/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-14.jpg)
തിരികെ ഭൂമിയിലേക്ക്
"വേഗം പുറത്തുകടക്കൂ. വേഗം പുറത്തുകടക്കൂ."
പേടകത്തിനുള്ളിലെ സ്ക്രീനിൽ നിന്നും വിളിച്ചുപറയുന്നു. ചൊവ്വയുടെ നിരീക്ഷണോപഗ്രഹത്തിൽ നിന്നുമുള്ള സന്ദേശമാണ്. സാനിയയുടെ മുഖത്തും വെപ്രാളം.
"എങ്ങനെയെങ്കിലും തിരിച്ചുപോകണം. പേടകം ഉരുകാൻ തുടങ്ങി." അവൾ സർവ്വശക്തിയുമെടുത്ത് പേടകത്തിന്റെ ഗതി തിരിച്ചുവിട്ടു. മറ്റൊരു വശത്തുകൂടെ അതിവേഗത്തിൽ പുറത്തക്കു കുതിച്ചു. അശ്വിനും വിമലും ആകെ പരിഭ്രമിച്ചുപോയിരുന്നു. ആർക്കും ഒന്നും മിണ്ടാൻ സാധിക്കാത്ത അവസ്ഥ.
"ഹൊ! ഇനി പേടിക്കാനില്ല. നമ്മളിതാ സൗരോപരിതലത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു."
സാനിയ പറഞ്ഞപ്പോഴാണ് അശ്വിന്റെയും വിമലിന്റെയും ശ്വാസം നേരെ വീണത്. എന്തൊരു സാഹസമാണ് കാണിച്ചത്! സൂര്യന്റെ അകക്കാമ്പിലേക്കു പ്രവേശിക്കുക! അതും സൗരോർജ്ജം പൂർണ്ണമായും സൃഷ്ടിക്കപ്പെടുന്നയിടത്ത്!
"നമ്മുടെ പേടകത്തിന് താങ്ങാൻ സാധിക്കുന്നതിലുമധികം ചൂടായിരുന്നു അകക്കാമ്പിൽ. അതുകൊണ്ടാണ് പേടകത്തിൻ നാശം സംഭവിച്ചുതുടങ്ങിയത്."
സാനിയയുടെ മുഖത്ത് പഴയ പ്രസരിപ്പ് തിരിച്ചുവന്നിട്ടില്ല. ഇപ്പോഴും എന്തോ അപകടം കാത്തുനിൽക്കുന്നുണ്ടെന്ന ഭാവം. അപ്പോഴാണ് അശ്വിൻ ശ്രദ്ധിച്ചത്. പേടകത്തിന്റെ ഉരുകൽ അവസാനിച്ചിട്ടില്ല. അതിപ്പോഴും ഉരുകിക്കൊണ്ടിരിക്കുകയാണ്.
"എന്താണ് സാനിയ സംഭവിക്കുന്നത്? നമ്മൾ അപകടത്തിലാണോ?"
"അങ്ങനെ ചോദിച്ചാൽ ശരിയാണ്. നമുക്ക് ഈ പേടകവുമായി തിരിച്ച് ഭൂമിയിലേക്കെത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല."
"അപ്പോൾ? നമ്മൾ ശരിക്കുമപകടത്തിലാണല്ലേ?"
അശ്വിന് അച്ഛനെയുമമ്മയെയും ഓർമ്മവന്നു. എങ്ങനെയെങ്കിലും അവരുടെയടുത്തേക്കെത്തിയാൽ മതിയെന്ന ചിന്തയായി. പക്ഷെ എന്തുചെയ്യും?
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
"ഭയക്കാതിരിക്കൂ. ഞാനില്ലേ കൂടെ? നമുക്കെത്രയും പെട്ടെന്ന് സൗരാന്തരീക്ഷത്തിൽ നിന്നും പുറത്തു കടക്കണം. ഓരോ അന്തരീക്ഷമേഖലയിലേയും താപനിലയും കൊറോണയിലെ ചൂടിന്റെ തിരമാലകളെയും അതിജീവിച്ച് പുറത്തുകടക്കണം. ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ."
അശ്വിനും വിമലും ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണേയെന്നവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പേടകത്തിനുള്ളിലെ സ്ക്രീനിൽ ദൃശ്യങ്ങളൊന്നും തെളിയുന്നില്ല. അതിന് കേടുസംഭവിച്ചുവെന്നു തോന്നുന്നു. സാനിയ സർവ്വശക്തിയുമെടുത്ത് ആവുന്ന വേഗത്തിൽ പേടകം പറപ്പിച്ചു. കൊറോണയിലായിരുന്നു ഏറ്റവും വലിയ പരീക്ഷണം. തിരമാലകളിലെന്നോണം പേടകം ആടിയുലഞ്ഞു. പേടകത്തിനുള്ളിലെ താപനിയന്ത്രണത്തിനിടയിലും അവൾ വിയർത്തു. എല്ലാം അവസാനിക്കുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.
"നോക്കൂ. നമ്മൾ പുറത്തെത്തി."
