/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-1.jpg)
അന്യഗ്രഹപ്പെൺകുട്ടി
രാത്രി ഏറെ വൈകിയാണ് അശ്വിൻ ഉറങ്ങിയത്. അമ്മയിൽ നിന്നും സ്കൂളും വിട്ട് വരാൻ നേരം വൈകിയതിന് വഴക്കുകേട്ടിരുന്നുവെങ്കിലും അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല.
മകന്റെ പുസ്തകാന്വേഷണം അച്ഛനിൽ കൗതുകമാണുണ്ടാക്കിയത്. ഏതെങ്കിലുമൊരു കാര്യത്തിൽ താൽപര്യം കേറിയാൽ അതിനുപിന്നാലെ പോകുന്ന മകന്റെ സ്വഭാവത്തെക്കുറിച്ച് അച്ഛനറിയാമായിരുന്നു. പുസ്തകമന്വേഷിക്കാനല്ലേ വൈകിയത്. മറ്റൊന്നിനുമല്ലല്ലോ. ഏത് പുസ്തകമാണവനന്വേഷിച്ചിരുന്നതിനെക്കുറിച്ചുമാത്രം വ്യക്തമായൊരു ധാരണ കിട്ടിയില്ല.
അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തിലല്ല അശ്വിന്. പഠനത്തില് ക്ലാസ്സില് ഒന്നാമനാണ്. രണ്ടാമന് വിമലും. രണ്ടുപേരും എപ്പോഴും ഒരുമിച്ചാണുണ്ടാവുക. കഴിഞ്ഞ സാമൂഹ്യശാസ്ത്ര മേളയില് സൂര്യനെയും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും നിശ്ചല മാതൃക തയ്യാറാക്കി അവതരിപ്പിച്ചതിന് രണ്ടുപേര്ക്കും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
വലിയ കണ്ടുപിടുത്തങ്ങള് നടത്തുന്ന വലിയ ശാസ്ത്രജ്ഞരാകണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
ബാറ്ററിയില് പ്രവര്ത്തിക്കുന്ന പലതരം കളിവണ്ടികളും കളിപ്പാട്ടങ്ങളുമൊക്കെ ചെറുപ്പത്തില്ത്തന്നെ ഉണ്ടാക്കി കുട്ടികളെ അമ്പരപ്പിക്കുമായിരുന്നു അശ്വിന്. ആകാശത്തുകൂടെ പറന്നുപോകുന്ന വിമാനത്തെ നോക്കി, അത്തരത്തിലൊരു വിമാനം താന് നിര്മ്മിക്കുമെന്ന് കൂട്ടുകാരോട് വീരവാദം മുഴക്കുമായിരുന്നു അവന്. പിന്നീട് എട്ടാം ക്ലാസ്സില് പഠിക്കുമ്പോള് സ്കൂളില് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പഠനയാത്ര പോയതില്പ്പിന്നെയാണ് വിമാനങ്ങളോടുള്ള ഭ്രമം ഇത്തിരി കുറഞ്ഞത്.
വിമാനങ്ങള് ആകാശത്തുകാണുന്നതിനേക്കാള് വളരെ വലിയതാണെന്നും അവ മറ്റ് വാഹനങ്ങളിലേതുപോലെ ഇന്ധനം നിറച്ചാണ് പറക്കുന്നതെന്നും അത് പറത്താന് ഒരു പൈലറ്റ് ഉണ്ടെന്നുമൊക്കെ മനസ്സിലാക്കിയത് നെടുമ്പാശ്ശേരിയില് വെച്ചാണ്. ഇന്ധനം ആവശ്യമില്ലാത്ത, പക്ഷികളെപ്പോലെ സ്വയം പറക്കുന്നൊരു വിമാനം താന്‍ സ്വയം നിര്മ്മിക്കുമെന്നായി അതില്പ്പിന്നെ അവന്റെ വാദം.
