/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-4.jpg)
ഭൂമിയെ വലം വെച്ച്...
"ആഹ! നന്നായിരക്കുന്നല്ലോ പേടകം!"
കട്ടികടലാസുകൊണ്ടു നിർമ്മിച്ച പേടകം സാനിയ തിരിച്ചും മറിച്ചും നോക്കി. അതിൽ ഉപയോഗിച്ചിരിക്കുന്ന കടലാസുകൊണ്ടുതന്നെയുള്ള സ്ക്രൂകളും മറ്റു ചെറു ഭാഗങ്ങളുമൊക്കെ കണ്ട് തൃപ്തിപ്പെട്ടു.
"മതി. ഇതുമതി. ഞാൻ വിചാരിച്ചതിലും മിടുക്കന്മാരാണല്ലോ നിങ്ങൾ! ഇന്നലെ ഞാൻ വിമലിന്റെ വീടിന്നടുത്ത് പോയിരുന്നു. അവനും വലിയ ആവേശത്തിലാണല്ലോ സൂര്യയാത്ര പോകാൻ?"
"അതെ. അവന് സാനിയയെ കാണാൻ കഴിയാത്തതിൽ വളരെ സങ്കടമുണ്ട്."
"അതു സാരമില്ല. നമുക്ക് ഇപ്പോൾത്തന്നെ അങ്ങോട്ടു പോകാം. നിങ്ങൾ തയ്യാറാക്കിയ പേടകത്തിൽ കയറിപ്പോകാം. ആദ്യയാത്ര കൂട്ടുകാരന്റെ വീട്ടിലേക്കാവട്ടെ."
സാനിയ പറഞ്ഞപ്പോൾ അശ്വിൻ വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്ങിനെയാണ് വെറും കടലാസുകൊണ്ടു നിർമ്മിച്ച പേടകത്തിൽ സഞ്ചരിക്കുക!
അവൻ വിസ്മയിച്ചുനിൽക്കേ, സാനിയ കൈ നീട്ടി പേടകത്തിലൊന്നു തൊട്ടു. അവളുടെ കൈയ്യിലൂടെ അതിശക്തമായൊരു നീല വെളിച്ചം കടലാസുപേടകത്തിലേക്കു പ്രവഹിച്ചു. കടലാസുപേടകം നീലനിറം പൂണ്ടു. അത്ഭുതം! ഇപ്പോഴത് കടലാസുപേടകമല്ല. സാനിയയുടെ അർദ്ധതാര്യപേടകം പോലെയുള്ള ഒരു പേടകം. അതിന്റെ വലിപ്പം നേക്കിനിൽക്കെ കൂടിവന്നു. സാനിയ അശ്വിന്റെ കൈപിടിച്ച് പുതിയ പേടകത്തിലേക്കു പ്രവേശിക്കുമ്പോൾ പറഞ്ഞു.
"വലതുകാൽ വെച്ചു പ്രവേശിച്ചോളൂ. നിങ്ങൾ മനുഷ്യരുടെ വിശ്വാസം അങ്ങനെയല്ലേ? നമ്മളൊരു ശുഭകാര്യത്തിന് തുടക്കം കുറിക്കുകയല്ലേ?"
അശ്വിൻ ആത്മവിശ്വാസത്തോടെ പേടകത്തിലേക്ക് വലതുകാൽ വെച്ച് പ്രവേശിച്ചു. പിന്നിലെ അശ്വിന്റെ കൈപിടിച്ച് സാനിയയും. പേടകത്തിലെ നിയന്ത്രണോപാധികളിൽ സാനിയ സ്പർശിക്കേണ്ട താമസം അതിന് ഇളക്കംവെച്ചു. സാവധാനത്തിൽ അത് തറയിൽനിന്നുമുയർന്നു. വായുവിനെയെന്നോണം വീടിന്റെ ചുവരിനെ ഭേദിച്ച് പുറത്തേക്കു കടന്നു. വിമലിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. ജനാലയ്ക്ക് സമീപമെത്തി അകത്ത് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കൂട്ടുകാരനെ അശ്വിൻ ശ്രദ്ധിച്ചു.
