scorecardresearch

കോട്ടും കൂട്ടും കീശയിൽ കാശും: ഇംഗ്ലണ്ടിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യു കെയിൽ പോകുന്നതിന് മുമ്പും അവിടെ എത്തിയ ശേഷവും കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെ... ബ്രിട്ടനിലെ ഓക്സ്ഫോർഡിൽ പഠിച്ചും, സസ്സെക്സിലും, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലും പഠിപ്പിച്ചുമുള്ള അനുഭവമുള്ള മാക്സ് മാർട്ടിൻ എഴുതുന്നു

യു കെയിൽ പോകുന്നതിന് മുമ്പും അവിടെ എത്തിയ ശേഷവും കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെ... ബ്രിട്ടനിലെ ഓക്സ്ഫോർഡിൽ പഠിച്ചും, സസ്സെക്സിലും, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലും പഠിപ്പിച്ചുമുള്ള അനുഭവമുള്ള മാക്സ് മാർട്ടിൻ എഴുതുന്നു

author-image
Max Martin
New Update
Study in UK

ഗാന്ധിജിയും, നെഹ്രുവും, അംബേദ്കറുമൊക്കെ പോയ വഴിയാണ് യു കെയിലെ (United Kingdom, UK) പഠനം എന്നത്. ബ്രിട്ടനിലെ ഒരു രാജ്യാന്തര വിദ്യാർത്ഥിയെന്ന നിലയിൽ, സ്വാതന്ത്ര്യവും അവസരങ്ങളും വേണ്ടുവോളം ഉണ്ടാവും, ഒപ്പം ആശയക്കുഴപ്പങ്ങളും. ഈ രാജ്യം പലപ്പോഴും തണുത്തതും, വിരസവും വളരെ ചെലവേറിയതുമാണെന്ന് നിങ്ങൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാവാം. ഒരുപക്ഷേ, ഇതൊക്കെക്കൊണ്ടാവാം ബ്രിട്ടീഷുകാർ നമ്മുടെയൊക്കെ രാജ്യങ്ങളിൽ സുഖമായി ജീവിച്ചത് - അത് മറ്റൊരു ചർച്ചക്കും ഗവേഷണത്തിനുമുള്ള വിഷയമാണ്.

ആസൂത്രണം  മുഖ്യം

Advertisment

വലിയ വിലയുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾത്തന്നെ അവിടത്തെ ജീവിതത്തിനു സഹായകമാകുന്ന ഒരു അതിജീവനപദ്ധതിയും ഫയർ ഫൈറ്റിങ് ടൂൾകിറ്റും തയ്യാറാക്കിയിരിക്കുന്നതു നല്ലതാണ്. മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. കാശും സമയവും അലച്ചിലും കുറയ്ക്കാനുള്ള ഒരു ഉപാധിയാണ് ഇത്.

ടിക്കറ്റു ബുക്ക് ചെയ്യുന്നതിനും, താമസസ്ഥലം കണ്ടെത്തുന്നതിനും, അവധിക്കാല യാത്രയും പിന്നെ കുറച്ച് അടിച്ച്‌പൊളിയുമൊക്കെ സംഘടിപ്പിക്കുന്നതിനും ഈ പ്ലാനിംഗ് സഹായിക്കും. സമയവും പഠനവുമൊക്കെ കൃത്യമായി ആസൂത്രണം ചെയ്താൽ കുറച്ചു സമയം പാർട്ട് ടൈം ജോലി ചെയ്തു കാശൊക്കെ ഉണ്ടാക്കാനും പറ്റും.

റോട്ടി, കപഡാ ഔർ മക്കാൻ

'റോട്ടി, കപഡാ ഔർ മക്കാൻ' എന്നാൽ ഭക്ഷണം, വസ്ത്രം, വീട് അല്ലെങ്കിൽ താമസസ്ഥലം അല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു കൂര എന്നർത്ഥം. ഇന്ത്യൻ സോഷ്യലിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു ‘റൊട്ടി, കപഡാ ഔർ മകാൻ.'

