/indian-express-malayalam/media/media_files/uploads/2020/09/sreejith-fi-11.jpg)
ഒന്നും ഒളിക്കാനില്ലാതെ..
നീലനിറത്തിലായിരുന്നു ആ പേടകവും. ചുറ്റും നീലപ്രകാശം പടർത്തുന്നത്. സാനിയയുടെയും അശ്വിന്റെയുമൊക്കെ പേടകത്തേക്കാൾ എത്രയോയിരട്ടി വലിപ്പമുള്ളത്. അവർ അടുത്തേക്കു ചെന്നപ്പോൾ വലിയ പേടകത്തിന്റെ വാതിലുകൾ തുറന്നു.
"ഹോ! ഇതെത്രവലിയ പേടകമാണ്? ഇതാണോ ഉപഗ്രഹം?"
"അതെ. ഞങ്ങളുടെ ഉപഗ്രഹങ്ങൾ ഇങ്ങിനെയാണ്. ഏത് ആകൃതിവേണമെന്നൊന്നും നിർബ്ബന്ധമില്ല ഉപഗ്രഹത്തിന്. ഗ്രഹത്തെ ചുറ്റുന്നത് ഉപഗ്രഹം. അത്രയേയുള്ളൂ."
"നമുക്ക് ആ പേടകത്തിലേക്ക് കയറാൻ പറ്റുമോ? നമ്മളെക്കണ്ടിട്ടാവുമോ വാതിലുകൾ തുറന്നിട്ടുണ്ടാവുക?"
"അതെ. തീർച്ചയായും നമ്മളെക്കണ്ടിട്ടുതന്നെയാണ് അവർ വാതിൽ തുറന്നത്. അവരുടെ റഡാറിൽ നമ്മുടെ ചിത്രങ്ങൾ തെളിഞ്ഞിട്ടുണ്ടാകും. അങ്ങിനെ നമ്മളെയവർ മനസ്സിലാക്കിയിട്ടുണ്ടാവും. നമുക്ക് അങ്ങോട്ടു പോകാം. ഈ പേടകമിവിടെ നിൽക്കട്ടെ."
സാനിയയുടെ കൈ പിടിച്ച് അശ്വിനും വിമലും വലിയ പേടകത്തിലേക്ക് കയറി. അതി വിശാലമായിരുന്നു ആ പേടകത്തിന്റെ ഉൾവശം. നാലുപേർ നാലു വശങ്ങളിലായിരുന്ന് വലിയ കമ്പ്യൂട്ടറുകൾക്കുമുന്നിലിരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്.
"ഹാ! മോളുവന്നോ? ഞങ്ങൾ കാത്തിരിക്കുകയായിരുന്നു."
സാമാന്യം ഉയരവും, വെളുത്തനിറവുമുള്ളൊരാൾ എഴുന്നേറ്റുവന്നു. കഴുത്തുമുതൽ കാലറ്റംവരെ മൂടുന്ന വെള്ളനിറത്തിലുള്ള ഒറ്റയുടുപ്പാണയാൾ ധരിച്ചിരിക്കുന്നത്.
"ഇതാണോ നീ പറഞ്ഞ കുട്ടികൾ? മിടുക്കന്മാരാണല്ലോ! എന്താ മക്കളുടെ പേർ?"
അദ്ദേഹം നീട്ടിയ കൈയ്യിൽപ്പിടിച്ച് സൗഹൃദം കാണിച്ച് അശ്വിനും വിമലും പേരുപറഞ്ഞു.
"ഹൊ! എന്തു പതുപതുപ്പ്," അശ്വിന് പറയാതിരിക്കാൻ കഴിഞ്ഞില്ല. അത്രയും മൃദുലമായിരുന്നു അദ്ദേഹത്തിന്റെ കൈകൾ.
"അത് ഞങ്ങൾ ചൊവ്വയിലെ മനുഷ്യരുടെയെല്ലാവരുടെയും ശരീരമങ്ങിനെയാ. നല്ല മൃദുലമായിരിക്കും. പുറത്തുനിന്നു നോക്കിയാൽ ഉറച്ചതാണെന്നു തോന്നുമെങ്കിലും തൊട്ടുനോക്കിയാൽ പൂവിനേക്കാൾ മൃദുലമാണ്. ഞങ്ങളുടെ മനസ്സുപോലെത്തന്നെ," സാനിയ പറഞ്ഞു.
