/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-7.jpg)
ഓസോൺ പാളിയും കടന്ന്...
"ഇതാണ് ഓസോൺ പാളി. ഒരു കുടപോലെ നമ്മളെ സംരക്ഷിക്കുന്ന അന്തരീക്ഷ പാളി."
സ്കൂളിലെ വിവരസാങ്കേതികമുറിയിൽ കഴിഞ്ഞ ഓസോൺ ദിനത്തിൽ നടന്ന സെമിനാറിനെക്കുറിച്ചോർക്കുകയായിരുന്നു അശ്വിൻ. വലിയ സ്ക്രീനിൽ അന്തരീക്ഷ പാളികളുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയും, ഇപ്പോൾ ഗവേഷകനുമായ ഒരാളാണ് ക്ലാസെടുക്കുന്നത്. നല്ല രീതിയിൽ വസ്ത്രം ധരിച്ചിട്ടുള്ള സുമുഖനായ അദ്ദേഹത്തെക്കാണാൻ ഒരു ഐശ്വര്യമൊക്കെയുണ്ട്. പക്ഷെ സ്ത്രൈണതയാർന്ന ശബ്ദമാണ്. ചെവിയിലേക്ക് തുളച്ചുകയറുന്ന ശബ്ദം ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുന്നുണ്ട്.
"കുട്ടികളേ, നോക്കൂ, ഈ ഓസോൺ പാളി ഒരു കുടപോലെ നമ്മളെ സംരക്ഷിക്കുന്നതിനാലാണ് നമുക്ക് ത്വക് രോഗങ്ങളൊന്നും വരാത്തത്. അല്ലെങ്കിൽ ശരീരത്തിൽ ചൊറിച്ചിലും തൊലിയിലെ ക്യാൻസറിനുമൊക്കെ കാരണമാകുന്ന അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിലേക്ക് പതിക്കുമായിരുന്നു."
പലരുടെയും ചുണ്ടുകളിൽ ചിരി പടർന്നു. താമസിയാതെ അതൊരു ഉച്ചത്തിലുള്ള കൂട്ടച്ചിരിയായി പരിണമിച്ചു.
"സയലൻസ്... സയലൻസ്..." ശാസ്ത്രദ്ധ്യാപികയായ ലീന ടീച്ചർ ഡസ്കിലടിച്ച് അലറി. പിടിച്ചു നിർത്തിയതുപോലെ ചിരി നിന്നു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
എങ്കിലും അപ്പോഴും പലരുടെയും നോട്ടം ടീച്ചറുടെ കൈകളിലേക്കായിരുന്നു. ടീച്ചറുടെ കൈത്തണ്ടയിലെ തൊലി എന്തോ അസുഖത്താൽ ചുളിഞ്ഞ് ഇരുണ്ട നിറത്തിലായിരുന്നു. അൾട്രാ വയലറ്റ് രശ്മികളേറ്റാണ് ടീച്ചറുടെ കൈ ഇങ്ങിനെയായതെന്ന് ഏതോ വിരുതൻ കമന്റ് പാസാക്കിയതാണ് കുട്ടികൾ ചിരിക്കാൻ കാരണം.
അന്ന് ടീച്ചറെ കളിയാക്കി ചിരിച്ചതിൽ അശ്വിൻ സങ്കടം തോന്നിയിരുന്നു. ഒരാളുടെ അസുഖത്തെ കളിയാക്കുന്നത് ശരിയല്ലെന്ന് മറ്റു കുട്ടികളോടവൻ പറഞ്ഞുവെങ്കിലും അവരാരും അതു ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. ടീച്ചറുടെ കൈയ്യിൽ ഏതു സമയവും ചൂരൽ ഉണ്ടാകുമെന്നതിനാലും ചെറിയ തെറ്റുകൾക്കു പോലും ശിക്ഷിക്കുമെന്നതിനാലും കുട്ടികൾക്കാർക്കും അവരെ ഇഷ്ടമായിരുന്നില്ല. കരിങ്കാളിയെന്ന് ഒരിരട്ടപ്പേരും രഹസ്യമായി കുട്ടികളവരെ വിളിച്ചിരുന്നു.
"ഊം..? എന്താണാലോചിച്ചിരിക്കുന്നത്?" സാനിയ അശ്വിനെ ചിന്തയിൽനിന്നും വിളിച്ചുണർത്തി.
"യാത്ര മടുത്തോ? ഇത്ര പെട്ടെന്ന്?"
"ഹേയ് ഇല്ല. ഞാൻ സ്കൂളിലെ കാര്യം ആലോചിച്ചുപോയി."
