/indian-express-malayalam/media/media_files/bMeuVOZkxTdCfa5vw0nG.jpeg)
Education in Australia: ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർഷാവർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിസ നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ആൻറണി ആൽബനീസ് ഭരണകൂടം. കഴിഞ്ഞ 4 വർഷത്തെ കണക്കെടുത്താൽ ഈ വർഷമാണ് ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്ട്രേലിയയിൽ പഠന വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. 2022 ൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠനത്തിനായി ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം അതിനും മുകളിലേക്ക് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ൽ 73,808 വിദ്യാർത്ഥികളെന്ന കണക്കിൽ നിന്നുമാണ് 2022 ലെ ഒരു ലക്ഷത്തിലധികം എന്ന നിലയിലേക്ക് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചത്. 2020 ൽ 33629,2021ൽ 8950 എന്നതുമായിരുന്നു ഓസ്ട്രേലിയയിൽ പഠനത്തിനായി വിസ നേടിയ വിദ്യാർത്ഥികളുടെ എണ്ണം.
പഠനത്തിനായി രാജ്യത്തേക്ക് എത്തുന്ന ഇതര രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി ഉയരുന്നതാണ് പഠനവിസ കാര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആൽബനീസ് സർക്കാരിനെ നിർബന്ധിതരാക്കുന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രാവീണ്യത്തിലടക്കം പരീക്ഷകൾ കടുപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. പ്രധാനമായും 5 നിർദ്ദേശങ്ങളാണ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമാക്കാൻ ഒരുങ്ങുന്നത്.
ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യത്തിലടക്കം വിസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതിലൂടെ അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭാഷാ പ്രാവീണ്യ പരീക്ഷകൾ കടുപ്പമാക്കുന്നതിനൊപ്പം തന്നെ വിസ പരിശോധനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് രാജ്യത്ത് വിദേശ വിദ്യാർത്ഥികൾ കൂടുതലായും തങ്ങുന്നത് കുറയ്ക്കുക എന്നതാണ് തീരുമാനത്തിന് പിന്നിൽ. ഓസ്ട്രേലിയയിലെ നിലവിലുള്ള വിദേശികളുടെ എണ്ണം ഗണ്യമായി കുറയ്ക്കേണ്ടതുണ്ടെന്ന പ്രധാനമന്ത്രി ആൻറണി ആൽബനീസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിസ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള നിർദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്.
നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം, ഓസ്ട്രേലിയയിൽ പഠന വിസയ്ക്കായി വിദ്യാർത്ഥികൾ ഐ.ഇ.എൽ.റ്റി.എസിന് 6.5 മാർക്ക് സ്കോർ ചെയ്യേണ്ടതുണ്ട്. പി.ജി, യു.ജി കോഴ്സുകളുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റങ്ങൾ വരാം. ഈ നിർദ്ദേശത്തിലടക്കം കൂടുതൽ മാറ്റങ്ങൾ വരുത്തി നിയന്ത്രണങ്ങൾ കടുപ്പിക്കും. പഠനത്തിനായി വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന യൂണിവേഴ്സിറ്റികളിൽ നിന്നും ഇതിനുള്ള നിർദ്ദേശങ്ങൾ ലഭ്യമാകും.
പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദ്യാർത്ഥികളുടെ ജോലി സമയത്തിലും മാറ്റം
പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദ്യാർത്ഥികളുടെ ജോലി സമയത്തിലും ചില നിബന്ധനകൾ വരുത്താനാണ് സർക്കാർ തീരുമാനം. നേരത്തെ ഇത് സംബന്ധിച്ച് കോവിഡ് കാലത്ത് ചില ഇളവുകൾ വിദേശ വിദ്യാർത്ഥികൾക്കായി നൽകിയിരുന്നു. എന്നാൽ നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ ജോലി സമയത്തിൽ ഗണ്യമായ കുറവ് വരുത്തിയേക്കും. പഠനം എന്നതിനാണ് വിദ്യാർത്ഥികൾ പ്രഥമ പരിഗണന നൽകേണ്ടതെന്നും കുട്ടികളെ കൂടുതൽ പഠനവിഷയത്തിലേക്ക് കേന്ദ്രീകരിക്കാനാണ് ജോലി സമയം കുറയ്കുന്നതെന്നുമാണ് സർക്കാരിന്റെ തീരുമാനത്തിനു പിന്നിലെ വിശദീകരണം.