അവളുടെ കൈകളും അതിമൃദുലമാണല്ലോയെന്ന് അശ്വിനോർത്തു.
"ഓ! നിങ്ങളുടെ മനസ്സ് മൃദുലമാണെന്ന് പറയിപ്പിക്കാനുള്ള അടവല്ലേ?" വിമൽ പറഞ്ഞപ്പോൾ ചുറ്റും ചിരിയുയർന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശബ്ദം!
"ങ്ഹേ! ഇതിനകത്ത് വേറെയും ആളുകളുണ്ടോ? നാലുപേരെയാണല്ലോ കാണാനുള്ളൂ. പക്ഷെ അതിലും കൂടുതലാളുകളുടെ ചിരി കേട്ടല്ലോ! അശ്വിൻ അവിശ്വസനീയതയോടെ ചുറ്റും നോക്കി."
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
"എന്താ നോക്കുന്നത്? അശ്വിൻ കരുതുന്നതുപോലെത്തന്നെയാണ്. ഈ നാലുപേർ മാത്രമല്ല. വേറെയുമാളുകളുണ്ടിവിടെ. പക്ഷെ നമുക്കവരെ കാണാനാവില്ല. ഇവിടുത്തെ ജോലിക്കാരായ ശാസ്ത്രജ്ഞരാണവർ. അവരെ മറ്റുള്ളവർ കാണുന്നതവർക്കിഷ്ടമല്ല. അതുകൊണ്ടാണവർ അദൃശ്യരായിരിക്കുന്നത്."
"ഞങ്ങൾ കണ്ടാലെന്തു സംഭവിക്കാനാ? ഞങ്ങളെയത്രയും വിശ്വാസമില്ലേ?"
"പിന്നെ, നിങ്ങളെ വിശ്വാസമില്ലാതെ? വിശ്വാസമുള്ളതുകൊണ്ടല്ലേ ഇങ്ങോട്ടു കൊണ്ടുവന്നത്. ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല. അവരുടെ സ്വകാര്യതയുടെ വിഷയമാണ്. അതിലേക്ക് നമുക്ക് കടക്കാതിരിക്കാം."
സാനിയയങ്ങിനെ പറഞ്ഞുവെങ്കിലും ചുറ്റും അദൃശ്യരായിനിന്ന് ആരൊക്കെയോ തങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നുവെന്ന ചിന്ത അശ്വിനെയും വിമലിനെയും അലട്ടി. പക്ഷെയവർ പിന്നീടൊന്നുമതിനെക്കുറിച്ച് പറഞ്ഞില്ല.
"ഹൊ! എന്തൊക്കെത്തരം യന്ത്രങ്ങളാണിവിടെയുള്ളത്!"
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
വിചിത്ര രൂപങ്ങളിലുള്ള നിരവധി യന്ത്രങ്ങൾ നിരന്നിരിക്കുന്ന ആ പേടകം വലിയൊരു പരീക്ഷണശാലയുടെതുപോലെയായിരുന്നു. ഓരോ മേശയിലും വലിയ സ്ക്രീനുകളിലായി പലതരം ചിത്രങ്ങൾ. ഗ്രാഫുകൾ. എന്തൊക്കെയോ അക്കങ്ങളും ചിഹ്നങ്ങളും.. എല്ലാം കണ്ട് വിസ്മയിച്ച് നിൽക്കാനേ കുട്ടികൾക്ക് കഴിഞ്ഞുള്ളൂ. ഒരു തരി പൊടിയോ അഴുക്കോ എവിടെയും കാണാനുണ്ടായിരുന്നില്ല.
"ഇതാരാ ഇവിടെയിത്രയും വൃത്തിയായി സൂക്ഷിക്കുന്നത്? പൊടിയും അഴുക്കുമൊന്നും കാണാനില്ലല്ലോ."
"ഇത് ശൂന്യാകാശമല്ലേ? ഇവിടെയെവിടുന്നു പൊടിയും അഴുക്കും വരാനാ? പിന്നെ ഞങ്ങൾ നിങ്ങളെപ്പോലെയല്ല. നല്ല ശുചിത്വശീലമുള്ളവരാ."
"ഓ. പിന്നേ..."