"ഞാനും അതേക്കുറിച്ചുതന്നെയാണാലോചിച്ചിരുന്നത്. നമ്മുടെ ഓസോൺ സെമിനാറിനെക്കുറിച്ചല്ലേ?" വിമൽ ചോദിച്ചപ്പോൾ അതെയെന്ന് അശ്വിൻ തലയാട്ടി.
"അന്ന് ആ സാർ എന്തൊക്കെയാണ് ഓസോൺ പാളിയെക്കുറിച്ച് പറഞ്ഞത്? വലിയൊരു പാളിയാണെന്നും അവിടെ വലിയ സുഷിരങ്ങളുണ്ടെന്നും ആ സുഷിരങ്ങൾ ഇല്ലാതാക്കാൻ നമ്മൾ ഫ്രിഡ്ജും എ.സി.യുമൊക്കെ ഉപേക്ഷിക്കണമെന്നുമൊക്കെ എന്തൊക്കെ കാര്യങ്ങൾ! എന്നിട്ടിപ്പോൾ പാളിയുമില്ല, സുഷിരവും കാണാനില്ല."
"നോക്കൂ, ഇവിടെ ഓസോണീകരണം നടക്കുന്ന മേഖലയായതിനാലാണ് ഇതിനെ ഓസോൺ പാളിയെന്നു പറയുന്നത്. ഇവിടെയും നേരിയ അളവിലുള്ള അന്തരീക്ഷ വായു മാത്രമേയുള്ളൂ. സാന്ദ്രത വളരെ കുറഞ്ഞത്," സാനിയ വിശദീകരിക്കാൻ ശ്രമിച്ചു.
"പക്ഷെ, ഞങ്ങൾ പഠിച്ചത് വലിയൊരു പാളിയായി, ഒരു കുടപോലെ ഓസോൺ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നുവെന്നൊക്കെയാണല്ലോ."
"ഒരർത്ഥത്തിൽ നോക്കിയാൽ അതും ശരിയാണ്. ഇതൊരു കുടതന്നെയാണ്. പക്ഷെ കുട നമുക്ക് കാണാൻ കഴിയില്ലെന്നു മാത്രം."
"അദൃശ്യമായ കുടയാണോ?"
"അദൃശ്യമൊന്നുമല്ല. നമുക്ക് കാണാൻ സാധിക്കും. നേരത്തെ എന്റെയനിയത്തി ലിയ സമ്മാനിച്ച കണ്ണടയെടുത്ത് ധരിച്ചുനോക്കൂ. അപ്പോൾ എല്ലാം വ്യക്തമായി കാണാം."
വിമലിനുള്ള കണ്ണടകൂടെ ലിയ അശ്വിനെ ഏൽപ്പിച്ചിരുന്നു. ലിയയെ വിമൽ കണ്ടിട്ടില്ലെങ്കിലും സാനിയയുടെ അനുജത്തിയാണെന്നു പറഞ്ഞപ്പോൾ ഏകദേശരൂപം അവനൂഹിച്ചെടുത്തു.
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
'സാനിയയെപ്പോലെതന്നെ സുന്ദരിയായിരിക്കും അവളും. അവൾകൂടെ ഒരുമിച്ചു വന്നിരുന്നെങ്കിൽ നല്ലതായിരുന്നേനെ. സാനിയക്ക് അശ്വിനോട് കൂടുതലടുപ്പമുള്ളതുപോലെ എപ്പോഴും തോന്നുന്നുണ്ട്. അവൻ പറയുന്നതിനെ ന്യായീകരിക്കാനും പിന്തുണയ്ക്കാനും അവളെപ്പോഴും ശ്രമിക്കുന്നുണ്ട്. അതേസമയം തനിക്കങ്ങനെ തോന്നാതിരിക്കാനും അവൾ ശ്രമിക്കുന്നുണ്ട്,' വിമൽ മനസ്സിൽ പറഞ്ഞു.
സാനിയയപ്പോൾ അവനെ നോക്കി ചിരിച്ചു.
"ഈ ചൊവ്വാ നിവാസികൾക്ക് മറ്റുള്ളവരുടെ മനസ്സു വായിക്കാനുള്ള കഴിവുമുണ്ടോ? ഇവളെന്തിനാണെന്നെയിങ്ങനെ നോക്കി ചിരിക്കുന്നത്?"
"കണ്ണട വെച്ചു നോക്കിക്കോളൂ. ദാ പുറത്തേക്കു നോക്കൂ. പുതിയ കാഴ്ചകൾ കാണിച്ചു തരാം."