Advertisment

ബ്രിട്ടനിൽ നിങ്ങൾ പഠിക്കുന്ന ഇടത്ത് നിങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അൽപ്പാഹാരവും, കാലാവസ്ഥക്ക് പറ്റാത്ത വസ്ത്രവും, സ്വസ്ഥമായി ഉറങ്ങാൻ പറ്റാതെ വരുന്നതും ഒന്നും ഈ തണുത്ത അന്തരീക്ഷത്തിൽ ഗുണം ചെയ്യില്ല. അത് കൊണ്ട് നിങ്ങൾ എവിടെയാണ് താമസിക്കാൻ പോകുന്നതെന്ന് വളരെ നേരത്തെ ഉറപ്പാക്കുക. സുഹൃത്തുക്കളുമായി എന്നും ഒരു സോഫ പങ്കിടാനോ, ഒരു രാത്രി പോലും മരത്തിന്റെ ചുവട്ടിൽ ഉറങ്ങാനോ സാധിക്കില്ല എന്ന് ഓർക്കണം.

മികച്ച ഒരു ഓപ്ഷൻ കാമ്പസിലെ താമസമാണ്. സർവ്വകലാശാലകൾക്കും കോളേജുകൾക്കും സാധാരണയായി കാമ്പസിൽ അവരുടെ ഹാളുകൾ ഉണ്ടാവും. അല്ലെങ്കിൽ കാമ്പസിന് പുറത്ത് ഫ്ലാറ്റുകളോ വീടുകളോ അവർ വാടകയ്ക്ക് എടുത്തേക്കാം.

ആദ്യവർഷ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി താമസത്തിന് മുൻഗണന ലഭിക്കും. സാധാരണയായി നീണ്ട കാത്തിരിപ്പ് ലിസ്റ്റുകൾ ഉണ്ട്. നിങ്ങൾക്ക് പ്രവേശനം വാഗ്ദാനം ചെയ്യപെടുമ്പോൾ തന്നെ താമസസൗകര്യം ബുക്ക് ചെയ്യുന്നതാണ് ബുദ്ധി. അതിനായി യൂണിവേഴ്സിറ്റി ഹൗസിംഗ്  ഓഫീസ് നിങ്ങൾക്ക് ഉപയോഗപ്രദമായ ഉപദേശം നൽകും.

കാമ്പസിൽ ജീവിക്കുന്നത് രസകരമാണ്. ഉറക്കം വരാത്ത രാത്രികളിൽ ലൈബ്രറിയിലേക്കുള്ള യാത്രകൾ നടത്താം. വൈകി ഉറങ്ങുന്ന ദിവസങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്യാം.

വിദ്യാർത്ഥികൾക്ക് മാത്രമായുള്ള സ്വകാര്യ ഹാളുകളും ഉണ്ട്. ഹൗസിംഗ് ഓഫീസോ വിദ്യാർത്ഥി യൂണിയനോ ഈ ജനപ്രിയമായ സ്വകാര്യഹാളുകളെപ്പറ്റി നിങ്ങൾക്കു ഉപദേശം നൽകിയേക്കാം. വിദ്യാർത്ഥികളുടെ ഫേസ്ബുക്ക്ഗ്രൂപ്പുകൾ ഉണ്ട്  അതിൽ നിങ്ങൾക്ക് ഓൺലൈനായി തിരയൽ നടത്താം. അല്ലെങ്കിൽ (മുൻ)വിദ്യാർത്ഥികളുമായോ അഡ്മിഷൻ ഓഫീസുമായോ ബന്ധപ്പെടാം.

നിങ്ങൾക്ക് സ്വന്തമായി ഒരു ഫ്ലാറ്റോ മുറിയോ വാടകയ്ക്കെടുക്കാം എന്ന സാധ്യതുമുണ്ട്. മിക്ക വിദ്യാർത്ഥികളും താമസ സൗകര്യം പങ്കിടുന്നവരാണ്. വിദ്യാർത്ഥി യൂണിയൻ അല്ലെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകളിൽ ഇത്തരം വിവരങ്ങൾ പലപ്പോഴും ലഭ്യമാണ്. ഇമെയിൽ വിലാസവും മറ്റും യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭിക്കും.