"ഹ..ഹ..ഹ.. അവൻ പഠിക്കുകയൊന്നുമല്ല. പേടകത്തിന്റെ ചിത്രം വരച്ചോണ്ടരിക്കുകയാ. അവന്റെ മനസ്സിലെപ്പോഴും സൂര്യയാത്രതന്നെയാണെന്നാണ് തോന്നുന്നത്."
"അതെ. അങ്ങിനെ താത്പര്യമുള്ള കുട്ടികളെയാണാവശ്യം. അവർക്ക് മാത്രമേ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയൂ."
സാവധാനത്തിൽ വിമലിന്റെ പഠനമുറിയിലേക്കു കടന്ന് പുസ്തകത്തിലേക്ക് തലകുമ്പിട്ടിരിക്കുകയായിരുന്ന വിമലിനെ പേടകത്തിനുള്ളിലാക്കി. തനിക്കു ചുറ്റും നീല പ്രകാശം പരക്കുന്നതുകണ്ട് അവൻ അമ്പരന്നു.
"ഹയ്യോ! ഇതെന്താ? ഞാനെവിടെയാ?"
"ശ്, ശ്..." നിലവിളിക്കാൻ തുടങ്ങിയ വിമലിനെ അശ്വിൻ ചുണ്ടിൽ വിരൽ ചേർത്ത് വിലക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ചിരുന്ന വിമലിനെ നോക്കി സാനിയ പുഞ്ചിരിച്ചു.
"വിമൽ പേടിച്ചുപോയോ? ഇത് കൂട്ടുകാരനല്ലേ? അശ്വിൻ? ഞാൻ സാനിയ. നിങ്ങളുടെ ഭാഷയിൽ അന്യഗ്രഹജീവിയാണ്."
"ഇതെങ്ങിനെ ഇവിടെ?"
വിമലിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
"പേടിക്കേണ്ട. നിങ്ങൾ രണ്ടുപേരും ചേർന്ന് ഇന്നലെയുമിന്നുമായി നിർമ്മിച്ച സൂര്യയാനപേടകം ഒന്നു പരിശോധിച്ചുനോക്കുകയായിരുന്നു ഞങ്ങൾ."
"ഞങ്ങൾ നിർമ്മിച്ചത്?"
വിമൽ സംശയിച്ചുകൊണ്ട് പേടകത്തിന്റെയരികുകളിൽ തൊട്ടുനോക്കി. കാണാൻ അർദ്ധതാര്യവും വഴക്കമുള്ളതെന്നും തോന്നുമെങ്കിലും ഉരുക്കിനേക്കാൾ ബലമുള്ളതാണതെന്നവൻ മനസ്സിലാക്കി.
"ഞങ്ങൾ കടലാസുകൊണ്ടായിരുന്നല്ലോ നിർമ്മിച്ചത്?!"
"അതെ. നിങ്ങൾ കടലാസുകൊണ്ട് നിർമ്മിച്ചത് ഞാൻ ഇതുപോലെയാക്കിത്തീർത്തു. ഇതിനൊക്കെയുള്ള സാങ്കേതികവിദ്യകൾ എന്റെ കൈവശമുണ്ട്. വിമൽ ഇതേവരെ എന്നെ കണ്ടിട്ടില്ലെന്നും, എന്നെക്കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും പറഞ്ഞതുകൊണ്ടാണ് ഇപ്പോഴിങ്ങോട്ടു വന്നത്."
"അതെ. എനിക്ക് കാണാനാഗ്രഹമുണ്ടായിരുന്നു. പക്ഷേ..."
"എന്തു പക്ഷേ? നമുക്ക് സൂര്യയാത്രയ്ക്ക് പോവണ്ടേ? അതിനുവേണ്ട ഒരുക്കങ്ങളെക്കുറിച്ചൊക്കെ ഞാൻ കഴിഞ്ഞദിവസം അശ്വിനോട് പറഞ്ഞിരുന്നു."