വിമൽ ചുണ്ടുകോട്ടിക്കാണിച്ചപ്പോൾ ചുറ്റുംനിന്നും വീണ്ടും ചിരിയുയർന്നു. ഇത്തവണയവൻ പേടിച്ചുപോകുകയും ചെയ്തു.
"നമുക്ക് വേഗം പോയാലോ?"
"മതിയായോ ഇത്രപെട്ടെന്ന്? ഞങ്ങളുടെ പരീക്ഷണശാല അത്രയും മടുപ്പിക്കുന്നതാണോ? വാ. ഭൂമിയിൽ നിങ്ങൾക്കൊരിക്കലും കാണാനാവാത്ത പലതും ഇവിടെ കാണിച്ചുതരാം."
ഒരാൾ വന്ന് അശ്വിന്റെ കൈ പിടിച്ചപ്പോൾ അവൻ കുതറി. അയാളുടെകൂടെ പോകാനവന് ഭയമായിരുന്നു.
"എന്തിനാ പേടിക്കുന്നത്? ഞാൻ സാനിയയുടെ അമ്മാവനാ."
"ആണോ?"
അവൻ സംശയത്തോടെ സാനിയയെ നോക്കി. അതെയെന്ന മട്ടിൽ അവൾ തലകുലുക്കി. കൂടെ പോയിക്കോളൂവെന്ന അനുമതിയും നൽകി.
അദ്ദേഹത്തിന്റെ ഇരുകൈകളിലും പിടിച്ച് കുട്ടികൾ പരീക്ഷണശാലയ്ക്കുള്ളിലെ കാഴ്ചകൾ കണ്ടു. വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവരെ കാത്തിരുന്നത്. ആദ്യം കണ്ടതിൽനിന്നും വളരെ വലിയതായിരുന്നു ആ പേടകത്തിന്റെ ഉൾവശം.
അവരടുത്തുചെല്ലുമ്പോൾ ഓരോരോ മുറികൾ തുറന്നുവന്നു. അതിനുള്ളിലൊക്കെയായി വേറെയും ആളുകൾ ഇരുന്ന് ജോലിചെയ്യുന്നു. അവരെക്കണ്ട് അവരൊക്കെ എഴുന്നേറ്റുനിന്ന് വരവേറ്റു. വലിയ കമ്പ്യൂട്ടർ സ്ക്രീനുകളിലെല്ലാം ഭൂമിയിലെ വിവിധ ദൃശ്യങ്ങൾ മിന്നിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഓരോ ഇഞ്ചു സ്ഥലവും ഇവരുടെ നിരീക്ഷണത്തിലാണ്. കെട്ടിടങ്ങളുടെ ഉൾവശങ്ങളൊക്കെ വ്യക്തമായി കാണുന്നുണ്ട്.
ചിലർ ഭക്ഷണം കഴിക്കുന്നു, കളിക്കുന്നു, ടി.വി. കാണുന്നു, ഗൗരവമുള്ള ചർച്ചകൾ നടത്തുന്നു അങ്ങിനെയങ്ങിനെ പലതരം കാഴ്ചകൾ. അതെങ്ങിനെയാണാവോ കെട്ടിടങ്ങളുടെയുൾവശമിവർക്ക് കാണാൻ കഴിയുന്നത്? അശ്വിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"ഭൂമിയിലെ അടച്ചിട്ട മുറികളുടെ ഉൾവശങ്ങൾ പോലും നിങ്ങളുടെ സ്ക്രീനിൽ കാണാൻ കഴിയുന്നുണ്ടല്ലോ. ഇതെങ്ങിനെ സാധിക്കുന്നു?"
"അതിനാണോ വിഷമം? ശക്തിയേറിയ സ്കാനറുകളുകളാണ് ഈ പേടകത്തിൽ നിരീക്ഷണത്തിനായുപയോഗിക്കുന്നത്. അവയ്ക്ക് ഏതൊരു കെട്ടിടത്തിന്റെയും ഉൾവശങ്ങളെപ്പോലും സ്കാൻ ചെയ്യാനുള്ള കഴിവുണ്ട്. നിങ്ങൾ ഭൂമിയിലെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയല്ല ഈ നിരീക്ഷണം നടത്തുന്നത്. സഹായിക്കാനാണ്."