വാടകവീടുകളുമായും ഫ്ലാറ്റ് ഷെയറുകളുമായും ബന്ധപ്പെടുന്നതിനു വെബ്സൈറ്റുകൾ ഉണ്ട്. സാമ്പത്തിക ഇടപാടുകൾ ഓൺലൈനിൽ നടത്തുന്നതിനു മുമ്പായി ഇവരുടെ വിശ്വസനീയത ഉറപ്പു വരുത്തുക. യൂണിവേഴ്സിറ്റിയുമായി സമ്പർക്കം പുലർത്തുന്നതാവും ഇവിടെയും ചെയ്യാവുന്ന കാര്യം.

മിക്ക വിദ്യാർത്ഥികളും ആദ്യ വർഷത്തിന് ശേഷം സുഹൃത്തുക്കളോടൊപ്പം വീടുകളിലേക്ക് മാറും. സാധാരണയായി ഇത്തരം സ്വകാര്യ 
വീട് വാടകയ്ക്ക് എടുക്കാൻ ഒരു പ്രാദേശിക ഗ്യാരന്ററും ഒരു മാസത്തെ വാടകയോ അതിലധികമോ ഡെപ്പോസിറ്റായി കൊടുക്കേണ്ടി വരും. അവിടെയും സോഷ്യൽ നെറ്റ് വർക്കിങ്ങും ആസൂത്രണവും വളരെ പ്രധാനമാണ്.

മിക്ക സ്വകാര്യ താമസസ്ഥലങ്ങളിലും റൂം ഹീറ്റിംഗ്, വൈഫൈ, വൈദ്യുതി എന്നിവ വാടകയിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ഹീറ്റിംഗ് ശരിയല്ലെങ്കിൽ തണുപ്പുകാലത്ത് വലിയ ബുദ്ധിമുട്ടുണ്ടാവും. നല്ല വൈഫൈ ഇല്ലാത്തൊരു ജീവിതം ദുഷ്ക്കരമാണ്.

നിങ്ങൾ സ്വന്തമായി താമസത്തിനു പോകുമ്പോൾ കിടക്ക, പുതപ്പുകൾ, പാത്രങ്ങൾ, സ്പൂണ്‍, കത്തി, ഫോര്‍ക്ക് മുതലായ അവശ്യസാധനങ്ങൾ വേണ്ടി വന്നേക്കും.  അടുക്കളയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് മുൻകൂറായി പരിശോധിക്കുക. അല്ലെങ്കിൽ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയി വലിയ വിലയില്ലാത്ത സാധനങ്ങൾ നോക്കുക.

ഉപയോഗിച്ച പാത്രങ്ങളും വീട്ടുപകരണങ്ങളും വിൽക്കുകയോ സൗജന്യമായി നൽകുകയോ ചെയ്യുന്ന കടകൾ ചിലപ്പോൾ വിദ്യാർത്ഥി യൂണിയനു ഉണ്ടാവും. ഇത്തരം സംവിധാനങ്ങളിൽ ഒരു കണ്ണ് ഉള്ളത് നല്ലതാണ്. സോഷ്യൽ നെറ്റ്‌വർക്കിംഗിൽ സജീവമായിരിക്കുക.

ബഹുവിധ വേഷം

ഈ രാജ്യത്തെ കാലാവസ്ഥ വിചിത്രമാണ്. നിങ്ങൾ പുറത്തു പോകുമ്പോൾ സുഖകരമായ ചൂടും, ചൂളൻകാറ്റും, തണുപ്പും, മഴയും മാറിമാറി അല്ലെങ്കിൽ ഒരേ സമയം അനുഭവപ്പെട്ടേക്കാം. അത് കൊണ്ട് വസ്ത്രങ്ങളും ഷൂസും വളരെ പ്രധാനമാണ്.

വാട്ടർപ്രൂഫ് ജാക്കറ്റ് അനിവാര്യമായ ഒന്നാണ്, ഉറപ്പുള്ള ഒരു കുടയും. അതു പോലെ തന്നെ കുറച്ച് മഴയൊക്കെ താങ്ങുന്ന ഷൂസും. നനഞ്ഞ കാലുകൾ തണുപ്പത്ത് അസൗകര്യവും അസുഖവുമുണ്ടാക്കുന്ന കാര്യമാണ്. മഞ്ഞുവീഴ്ചയും റോഡിൽ ഐസുമൊക്കെയുള്ള (sleet) സ്ഥലമാണെങ്കിൽ നല്ല ഗ്രിപ് ഉള്ള ഷൂസ് തന്നെ വാങ്ങണം.