പക്ഷികള്ക്ക് പറക്കാന് കഴിയുന്നത് അവയ്ക്ക് ഭാരം കുറവായതിനാലാണെന്നും ശരീരത്തിനുള്ളില് വായുനിറക്കാനുള്ള കഴിവ് പക്ഷികള്ക്കുണ്ടെന്നും ചിറകുകള് ആയത്തില് ചലിപ്പിച്ചാണ് അവ പറക്കുന്നതെന്നും അവന്‍ നിരീക്ഷിച്ചും വായിച്ചും മനസ്സിലാക്കിയിരുന്നു. അതേപോലെയൊരു വിമാനം നിര്മ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു അവന്റെ പ്രഖ്യാപനം. അതിനായി കുറേ ശ്രമങ്ങളവന് നടത്തുകയുമുണ്ടായി.
പക്ഷികളെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള് വായിച്ചു. പക്ഷിവിമാനത്തിന്റേതായ കുറേ മാതൃകകള് കടലാസുകൊണ്ടും കാര്ഡ്ബോഡുകൊണ്ടുമൊക്കെ നിര്മ്മിച്ചു. അശ്വിന്‍റെ അച്ഛന് അത്തരം ശ്രമങ്ങള്ക്കൊക്കെ പൂര്ണ്ണ പിന്തുണ നല്കിയിരുന്നു. അവനാവശ്യമായ കടലാസുകളും പശയും കത്രികയും മറ്റുപകരണങ്ങളുമൊക്കെ അച്ഛന് വാങ്ങി നല്കി. ആവശ്യപ്പെടുന്ന പുസ്തകങ്ങളൊക്കെ തേടിപ്പിടിച്ചു കൊണ്ടുവന്നുകൊടുത്തു. ഇപ്പോഴത്തെ അശ്വിന്റെ പുസ്തകാന്വേഷണവും അതുപോലെയുള്ള ഏതോ കണ്ടെത്തലിനുവേണ്ടിയുള്ളതാവാമെന്ന് ആ അച്ഛന് ഊഹിച്ചിരുന്നു.
രാത്രി വൈകിയുറങ്ങിയിട്ടും അതിരാവിലെത്തന്നെ അശ്വിന് ഉണര്‍ന്നു. അവന് പഠിക്കുന്ന സമയം അതിരാവിലെയാണ്. ആ സമയത്ത് ആരുടെയും ശല്യമുണ്ടാവില്ല. നല്ല ഉന്മേഷവുമുണ്ടാകും. അടുത്ത വീട്ടില് വിമലും ആ സമയത്ത് എഴുന്നേറ്റ് പഠനം തുടങ്ങിയിരിക്കും.
ഉണര്‍ന്നയുടനെ തലേദിവസം ലൈബ്രറിയില്നിന്നും അവസാനനിമിഷം കൈയ്യില്ത്തടഞ്ഞ പുസ്തകം അവന് ബാഗില് നിന്നും പുറത്തെടുത്തു. അതിന്റെയും താളുകള് ദ്രവിച്ചുതുടങ്ങിയിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെ, അരുമയായൊരു പൂവിനെയെന്നപോലെ അവന് ആ പുസ്തകത്തെ താലോലിച്ചു. ഓരോ താളുകളും മറിച്ചുനോക്കി. അവന്റെ കണ്ണുകള് വികസിച്ചുവന്നു. യഥാര്ത്ഥത്തില് അവന് അന്വേഷിച്ചിരുന്ന പുസ്തകം അതുതന്നെയായിരുന്നു. സൂര്യനിലേക്കുള്ള യാത്രയെ സുഗമമാക്കുന്ന വിവരങ്ങളുള്ള പുസ്തകം.