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
"അതെ. പോവണം. ഒരുങ്ങാൻ വിശേഷിച്ചൊന്നുമില്ല. പേടകം തയ്യാറായിക്കഴിഞ്ഞല്ലോ. ഇനി ഞങ്ങൾ മനുഷ്യർക്ക് ബഹിരാകാശ യാത്രചെയ്യുമ്പോഴും സൂര്യനിലേക്കടുക്കുമ്പോഴും ശരീരത്തെ തയ്യാറാക്കുന്നതിനായുള്ള രാസലായനി കൂടെ നിർമ്മിച്ചാൽ മതിയാകും."
"രാസലായനിയെക്കുറിച്ചൊന്നും നിങ്ങൾ വേവലാതിപ്പെടേണ്ട. നിങ്ങൾ എന്റെ കൂടെയല്ലേ വരുന്നത്. അപ്പോൾ അതിനുവേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തുകൊള്ളാം. നിങ്ങൾക്ക് ചൂടും തണുപ്പുമൊന്നുമേൽക്കാത്ത ഉടുപ്പും ചില ലേപനങ്ങളുമൊക്കെ ഞാൻ തരാം."
"എന്നാൽപ്പിന്നെ ഞാൻ റെഡി."
വിമൽ യാത്രയ്ക്ക് തയ്യാറായതുകണ്ട് അശ്വിൻ അമ്പരന്നു. ഇത്രയും പെട്ടെന്ന് തയ്യാറായെന്നോ? ഇന്നുതന്നെ പോകാനോ? അമ്മയോടും അച്ഛനോടുമൊന്നും യാത്രപറയാതെ? അശ്വിൻ പെട്ടെന്നൊരു യാത്രയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
"ഇന്ന് ഏതായാലും വേണ്ട. എനിക്ക് വീട്ടിൽ ചില തയ്യാറെടുപ്പുകൾ നടത്താനുണ്ട്."
"ഹ ഹ ഹ... ഞാൻ വിചാരിച്ചതിൽനിന്നും വ്യത്യസ്തമാണല്ലോ കാര്യങ്ങൾ! ഞാൻ വിചാരിച്ചിരുന്നത് വിമലായിരിക്കും പെട്ടെന്നുള്ള യാത്രയ്ക്ക് തയ്യാറാവാതിരിക്കുകയെന്നായിരുന്നു. പക്ഷെ അശ്വിനാണല്ലോ വൈമനസ്സ്യം? എന്താ എന്തുപറ്റി? യാത്ര വേണ്ടെന്നു വെക്കണോ?"
സാനിയ ചോദിച്ചപ്പോൾ അശ്വിൻ എന്തുപറയണമെന്നു തോന്നിയില്ല. വീട്ടിൽ അച്ഛനോടും അമ്മയോടും ഒന്നും പറയേണ്ടതില്ല. ഇന്നലെ സ്വപ്നത്തിൽ അമ്മയും അച്ഛനും അനുവാദം തന്നതുമാണ്. പക്ഷെ, എന്നാലും പെട്ടെന്ന് യാത്രയെന്നു പറയുമ്പോൾ ഒരു വിഷമം.
"ഇന്നെന്തായാലും വേണ്ട. മാനസികമായൊന്നു തയ്യാറെടുക്കണം."
അശ്വിൻ ഉറപ്പിച്ചുപറഞ്ഞപ്പോൾ ആർക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
"ഏതായാലും നമ്മൾ പേടകത്തിൽ കയറിയില്ലേ? നമുക്ക് ചെറിയൊരു യാത്ര പോകാം. പേടകത്തിന്റെ ഗുണനിലവാരമൊന്നു പരിശോധിക്കുകയുമാകാം."
സാനിയയുടെ നിർദ്ദേശത്തിന് രണ്ടുപേരും സമ്മതം മൂളി.
"പേടിക്കേണ്ട. അധികം ദൂരെയൊന്നും നമ്മൾ പോകുന്നില്ല. ഈ ഭൂമിയെയൊന്ന് വലം വെച്ചു വരാം."