തണുപ്പുകാലത്ത് ഒരു വിന്റർ ജാക്കറ്റ്, ഗ്ലവ്സ്, സ്കാർഫ്, തൊപ്പി തുടങ്ങിയവയും വേണ്ടി വരും. ഒന്നിന് മീതെ ഒന്നായി ഒരു ബേസ് ലെയർ, ഒരു മിഡ് ലെയർ, ഒരു ടോപ് ലെയർ എന്നതാണ് സമ്പ്രദായം. തണുപ്പ് കൂടുന്നതനുസരിച്ച് ലെയറുകൾ കൂട്ടുകയുമാവാം. നാട്ടിൽ പല സ്പോര്‍ട്സ് സ്റ്റോര്‍കളിലും കാലാവസ്ഥയ്ക്കനുയോജ്യമായ വസ്ത്രങ്ങളും ഷൂസും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.

വിലകുറഞ്ഞ ഒരു സൂപ്പർമാർക്കറ്റിൽ  'Sale' എന്ന ബോർഡ് നോക്കി ചെന്ന് വാങ്ങാവുന്നതാണ്. കാശു മുടക്കാൻ തീർത്തും തയാറല്ലെങ്കിൽ ചാരിറ്റി ഷോപ്പുകളിൽ പോകാം. ഉപയോഗിച്ച വസ്ത്രങ്ങൾ ധരിക്കുന്നത് ഫാഷനും കാലാവസ്ഥാസൗഹാർദ്ദപരവുമായി (climate-friendly) പലരും കരുതുന്നു.

ഇസ്തിരിയിട്ട് ഉടയാത്ത പുത്തൻ വസ്ത്രങ്ങളൊന്നും കാമ്പുസുകളിൽ പൊതുവെ ആരും ധരിക്കാറില്ല. ചില ബിസിനസ് അല്ലെങ്കിൽ ഫിനാൻസ് ഡിപ്പാർട്മെന്റുകളിൽ അപൂർവ്വമായി സൂട്ടും മറ്റും ധരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും കാണാറുണ്ട്.

ഉദര നിമിത്തം

നന്നായി ഭക്ഷണം കഴിക്കുക. മറ്റുള്ളവരുമായി ഷെയർ ചെയ്യുന്ന അടുക്കളയിൽ പൊതുവെ അടുപ്പും, ഫ്രിഡ്ജും, ഓവനുമൊക്കെയുണ്ടാവും. വില കുറഞ്ഞ ജങ്ക് ഫുഡ് (കൊഴുപ്പേറിയ ബർഗറും പ്രോസെസ്സ്ഡ് മീറ്റും മറ്റും) ഒഴിവാക്കുക. ഏത് സൂപ്പർമാർക്കറ്റിലും ഒരു ഇക്കോണമി ലൈൻ ഉണ്ടാവും. ഒരു മാർക്കറ്റ് സർവേ നടത്തുക.

ഭക്ഷണം പാകം ചെയ്യുന്നത് ലാഭകരമാണ്. ഒരു പാചക പുസ്തകം വാങ്ങുക. അല്ലെങ്കിൽ ഇന്റർനെറ്റിൽ നുറുങ്ങുകൾ കണ്ടെത്തുക. തവയിൽ മുളക് വറുത്തു യൂറോപ്യൻ സുഹൃത്തുക്കളെ പുകച്ചു പുറത്തു ചാടിക്കുകയും ഫയർ അലാം മുഴക്കുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

സാൻഡ്വിച്ചുകൾ സൗകര്യപ്രദമാണ് - കുറച്ച് ക്രിസ്പ്സും (വറുത്ത ഉപ്പേരി പോലെ) കുടിക്കാൻ എന്തെങ്കിലും കൂടി ചേർത്ത് ഉച്ചഭക്ഷണമായി കഴിക്കുന്നവരാണ് രാജ്യത്തിൽ പലരും. 

