവിലെ ജെഡി (യു) സ്ഥാനാർത്ഥി ഹരിനാരായൺ സിങ്ങിനെ മറികടന്ന് ലീഡ് നില ഉയർത്തുകയാണെന്നതും പാർട്ടിക്ക് തിരിച്ചടിയാണ്.
കാര്‍ഷിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിതീഷ് കുമാറിനെതിരെ വലിയ തരത്തിലുള്ള പ്രചരണമാണ് മഹാസഖ്യം നടത്തിയിരുന്നത്.
243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 370 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 3,558 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തീയതികളിലായാണ് ബിഹാറില്‍ പോളിങ് നടന്നത്.