"ഭൂമിയെ വലംവെക്കാനോ!" അശ്വിൻ അമ്പരന്നുപോയി. ചന്ദ്രൻ മണിക്കൂറിൽ മൂവായിരത്തിയറുനൂറ്റി എണ്പത്തിമൂന്ന് കിലോമീറ്റർ വേഗതയിൽ ഇരുപത്തിയേഴര ദിവസം സഞ്ചരിച്ചാണ് ഭൂമിയെ ഒരുവട്ടം വലംവെക്കുന്നത്. അപ്പോൾ നമ്മൾ എത്രവേഗത്തിൽ സഞ്ചരിക്കേണ്ടിവരും!
"നമ്മൾ വെറും രണ്ടു മണിക്കൂർ സമയം കൊണ്ട് ഭൂമിയെ വലംവെച്ച് തിരിച്ചുവരും. പേടിക്കേണ്ട. ഈ പേടകത്തിലിരുന്നാൽ വേഗതയറിയുകയേയില്ല."
സാനിയ കൂസലില്ലാതെ പറഞ്ഞു.
"ഇപ്പോൾ ഭൂമിയുടെ ഈ വശത്ത് രാത്രിയല്ലേ. കാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കില്ലല്ലോ. ഈ കണ്ണടകൾ വെച്ചുനോക്കൂ."
സാനിയ കൊടുത്ത കണ്ണടകൾ ഇരുവരും ധരിച്ചു. ശരിയാണ് ഇപ്പോൾ ഭൂമിയെക്കാണാൻ എന്തു ഭംഗിയാണ്!
"ഹായ്.. പുഴകളും കുന്നുകളും പച്ചവിരിച്ച സമതലങ്ങളുമൊക്കെ കാണാൻ എന്തു ഭംഗിയാണ്!"
"അതെ. സൗരയൂഥത്തിലെ നിറച്ചെപ്പാണ് ഭൂമി. ഇത്രയധികം വർണ്ണങ്ങൾ വിരിച്ച മറ്റൊരു ഗ്രഹമില്ല. അതുകൊണ്ട് ഞങ്ങളുടെ ഗ്രഹത്തിലുള്ളവർക്ക് ഭൂമിയെക്കാണാൻ വലിയ കൗതുകമാണ്. എല്ലാവർക്കും ഭൂമിയിലേക്കു വരാനാണ് ഇഷ്ടം."
"ഭൂമിയിലേക്കു വരാനോ? അപ്പോൾ നിങ്ങൾ ചൊവ്വയിലെ മനുഷ്യരൊക്കെ ഭൂമിയിലേക്കു വരുമോ?"
"ഞങ്ങൾ വരാറുണ്ടല്ലോ. പക്ഷെ നിങ്ങൾ കാണാൻ സാധിക്കാത്ത വിധത്തിലാണ് വരാറുള്ളത്. ഇപ്പോൾ എന്നെത്തന്നെ കാണണമെങ്കിൽ ഈ പേടകത്തിനകത്തിരുന്നാലല്ലേ സാധിക്കുള്ളൂ. അതുപോലെ. ഞങ്ങളുടെയാളുകൾ ഇവിടെയുള്ള കാഴ്ചകളൊക്കെ കണ്ട് തിരിച്ചു പോകും. നിങ്ങളൊന്നും അറിയുകയുമില്ല."
"അപ്പോൾ ഭാവിയിൽ നിങ്ങളിവിടെ താമസമാക്കുമോ?"
"ഹേയ്. അങ്ങനെയൊന്നും പേടിക്കേണ്ട. ഞങ്ങൾക്ക് ജീവിക്കാൻ പറ്റിയ സാഹചര്യവും അനുയോജ്യമായ അന്തരീക്ഷവുമൊക്കെ ചൊവ്വയിൽത്തന്നെയാണ്. ഞങ്ങളവിടെത്തന്നെ കഴിഞ്ഞുകൊള്ളാം. ഭൂമിയിലെ മനുഷ്യർ വന്ന് ചൊവ്വ കീഴടക്കാതിരുന്നാൽ മതി."
"ഞങ്ങളങ്ങിനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?"