സാനിയയുടെ ആശ്വാസത്തോടെയുള്ള ശബ്ദം കേട്ടപ്പോഴാണവർ കണ്ണുതുറന്നത്. ശരിയാണ്. സൗരാന്തരീക്ഷത്തിൽ നിന്നും പുറത്തെത്തിയിരിക്കുന്നു. പക്ഷെ അവരുടെ പേടകത്തിന്റെ ഭിത്തി നേരിയൊരു പാടമാത്രമായാണ് അവശേഷിക്കുന്നത്. അതിന്റെ മുന്നിലുള്ള കൂർത്തഭാഗവും പിന്നിലെ വാലുപോലുള്ള ഭാഗമെക്കെ ഉരുകിയപ്രത്യക്ഷമായിരിക്കന്നു. സാനിയയുടെ മുഖത്ത് ഇപ്പോഴും ഭീതിയുണ്ട്.
"നമ്മൾ ഇതേവരെ സംഭരിച്ച വിവരങ്ങളൊക്കെ നഷ്ടമായിട്ടുണ്ടാകുമോ? നമ്മുടെ സൂപ്പർ കമ്പ്യൂട്ടർ കേടായിട്ടുണ്ടാകുമോ," അശ്വിൻ നിരാശയോടെ ചോദിച്ചു.
"ഇല്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ഈ പേടകത്തിൽ ഇനി അധികം ദൂരം യാത്ര തുടരാനാവില്ല."
"നമുക്ക് പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ മിനിട്ടുകൾക്കകം ഭൂമയിലെത്താൻ കഴിയില്ലേ," അശ്വിൻ ആശകൈവിടാതെ ചോദിച്ചു.
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
"പക്ഷെ അത്രയും വേഗത കൈവരിക്കാനുള്ള നമ്മുടെ പേടകത്തിന്റെ ശേഷിയൊക്കെ നഷ്ടപ്പെട്ടുപോയി. വേഗതയെ നിയന്ത്രിക്കുന്ന ഇതിന്റെ ഭാഗങ്ങളൊക്കെ പൂർണ്ണമായും ഉരുകി നശിച്ചുപോയിരിക്കുന്നു..." സാനിയയുടെ വാക്കുകളിൽ പ്രതീക്ഷ കൈവിട്ടതിന്റെ വിറയൽ.
"അപ്പോൾ നമുക്ക് രക്ഷപ്പെടാൻ മാർഗ്ഗമൊന്നുമില്ലല്ലേ? നിന്റെ ഗ്രഹത്തിലുള്ളവരുടെ നിരീക്ഷണ ഉപഗ്രഹത്തിന്റെ സഹായം നമുക്ക് ലഭിക്കില്ലേ? അവർ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലേ?"
"അതു ശരിയാണ്. പക്ഷെ ഇപ്പോഴവരുടെ സന്ദേശങ്ങളൊന്നും സ്വീകരിക്കാൻ സാധിക്കുന്നില്ല. എല്ലാ സിഗ്നലുകളും നഷ്ടപ്പെട്ടിരിക്കയാണ്. വരുന്നതു വരട്ടെ. അല്ലാതെന്തു ചെയ്യാൻ!"
അശ്വിൻ കണ്ണുകളടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. ശാസ്ത്രം പ്രതിസന്ധി നേരിടുന്നിടത്ത് മനുഷ്യൻ സ്വന്തം മനസ്സിനെയല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാനില്ലല്ലോ.
"അതാ. അവിടെയെന്താണ് കാണുന്നത്?"
വിമലിന്റെ ശബ്ദമാണ്. പ്രതീക്ഷയോടെയാണവൻ ചോദിക്കുന്നത്. അശ്വിൻ കണ്ണു തുറന്നുനോക്കുമ്പോൾ വിമൽ ചൂണ്ടിക്കാണിച്ചയിടത്തേക്ക് പേടകം ചലിപ്പിക്കുകയാണ് സാനിയ. അതെ. ഒരു നീല പ്രകാശം!
"നമ്മൾ രക്ഷപ്പെട്ടു! ഇനി പേടിക്കാനില്ല. എന്റെ ഗ്രഹത്തിൽ നിന്നുമയച്ച പേടകമാണത്. നമ്മെ തിരിച്ചുകൊണ്ടുപോകാൻ അവർ വരുമെന്നെനിക്കുറപ്പായിരുന്നു. പക്ഷെ സിഗ്നലുകൾ നഷ്ടപ്പെട്ടതിനാൽ എങ്ങിനെ കണ്ടുപിടിക്കുമെന്നായിരുന്നു സംശയം."
സാനിയ ആഹ്ളാദത്തോടെ പറഞ്ഞു. അവരുടെ പേടകം ആ നീലപ്രകാശത്തിനടുത്തേക്കെത്തി.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
സാനിയയുടെ പഴയ പേടകമാണതെന്ന് അശ്വിൻ വേഗത്തിൽ തിരിച്ചറിഞ്ഞു. ആ വെളിച്ചം തങ്ങളെ മൂടുന്നതായും തങ്ങളുടെ ഉരുകിയില്ലാതായിക്കൊണ്ടിരിക്കുന്ന വാഹനത്തെ ആ പേടകത്തിനുള്ളിലാക്കുന്നതും അവൻ തിരിച്ചറിഞ്ഞു.
"ഹായ്! ലിയ! മോളേ നീയൊറ്റയ്ക്കാണോ വന്നത്," സാനിയ ആഹ്ളാദത്തോടെ അനുജത്തിയെ കെട്ടിപ്പിടിച്ചു.
"അല്ല. ഞാൻ കൂടെയുണ്ട്. നിങ്ങളെ കാണാതെ വിഷമിച്ചിരിക്കയായിരുന്നു."
മുമ്പ് ചൊവ്വാവാസികളുടെ ഉപഗ്രഹത്തിൽ വെച്ചു കണ്ട സാനിയയുടെ അമ്മാവന്റെ രൂപം സാവധാനത്തിൽ തെളിഞ്ഞുവന്നു.
വിമൽ വിശ്വാസം വരാതെ അശ്വിനെ നോക്കി.
"നമ്മൾ രക്ഷപ്പെട്ടുവല്ലേ?"
"അതെ. നമ്മൾ തിരിച്ച് ഭൂമിയിലേക്ക് പോവുകയാണ്."
സാനിയ ആഹ്ളാദത്തോടെ അശ്വിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൈകളിലെ പതുപതുപ്പിൽ ആശ്വാസത്തിന്റെ നനവ്. ഏതായാലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇനി ഭൂമിയിലെത്തിയിട്ടുവേണം സൂര്യയാത്രയുടെ വിവരങ്ങൾ ലോകത്തിനോട് പങ്കുവെക്കാൻ. പഴയ പേടകത്തിലെ കമ്പ്യൂട്ടറും ക്യാമറയും അശ്വിൻ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. പേടകം കുട്ടികളെയും കൊണ്ട് അതിവേഗത്തിൽ ഭൂമിയിലേക്ക് കുതിച്ചു.
ഭൂമിയിലേക്കുള്ള തിരിച്ചു പറക്കൽ ഉല്ലാസത്തിന്റെയും ആഹ്ളാദത്തിന്റെയുമായിരുന്നു. അതിസാഹസികമായൊരു വിനോദയാത്ര കഴിഞ്ഞു തിരിച്ചു പോകുന്നതുപോലെ കുട്ടികൾ പാട്ടുപാടി നൃത്തം വെച്ചു. ചൊവ്വാ ഗ്രഹത്തിലെ പെൺകുട്ടികളായ സാനിയയും ലിയയും അവരോടൊപ്പം ചുവടുകൾ വെച്ചു. ബുധനും ശുക്രനും കൈവീശി യാത്ര പറയുന്നതുപോലെയവർക്ക് തോന്നി. അധികം വൈകാതെ പുഞ്ചിരി തൂകുന്ന അമ്പിളിമാമനെ കണ്ടു.
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
"വരൂ.. നമ്മൾ ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ കടക്കുകയാണ്."
ലിയ പറഞ്ഞപ്പോൾ സ്വന്തം ലോകത്തേക്ക് തിരിച്ചെത്തിയല്ലോയെന്ന നിർവൃതി കുട്ടികൾക്ക് തോന്നി. ലിയ വിമലിന്റെ കൈപിടിച്ച് അപ്പോഴും നൃത്തം ചെയ്യുകയായിരുന്നു. അശ്വിനും സാനിയയും അവരെ നോക്കി ചിരിച്ചു.
"ഏതാനും നിമിഷങ്ങൾക്കകം നമ്മൾ അശ്വിന്റെ വീട്ടിലെത്തും," സാനിയ പറഞ്ഞു.
കുട്ടികളുടെ വീട്ടിനുള്ളിലേക്ക് പേടകം പ്രവേശിക്കുമ്പോൾ അർദ്ധരാത്രിയായിരുന്നു. അവരുടെ പ്രതിരൂപങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
"ഇനി ഇവരുടെ ആവശ്യമില്ലല്ലോ. ഇവരുടെ ദൗത്യം അവസാനിച്ചില്ലേ."
സാനിയ ഒന്നു തൊട്ടപ്പോഴേക്കും പ്രതിരൂപങ്ങൾ അപ്രത്യക്ഷമായി.
"ഇനി നന്നായി ഉറങ്ങിക്കോളൂ. നാളെ പുതിയ പുലരിയിലേക്കുണർന്ന് അച്ഛനെയും അമ്മയെയും കാണൂ. വരും ദിവസങ്ങളിൽ സൂര്യയാത്രയുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കൂ."
വിമലിനെ അവന്റെ വീട്ടിലേക്ക് കൊണ്ടുവിട്ട് സാനിയ വീണ്ടും അശ്വിന്റെയടുത്തേക്ക് വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഞാൻ പോകട്ടെ. നമുക്ക് വീണ്ടും കാണാം."
അവളുടെ പേടകം സാവധാനത്തിലകലാൻ തുടങ്ങി.
നിറഞ്ഞ കണ്ണുകളോടെ അശ്വിൻ കൈവീശി. അകലെയകലെ ഒരു പൊട്ടായി നീലവെളിച്ചം മറയുന്നതുവരെ...
അവസാനിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.