"എന്തിനു വേണ്ടിയായാലും ഞങ്ങളുടെ സ്വകാര്യതയിൽ ഇടപെടുകയല്ലേ നിങ്ങൾ ചെയ്യുന്നത്?"
എത്രത്തോളം സുരക്ഷിതമാണെന്ന് വിചാരിച്ചുകൊണ്ടാണ് പല ഓഫീസുകൾക്കും വീടുകൾക്കും, ഹോട്ടലുകൾക്കുമൊക്കെയുള്ളിലിരുന്നുകൊണ്ട് മനുഷ്യർ പലതരം കാര്യങ്ങളിലേർപ്പെടുന്നത്! ആരുമറിയാതെ അതീവ രഹസ്യമായാണവർ കാര്യങ്ങൾ ചെയ്യുന്നതെന്നാണവരുടെ വിചാരം. എല്ലാവരെയും നിരീക്ഷിക്കാൻ മുകളിൽ ഇത്രയും സംവിധാനങ്ങളോടെ ചിലരിരിക്കുന്നതിനെക്കുറിച്ച് അവർക്കാർക്കുമറിയില്ലല്ലോ. എന്തൊരു വിഡ്ഢികളാണ് മനുഷ്യർ, അശ്വിൻ വിചാരിച്ചു. അതോർത്ത് അവന് ചിരിവന്നു.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
"ഇപ്പോൾ മനസ്സിലായില്ലേ, നിങ്ങൾ ഭൂമിയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങളുടെ നിരീക്ഷണത്തിലാണെന്ന്? ഭൂമിക്കൊരു അപകടവും വരുത്താൻ ഞങ്ങൾ അനുവദിക്കില്ല. നിങ്ങളുടെ പല ഭരണാധികാരികളും വ്യവസായികളുമൊക്കെ പ്രകൃതിക്ക് അപകടകരമായ പലതും ചെയ്യുന്നുണ്ട്. പലതിനെക്കുറിച്ചും ഗൂഢാലോചനകൾ നടത്തുന്നുണ്ട്. ഞങ്ങൾക്കതൊക്കെ കാണാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്. അതൊന്നും നടപ്പിലാകാൻ ഞങ്ങൾ അനുവദിക്കില്ലെന്നു മാത്രം," ചിരിച്ചുകൊണ്ട് സാനിയയുടെ അമ്മാവൻ പറഞ്ഞു.
ഇത്തവണ അശ്വിൻ ഒരാശ്വാസമാണ് തോന്നിയത്. അപകടങ്ങളിൽനിന്നും ഭൂമിയെ രക്ഷിക്കാൻ ആരെങ്കിലുമുണ്ടല്ലോയെന്ന ആശ്വാസം. എല്ലാറ്റിനും മുകളിൽ ദൈവമുണ്ടെന്നായിരുന്നു പഠിച്ചതും കേട്ടതും. പക്ഷെ ദൈവങ്ങൾക്കും മുകളിലായി ചില അന്യഗ്രഹജീവികളുണ്ടെന്ന തിരിച്ചറിവ് അശ്വിനെ ചിരിപ്പിച്ചു.
ഒരുപക്ഷെ ഇതേപോലെ വേറെ ഗ്രഹങ്ങളിലെ ജീവികളും നിരീക്ഷിക്കുന്നുണ്ടാവില്ലേയെന്ന ചിന്ത അവന്റെയുള്ളിലൂടെ കടന്നുപോയി. ചൊവ്വയിലുള്ളതുപോലെ വ്യാഴത്തിലും ശനിയിലും യുറാനസിലും നെപ്ട്യൂണിലുമൊക്കെ ഇതേപോലെ ജീവികളുണ്ടായിക്കൂടേ? അവിടങ്ങളിലെ സാങ്കേതിക വിദ്യ ചിലപ്പോൾ ഇതിലുമുയർന്നതായിക്കൂടേ? ഇപ്പോൾ ചൊവ്വാവാസികൾ നടത്തുന്ന പരീക്ഷണങ്ങളെപ്പോലും നിരീക്ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ചിലപ്പോൾ അവർക്കുണ്ടായിക്കൂടേ? ഹൊ! ആലോചിക്കുമ്പോൾ തല പെരുക്കുന്നു.
"എന്തു പറ്റി അശ്വിൻ? എന്താണൊരു അസ്വസ്ഥത? എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?"
"ഹേയ്. ഒന്നുമില്ല. ഞാനോരോന്നാലോചിച്ചുപോയതാ."
"ഞങ്ങൾക്കിതുവരെ കണ്ടുപിടിക്കാൻ കഴിയാത്ത കാര്യവും അതുതന്നെയാണ്. നിങ്ങൾ ഭൂമിയിലെ മനുഷ്യരുടെയും ജീവികളുടെയും മനസ്സിലുള്ള ചിന്തകളെ മനസ്സിലാക്കാൻ ഞങ്ങൾക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനുവേണ്ടിയുള്ള പഠനങ്ങൾ നടന്നുവരുന്നുണ്ട്. പഠനം നടത്താനായി ചില മനുഷ്യരെ ഞങ്ങൾക്കാവശ്യമുണ്ട്."
"ഹയ്യോ! ഞങ്ങളെയിവിടെ പരീക്ഷണവസ്തുക്കളായാണോ കൊണ്ടുവന്നിട്ടുള്ളത്," അശ്വിന്റെ മനസ്സിലൂടെ കൊള്ളിയാൻ പോലെയൊരു ഭയം കടന്നുപോയി.
"ഹേയ്. ഇല്ല. പേടിക്കേണ്ട. നിങ്ങളെയെന്നല്ല, ഒരാളെയും ഞങ്ങളിങ്ങോട്ടു കൊണ്ടുവരില്ല. അതിനൊക്കെയുള്ള സംവിധാനങ്ങൾ ഭൂമിയിൽത്തന്നെ ഞങ്ങൾ ചെയ്യുന്നുണ്ട്."
സാനിയയുടെ അമ്മാവൻ പറഞ്ഞപ്പോളവൻ ആശ്വാസമായി. മനസ്സു വായിക്കാനുള്ള യന്ത്രം കൂടെ ഇവർ കണ്ടെത്തിക്കഴിഞ്ഞാൽ ഭൂമിയിലെ മനുഷ്യർക്ക് പിന്നീടൊന്നും ഒളിക്കാൻ കഴിയാത്തയവസ്ഥയാകും. ഇവരതു കണ്ടെത്തുകതന്നെ ചെയ്യുമായിരിക്കും. ഏതായാലും ഇപ്പോളങ്ങനെയില്ല. ആശ്വാസം.
- Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള് വായിക്കാം
"എന്താ കാഴ്ചകൾ കണ്ടുകഴിഞ്ഞില്ലേ? നമുക്ക് പോയാലോ?" സാനിയയാണ്. അവൾ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നോ? ഇതേവരെ ശബ്ദമൊന്നും കേട്ടില്ലല്ലോ. ചിലപ്പോഴിപ്പോഴിങ്ങോട്ടു വന്നതായിരിക്കും. അതീവ നിഗൂഢമായാണിവിടെയോരോന്നും നടക്കുന്നതെന്ന് അശ്വിന് തോന്നി.
"പോകാം. നമുക്കിനിയും ഏറെ ദൂരം പോകേണ്ടതല്ലേ?"
അശ്വിനും വിമലും തിരക്കുകൂട്ടി. അവിടെനിന്നുമെങ്ങിനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നതുപോലെയായിരുന്നു അത്. അതുകണ്ട് സാനിയയുമമ്മാവനും വീണ്ടും ചിരിച്ചു.
ഇതേവരെ സഞ്ചരിച്ചതിനേക്കാൾ വേഗതയിൽ നമുക്ക് ഇനി പോകാം. അധികം വൈകാതെ ശുക്രനേയും ബുധനേയും നമുക്ക് മറികടക്കാൻ കഴിയും. അവയുടെ ആകർഷണ വലയത്തിൽ പെടാതെ വേണം നമുക്ക് യാത്ര ചെയ്യാൻ.
സാനിയയുടെ കൈ പിടിച്ച് അവർ പരീക്ഷണശാലയക്ക് പുറത്തേക്കു വന്നു. അവരോട് യാത്രപറയാനായി ഏതാനുംപേർ കൂടെ മുൻവശത്തെ സ്വീകരണമുറിപോലെ തോന്നിച്ച ഹാളിലേക്ക് വന്നിട്ടുണ്ടായിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് അവർ സ്വന്തം പേടകത്തിലേക്ക് തിരികെ പ്രവേശിച്ചു.
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.