"എന്താ സംശയം? ഭൂമിയിലെ മനുഷ്യരെപ്പോലെ അത്യാർത്തിയുള്ളവരായി മറ്റേതു ഗ്രഹത്തിലുണ്ട് ആളുകൾ?"
"അപ്പോൾ ചൊവ്വയിൽ മനുഷ്യരുള്ളതുപോലെ മറ്റു ഗ്രഹങ്ങളിലും മനുഷ്യരുണ്ടോ?"
"അതിനെക്കുറിച്ചെനിക്കറിയില്ല. സാധ്യതയില്ലാതില്ല. ഓരോ ഗ്രഹങ്ങൾക്കും ഓരോ നിയമങ്ങളല്ലേ. ചിലപ്പോൾ ഉണ്ടാകാം. അവർ നമ്മെയൊക്കെ നിരീക്ഷിക്കുന്നുണ്ടാകാം. ചിലപ്പോൾ നമ്മളേക്കാൾ സാങ്കേതികമായി ഉയർന്ന നിലവാരത്തിലുള്ളവരായിരിക്കാം. പറയാൻ പറ്റില്ല."
"ഹൊ! അത്ഭുതം തന്നെ! ഇതേവരെ പഠിച്ചതെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു."
"എന്ത്? എന്തു തെറ്റു പഠിച്ചുവെന്നാണ് പറഞ്ഞത്?"
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
"ഭൂമിയിൽ മാത്രമേ ജീവനുള്ളൂവെന്നല്ലേ നമ്മുടെ പാഠപുസ്തകത്തിലുള്ളത്?"
"അത് ശരിയാണ്. പക്ഷെ ഇതേവരെയുള്ള ശാസ്ത്രത്തിന്റെ കണ്ടെത്തലുകളനുസരിച്ചല്ലേ പാഠപുസ്തകത്തിലെ വിവരങ്ങൾ. നമ്മുടെ ശാസ്ത്രം കൂടുതൽ കണ്ടെത്തലുകൾ നടത്തുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുസ്തകത്തിലുണ്ടാകും," അശ്വിൻ വിശദീകരിച്ചു.
"കണ്ടോ? നിങ്ങളുടെ ഏഷ്യാ ഭൂഖണ്ഡമവസാനിച്ചു. ഇനി കടലാണ്. ഇത് പസഫിക് സമുദ്രം. നമ്മൾ കിഴക്കോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സമുദ്രം കഴിഞ്ഞാൽ നമ്മൾ എത്തിച്ചേരുക അമേരിക്കയിലാണ്."
"അപ്പോൾ നമ്മൾ യൂറോപ്പിലൂടെ സഞ്ചരിച്ചോ?"
"ഇല്ല. നമ്മൾ ഇന്ത്യയിൽ നിന്നും മ്യാന്മാർ വഴി ചൈന വഴി പസഫിക് സമുദ്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. പസഫിക് സമുദ്രത്തെക്കുറിച്ചറിയാമല്ലോ. ഏറ്റവും വലിയ സമുദ്രമാണ് പസഫിക്. നമ്മൾ ഇപ്പോൾ കാണുന്ന ആ ചെറിയ ദ്വീപാണ് ജപ്പാൻ. സാങ്കേതിക വിദ്യയിൽ വളരെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ജപ്പാനെന്നറിയാമല്ലോ."
"അതെ. ജപ്പാൻകാരെ സമ്മതിക്കണം. പക്ഷെ അവിടെയെപ്പോഴും ഭൂകമ്പവും അഗ്നിപർവ്വത സ്ഫോടനവുമൊക്കെയുണ്ടാകും."
"ജപ്പാൻ ഉൾപ്പെടെ, പസഫിക് സമുദ്രമേഖലയാകെ അഗ്നിപർവ്വത സ്ഫോടനത്തിനും ഭൂമികുലുക്കത്തിനുമൊക്കെ സാധ്യതയുള്ള മേഖലയാണ്."
