ലോകപ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ മുണ്ടുടുത്ത് പ്രത്യക്ഷപ്പെട്ട ജോജുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ നേടുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചോല’ എന്ന ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയതായിരുന്നു ജോജു. സംവിധായകൻ സനൽ കുമാർ ശശിധരൻ, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോജുവിനൊപ്പമുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളചലച്ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്
View this post on Instagram
മലയാള സിനിമയ്ക്ക് ഒന്നാകെ അഭിമാനമായി കൊണ്ടാണ് ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് വെനീസ് ചലച്ചിത്ര മേളയിൽ നടന്നത്. ലോകത്തെ മൂന്നു പ്രധാന ചലചിത്രമേളകളിലൊന്നായാണ് വെനീസ് ഫിലിം ഫെസ്റ്റിവൽ പരിഗണിക്കപ്പെടുന്നത്. മേളയുടെ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ‘ചോല’ പ്രദർശിപ്പിച്ചത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി. ആഗസ്റ്റ് 28 ന് ആരംഭിച്ച മേള സെപ്തംബർ ഏഴിനാണ് സമാപിക്കുക. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.
ലോകത്തെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമെന്നാണ് വെനീസ് ചലചിത്രമേളയെ വിശേഷിപ്പിക്കപ്പെടുന്നത്. ‘ചോല’യ്ക്ക് മുൻപ് അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകൾ’, ‘നിഴൽ കൂത്ത്’ എന്നിവയാണ് വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ.
‘ചോല’യിലെ അഭിനയം നിമിഷ സജയൻ, ജോജു ജോർജ് എന്നിവരെ സംസ്ഥാന അവാർഡിന് അർഹരാക്കിയിരുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: ഇതാണ് നിമിഷയെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയ ‘ചോല’; ടീസർ