സാനിയ പറഞ്ഞയിടത്തേക്ക് ഇരുവരും കണ്ണടയിലൂടെ നോക്കി. അത്ഭുതകരമായിരുന്നു കാഴ്ചകൾ. ചെറിയ പന്തുകൾ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നു. മുകളിൽ നിന്നും പതിക്കുന്ന വയലറ്റ് നിറമുള്ള വെളിച്ചത്തിൽ ആ പന്തുകൾ രണ്ടായി പിരിയുകയും മറ്റൊന്നിനോട് കൂടിച്ചേരുകയും ചെയ്യുന്നുണ്ട്.
"കാണാൻ നല്ല രസമുണ്ട്. പക്ഷെ, എന്താണെന്ന് മനസ്സിലാകുന്നില്ല."
"നോക്കൂ, ഓക്സിജൻ തന്മാത്രകളാണവ. രണ്ട് ഓക്സിജൻ ആറ്റങ്ങളാണ് ഓരോ തന്മാത്രയ്ക്കുമുള്ളിലുള്ളത്. ആ കാണുന്ന വയലറ്റ് നിറമുള്ള വെളിച്ചം അൾട്രാ വയലറ്റ് രശ്മികളാണ്. അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഓക്സിജൻ തന്മാത്രകൾ വിഘടിക്കുകയാണിവിടെ ചെയ്യുന്നത്. വിഭജിച്ച് ഓരോ ആറ്റങ്ങളുള്ള തന്മാത്രകളായി അവ മാറും. പിന്നെ മറ്റൊരു ഓക്സിജൻ തന്മാത്രയുമായി കൂടിച്ചേർന്ന് മൂന്ന് ഓക്സിജൻ ആറ്റങ്ങളുള്ള തന്മാത്രകളായി മാറും. ഇങ്ങനെ രൂപപ്പെടുന്ന ഓ ത്രീ തന്മാത്രകളാണ് ഓസോൺ തന്മാത്രകൾ. ഇവിടെ ഓസോൺ വാതകം രൂപപ്പെടുന്നതങ്ങനെയാണ്."
"ആഹ! നല്ല രസമുണ്ടല്ലോ കാണാൻ. നമുക്ക് ആ ഓസോൺ പന്തുകളെ പിടിച്ചാലോ?"
"അങ്ങനെ പിടിക്കാൻ കിട്ടുകയൊന്നുമില്ല. നിങ്ങളിപ്പോൾ ധരിച്ചിരിക്കുന്ന കണ്ണട ആ തന്മാത്രകളെ അനേകമടങ്ങ് വലിപ്പത്തിൽ കാണിച്ചു തരുന്നതുകൊണ്ടാണ് നിങ്ങൾക്കവയെ കാണാൻ കഴിയുന്നത്. സാധാരണഗതിയിൽ തന്മാത്രകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നറിയില്ലേ? എങ്ങിനെ ഓസോൺ രൂപപ്പെടുന്നുവെന്ന് നിങ്ങളെ കാണിച്ചു തരാൻ വേണ്ടിയാണ് കണ്ണട ധരിക്കാൻ പറഞ്ഞത്. ഇനി അഴിച്ചുവെച്ചോളൂ."
സാനിയയെ ഇരുവരും അനുസരിച്ചു. അവൾ പലപ്പോഴും ഒരു രക്ഷിതാവിന്റെയോ, അദ്ധ്യാപികയുടെയോ ഭാവം കാണിക്കുന്നുണ്ടെന്ന് അശ്വിൻ തോന്നി. ഏതായാലും അവൾക്കാണെല്ലാം അറിയാവുന്നത്. അവളെ അനുസരിക്കുകയാണ് നല്ലത്.
"അപ്പോൾ ഈ അൾട്രാ വയലറ്റ് രശ്മികളുള്ളതുകൊണ്ടാണല്ലേ ഓസോൺ രൂപപ്പെടുന്നത്? പിന്നെന്താണവയെ അപകടകാരികളായ രശ്മികളെന്നു വിളിക്കുന്നത്?"