"അതെ. അതു ഞങ്ങൾക്ക് പാഠപുസ്തകത്തിൽ പഠിക്കാനുണ്ട്. പസഫിക് അഗ്നിവലയം എന്നാണതിൻ പേര്," വിമൽ ഓർത്തെടുത്തു പറഞ്ഞു.
"അതെ. ഫലകചലനവും ഭൂമിക്കുള്ളിലെ ചലനങ്ങളുമൊക്കെയാണതിനു കാരണം. ഞങ്ങൾ ചൊവ്വയിലെ ജീവികളേക്കാൾ കൂടുതൽ ഭൂമിയുടെ ഉള്ളറയെക്കുറിച്ച് നിങ്ങൾ ഭൂമിയിലുള്ളവർക്കല്ലെയറിയുക? അതുകൊണ്ട് ഞാനതിനെക്കുറിച്ചൊന്നും പറയുന്നില്ല. ഇതാ. നമ്മൾ അമേരിക്കയിലെത്തിയല്ലോ. ഈ കാണുന്നത് വടക്കെ അമേരിക്കൻ ഭൂഖണ്ഡവും വലതുവശത്ത് കാണുന്നത് തെക്കേ അമേരിക്കൻ ഭൂഖണ്ഡവുമാണ്. കൂടുതൽ വിശദമായി ഓരോ രാജ്യത്തിലും സഞ്ചരിക്കാൻ നമുക്ക് സമയമില്ല."
"അറിയാം. വടക്കേ അമേരിക്കയിൽ ഏറ്റവും വലിയ രാജ്യം കാനഡയും തെക്കേ അമേരിക്കയിൽ ബ്രസീലുമല്ലേ? അതൊക്കെ ഞങ്ങൾ പഠിച്ചിട്ടുണ്ട്. കൂടാതെ ബ്രസീലിലെ ഫുട്ബോള്‍ കളിക്കാരെയൊക്കെ ഞങ്ങൾക്കറിയാം. നിങ്ങൾ ചൊവ്വയിൽ ഫുട്ബോള്‍ കളിക്കാറുണ്ടോ?"
"ഇല്ലില്ല. അതുപോലുള്ള കളികളൊന്നും ഞങ്ങളുടെ ഗ്രഹത്തിലില്ല. നിങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഞങ്ങളുടെ ജീവിത രീതി. അതേക്കുറിച്ച് നമുക്ക് പിന്നീട് പറയാം. കണ്ടോ, നമ്മൾ അമേരിക്കയും പിന്നിട്ട് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയാണിപ്പോൾ സഞ്ചരിക്കുന്നത്. വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് അറ്റ്ലാന്റിക് സമുദ്രത്തിന്."
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
"അതറിയാം. ഏറ്റവും വലിയ സമുദ്രാന്തർ പർവ്വതനിരയും അറ്റ്ലാന്റിക് സമുദ്രത്തിലല്ലേ? ഭൂമിക്കുള്ളിൽ നിന്നും ലാവ പുറത്തുവന്ന് ഉറഞ്ഞുണ്ടായ പർവ്വതനിരയാണതെന്ന് പഠിച്ചിട്ടുണ്ട്. പ്യൂട്ടോറിക്കോ ആണ് ഏറ്റവും ആഴം കൂടിയ ഭാഗമെന്നും പഠിച്ചിട്ടുണ്ട്."
"ആഹ! അപ്പോൾ ഭൂമിയെക്കുറിച്ച് നിങ്ങൾക്കെല്ലാമറിയാമല്ലേ. നമ്മളിപ്പോൾ ആഫ്രിക്കൻ വൻകരയിലേക്കു കടക്കുകയാണ്. ഇവിടെയാണ് നൈൽ നദി. ഇവടെനിന്നും നമുക്ക് യൂറോപ്പിലേക്കു കടക്കാം. എന്നിട്ട് അതുവഴി ഏഷ്യയിലേക്കും ഇന്ത്യയിലേക്കും."
"അയ്യോ. നമ്മൾ രണ്ടു വൻകരകൾ വിട്ടുപോയി. ആസ്ട്രേലിയയും, അന്റാർട്ടിക്കയും."
