/indian-express-malayalam/media/media_files/uploads/2019/01/India-Gate.jpg)
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിനിടെ രാജ്യ തലസ്ഥാനവും അടച്ചു പൂട്ടലിലേക്ക്. ഡല്‍ഹിയില്‍ 27 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നാളെ മുതല്‍ 31 വരെ ഡല്‍ഹിയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനൊാപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ്് ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ ആറുമുതല്‍ 31ന് രാത്രി 12വരെ അടച്ചിടല്‍ തുടരും. ഇക്കാലയളവില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കും.
അവശ്യവസ്തുക്കളെയും സേവനങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഭക്ഷണവും മരുന്നുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ ബാധകമല്ല. പെട്രോള്‍ പമ്പുകള്‍ തുറക്കും. അവശ്യ സേവനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.ജലവിതരണവും വൈദ്യുതി വിതരണവും മുടങ്ങില്ല. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി.
Also Read: തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം
നേരത്തെ പഞ്ചാബ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പൂര്‍ണമോ ഭാഗികമോ ആയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ ആറു മുതല്‍ ഒരാഴ്ചത്തേക്കാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സ്ഥാപനങ്ങളും കടകളും അടച്ചിടുക. അവശ്യവസ്തുക്കളെയും സേവനങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവയൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു മരണമടക്കം 14 കോവിഡ് കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച മാത്രം 11 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പഞ്ചാബിനു പുറമേ കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡിലും 31വരെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഫാര്‍മസികള്‍, റേഷന്‍ കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുക. ആറുപേര്‍ക്കാണ് ഛണ്ഡീഗഡില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ഒഡീഷ സര്‍ക്കാര്‍ ഈ മാസം 29വരെ സംസ്ഥാനത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 3000 ഓളം പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടതിനു പിറകേയാണ് 29വരെ സംസ്ഥാനത്ത സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഒഡീഷ സര്‍ക്കാര്‍ ഉത്തരവിട്ടത്. വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Also Read: ട്രെയിന്‍ ഗതാഗതം നിലയ്ക്കും; മാര്‍ച്ച് 31 വരെ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്തില്ല
മാര്‍ച്ച് 31വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
കൊല്‍ക്കത്ത നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മഹാരാഷ്ട്രയില്‍ നഗരങ്ങളില്‍ 144-ാം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെമുതല്‍ 144-ാം വകുപ്പ് നിലവില്‍ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
ഗുജറാത്തില്‍ ജനതാ കര്‍ഫ്യൂ 25 വരെ നീട്ടിയിട്ടുണ്ട്. അഹമ്മബാദ്, വഡോദര, രാജ്കോട്ട്, സൂറത്ത് നഗരങ്ങളിലാണ് കര്‍ഫ്യൂ ദീര്‍ഘിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us