"അവ നിങ്ങൾ ഭൂമിയിലെ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും അപകടമുണ്ടാക്കും. മനുഷ്യരിൽ ചർമ്മാർബ്ബുദത്തിന് കാരണമാകും. അതേപോലെ കൃഷിയെ നശിപ്പിക്കും. മണ്ണിലെ ചെറിയ ജീവികളെ നശിപ്പിക്കും. അങ്ങിനെയൊക്കെ അപകടം ചെയ്യുന്നതുകൊണ്ടാണവയെ അപകടകാരികളെന്നു വിളിക്കുന്നത്. പക്ഷെയിവിടെ ഓക്സിജൻ തന്മാത്രകളെ വിഭജിച്ചും കൂട്ടിച്ചേർത്തും ഓസോണുകളെ വിഭജിച്ചും കൂട്ടിച്ചേർത്ത് പുതിയ ഓസോൺ തന്മാത്രകളെ നിർമ്മിച്ചും സൂര്യനിൽനിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികളെയെല്ലാം ഇവിടെത്തന്നെ ആഗിരണം ചെയ്തു നിർത്തുകയാണ് ഓസോൺ വാതകം ചെയ്യുന്നത്. അതുകൊണ്ടാണ് ഭൂമിയിലേക്കു പതിക്കുന്ന മാരകരശ്മികളെ ഓസോൺ തടഞ്ഞുനിർത്തുന്നുവെന്ന് നിങ്ങൾ പഠിക്കുന്നത്."
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
"സ്ട്രാറ്റോസ്ഫിയർ കഴിയാറായില്ലേ? ഇപ്പോൾ നമ്മൾ എത്രയുയരത്തിൽ എത്തിയിട്ടുണ്ടാകും?
ഇപ്പോൾ നമ്മൾ ഏകദേശം അമ്പതു കിലോമീറ്റർ ഉയരത്തിലാണ്. സ്ട്രാറ്റോ പോസ് എന്ന സംക്രമണസീമ കടന്നാൽ നമ്മൾ മെസോസ്ഫിയറിലേക്കെത്തിച്ചേരും. ഇതേവരെ സ്ട്രാറ്റോസ്ഫിയറിന്റെ ഉയർന്ന വിതാനത്തിൽ ഓസോണീകരണം നടന്നുകൊണ്ടിരക്കുകയായിരുന്നതിനാൽ ചൂട് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ട്രോപ്പോ പോസിലെ മൈനസ് അമ്പത് ഡിഗ്രി താപനിലയിൽ നിന്നും നമ്മളിപ്പോൾ വീണ്ടും പൂജ്യം ഡിഗ്രിയിലെത്തിക്കഴിഞ്ഞു. ഇനി വീണ്ടും താപനില കുറഞ്ഞുകൊണ്ടിരിക്കും. നമ്മളിപ്പോൾ മെസോസ്ഫിയറിലേക്കു കടന്നുകഴിഞ്ഞു."
"ഇനിയിപ്പോൾ ഓസോൺ വാതകം കാണാനാവില്ലല്ലേ? ഞാനൊന്നുകൂടെ കണ്ണടയിലൂടെ നോക്കട്ടെ." വിമൽ വീണ്ടും ലിയ സമ്മാനിച്ച കണ്ണടയെടുത്തു ധരിച്ചു നോക്കി.
"ഇവിടെയും നിങ്ങൾക്ക് നൈട്രജനും, ഓക്സിജനും, കാർബണ്ഡയോക്സൈഡുമൊക്കെ കാണാൻ സാധിക്കും. പക്ഷെ വായുകണികകളുടെ സാന്ദ്രത വളരെ കുറവാണെന്നു മാത്രം. അതായത് വായു തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കുറവായിരിക്കും. ഇവിടുന്നു മുകളിലേക്കു പോകുന്തോറും ഈ അകലം കൂടിക്കൊണ്ടിരിക്കും. ഇവിടെയുള്ള ഓസോണിന്റെയും അവസ്ഥ അതുതന്നെയാണ്."
സാനിയ പറഞ്ഞതുകേട്ട് തലകുലുക്കി, വിമൽ കണ്ണടയൂരിവെച്ചു. അവിടവിടെയായി പലതരം ചെറുപന്തുകളെപ്പോലെ വായുതന്മാത്രകളെ കാണാമെന്നല്ലാതെ വ്യക്തമായൊന്നും തിരിച്ചറിയുന്നില്ല.
"അപ്പോഴിവിടെ പ്രത്യേകിച്ചൊന്നും കാണാനില്ലല്ലേ?"
"എന്തുപറ്റി? ഉറക്കം വരുന്നുണ്ടോ? ഭൗമാന്തരീക്ഷത്തിലെ വായുകണികകൾ കാണാവുന്ന പ്രധാനപ്പെട്ട പാളികൾ കണ്ടതിനുശേഷമുറങ്ങിയാൽപ്പോരേ?"