നിലവിലെ നിയമം അനുസരിച്ച് പഠനസമയത്തിന് ശേഷം വിദ്യാർത്ഥികൾക്ക് എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. ഈ നിയമത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടു വന്നു കൊണ്ട് വിദേശ വിദ്യാർത്ഥികൾ കൂടുതലായി രാജ്യത്ത് തുടരുന്നത് ഒഴിവാക്കുക എന്നതാണ് ആൽബനീസ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ ഡിഗ്രികൾക്ക് ഓസ്ട്രേലിയയിൽ അംഗീകാരം
വിദ്യാർത്ഥികളുടെ കടന്നു വരവ് കുറയ്ക്കുവാൻ ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ ഡിഗ്രികൾക്ക് ഓസ്ട്രേലിയയിൽ കൂടുതൽ അംഗീകാരം ലഭിക്കുമെന്നുള്ള പ്രഖ്യാപനവും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാർച്ചിൽ നടത്തിയിരുന്നു. അതു പോലെ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലെ ബിരുദങ്ങൾക്ക് ഇന്ത്യയിലെ തൊഴിൽ മേഖലകളിലും കൂടുതൽ മുൻഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പഠന വിസയുടെ കാര്യത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് ഓസ്ട്രേലിയ വരുത്തിയത്. താൽക്കാലിക പഠന വിസയയുടെ കാര്യത്തിൽ ബാച്ചിലർ ഡിഗ്രി എടുക്കുന്നവർക്ക് രണ്ട് വർഷവും, ബിരുദാനന്തര ബിരുദക്കാർക്ക് 3 വർഷവും, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് 4 വർഷവും രാജ്യത്ത് നിൽക്കാം എന്നാണ് നിയമം.
പഠന വിസയുടെ കാര്യത്തിൽ ഒട്ടേറെ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നെന്നുള്ള നിരീക്ഷണവും വിസ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ നിന്നടക്കമുള്ള പല വിസ അപേക്ഷകളിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി 5 പ്രധാന ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ടെന്നും സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബ്, ഹരിയാനാ, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിലാണ് നിയന്ത്രണങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ട്.
എഡിത്ത് കവാൻ യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, സതേൺ ക്രോസ് യൂണിവേഴ്സിറ്റി എന്നിവ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണവും ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്നതായിരുന്നു. അക്കാദമിക തലത്തിൽ രാജ്യാന്തര നിലവാരത്തിൽ മുൻപന്തിയിലുള്ള എഡിത്ത് കവാൻ യൂണിവേഴ്സിറ്റി, പഞ്ചാബിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ അഡ്മിഷൻ നടപടികൾ കൂടുതൽ പരിശോധനകൾക്കായി തടഞ്ഞു വെച്ചിരിക്കുകയാണ് എന്നാണ് വ്യക്തമാക്കിയത്.
എന്നാൽ യൂണിവേഴ്സിറ്റി ഓഫ് വൊല്ലോങ്ങോങ്ങ് അടക്കമുള്ള പ്രധാന യൂണിവേഴ്സിറ്റികൾ കടുത്ത നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇതു വരെയും ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Read Here
- ഐഐടി പാലക്കാട്; വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളം, ഓഫറുകൾ എന്നിവയിൽ വർദ്ധന
- പിജി ഒരു വർഷം, ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ള മോഡിൽ പഠിക്കാം; യു ജി സി നിർദ്ദേശം
- NEET UG 2024: മോക്ക് ടെസ്റ്റുകൾ അഥവാ പരിശീലന പരീക്ഷകൾ പ്രധാനമാകുന്നത് എന്തു കൊണ്ട്?
- ഈ വിദ്യാർത്ഥികൾ എവിടെ പോകുന്നു? അഞ്ച് വർഷത്തിലാദ്യമായി ഐ ഐ ടി ഉപേക്ഷിച്ച് വിദ്യാർത്ഥികൾ
- കേരളത്തിലാദ്യമായി ബി എസ് സി ന്യൂക്ലിയർ മെഡിസിൻ കോഴ്സ് ആരംഭിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.