"നമ്മൾ സഞ്ചരിച്ച വഴിയിലല്ലല്ലോ അവ. ആസ്ട്രേലിയക്കു മുകളിലൂടെ പോകണമായിരുന്നെങ്കിൽ നമ്മൾ കുറച്ചുതെക്കുഭാഗത്തുകൂടെ സഞ്ചരിക്കണമായിരുന്നു. അന്റാർട്ടിക്ക ദക്ഷിണധ്രുവത്തിലല്ലേ. എല്ലായിടത്തും സഞ്ചരിച്ചാൽ രണ്ടുമണിക്കൂർ കൊണ്ട് നമുക്ക് തിരിച്ചെത്താൻ സാധിക്കില്ല."
"അതും ശരിയാണ്. ആ കാണുന്നതായിരിക്കും യൂറാൾ പർവ്വതനിരയല്ലേ? യൂറാൾ ആണ് യൂറോപ്പിനേയും ഏഷ്യയെയും വേർതിരിക്കുന്നതെന്ന് പഠിച്ചിട്ടുണ്ട്."
"അതെ. ഒരു പർവ്വതനിര രണ്ടായി ഭാഗിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളാണ് ഏഷ്യയും യൂറോപ്പും. നമ്മൾ യൂറോപ്പും പിന്നിട്ട് ഏഷ്യയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതാണ് നിങ്ങളുടെ ഇന്ത്യ. ദാ ആ കാണുന്നതാണ് നിങ്ങളുടെ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം. എവറസ്റ്റ് കൊടുമുടി. ആ വെളുത്തു മഞ്ഞുമൂടിക്കിടക്കുന്നത് ഹിമാലയ പർവ്വതം. അതിൽനിന്നുമൊഴുകുന്ന നദികൾ ബ്രഹ്മപുത്രയും, ഗംഗയും, സിന്ധുവും. നിങ്ങളുടെ വീട് ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളത്തിലല്ലേ? ദാ നമ്മൾ ഏതാനും നിമിഷങ്ങൾകൊണ്ട് അവിടെയെത്തും. ഇന്ത്യയിലെ നദികളേയും പട്ടണങ്ങളേയുമൊക്കെ നോക്കിക്കണ്ടോളൂ. അത് ഡൽഹി. യമുനാനദിയുടെ തീരത്താണ്. ആ കിഴക്കുഭാഗത്ത് ഹൂഗ്ലി നദിയുടെ തീരത്തുള്ളത് കൽക്കട്ടാ നഗരം. ഗംഗയുടെ തീരത്ത് വാരാണസി. ദാ നമ്മൾ മഹാരാഷ്ട്രയിലൂടെ, കർണ്ണാടകത്തിലൂടെ, കേരളത്തിലേക്കു പ്രവേശിക്കുകയാണ്. ആ കാണുന്നതാണ് അശ്വിന്റെ വീട്. ആദ്യം ആരുടെ വീട്ടിൽ പോവണം?"
"എന്റെ വീട്ടിൽ നിന്നല്ലേ പുറപ്പെട്ടത്? എന്നിട്ട് അശ്വിന്റെ വീട്ടിലേക്കു പോകാം.
പറഞ്ഞതനുസരിച്ച് വിമലിന്റെ പഠനമുറിയിലേക്ക് തിരിച്ചെത്തുമ്പോൾ കൃത്യം രണ്ടു മണിക്കൂർ പൂർത്തിയായിക്കഴിഞ്ഞിരുന്നു."
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
"അപ്പോൾ വിമൽ, കൂടുതൽ സംസാരിച്ചു സമയം കളയുന്നില്ല. നാളെ നമുക്ക് സൂര്യനിലേക്ക് യാത്ര തിരിക്കണം. നിങ്ങളുടെ പേടകം ഉഗ്രനാണ്. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ഗുണനിലവാരമുണ്ടിതിന്. നിങ്ങളുടെ പ്രവർത്തനമികവാണതിനു കാരണം. ഓരോ ഭാഗങ്ങളും സൂക്ഷ്മമായി നിങ്ങൾ നിർമ്മിച്ചിട്ടുണ്ട്."