"മതി... ഉറങ്ങാനല്ലല്ലോ നമ്മളിങ്ങോട്ടു പോന്നത്. ഇനിയുമൊരു യാത്ര ഇതുപോലെ സാധ്യമാകുമെന്നുമുറപ്പില്ലല്ലോ. ഇതേവരെ മനുഷ്യൻ സഞ്ചരിച്ചിട്ടില്ലാത്ത പാതകളിലൂടെ നമുക്ക് സഞ്ചരിക്കണം. അവിടെയുള്ള കാഴ്ചകൾ മനസ്സിലാക്കണം. എന്നിട്ടവ മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം. അതല്ലേ നമ്മുടെ ലക്ഷ്യം?"
"അതെ.. ഉറങ്ങുകയൊന്നും വേണ്ട."
വിമലും അശ്വിന്റെ അഭിപ്രായത്തെ പിന്തുണച്ചു.
"ശരി.. ശരി.. എന്നാൽ പുറത്തേക്കു നോക്കിയിരുന്നോളൂ.. നമ്മൾ പേടകത്തിന്റെ വേഗത കുറച്ചു വർദ്ധിപ്പിക്കുകയാണ്. ഈ വേഗതയിൽ പോയാൽ നമുക്കെവിടെയുമെത്താൻ കഴിയില്ല."
"ഞാനുമതിനെക്കുറിച്ചാലോചിക്കുകയായിരുന്നു. അന്ന് ഭൂമിയെ ചുറ്റി സഞ്ചരിക്കാൻ നമ്മൾ എത്ര വേഗത്തിലാണ് സഞ്ചരിച്ചത്!"
"അത്രയും വേഗത്തിൽ സഞ്ചരിച്ചാൽ നമുക്ക് അന്തരീക്ഷ പ്രതിഭാസങ്ങളൊന്നും കാണാൻ കഴിയില്ലല്ലോ. അടുത്തതായി നമ്മളെത്തിച്ചേരുന്ന തെർമ്മോസ്ഫിയറിന്റെ താഴ്ന്ന വിതാനത്തിലെ അയോണീകരണം കഴിഞ്ഞാൽ പതിനായിരം കിലോമീറ്റർ ഉയരം വരെ പ്രത്യേകിച്ച് അന്തരീക്ഷപ്രതിഭാസങ്ങളൊന്നും കാണാനില്ല. അപ്പോൾ നമുക്ക് വീണ്ടും വേഗത വർദ്ധിപ്പിക്കാം."
"നമ്മളിതുവരെ അമ്പിളിയമ്മാവനെ കണ്ടില്ലല്ലോ. എവിടെയാണ് ഞങ്ങളുടെ സ്വന്തം ഉപഗ്രഹം?"
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
"നിങ്ങളുടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ചാണോ ചോദിക്കുന്നത്? ഹ... ഹ... ചന്ദ്രനിവിടെയൊന്നുമല്ല. മൂന്നുലക്ഷത്തി എൺപത്തിനാലായിരത്തി നാനൂറ് കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. നമ്മളവിടെയെത്താൻ ദിവസങ്ങളെടുക്കും."
"ഹയ്യോ! അത്രയും ദൂരെയോ?" വിമൽ അറിയാതെ പറഞ്ഞുപോയി.
"അതെ. അത്രയുമകലെ നിന്നാണ് അമ്പിളിയമ്മാവൻ നിങ്ങളുടെ മേൽ പ്രകാശം ചൊരിയുന്നത്. ദാ നമ്മൾ മെസോസ്ഫിയർ പിന്നിടുകയാണ്. അന്തരീക്ഷത്തിലെ ഏറ്റവും താപം കുറഞ്ഞ മേഖലയിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. മെസോസ്ഫിയറിൽ നിന്നും തെർമ്മോസ്ഫിയറിലേക്കുള്ള സംക്രമണമേഖലയായ മെസോപോസിലെ താപനില മൈനസ് എണ്പത് ഡിഗ്രിയാണ്. ദാ നമ്മൾ സംക്രമണമേഖല കടന്ന് തെർമ്മോസ്ഫിയറിലെത്തിച്ചേർന്നിരിക്കയാണ്. ഇവിടെയാണ് ഏറ്റവും രസകരമായ കാര്യങ്ങൾ കാണാനിരിക്കുന്നത്. വേഗം കണ്ണടയെടുത്തു ധരിച്ചോളൂ. ഈ ഇയർഫോണും ചെവിയിൽ തിരുകിക്കൊള്ളൂ. നല്ലൊരു തമാശകാണിക്കാം."
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.