/indian-express-malayalam/media/media_files/uploads/2020/09/sreejith-fi.jpg)
നിരക്ഷരത, വിശപ്പ്, അന്ധവിശ്വാസങ്ങൾ, പാരമ്പര്യവാദത്തിന്റെയും ആചാരങ്ങളുടെയും കെട്ടുപാടുകൾ, വിഭവങ്ങളുടെ പാഴാവൽ എന്നിവയെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. അല്ലെങ്കിൽ, പട്ടിണിക്കാർ അധിവസിക്കുന്ന ഒരു സമ്പന്ന രാഷ്ട്രം. ഇതൊക്കെ ചുറ്റുമുള്ളപ്പോൾ ആർക്കാണ് ശാസ്ത്രത്തെ ഒഴിവാക്കാനാവുക? എല്ലാറ്റിനും നമുക്ക് ശാസ്ത്രത്തിലേക്ക് തിരിയണം. ഭാവി ശാസ്ത്രത്തിന്റേതാണ്; ശാസ്ത്രത്തോട് കൂട്ട് ചേരുന്നവരുടെയും... ജവഹര്‍ലാല്‍ നെഹ്രു
അത്ഭുത പുസ്തകം തേടി
"നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ?"
"ഹേയ്... അതൊന്നും നടക്കുന്ന കാര്യല്ല. ടീച്ചറ് വെറ്തെ പറഞ്ഞതാവും."
"അല്ലെടാ, ടീച്ചറ് വെറ്തെ പറഞ്ഞതായാലും എന്റെ മനസ്സു പറേന്നു, ശ്രമിച്ചാൽ നമുക്ക് പറ്റുംന്ന്."
"നീയ്യെന്ത് ഭ്രാന്തായീ പറേണേ? മനുഷ്യനിതുവരെ ചൊവ്വയിൽ പോലും പോയിട്ടില്ല. പിന്ന്യാ സൂര്യനിൽ പോണെ. അതും നമ്മളെ പോലെയുള്ള പീക്കരി പിള്ളേര്."
"നീ ആദ്യം മാറ്റിവെക്കേണ്ടത് ഈ അപകർഷതാ ബോധമാണ്. നമ്മൾ പീക്കിരിപ്പിള്ളേര് വിചാരിച്ചാലും ചിലതെല്ലാം നടക്കും. ഏതായാലും ഞാനൊന്നു ശ്രമിച്ചു നോക്കാൻ പോവ്വാ. നമുക്ക് അരുന്ധതി ടീച്ചറുടെ സഹായം തേടാം. കെമിസ്ട്രി ലാബിൽ നിന്നും ആസിഡും മറ്റും കിട്ടണെങ്കിൽ ടീച്ചറുടെ സഹായംല്ലാതെ സാധിക്കില്ല."
"ഊം. ശരി. ഞാന്‍ നിന്റെ സുഹൃത്തല്ലേ. എനിക്ക് നിന്റെ കൂടെ നില്ക്കാതിരിക്കാന്‍ പറ്റുവോ?"
പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അശ്വിനും വിമലും. സാമൂഹ്യശാസ്ത്രം ക്ലാസ്സിൽ ടീച്ചർ പറഞ്ഞൊരു കഥയായിരുന്നു അവരുടെ ചർച്ചയ്ക്ക് ഹേതുവായത്. ഭൗമാന്തരീക്ഷത്തെയും അന്തരീക്ഷ പാളികളെയും ശൂന്യാകാശത്തെയും മറ്റ് ഗ്രഹങ്ങളെയും സൂര്യനെയും കുറിച്ചൊക്കെ പഠിപ്പിക്കുന്നയവസരത്തിൽ ടീച്ചറവർക്കൊരു കഥ പറഞ്ഞുകൊടുത്തു. സ്വന്തം പ്രയത്നത്താൽ ഒരു ശൂന്യാകാശ പേടകം നിർമ്മിച്ച രണ്ടു കുട്ടികൾ, ശാസ്ത്ര പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്ത ചില പ്രത്യേകതരം ലായനികളുടെ സഹായത്തോടെ ശരീരഭാരം കുറക്കുകയും ആകാശത്തേക്ക് വാഹനത്തിൽ കയറി പറക്കാൻ ശേഷി നേടുകയും ഒപ്പം, എത്ര വലിയ ചൂടിനെയും പ്രതിരോധിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ചില മരുന്നുകൾ ശരീരത്തിൽ പുരട്ടി, സൂര്യന്റെയടുത്തുവരെ അവർ എത്തിച്ചേർന്നതുമായ കഥ.
സൂര്യന്റെ കൊറോണയെന്ന ബാഹ്യപടലത്തെക്കുറിച്ചു പഠിപ്പിക്കുന്നതിനായായിരുന്നു ടീച്ചർ, സൂര്യനിൽ പോയ കഥ പറഞ്ഞത്.
പക്ഷെ, പൊതുവെ സ്വപ്ന സഞ്ചാരികളായ അശ്വിനും വിമലും കഥ കാര്യമായെടുത്തു. സൂര്യനിലേക്കു പോകാനുള്ള ആകാശപേടകം നിർമ്മിക്കുന്നതിനും ശൂന്യാകാശ യാത്രയ്ക്കും അന്യഗ്രഹയാത്രയ്ക്കും, സൂര്യയാത്രയ്ക്കും സഹായിക്കുന്ന ലായനികൾ വിദ്യാലയത്തിലെ പരീക്ഷണ ശാലയിൽ നിന്നും വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നുമാണവർ കരുതുന്നത്.
സ്കൂൾ വിട്ട് വീട്ടിലേക്കുള്ള വഴിയിൽ അശ്വിൻ ചോദിച്ചു "നമുക്കൊരു കാര്യം ചെയ്താലോ? ഇന്ന് നമുക്ക് നമ്മുടെ വായനശാലയിലൊന്നു പോകാം. അവിടെ നമ്മളെ സഹായിക്കുന്ന എന്തെങ്കിലും പുസ്തകമില്ലാതിരിക്കില്ല."
"എവിടെ? ആ പഴഞ്ചൻ വായനശാലയിലേക്കോ? അവിടെ ഇതുപോലുള്ള ശാസ്ത്ര പുസ്തകങ്ങളൊന്നുമുണ്ടാവില്ല. വല്ല ജാംബവാന്റെ കാലത്തുള്ള പുസ്തകങ്ങളോ മറ്റോ കണ്ടാലായി."
"അതെ. പഴയ പുസ്തകങ്ങളാണ് നമ്മെ ഈ സംരംഭത്തിന് സഹായിക്കുകയെന്ന് എന്റെ മനസ്സു പറയുന്നു. പണ്ട് അവിടെ നിന്നെടുത്തൊരു പുസ്തകത്തില് ബുദ്ധിമാനായൊരു ശാസ്ത്രജ്ഞന്റെ മരണശേഷം അദ്ദേഹത്തിന്റെ തലച്ചോറ് ഒരു ആനയ്ക്ക് വെച്ചുകൊടുത്തതും ശാസ്ത്രജ്ഞന്റെ ബുദ്ധി ലഭിച്ച ആന നടത്തുന്ന പല കണ്ടുപിടുത്തങ്ങളെക്കുറിച്ചുമൊക്കെ വായിച്ചിട്ടുണ്ട്. അതുപോലെ ഏതെങ്കിലും പഴയ നോവലുകളോ മറ്റോ അവിടെയുണ്ടാകും. അത് നമ്മെ സഹായിക്കാതിരിക്കില്ല."
Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
"ശരി. അങ്ങിനെയാണെങ്കില് നമുക്ക് ഇപ്പോൾത്തന്നെ വായനശാലയിലേക്കു പോയാലോ. വീട്ടിൽപ്പോയി വീണ്ടും തിരിച്ചുവരുമ്പോഴേക്കും സമയം വൈകും. ഇപ്പോഴവിടെ വലിയ തിരക്കുമുണ്ടാവില്ല."
വിമൽ പറഞ്ഞതു ശരിയായിരുന്നു. അവർ ചെല്ലുമ്പോൾ വായനശാലയിൽ അധികം ആളുകളുണ്ടായിരുന്നില്ല. പുസ്തകമെടുക്കാൻ വന്ന രണ്ടുപേര് ലൈബ്രേറിയനോട് എന്തോ സംസാരിച്ചതിനുശേഷം തിരിച്ചുപോയി.
അവരുടെ കൈകളിൽ വലിയ തടിയൻ പുസ്തകങ്ങളുണ്ടായിരുന്നതുകണ്ട് അശ്വിൻ സൂക്ഷിച്ചുനോക്കി. തങ്ങളെടുക്കാനുദ്ദേശിച്ച പുസ്തകങ്ങളായിരിക്കുമോ അവർ കൊണ്ടുപോകുന്നത് എന്നായിരുന്നു അവന്റെ ആശങ്ക.
"ആഹ! വരൂ, വരൂ... എത്രകാലമായി നിങ്ങളെയിങ്ങോട്ടു കണ്ടിട്ട്? പഴയതുപോലെ പുസ്തകങ്ങളെടുക്കാനൊന്നും ഇങ്ങോട്ടു വരാറില്ലല്ലോ. എന്തു പറ്റി?"
"ഹേയ്... പ്രത്യേകിച്ചൊന്നുമില്ല. പത്താം ക്ലാസ്സിലായതു കാരണം പാഠപുസ്തകങ്ങൾ തന്നെ ധാരാളം പഠിക്കാനുണ്ട്. അതുകൊണ്ടാ വരാൻ സാധിക്കാത്തത്. ഇന്ന് ഞങ്ങൾക്ക് ഒരു പുസ്തകം വേണം. സൂര്യനെക്കുറിച്ചുള്ള പുസ്തകമാണ്. പഠിക്കാൻ വേണ്ടിയാണ്. ഞങ്ങൾ തന്നെ തിരഞ്ഞു കണ്ടു പിടിച്ചോളാം. ഞങ്ങളെയതിന് അനുവദിച്ചാൽ മതി."
"അതിനെന്താ? ഇവിടെയങ്ങനെ അനാവശ്യ നിയന്ത്രണങ്ങളൊന്നുമില്ല. നിങ്ങൾക്കാവശ്യമുള്ള പുസ്തകങ്ങൾ നിങ്ങൾക്കുതന്നെ തിരഞ്ഞെടുക്കാം. പഴയ പുസ്തകങ്ങളൊക്കെയാകെ പൊടിപിടിച്ച് കിടക്കുകയാണ്. സൂര്യനെക്കുറിച്ചുള്ള പഴയ നോവലുകളും ശാസ്ത്ര പുസ്തകങ്ങളുമൊക്കെയുണ്ട്. തിരഞ്ഞ് കണ്ടുപിടിക്കണമെന്നു മാത്രം. ശ്രമിച്ചുനോക്കൂ. പറ്റിയില്ലെങ്കില് ഞാനും സഹായിക്കാം."
അശ്വിനും വിമലും വായനശാലയുടെ അകത്തേ മുറിയിലേക്കു കടന്നുചെന്നു. പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്ന അലമാരകളൊക്കെ പൊടിയും മാറാലയും പിടിച്ചിരിക്കയാണ്. അതിൽ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ കണ്ടുപിടിക്കുകയെന്നത് എളുപ്പമല്ല.
അവർക്കു പിന്നാലെ അകത്തേക്കുവന്ന ലൈബ്രേറിയൻ പറഞ്ഞു "കുട്ടികളേ, ഇതിൽനിന്നും നിങ്ങൾ വിചാരിക്കുന്നതുപോലെ പുസ്തകങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമല്ല. അതിനൊരു വഴിയുണ്ട്. ഇവിടുത്തെ പുസ്തകങ്ങളുടെ രജിസ്റ്ററിൽ പരിശോധിച്ചാൽ ഏതു പുസ്തകം ഏത് അലമാരയിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. നിങ്ങൾ വരൂ. അല്ലാതെ ഈ പൊടിപിടിച്ചിരിക്കുന്ന അലമാരകളിൽ തിരഞ്ഞാൽ എന്തെങ്കിലും അസുഖം വരികയേയുള്ളൂ."
അശ്വിനും വിമലിനും അത് ശരിയാണെന്നു തോന്നി. എളുപ്പമല്ല ഈ മാറാലമൂടിക്കിടക്കുന്ന അലമാരകളിൽനിന്നും ആവശ്യമുള്ള പുസ്തകം കണ്ടെത്തുകയെന്നത്. പുസ്തകങ്ങളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിവെച്ചിരിക്കുന്ന രജിസ്റ്റർ പരിശോധിച്ച് കണ്ടെത്തുന്നതുതന്നെയാണ് ഏറ്റവും നല്ലത്.
അവര് തിരികെ മുൻവശത്തെ ഓഫീസിലെത്തി രജിസ്റ്റർ പരിശോധിക്കാൻ തുടങ്ങി.
സൂര്യനെക്കുറിച്ചുള്ള ഒന്നുരണ്ടു പുസ്തകങ്ങൾ കണ്ടെത്താൻ സാധിച്ചുവെങ്കിലും അതെല്ലാം സൂര്യന്റെ ചുറ്റുമുള്ള പ്രഭാവലയത്തെക്കുറിച്ചും അതിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചും, ഉൾക്കാമ്പിനെക്കുറിച്ചുള്ളതുമൊക്കെയുള്ളതായിരുന്നു. അവർക്കു വേണ്ടിയിരുന്നതതായിരുന്നില്ല.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
സൂര്യനിലേക്കു യാത്രചെയ്യാനാവശ്യമായ ശൂന്യാകാശയാനം നിർമ്മിക്കാൻ സഹായിക്കുന്നതും സൂര്യയാത്രയ്ക്കായി ശരീരത്തെ തയ്യാറാക്കുന്നതിനുള്ള അത്ഭുത ലായനികൾ കണ്ടെത്തുന്നതിനുമുള്ള രഹസ്യങ്ങളടങ്ങിയ പുസ്തകമായിരുന്നു അവർകക്ക് വേണ്ടത്. രജിസ്റ്ററിൽ അത്തരത്തിലുള്ളൊരു പുസ്തകം കണ്ടെത്താനവർക്ക് സാധിച്ചില്ല. കുട്ടികൾ നിരാശരായി.
"അപ്പോൾത്തന്നെ ഞാന് പറഞ്ഞില്ലേ, അങ്ങിനൊരു പുസ്തകമുണ്ടാവില്ലെന്ന്," വിമല്‍ അപ്പോഴും അശ്വിനെ കുറ്റപ്പെടുത്താന് തുടങ്ങി.
പക്ഷെ അശ്വിന്റെ മുഖത്ത് പ്രതീക്ഷ കൈവിട്ടിരുന്നില്ല. അവൻ പ്രത്യാശയോടെ അകത്തേ മുറിയിലേക്കു നോക്കി. ലൈബ്രേറിയനോട് ചോദിച്ചു, "സാര്, ഈ രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിട്ടുപോയ പുസ്തകങ്ങളുമുണ്ടാവില്ലേ അലമാരയില്‍?"
"ഇല്ല കുട്ടീ. ഇവിടെ വരുന്ന പുസ്തകങ്ങളൊക്കെ ഞങ്ങൾ ആദ്യം വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷമാണ് അലമാരയിലേക്കു മാറ്റുന്നത്."
അല്പം ആലോചിച്ചതിനുശേഷം അദ്ദേഹം തുടർന്നു.
"അയ്യോ! ഞാനതു മറന്നു. മോൻ പറഞ്ഞതുപോലെ ഈ രജിസ്റ്ററിലില്ലാത്ത പുസ്തകങ്ങളുമിവിടെയുണ്ട്. പക്ഷെ അവ വളരെ പഴയതാണ്. അമ്പതിലും നൂറിലും കൂടുതൽ വർഷം പഴക്കമുള്ള പുസ്തകങ്ങൾ. അവയുടെ വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിച്ചിരുന്നു. പക്ഷെ ആ രജിസ്റ്റർ ഇപ്പോൾ കാണാനില്ല. ചിതൽ തിന്ന് നശിച്ചുപോയെന്നാണ് പറയുന്നത്. ആ പുസ്തകങ്ങളും ഇപ്പോൾ ഉപയോഗയോഗ്യമാണെന്നു തോന്നുന്നില്ല. പലതും പഴകി പൊടിഞ്ഞുപോയിട്ടുണ്ട്. ചിതല് തിന്നവ വേറെയും. എല്ലാംകൂടെ വലിയ ചാക്കുകളിൽക്കെട്ടി അകത്തെ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പുസ്തകങ്ങളല്ലേ? നശിപ്പിക്കാൻ മനസ്സുവരാത്തതുകൊണ്ട് വലിയൊരു മുറി അതിനുവേണ്ടി മാത്രം സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളുണ്ട് ആ മുറിയിൽ. വേണമെങ്കിൽ നിങ്ങൾക്കതു ഞാൻ തുറന്നുതരാം. പക്ഷെ തിരയുക എളുപ്പമല്ല. ഓരോ ചാക്കുകളായി തുറന്നുനോക്കി പരിശോധിക്കേണ്ടിവരും. ചിതലും ഉറുമ്പുകളും പഴുതാരകളും മറ്റ് ഇഴജീവികളുമൊക്കെയുണ്ടാകാം. സൂക്ഷിക്കണം."
ലൈബ്രേറിയൻ തുറന്നുകൊടുത്ത ആ കെട്ടിടത്തിന്റെ ഏറ്റവും പിന്നിലുള്ള മുറിയിലേക്ക് അശ്വിനും വിമലും കടന്നു. പറഞ്ഞതുപോലെ അത്ര എളുപ്പമായിരുന്നില്ല അതിലേക്കു കടക്കാൻ.
നിറയെ മാറാലകളായിരുന്നു. രണ്ടുപേരും കർച്ചീഫെടുത്ത് മൂക്കും വായയും മൂടിക്കെട്ടി. വലിയൊരുദ്യമത്തിനുള്ള തയ്യാറെടുപ്പെന്നതുപോലെയായിരുന്നുവത്.
എന്തു പ്രതിബന്ധം നേരിട്ടാലും എല്ലാ ചാക്കുകെട്ടുകളും പരിശോധിച്ച് പുസ്തകം കണ്ടെത്തിയിട്ടേ അവിടെനിന്നും പുറത്തുകടക്കൂവെന്നു ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞിരുന്നു അശ്വിൻ.
അകത്തുകടന്ന് വൈദ്യുതവിളക്ക് പ്രകാശിപ്പിച്ചതിനുശേഷം അവർ ചാക്കുകെട്ടുകൾ അഴിച്ച് ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.
ചില പുസ്തകങ്ങൾക്കിടയിൽനിന്നും തേളുകളും പഴുതാരകളും പുറത്തുചാടി. താളുകളിൽ പിടിക്കേണ്ടതാമസം പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു പലതും.
എന്നിട്ടും അവർ തോറ്റു പിന്മാറാൻ തയ്യാറായില്ല. ഓരോ പുസ്തകങ്ങളുടെയും പേര് വായിച്ച്, താളുകൾ മറിച്ചുനോക്കി, അവയുടെ ഉള്ളടക്കം മനസ്സിലാക്കി മാറ്റിവെച്ച്, അടുത്തതിനായവർ കൈ നീട്ടി.
"ഇതാ കിട്ടിപ്പോയ്!"
അശ്വിന്റെ ആഹ്ളാദം നിറഞ്ഞ ശബ്ദം കേട്ട് വിമൽ ആകാംക്ഷയോടെ നോക്കി.
അത് ഒരു ആനയുടെ പുറംചട്ടയുള്ള പുസ്തകമായിരുന്നു.
"ഇതാണ് ഞാന് ചെറുപ്പത്തിൽ വായിച്ചിരുന്നുവെന്നു പറഞ്ഞ പുസ്തകം. ഞാന് പറഞ്ഞിരുന്നില്ലേ, ശാസ്ത്രജ്ഞന്റെ തലച്ചോറ് ആനയ്ക്ക് വെച്ചുകൊടുത്ത കഥയുള്ള പുസ്തകത്തെക്കുറിച്ച്? അതുതന്നെ. അപ്പോൾ നമുക്ക് തെറ്റിയിട്ടില്ല. നമ്മളുദ്ദേശിക്കുന്നതും ഇവിടെത്തന്നെയുണ്ടാകും. സൂര്യനിലേക്കുള്ള യാത്രയെ സഹായിക്കുന്ന പുസ്തകം നമ്മെ കാത്ത് ഇവിടെയുള്ള ഏതെങ്കിലുമൊരു ചാക്കില് ഒളിഞ്ഞിരിക്കുന്നുണ്ടാകും."
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
"അപ്പോ ഇതല്ലല്ലേ പുസ്തകം? കിട്ടിപ്പോയെന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു സൂര്യയാത്രയ്ക്കുള്ളതായിരിക്കുംന്ന്," വിമൽ പറഞ്ഞു. അവർ അന്വേഷിച്ച സൂര്യന്റെ പുസ്തകം അശ്വിൻ കണ്ടെത്തിക്കഴിഞ്ഞുവെന്നായിരുന്നു അവൻ വിചാരിച്ചിരുന്നത്.
ഇനിയും നൂറുകണക്കിന് ചാക്കുകെട്ടുകൾ പരിശോധിക്കാനുണ്ട്.
ഇതെപ്പോൾ കഴിയാനാണ്? പാതിരാത്രിയായാലും തീരുമെന്ന് തോന്നുന്നില്ല. അപ്പോഴേക്കും പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു.
"എടാ, നമുക്ക് നാളെ നോക്കിയാൽ പോരേ? വീട്ടുകാർ നമ്മെ കാണാതെ പേടിക്കുന്നുണ്ടാകും."
"കുറച്ചു സമയം കൂടെ നോക്കാം വിമൽ. എന്നിട്ട് പോകാം. വീട്ടിൽ നിന്നും അച്ഛൻ അന്വേഷിച്ചുവരുന്നുണ്ടെങ്കിൽത്തന്നെ ഇതുവഴിയല്ലേ പോവുളളൂ. നമ്മളിവിടെയുള്ള കാര്യം ലൈബ്രേറിയൻ സാർ പറഞ്ഞുകൊള്ളും. പേടിക്കേണ്ട. ഇതുപോലൊരവസരം പിന്നീട് കിട്ടിയെന്നു വരില്ല. തിരയുകതന്നെ."
അവര് വീണ്ടും ചാക്കുകെട്ടുകൾ അഴിക്കുകയും പുസ്തകങ്ങൾ പുറത്തെടുക്കുകയും, തുറന്നുനോക്കി, അവരുദ്ദേശിക്കുന്നവയല്ലെന്ന് മനസ്സിലാക്കി തിരിച്ച് അതേപോലെ ചാക്കിൽ കെട്ടിവെച്ച്, അടുത്ത ചാക്ക് തുറക്കുകയും ചെയ്തുകൊണ്ടിരുന്നു.
പുറത്ത് ഇരുട്ട് കനംവെച്ചു തുടങ്ങിയിരുന്നു. വൈകാതെ ലൈബ്രറിക്കു പുറത്തുനിന്നും അശ്വിന്റെയും വിമലിന്റെയും രക്ഷിതാക്കളുടെ ശബ്ദം കേട്ടു.
കുട്ടികളെ അന്വേഷിച്ചിറങ്ങിയ അവരോട് ലൈബ്രേറിയൻ 'കുട്ടികൾ അകത്തുണ്ടെ'ന്നും 'ഏതോ പുസ്തകം തിരയുകയാണെ'ന്നും പറയുന്നതു കേട്ടു.
'പുസ്തകം അന്വേഷിക്കുകയാണല്ലോ'യെന്ന ആശ്വാസത്തോടെ അവർ പുറത്ത് വർത്തമാനം പറഞ്ഞിരിക്കാൻ തുടങ്ങി. വർത്തമാനത്തിൽ മുഴുകിയ മുതിർന്നവരും പുസ്തകത്തിരച്ചിലിൽ മുഴുകിയ കുട്ടികളും സമയം പോകുന്നതറിഞ്ഞതേയില്ല.
"കുട്ടികളേ, ഇതേവരെ കഴിഞ്ഞില്ലേ? എനിക്കു പോകാറായി,"
ലൈബ്രേറിയൻ കുട്ടികളുടെ രക്ഷിതാക്കളുമായി മുറിയിലേക്കു കയറിവന്നു.
"രാത്രി ഏഴര മണിവരെയാണ് ലൈബ്രറിയുടെ സാധാരണ പ്രവർത്തന സമയം. ഇന്ന് നിങ്ങൾക്കു വേണ്ടിയാണിത്രയും സമയം തുറന്നിരുന്നത്. ഇത്രയും സമയമായിട്ടും നിങ്ങള്ക്ക് പുസ്തകം കിട്ടിയിട്ടില്ലെങ്കിൽ അങ്ങിനെയൊരു പുസ്തകം ഇവിടുണ്ടാവില്ല. വേറെ വല്ല വായനശാലയിലും പോയി അന്വേഷിക്കുന്നതായിരിക്കും നല്ലത്."
ലൈബ്രേറിയന്റെ വാക്കുകളിൽ മുഷിച്ചിലുണ്ടായിരുന്നു. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. രാത്രി പതിനൊന്നു മണിവരെയൊന്നും ആരും ലൈബ്രറി തുറന്നുകൊടുക്കില്ല. കുട്ടികളാണല്ലോ, പഠനകാര്യത്തിനാണല്ലോയെന്നു വിചാരിച്ചുമാത്രം കാത്തിരുന്നതാണദ്ദേഹം.
ഇനിയും തിരയുന്നതിലർത്ഥമില്ലെന്ന് അശ്വിനും തോന്നി. എന്നാലും ഇനി ഒരു ചാക്കുകെട്ടുകൂടെ ബാക്കിയുണ്ടെന്നത് അവനെ വീണ്ടും പിടിച്ചുവലിച്ചു.
ദാ, ആ ചാക്കുകൂടെ തുറന്നു നോക്കട്ടെ. ചിലപ്പോൾ അതിനകത്താണെങ്കിലോ?
അശ്വിന്റെയച്ഛന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. എങ്കിലും അദ്ദേഹം ഒന്നും പറയാതെ നിന്നു. കുട്ടികൾ അവസാനത്തെ ചാക്കുകെട്ടുകൂടെ തുറന്നു. അവയിലും ആശയ്ക്ക് വകനൽകുന്ന പുസ്തകമുണ്ടായിരുന്നില്ല. നിരാശരായി തിരിച്ചു നടക്കാൻ തുടങ്ങവെ, കാലിൽ കുരുങ്ങിയ ഒരു ചാക്കുകെട്ട് അശ്വിൻ എടുത്തു നേരെ വച്ചു.
അതിലെ പുസ്തകങ്ങളും നേരത്തെ പരിശോധിച്ചവയായിരുന്നു. എങ്കിലും അതിനുള്ളിൽ അധികം ആകർഷകമല്ലാത്ത മഞ്ഞനിറത്തില്, ചുവന്ന നിറംകൊണ്ട് അവ്യക്തമായി ഒരു പാമ്പിനേയും ഹനുമാനേയും, ചെറിയൊരു സൂര്യനേയും വരച്ചിരുന്ന പുറംചട്ടയുള്ള പുസ്തകം അശ്വിൻ കൈയ്യിലെടുത്തു.
"ഇതാണോ നീയന്വേഷിച്ച പുസ്തകം," അച്ഛന്റെ സ്വരത്തില് നീരസമുണ്ടായിരുന്നു.
"അല്ല. എന്നാലും, ഇത് കൈയ്യിലിരിക്കട്ടെ."
ലൈബ്രേറിയന്റെ കൈയ്യില് പുസ്തകം കൊടുത്ത്, രജിസ്റ്ററില് പേരും വിവരങ്ങളും രേഖപ്പെടുത്തിയതിനു ശേഷം അവര് വീട്ടിലേക്കു നടന്നു.
യാത്രയിൽ ആരും പരസ്പരം സംസാരിക്കുകയുണ്ടായില്ല. വീട്ടിലെത്തിയാൽ തീർച്ചയായും അച്ഛനുമമ്മയും വഴക്കുപറയുമെന്നും ചിലപ്പോള് അടി കിട്ടുമെന്നും കുട്ടികൾക്കറിയാമായിരുന്നു.
എന്തായാലും ഈയുദ്യമത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്ന് അശ്വിൻ തീരുമാനമെടുത്തു കഴിഞ്ഞു. ഈ നാട്ടിലെയല്ല, എവിടെയൊക്കെയുള്ള ലൈബ്രറികളും പുസ്തകശാലകളും ഇന്റെർനെറ്റുമൊക്കെ പരിശോധിച്ചാലും അന്വേഷിക്കുന്ന പുസ്തകം കണ്ടെത്തിയിരിക്കും.
പരിശ്രമിച്ചാൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന് സാമൂഹ്യശാസ്ത്രം അദ്ധ്യാപിക പറഞ്ഞത് അവന് ഓർത്തെടുത്തു.
അടുത്തടുത്തുതന്നെയായിരുന്നു അശ്വന്റെയും, വിമലിന്റെയും വീട്. അടുത്തെത്താറായപ്പോൾ അവരവരുടെ വീടുകളിലേക്കവർ വഴിപിരിഞ്ഞു പോയി.
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.