സാനിയയുടെ പ്രശംസകേട്ട് വിമലിന്റെ മനസ്സു നിറഞ്ഞു. അവനവരെ കൈവീശി യാത്രയാക്കി. അശ്വിന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊരു പ്രശ്നമുദിച്ചു.
പേടകം എവിടെ സൂക്ഷിക്കും? പകൽ സമയത്ത് അച്ഛനോ അമ്മയോ കണ്ടാൽ പ്രശ്നമാകില്ലേ? കട്ടിലിന്നടിയിലൊന്നും സൂക്ഷിക്കാനും സാധിക്കില്ല.
അശ്വിന്റെ പേടി കണ്ട് സാനിയയ്ക്ക് ചിരിവന്നു. അവൾ പറഞ്ഞു.
"എന്തിനാണിങ്ങിനെ പേടിക്കുന്നത്? ഞാനില്ലേ? ദാ, ഇപ്പോൾ പരിഹാരമുണ്ടാക്കാം."
സാനിയ അശ്വിന്റെ പേടകത്തിൽനിന്നുമിറങ്ങി അവളുടെ സ്വന്തം പേടകത്തിലേക്കു പ്രവേശിച്ച് പഴയതുപോലെയൊന്നു തൊട്ടപ്പോൾ അശ്വിന്റെ പേടകം പഴയതുപോലെ കടലാസുപേടകമായി പരിണമിച്ചു.
"ഇനിയിത് ധൈര്യമായി കട്ടിലിന്നടിയിലേക്കു വെച്ചോളൂ. നാളെയാണ് നമ്മുടെ യാത്ര. നാളെ രാത്രി ഞാൻ വരും. തയ്യാറായിരുന്നോളൂ."
"അല്ല, സാനിയ, എനിക്കൊരു സംശയം, നാളെ നമ്മൾ രണ്ടു പേടകങ്ങളിലായിട്ടാണോ യാത്ര ചെയ്യുക? എനിക്ക് എന്റെ പേടകം പ്രവർത്തിപ്പിക്കാനറിയില്ല."
"അതൊന്നും പേടിക്കേണ്ട. നമുക്ക് മൂന്നുപേർക്കും ഒരുമിച്ച് യാത്രചെയ്യാനുള്ള സൗകര്യമൊക്കെ നിങ്ങളുടെ പേടകത്തിനുണ്ട്. അതുകൂടെ പരിശോധിക്കാനാണ് നമ്മളിന്നീ യാത്ര നടത്തിയത്. എന്റെ പേടകം എന്റെ ഗ്രഹത്തിലേക്ക് തിരിച്ചയക്കാനുള്ള സംവിധാനമൊക്കെ ഞാൻ ചെയ്തോളാം. നന്നായുറങ്ങൂ. ശുഭരാത്രി." സാനിയ തിടുക്കംകൂട്ടിയാണ് യാത്രപറയുന്നതെന്ന് അശ്വിൻ തോന്നി.
കൂടുതൽ സമയം അവളുടെ കൂടെയിരിക്കണമായിരുന്നെന്ന് അവനപ്പോൾ ആഗ്രഹിച്ചു. നാളെയാകാമല്ലോ. നാളെ രാത്രി ഈ ഭൂമിയിൽ നിന്നും രണ്ടു കുട്ടികൾ സൂര്യനിലേക്ക് പുറപ്പെടുകയാണ്. ശാസ്ത്രത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കാൻ.
അശ്വിൻ വലിയ ഉത്സാഹത്തോടെ പഠനമുറിയിൽനിന്നും വാതിൽ തുറന്ന് ഭക്ഷണം കഴിക്കാൻ പോയി. അവിടെ ഈ സംഭവവികാസങ്ങളൊന്നുമറിയാതെ അവന്റെയച്ഛനുമമ്മയും അവനേയും കാത്ത് ഊണുമേശയ്ക്കരികിലിരിക്കുന്നുണ്ടായിരുന്നു.
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.