അവന് മനസ്സില് കണ്ടതുപോലെ, സൂര്യയാത്രയ്ക്കുള്ള പേടകം നിര്മ്മിക്കുന്നതിനുള്ള വിദ്യകളും യാത്രയ്ക്കാവശ്യമായ ശരീരഭാരം കുറക്കാനുള്ള ലായനികള് നിര്മ്മിക്കാനുള്ള വിദ്യകളുമൊക്കെ വിശദമായി ചിത്രസഹിതം ആ പുസ്തകത്തില് കൊടുത്തിരിക്കുന്നു. അവന് ഉച്ചത്തില് ആര്ത്തുവിളിക്കണമെന്നു തോന്നി. അടുത്ത വീട്ടില്നിന്നും വെളിച്ചം കാണാനുണ്ട്. വിമല് പഠിക്കുകയായിരിക്കും. അവനോട് കാര്യം പറഞ്ഞാലോ.
അശ്വിന് സ്വയം നിയന്ത്രിക്കാന് കഴിയുമായിരുന്നില്ല. അവന് വാതില്തുറന്ന് പുറത്തുകടന്നു വിമലിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ടോര്ച്ച് തെളിയിച്ചു. ദൂരെനിന്നും നായകള് ഓരിയിടുന്നുണ്ട്. പലതരം പക്ഷികളുടെയും, ചീവീടുകളുള്പ്പെടെയുള്ള ചെറുജീവികളുടെയും ശബ്ദം. ചെറിയൊരു പേടി അവന് തോന്നാതിരുന്നില്ല. വിമലിലന്റെ വീട്ടിലേക്കുള്ള വഴിയിലൂടെയവന് നടന്നു. പൊടുന്നനെയാണ് പറമ്പില് നിന്നും ഒരു നീലവെളിച്ചം അവന്റെ മേല് പതിച്ചത്. ഞെട്ടിപ്പോയി. ഉറക്കെ കരയണമെന്നു തോന്നി. പക്ഷെ സാധിക്കുമായിരുന്നില്ല. അതിനുമുമ്പുതന്നെ ആ നീലവെളിച്ചം പുറപ്പെടുവിച്ച വൃത്താകൃതിയിലുള്ള പേടകം അവനെ വന്നു മൂടിക്കഴിഞ്ഞിരുന്നു.
"ഹയ്യോ! എന്താണ് ചെയ്യുന്നത്? ഞാനൊരു പാവമാണ്. എന്നെ വീടൂ," അശ്വിന് ഉറക്കെ നിലവിളിച്ചു. പക്ഷെ നിലവിളിശബ്ദം അവനുപോലും വളരെ ദൂരെയെങ്ങോനിന്നുകേള്ക്കുന്നതുപോലെയേ തോന്നിയുള്ളൂ. അവന് കൈകാലുകളിട്ടടിച്ച് കുതറി രക്ഷപ്പെടാന് ശ്രമം നടത്തി. പക്ഷെ സാധിക്കുമായിരുന്നില്ല. അര്ദ്ധതാര്യമായ നീലനിറമുള്ളൊരു വാഹനമായിരുന്നു അത്.
"പേടിക്കേണ്ട. അശ്വിന് സുരക്ഷിതനാണ്. ഭയക്കാതിരിക്കൂ. ഞാന് പറയുന്നത് അനുസരിക്കൂ."
ഒരു സ്ത്രീശബ്ദമായിരുന്നു അത്. അവന്റെ മുന്നില് സാവധാനത്തില് ഒരു പെണ്കുട്ടി തെളിഞ്ഞുവന്നു.
"നീയെന്തിനാണിങ്ങിനെ പേടിക്കുന്നത്? പത്താം ക്ലാസ്സില് പഠിക്കുന്ന കുട്ടിയല്ലേ? ഇങ്ങിനെ പേടിക്കാന് പാടുണ്ടോ?"
"നീയാരാണ്? ഇതെന്താണ് ഇങ്ങിനെയൊരു വാഹനം?"
"ഇത് ഞങ്ങളുടെ പേടകമാണ്. അശ്വിന് സൂര്യനിലേക്കു പോകാനുള്ള വാഹനം നിര്മ്മിക്കാനുള്ള ശ്രമത്തിലല്ലേ? ഇതുപോലുള്ളൊരു വാഹനമാണ് നിനക്ക് നിര്മ്മിക്കേണ്ടി വരിക. ഞാന് ചൊവ്വാ ഗ്രഹത്തില് നിന്നും വന്നതാണ്. എനിക്ക് നിന്നെ സഹായിക്കാന് കഴിയും. ഞാനും സൂര്യനിലേക്കു പോകാനുള്ള പുറപ്പാടിലാണ്. ഞങ്ങളുടെ ഗ്രഹത്തിലും അതിനുവേണ്ട ശ്രമങ്ങള് നടക്കുന്നുണ്ട്. പക്ഷെ നിങ്ങള് ഭൂമിയിലെ മനുഷ്യരേക്കാള് വളരെ മുന്നിലെത്തിക്കഴിഞ്ഞു ചൊവ്വയിലെ മനുഷ്യര്‍ അക്കാര്യത്തില്. ഞാന്‍ എന്റെ സ്വന്തം ശ്രമത്താലാണ് ഇങ്ങിനെയൊരു വാഹനം നിര്മ്മിച്ചിരിക്കുന്നത്. അശ്വിന് എന്നൊരു കുട്ടി ഭൂമിയില് ഇത്തരത്തിലൊരു ശ്രമം നടത്തുന്നുവെന്ന് വിവരം ലഭിച്ചതില്‍പ്പിന്നെയാണ് ഞാനിങ്ങോട്ടുപോന്നത്. ഇന്നലെ നീ വായനശാലയില്നിന്നും എടുത്ത പുസ്തകത്തിനു പകരമായി നിന്റെ സ്കൂള് ബാഗില് നീ കണ്ട പുസ്തകം കൊണ്ടു വെച്ചത് ഞാനാണ്. ഇപ്പോള് തല്കാലം വീട്ടിലേക്കു തിരിച്ചുപോകൂ. കൂട്ടുകാരനോട് വിവരങ്ങളൊക്കെ പകല്‍ പറഞ്ഞാല് മതി."
തിരിച്ചെന്തോ ചോദിക്കാന് മുതിര്ന്നപ്പോഴേക്കും തന്നെ മൂടിയിരിക്കുന്ന നീല പേടകം വായുവിലലിഞ്ഞുപോകുന്നതായി അശ്വിന് അനുഭവപ്പെട്ടു. ശരീരത്തില് ഒരു തണുപ്പ് നിലനില്ക്കുന്നുവെന്നുമാത്രം. നീല വെളിച്ചമോ, നീല പേടകമോ, പെണ്കുട്ടിയോ ആരുമില്ല. എന്തു ചെയ്യണം? വിമലിന്റെ വീട്ടിലേക്കു പോകണോ? വേണ്ടയെന്നവന് തീര്ച്ചയാക്കി തിരിച്ചു നടന്നു.
പഠനമുറിയിലെത്തി പഴയ പുസ്തകം തിരികെയെടുത്ത് മറിച്ചുനോക്കി. ശരിയാണ്. ഇന്നലെ വായനശാലയില്നിന്നുമെടുത്ത പുസ്തകമല്ലയിത്. അതിന് ഇളം മഞ്ഞനിറത്തിലുള്ള പുറംചട്ടയായിരുന്നു. ഒരു പാമ്പിന്റെയും ഹനുമാന്റെയും ചിത്രമായിരുന്നു അതിന്റെ മുഖചിത്രമായുണ്ടായിരുന്നത്. പക്ഷെ ഇതങ്ങിനെയല്ല. നീലനിറത്തിലുള്ള പുറഞ്ചട്ടയാണ്. ഹനുമാന്റെ ചിത്രവും പാമ്പും കുഞ്ഞു സൂര്യനുമൊക്ക പുറംചട്ടയിലുണ്ട്. എങ്കിലും ഇന്നലെ കണ്ടതില് നിന്നും വ്യത്യസ്തമാണ്. വായിച്ചുനോക്കുക തന്നെ.
സ്കൂളില് പോകുന്ന സമയത്ത് വിമലിനോട് എല്ലാ കാര്യങ്ങളും പറയാം. അവന് ചിലപ്പോള് ചൊവ്വാ ഗ്രഹത്തില് നിന്നും വന്ന പണ്കുട്ടിയുടെ കാര്യം പറഞ്ഞാല് സമ്മതിച്ചുതന്നുകൊള്ളണമെന്നില്ല. താന് സ്വപ്നം കണ്ടതായിരിക്കുമെന്ന് കളിയാക്കുകയേയുള്ളൂ. വിശ്വസിക്കുന്നെങ്കില് വിശ്വസിക്കട്ടെ. സംഭവിച്ചതെല്ലാം യാഥാര്ത്ഥ്യം തന്നെയല്ലേയെന്നുറപ്പിക്കാന് അശ്വിന് സ്വന്തം ശരീരത്തില് നുള്ളിനോക്കി.
സ്കൂളില് ക്ലാസ് പരീക്ഷയുള്ള കാര്യം അപ്പോഴാണ് അശ്വിനോര്മ്മവന്നത്. രസതന്ത്രമാണ് പരീക്ഷ. പാഠങ്ങള് അതാതു ദിവസങ്ങളില് എടുക്കുന്നതിനനുസരിച്ച് പഠിക്കുന്ന ശീലമുണ്ടായിരുന്നതിനാല് അശ്വിന് എല്ലാമൊന്നു മറിച്ചുനോക്കിയാല് മതിയായിരുന്നു. സൂര്യയാത്രയുടെ അത്ഭുതപുസ്തകം പുസ്തകസഞ്ചിയിലേക്കുതന്നെയെടുത്തുവെച്ച് അവന് രസതന്ത്രപാഠങ്ങളിലേക്ക് ശ്രദ്ധതിരിച്ചു.
ഇവിടെയും ലായനികളെക്കുറിച്ചുള്ള പഠനമാണ്. രസതന്ത്രം അവന് ഇഷ്ടവിഷയമാണ്. പലതരം ആസിഡുകള് പരീക്ഷണശാലയില് അദ്ധ്യാപികയുടെ സഹായത്തോടെ തമ്മില് ലയിപ്പിക്കാനും പുതിയ ലായനികള് സൃഷ്ടിക്കാനും വലിയ താത്പര്യമാണവന്. അവന്റെ ഈ ശാസ്ത്രതാത്പര്യം കാരണം ടീച്ചര്ക്കുമവനെ വലിയ ഇഷ്ടമാണ്.
പഠനത്തില് മുഴുകിപ്പോയതുകൊണ്ട് സ്കൂളില് പോകാന് സമയമായകാര്യം അച്ഛന് വന്നു വിളിച്ചപ്പോഴേ അറിഞ്ഞുള്ളൂ. വേഗം കുളിച്ചു, പ്രഭാതഭക്ഷണം കഴിച്ച് സ്കൂളിലേക്കുപോകാന്‍ തയ്യാറായി. അടുത്തവീട്ടില് നിന്നും വിമല് ഇറങ്ങിക്കഴിഞ്ഞു. രണ്ടുപേരും ഒരുമിച്ചാണ് പോകുന്നത്. നടന്നുപോകാനുള്ള ദൂരമേയുള്ളൂ. ലൈബ്രറിയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ പത്തു മിനിട്ട് നടന്നാല് സ്കൂളിലെത്താം.
"ഇന്ന് രാവിലെ വലിയൊരു സംഭവമുണ്ടായി..."
അശ്വിന് രാവിലെ അന്യഗ്രഹജീവിയായ പെണ്കുട്ടിയെ കണ്ട കാര്യവും പേടകത്തിന്റെ കാര്യവുമൊക്കെ പറഞ്ഞപ്പോള് പ്രതീക്ഷിച്ചതുപോലെ ആദ്യം വിമല് വിശ്വസിക്കാന് കൂട്ടാക്കിയില്ല. പക്ഷെ അങ്ങനെ അയഥാര്ത്ഥമായ കാര്യങ്ങള് വെറുതെ പറയുന്നയാളല്ല അശ്വിനെന്നറിയാവുന്നതുകൊണ്ട് പറയുന്നത് ശ്രദ്ധിച്ചു. അതിരാവിലെ പറമ്പില് നിന്നും ഒരു നീലവെളിച്ചം ശ്രദ്ധയില്പ്പെട്ടകാര്യം അവനുമോര്‍ത്ത്.
"നമുക്കിതിനെക്കുറിച്ച് ടീച്ചറോട് പറഞ്ഞാലോ? വേണ്ട. ഇപ്പോള് വേണ്ട. കുറച്ചുകൂടെ കഴിഞ്ഞിട്ടാവാം. അവളുടെതുപോലുള്ളൊരു വാഹനം നിര്മ്മിക്കാനെന്നെ സഹായിക്കുമെന്നവള് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ നമ്മളിപ്പോള് സംസാരിക്കുന്ന കാര്യം പോലും അവള് അറിയുന്നുണ്ടാകും. ഇവിടെ ഭൂമിയില് നമ്മള് സൂര്യനിലേക്കു പോകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നകാര്യം ചൊവ്വയിലവെച്ചു തന്നെ അറിഞ്ഞുവെന്നാണവള് പറഞ്ഞത്."
"ചിലപ്പോള് അന്യഗ്രഹജീവികള്ക്ക് അതീന്ദ്രിയ ശക്തികളുണ്ടാകാം. അല്ലെങ്കില് എല്ലാമറിയാനുള്ള സാങ്കേതിക വിദ്യ അവര് വികസിപ്പിച്ചെടുത്തിരിക്കാം.
ശരിയാ. നമ്മള് ഇതേക്കുറിച്ച് സംസാരിച്ചാല് ആരും വിശ്വസിക്കില്ല. മാത്രമല്ല, അന്യഗ്രഹജീവികളെന്നു പറയുന്നതൊക്കെ വെറും കെട്ടുകഥകളാണെന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. ചൊവ്വയില് മനുഷ്യന് പോയിട്ട് ജീവനുണ്ടെന്ന കാര്യം പോലും ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ചൊവ്വാ പേടകമായ മംഗള്യാന് അതിന്റെ നിരീക്ഷണപഠനം ആരംഭിച്ചിട്ടല്ലേയുള്ളൂ. നമുക്കീ കാര്യം തല്ക്കാലം രഹസ്യമാക്കിവെക്കുന്നതുതന്നെയാണ് നല്ലത്. ഇന്ന് രാത്രി ചിലപ്പോള് അവള് വരുമായിരിക്കും. എനിക്കവളെ കാണാന് കൊതിയായി."
"ങ്ഹേ! അന്യഗ്രഹത്തിലെ പെണ്കുട്ടിയോട് നിനക്ക് അത്രയുമിഷ്ടമായോ? മോനേ.. വേണ്ടാ..
അതല്ല. അവള് തന്ന പുസ്തകത്തില് പേടകം നിര്‍മ്മിക്കുന്നതിനുള്ള ചിത്രങ്ങളും വിവരണങ്ങളുമൊക്കെയുണ്ട്. അതു നോക്കി നിര്‍മ്മിക്കാന് സാധിക്കുന്നതേയുള്ളൂ. പക്ഷെ പുസ്തകം ശ്രദ്ധിച്ചു വായിച്ചുനോക്കിയാല് മാത്രമേ അതിനു സാധിക്കൂ. എല്ലാ കാര്യവും മനസ്സിലായിക്കൊള്ളണമെന്നുമില്ല. സംശയങ്ങള് അവളോട് ചോദിക്കാമല്ലോ."
"ഊം.. മനസ്സിലായി."
വിമല് കളിയാക്കിയപ്പോള് അന്യഗ്രഹത്തില് നിന്നും വന്ന ആ പെണ്കുട്ടിയോട് തനിക്ക് നേരിയൊരു ഇഷ്ടം തോന്നുന്നുണ്ടോയെന്ന് അശ്വിനും സംശയം തോന്നി. നല്ല തമാശ. ഇതേവരെ ആരും ചിന്തിക്കാത്ത കാര്യമായിരിക്കുമത്. അവനും ചിരിവന്നു.
"എവിടെ ആ പുസ്തകം? ഞാനൊന്നു കാണട്ടെ."
വിമല് ആവശ്യപ്പെട്ടപ്പോള് പുസ്തകമെടുക്കാനായി അശ്വിന് പുസ്തകസഞ്ചിയുടെ കള്ളികളില് തപ്പിനോക്കി.
"അയ്യോ! എടുക്കാന് മറന്നോ? ഇന്നു രാവിലെയത് സഞ്ചിയിലേക്കെടുത്തുവെച്ചതായിരുന്നല്ലോ! എന്തു സംഭവിച്ചു? അത് ഞാനെടുക്കാന് മറന്നുവെന്നാണ് തോന്നുന്നത്. കാണാനില്ല. ചിലപ്പോള് വീട്ടിലായിരിക്കും. തിരിച്ചുപോയെടുക്കണോ?"
"വേണ്ട. അതവിടെയിരിക്കട്ടെ. വൈകുന്നേരം ഞാന് നിന്റെ വീട്ടിലേക്കു വരാം. അപ്പോള് കാണാലോ."
വിമല് സമാധാനിപ്പിച്ചു. അശ്വിന് പറയുന്ന കാര്യങ്ങളില് ഇപ്പോഴുമവന് പൂര്‍ണ്ണ വിശ്വാസമില്ലാത്തതുപോലെ തോന്നി. പരീക്ഷ നന്നായെഴുതാന്‍ കഴിഞ്ഞുവെന്ന വിശ്വാസത്തില് നില്ക്കുമ്പോഴാണ് രസതന്ത്രം അദ്ധ്യാപിക അശ്വിനടുത്തേക്കു വന്നു ചോദിച്ചത് "ഊം? എന്താണൊരു വിഷമം മുഖത്ത്?"
"ഒന്നുമില്ല."
"പരീക്ഷയൊക്കെ നന്നായെഴുതിയില്ലേ?"
"എഴുതി."
"പിന്നെന്താ?"
"ടീച്ചര് എന്നെയൊന്ന് സഹായിക്കാമോ?"
"ഞാന്‍ സഹായിക്കാനോ? എങ്ങിനെ? കേള്ക്കട്ടെ. പറയൂ."
"ശരീരത്തിന്റെ ഭാരം കുറക്കാനുപയോഗിക്കുന്ന രാസലായനികളൊക്കെ നമ്മുടെ ലാബില് നിര്‍മ്മിച്ചെടുക്കാന്‍ പറ്റുമോ?"
"ശരീരത്തിന്റെ ഭാരം കുറക്കാനോ? അതെന്തിനാ?"
"ബഹിരാകാശ യാത്ര നടത്താന്‍."
"അപ്പോള് നീ ബഹിരാകാശ യാത്ര നടത്താന് പോക്വാണോ? അപ്പോള് ഞാന് കേട്ടതൊക്കെ ശരിയാണല്ലേ? ഇന്നലെ സാമൂഹ്യശാസ്ത്രം ടീച്ചര് പറഞ്ഞ കഥ നീയ്യങ്ങു വിശ്വസിച്ചുവല്ലേ? ടീച്ചര് എന്നോട് പറഞ്ഞു. എടോ, അത് വെറും കഥയാണ്. ഭൗമാന്തരീക്ഷത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും സൂര്യനെക്കുറിച്ചുമൊക്കെ കുട്ടികളെ എളുപ്പത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ വേണ്ടി ടീച്ചര്‍ പറഞ്ഞുതന്ന വെറുമൊരു കഥ. അതും കേട്ട് നീ സൂര്യനിലേക്ക് പുറപ്പെട്ടാലുള്ള അവസ്ഥയെന്തായിരിക്കുമെന്ന് ഞാന്‍ പറഞ്ഞുതരണോ? പണ്ട് ഹനുമാന് സൂര്യനുനേരെ ചാടിയ കഥ നീ കേട്ടിട്ടില്ലേ? കഥയിലെ ഹനുമാന്റെ മുഖം പോലും പൊള്ളിപ്പോയി. പിന്നെയാ നീ..."
"അതല്ല ടീച്ചര്, ശരീരം പൊള്ളാതിരിക്കാനും ബഹിരാകാശയാത്രചെയ്യാനുമൊക്കെയുള്ള രാസലായനികള്..."
"നീയെന്തു മണ്ടത്തരമാണ് പറയുന്നത് അശ്വിന്‍? ശാസ്ത്രലോകത്തിന് ഇതേവരെ ഭൂമിയോട് ഏറ്റവുമടുത്തുകിടക്കുന്ന ഗ്രഹങ്ങളില്‍പോലും മനുഷ്യനെയെത്തിക്കാന് സാധിച്ചിട്ടില്ല. എന്നിട്ടാണ് സൂര്യനില് പോകുന്നത്. അങ്ങിനെ മനുഷ്യന്റെ ഭാരം കുറക്കുന്നതിനും, സൂര്യതാപം ചെറുക്കുന്നതിനുമൊന്നുമുള്ള രാസലായനികളൊന്നും രസതന്ത്രത്തിലില്ല. എനിക്കതിനെക്കുറിച്ചറിയുകയുമില്ല."
അതുകേട്ടപ്പോള് അശ്വിന് കരച്ചിലാണു വന്നത്. അവന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപികയില്നിന്നുമാണ് നിരാശപ്പെടുത്തുന്നവിധത്തിലുള്ളൊരു അഭിപ്രായം കേള്ക്കേണ്ടി വരുന്നത്. അത് സഹിക്കാന്‍ പറ്റുന്നതിലുമപ്പുറത്തായിരുന്നു.
"ഹേയ്.. കരയല്ലേ. നീയ്യിത്ര തൊട്ടാവാടിയായിപ്പോയോ? ഞാന് ഒരു പോംവഴി പറയാം. ആദ്യം നീ പഠിച്ച് വലിയൊരു ശാസ്ത്രജ്ഞനാകു. എന്നിട്ട് ബഹിരാകാശ യാത്രയ്ക്കും സൂര്യയാത്രയ്ക്കുമൊക്കെയുള്ള മാര്‍ഗ്ഗം അന്വേഷിച്ച് കണ്ടെത്തൂ. വലിയ കണ്ടുപിടുത്തങ്ങള് നടത്തൂ. ഇപ്പോള് നീ ചെറിയ കുട്ടിയല്ലേ? പത്താം ക്ലാസ് ആയതല്ലേയുള്ളൂ?"
"കുട്ടികള്ക്കും വലിയ കാര്യങ്ങള് ചെയ്യാന് കഴിയും..."
അശ്വിന് അങ്ങിനെ പറയാനാണപ്പോള് തോന്നിയത്. ടീച്ചര് പിന്നെയൊന്നും പറയാന്‍ നിന്നില്ല. അവന്റെ തലയില്‍ ആശ്വസിപ്പിച്ചുകൊണ്ട് തലോടി അവര്‍ നടന്നകന്നു. വൈകിട്ട് സ്കൂള് വിടുന്നതുവരെ അശ്വിന് സ്വസ്ഥതയുണ്ടായിരുന്നില്ല. എങ്ങിനെയെങ്കിലും വീടെത്തണം. എന്നിട്ടുവേണം ആ പുസ്തകമൊന്ന് വായിക്കാന്. എന്തൊക്കെയോ രഹസ്യങ്ങള് അതില് തന്നെയും കാത്തിരിക്കുന്നുണ്ട്. അവന്‍റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
തുടരും...
Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
Read More: സൂര്യയാത്ര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.