ധാന്യങ്ങൾ ചേർത്ത ബ്രെഡിന്റ ഒരു ലോഫ് വാങ്ങി അതിൽ ആരോഗ്യകരമായ ഫില്ലിംഗ് നിറച്ച്, (ഡിന്നറിൽ ബാക്കി വരുന്നത് പോലും അതിനായി ഉപയോഗിക്കാം) നല്ല സാൻഡ്‌വിച്ച് ഉണ്ടാക്കാം.

ഫ്രഷ് പച്ചക്കറികളും പഴങ്ങളും വില കൂടുതലായിരിക്കും. എന്നാലും അവ കഴിക്കുക. ഡോക്ടർമാർ പറയുന്നതു പോലെ, ഒരു ദിവസം അഞ്ച് ഭാഗങ്ങൾ (portions).  പുതിയതോ ശീതീകരിച്ചതോ ആയ മത്സ്യവും മാംസവും പാൽക്കട്ടിയും വാങ്ങി വെയ്ക്കാം ഫ്രിഡ്ജിൽ.

ചായ, ബിയർ, യാത്ര

ഏറെക്കുറെ ആചാരപരമായാണ് ബ്രിട്ടനിൽ പലരും ചായ കഴിക്കുന്നത്. മൊത്തത്തിലൊരു സന്തോഷമില്ലായ്മ തോന്നിയാൽ അവർ ആദ്യം ചെയ്യുനന്ത പോയി ഒരു ചായയുണ്ടാക്കി കുടിക്കും. സൗഹൃദങ്ങളുണ്ടാക്കാനും, പിരിമുറുക്കം കുറയ്ക്കാനും ഒക്കെ ഇത് സഹായിക്കും.

ബിയർ താരമാകുന്നത് മറ്റു ചില നേരങ്ങളിലാണ്. പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ. ആദ്യമായി മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന 18-വയസ്സുകാരെ വാരാന്ത്യങ്ങളിൽ ബ്രിട്ടനിലെ തെരുവുകളിൽ കാണാം. അത്തരം അഭ്യാസങ്ങൾ ഒഴിവാക്കുക. മോഡറേഷനാണ് (ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്ന് അർത്ഥം) മറ്റൊരു മന്ത്രം.

എന്തായാലും ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതം വളരെ പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ, കാര്യങ്ങൾ പലപ്പോഴും ഇവിടെ മ്ലാനമാണ്.  അത് കൊണ്ട് തന്നെ ധാരാളം രസകരമായ കാര്യങ്ങളിൽ ഏർപ്പെടുക - നീണ്ട നടത്തം, ബൈക്കിംഗ്, ഹോബി ഗ്രൂപ്പുകൾ തുടങ്ങിയ.

ഇവിടെ ബൈക്കുകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഒരു നല്ലൊരു ലോക്ക് വാങ്ങുക. ഹെൽമെറ്റ്, ലൈറ്റ് മുതലായ സുരക്ഷാസംവിധാനങ്ങൾ കാര്യമായെടുക്കുക. ബ്രിട്ടനിൽ ട്രെയിൻ യാത്രയ്‌ക്കൊരു സ്റ്റുഡൻറ് /യൂത്ത് കാർഡ് ഉണ്ട്‌. അതുപയോഗിച്ച് സ്ഥലമൊക്കെ കാണാം.

ഒരു പുതിയ സുഹൃത്തിനെ കിട്ടുമ്പോൾ ഉടനെ തന്നെ വീട്ടിലേക്കു കൊണ്ടു പോകുന്ന പതിവില്ല ഇവിടെ. എന്നാൽ അതിഥികളെ ബഹുമാനപൂർവ്വം സത്കരിക്കും. റോസ്റ്റ് തുടങ്ങിയ, തീരെ എരിവ് കുറഞ്ഞ ഭക്ഷണമാണ് ഒരു ബ്രിട്ടീഷ് രീതി - കറി ഒരു ദേശീയ ഭക്ഷണമാണെങ്കിൽപ്പോലും. സോസും, മുളകുപൊടിയുമൊക്കെ റോസ്റ്റിനു മെമ്പൊടിയാക്കിയിട്ട് ആതിഥേയനെ അപമാനിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കറിയുണ്ടാക്കാനറിയാമെങ്കിൽ പിന്നെ നിങ്ങളൊരു ഹീറോയാ, ഹീറോ!

Read Here

Uk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: