നിമിഷ സജയൻ, ജോജു ജോർജ് എന്നിവരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹരാക്കിയ 'ചോല' എന്ന ചിത്രത്തിലെ പ്രൊമോ ഗാനം റിലീസ് ചെയ്തു. ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും ചേർന്ന് പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിൽ വിന്റേജ് ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബേസിൽ സി.ജെ ആണ് ഗാനത്തിന്റെ വരികളും സംഗീതവും.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലും പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകളിലാണ് നിമിഷ എത്തുന്നത്. ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read More: വെനീസിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് ജോജു
‘ചോല’ വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളചലച്ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് സെപ്റ്റംബറിൽ വെനീസ് ചലച്ചിത്ര മേളയിൽ നടന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ ‘ഒറിസോണ്ടി’ വിഭാഗത്തിലാണ് ‘ചോല’ പ്രദർശിപ്പിച്ചത്.
ലോകത്തെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമെന്നാണ് വെനീസ് ചലചിത്രമേളയെ വിശേഷിപ്പിക്കുന്നത്. ‘ചോല’യ്ക്ക് മുൻപ് അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകൾ’, ‘നിഴൽ കൂത്ത്’ എന്നിവയാണ് വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.